14 December 2025, Sunday

Related news

July 21, 2025
September 6, 2024
September 27, 2023
August 9, 2023
August 6, 2023
August 5, 2023
August 3, 2023
August 3, 2023
August 3, 2023
August 2, 2023

ഗണപതിയും നരസിംഹവും പുഷ്പകവിമാനവും

കുരീപ്പുഴ ശ്രീകുമാർ
വർത്തമാനം
August 3, 2023 4:30 am

സ്കൂൾജീവിത കാലത്ത് കുട്ടികൾക്കിടയിൽ പ്രചരിച്ച ഒരു ചോദ്യമുണ്ടായിരുന്നു. ഗണപതിക്ക് പനി വന്നാൽ ഏതു ഡോക്ടറെ കാണും? മനുഷ്യരുടെ ഡോക്ടറെയോ മൃഗഡോക്ടറെയോ? ഈ ചോദ്യത്തിന്റെ രസകരമായ മറുപടി ഡോ. നരസിംഹത്തിനെ കാണും എന്നായിരുന്നു. മനുഷ്യശരീരവും ആനത്തലയുമാണ് ഗണപതിയുടെ ശരീരപ്രകൃതിയെങ്കിൽ മനുഷ്യശരീരവും സിംഹത്തലയുമാണ് നരസിംഹത്തിനുള്ളത്. ഇതൊക്കെ ലാവണ്യബോധവും നർമ്മഭാവനയുമുള്ള മനുഷ്യന്റെ സൃഷ്ടിയാണെന്നതിൽ സ്കൂളിൽ പോയിട്ടുള്ള ആർക്കും ഒരു സംശയവുമുണ്ടാകില്ല. ഈ സൗന്ദര്യ സങ്കല്പങ്ങളൊക്കെ വിശ്വാസികളും വിശ്വാസമില്ലാത്തവരുമെല്ലാം ആരാധിക്കുകയോ ആസ്വദിക്കുകയോ ചെയ്യുന്നുണ്ട്. ഇവയെ ദുരുപയോഗം ചെയ്യുമ്പോഴാണ് പ്രശ്നങ്ങൾ ഉണ്ടാകുന്നത്. ദൈവസങ്കല്പങ്ങൾ എങ്ങനെയൊക്കെയാണ് ചൂഷണത്തിനുള്ള ഉപാധിയാക്കുന്നത്? ഒന്ന് സാമ്പത്തിക ചൂഷണമാണ്. പണം പിരിച്ച് ആരാധനാലയങ്ങൾ ഉണ്ടാക്കുകയും അവിടെ ഭണ്ഡാരപ്പെട്ടി സ്ഥാപിക്കുകയും ചെയ്യുന്നു. വിവിധ പൂജകളിലൂടെയും വഴിപാടുകളുടെപേരിലും പണം സമാഹരിക്കുന്നു. ഭഗവാന് ഒരുപിടി മണ്ണ് ഉദാരമായി സംഭാവനചെയ്യൂ, ഇങ്ങനെയൊക്കെയാണ് പരസ്യങ്ങൾ. ഇത് ദൈവത്തിന്റെ സമ്പൽസമൃദ്ധിയെ ഇകഴ്ത്തിക്കാട്ടുന്നതാണല്ലോ. ‘രണ്ടു തുട്ടേകിയാൽ ചുണ്ടിൽ ചിരിവരും തെണ്ടിയല്ലേ മതം തീർത്ത ദൈവം’ എന്ന് മഹാകവി ചങ്ങമ്പുഴയെക്കൊണ്ട് എഴുതിച്ചത് ഈ ഇകഴ്ത്തലാകാം. മറ്റൊന്ന്, ഒരു പൗരന്റെ ഏറ്റവും വലിയ അവകാശമായ വോട്ടവകാശത്തെ ചൂഷണം ചെയ്യുന്നു എന്നതാണ്. കെട്ടുകഥയിലെ രാമന്റെ കാലത്ത് വോട്ടും ജനാധിപത്യവുമൊന്നും ഇല്ലായിരുന്നു. എന്നാൽ വില്ലേന്തിയ രാമന്റെ ചിത്രവും നാല് കയ്യുള്ള ദേവീസങ്കല്പമായ സരസ്വതി ഇരിക്കുന്ന താമരപ്പൂവും എല്ലാം കാണിച്ച് വോട്ടുചൂഷണം നടത്തുകയാണ് ചെയ്യുന്നത്.

പൗരാവകാശത്തിനുമേൽ നടത്തുന്ന അപകടകരമായ കടന്നു കയറ്റമാണിത്. ഇനിയുമൊന്ന് പൗരന്റെ ജ്ഞാനമലിനീകരണമാണ്. പ്ലാസ്റ്റിക് സർജറി ഭാരതത്തിൽ പണ്ടേ ഉണ്ടായിരുന്നുവെന്നും അതിനുള്ള തെളിവാണ് ആനത്തലയുള്ള ഗണപതിയെന്നും പറഞ്ഞത് നമ്മുടെ ആദരണീയനായ പ്രധാനമന്ത്രി തന്നെയാണ്. അറിവിന്റെ കാര്യത്തിൽ മുന്നിലും തിരിച്ചറിവിന്റെ കാര്യത്തിൽ പിന്നിലും നിൽക്കുന്ന കുറെ ‘ശാസ്ത്ര അജ്ഞ’ന്മാർ അതുകേട്ട് പഞ്ചസാരയ്ക്ക് കയ്പുതന്നെ എന്നുപറഞ്ഞു കയ്യടിക്കുകയും ചെയ്തു. ആദ്യത്തെ ടെസ്റ്റ്ട്യൂബ് ശിശുക്കളാണ് ഗാന്ധാരിയുടെ മക്കളെന്ന് അവകാശപ്പെട്ടതും ഉന്നതാധികാരത്തിൽ ഉള്ളവരാണ്. ലോകത്തിലെ ആദ്യവിമാനം പുഷ്പകവിമാനമാണെന്ന് പറയുന്നതും അവരാണ്. ഇവിടെ സംഭവിക്കുന്നത് ജ്ഞാനമലിനീകരണമാണ്. അഡോൾഫ് ഹിറ്റ്ലറെ മാതൃകയാക്കിയുള്ള ദേശീയബോധം ഉല്പാദിപ്പിക്കുകയെന്ന വക്രലക്ഷ്യമാണ് ഇതിനുള്ളത്. ഉത്തരവാദിത്തമുള്ളവർ നടത്തുന്ന ഇത്തരം പ്രസ്താവനകളിലൂടെ ലോകത്തിന് മുന്നിൽ ഇന്ത്യ മുഖം കുനിച്ചു നിൽക്കുകയേയുള്ളൂ. പക്ഷികളെക്കണ്ട് അമ്പരന്ന മനുഷ്യന്റെ പണ്ടേയുള്ളൊരു കൊതിയാണ് പറക്കൽ. അതിന്റെ സാക്ഷാത്കാരമാണ് പുഷ്പകവിമാനം. ഇന്നത്തെ വിമാനത്തിന്റെ രൂപകല്പനയൊന്നും പുഷ്പകവിമാനത്തിനില്ല. റൺവേയില്ല. വിമാനത്താവളമില്ല. പൈലറ്റും എയർഹോസ്റ്റസുമൊന്നുമില്ല. ചിറകുവച്ച ഒരു രഥം എന്നുള്ളതിൽ കവിഞ്ഞ ഒരു സങ്കല്പവും ഉണ്ടായിട്ടുമില്ല. ഒരിക്കൽ കുന്നംകുളത്തുകാർ ഉണ്ടാക്കാൻ ശ്രമിച്ച വിമാനത്തിന്റെ നാലയലത്തുപോലും ഈ രഥവിമാന സങ്കല്പം വന്നിട്ടില്ല.


ഇതുകൂടി വായിക്കൂ:മണിപ്പൂര്‍ സംഭവങ്ങള്‍ക്ക് ഉത്തരവാദി മോഡി തന്നെ


യുദ്ധം കാണാനും മരിച്ചുവീഴുന്നവരെ കൊണ്ടുപോകാനുമായി സ്വർഗത്തുനിന്നും വന്നുപോകുന്ന നിരവധി വിമാനങ്ങൾ പുരാണത്തിലുണ്ട്. അവയെല്ലാം തന്നെ സങ്കല്പ വായുവിമാനങ്ങളാണ്. ഇന്ധനവും റൺവേയുമൊന്നും ആവശ്യമില്ലാത്ത പറക്കും തേരുകൾ. അവയ്ക്ക് കുതിരക്കാലുപോലും ആവശ്യമില്ല. ഭാവനയ്ക്ക് നികുതി വേണ്ടല്ലോ. ധൃതരാഷ്ട്രരുടെ ഭാര്യയായ ഗാന്ധാരി ഗർഭിണിയാകുന്നു. രണ്ടുവർഷം കഴിഞ്ഞിട്ടും പ്രസവിക്കുന്നില്ല. കുന്തി പ്രസവിച്ചെന്ന വാർത്ത അവരെ അസ്വസ്ഥയാക്കി. അവർ സ്വന്തം വയറ്റിലിടിച്ചു. ഒരു മാംസപിണ്ഡം പുറത്തേക്ക് തെറിച്ചുവീണു. വ്യാസൻ വന്നു മാംസപിണ്ഡത്തെ നൂറ്റൊന്നായി വിഭജിച്ചു നെയ്ക്കുടങ്ങളിലാക്കി. കുറേക്കാലത്തിനു ശേഷം നെയ്ക്കുടങ്ങൾ പൊട്ടി കുഞ്ഞുങ്ങളുണ്ടായി. ഇതാണ് കഥ. ഇതിൽ പരീക്ഷണനാളിയിൽ വച്ച് ബീജാണ്ഡങ്ങളെ സംയോജിപ്പിച്ചു ഭ്രൂണങ്ങളെ തിരിച്ച് ഗർഭപാത്രത്തിൽ നിക്ഷേപിക്കുന്ന സയൻസ് എവിടെയാണ്? ഇനിയുമുണ്ട് ഇന്ത്യൻ മിത്തോളജിയിൽ അത്ഭുതജീവികൾ. അവരിൽ പ്രധാനി അശ്വിനി ദേവകളാണ്. സൂര്യനും സംജ്ഞയും കുതിരകളായി ഇണചേര്‍ന്നുണ്ടായതാണ് ഈ രണ്ടു കുതിരത്തലയൻമാർ. ഇവരാണ് പാണ്ഡുഭാര്യയായ മാദ്രിയിൽ നകുലനെയും സഹദേവനെയും ജനിപ്പിച്ചത്!. ഭാവനയുടെ ഹിമാലയമാണ് ഇന്ത്യൻ പുരാണങ്ങൾ. ഹിമാലയം പോലും ഭാര്യയും സന്താനവുമുള്ള കഥാപാത്രമാണ്. മിത്തുകളുടെ കുത്തൊഴുക്കാണ് പുരാണങ്ങളിലുള്ളത്. അവയെ മിത്തുകളായി കണ്ട് ആസ്വദിക്കുകയാണ് വിവേകമുള്ളവർ ചെയ്യുന്നത്. ഇതൊക്കെ സത്യമാണെന്ന് സയൻസ് ക്ലാസിൽ പഠിപ്പിച്ചാൽ അത് മിത്തുകളുടെ ദുരുപയോഗമായി മാറും. ആരാധിക്കാനും ആരാധിക്കാതിരിക്കാനും അവകാശമുള്ള നാട്ടിൽ മിത്തുകളെ ആരാധിക്കുന്നത് സ്വാഭാവികം. എന്നാൽ ശാസ്ത്രാഭിമുഖ്യം വളർത്തേണ്ടതും ഒരു പൗരന്റെ ഭരണഘടനാപരമായ ചുമതലയാണ്. എന്തായാലും ആദരണീയനായ നിയമസഭാ അധ്യക്ഷൻ അത് തുറന്നു പറഞ്ഞത് നന്നായി. വോട്ട് നഷ്ടപ്പെടുമെന്ന ഭീതിയാൽ സത്യങ്ങൾ വിഴുങ്ങിക്കളയുന്ന രാഷ്ട്രീയ സാഹചര്യമാണ് ഇന്നുള്ളത്.

Kerala State - Students Savings Scheme

TOP NEWS

December 14, 2025
December 14, 2025
December 13, 2025
December 13, 2025
December 13, 2025
December 13, 2025

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.