25 December 2025, Thursday

Related news

December 24, 2025
December 23, 2025
December 23, 2025
December 22, 2025
December 21, 2025
December 20, 2025
December 18, 2025
December 18, 2025
December 17, 2025
December 16, 2025

രാഹുൽ കുറ്റക്കാരനല്ല; എംപിയായി തുടരാം

വയനാട്ടിലെ വോട്ടര്‍മാരുടെ അവകാശത്തിന് വിലകല്‍പ്പിക്കുന്നുവെന്ന് സുപ്രീം കോടതി 
റെജി കുര്യന്‍-വെബ് ഡെസ്ക്
ന്യൂഡല്‍ഹി
August 4, 2023 2:14 pm

കോണ്‍ഗ്രസ് നേതാവും വയനാട് എംപിയുമായിരുന്ന രാഹുല്‍ ഗാന്ധിക്കെതിരെയുള്ള വിചാരണ കോടതി ഉത്തരവ് മരവിപ്പിച്ച് സുപ്രീം കോടതി. അയോഗ്യനാക്കപ്പെട്ട രാഹുലിന് ഈ വിധിയോടെ എംപി സ്ഥാനം തിരികെ ലഭിക്കും. വിചാരണ കോടതി വിധിയെയും രാഹുല്‍ ഗാന്ധിയുടെ പരാമര്‍ശങ്ങളെയും വിമര്‍ശിച്ചുള്ള നിരീക്ഷണങ്ങളാണ് ജസ്റ്റിസുമാരായ ബി ആര്‍ ഗവായ്, പി എസ് നരസിംഹ, പി വി സഞ്ജയ് കുമാര്‍ എന്നിവരുള്‍പ്പെട്ട ബെഞ്ച് നടത്തിയത്. കോണ്‍ഗ്രസിനും പ്രതിപക്ഷ ഐക്യനിരയായി രൂപംകൊണ്ട ഇന്ത്യക്കും പുതിയ ഉണര്‍വേകുന്നതാണ് സുപ്രീം കോടതിയുടെ നിര്‍ണായക തീരുമാനം. വാക്കുകളില്‍ മിതത്വം പാലിക്കുന്നതിലെ രാഹുലിന്റെ പോരായ്മകള്‍ പരാമര്‍ശിച്ച കോടതി ഇത്തരമൊരു കേസില്‍ പരമാവധി ശിക്ഷ നല്‍കാന്‍ വിചാരണ കോടതി ഉത്തരവില്‍ കാരണങ്ങള്‍ മുന്നോട്ടുവയ്ക്കുന്നില്ലെന്നും വിലയിരുത്തി.

വിചാരണ കോടതി വിധിയില്‍ പരമാവധി ശിക്ഷയ്ക്ക് ഒരു ദിവസത്തെ ഇളവു നല്‍കിയാല്‍ രാഹുലിനെ തെരഞ്ഞെടുത്ത വയനാട് മണ്ഡലത്തിലെ ജനങ്ങള്‍ക്ക് തങ്ങളുടെ ആവശ്യങ്ങള്‍ ഉന്നയിക്കാന്‍ ജനപ്രതിനിധിയെ നഷ്ടമാകില്ലെന്നും കോടതി ഉത്തരവില്‍ പറയുന്നു. 2019ലെ തെരഞ്ഞെടുപ്പു റാലിക്കിടെ കര്‍ണാടകയിലെ കോലാറില്‍ രാഹുല്‍ നടത്തിയ പരാമര്‍ശമാണ് കേസിന് ആധാരം. എന്തുകൊണ്ടാണ് എല്ലാകള്ളന്‍മാര്‍ക്കും മോഡി എന്ന പൊതുവായ പേര് എന്ന പരാമര്‍ശമാണ് ചോദ്യം ചെയ്യപ്പെട്ടത്. ഗുജറാത്തിലെ ബിജെപി എംഎല്‍എ പൂര്‍ണേഷ് മോഡിയാണ് ക്രിമിനല്‍ മാനനഷ്ടക്കേസുമായി സൂറത്ത് കോടതിയിലെത്തിയത്. സെഷന്‍സ് കോടതിവിധിക്കെതിരെ നല്‍കിയ ഹര്‍ജിയില്‍ ജൂലൈ ഏഴിന് ഗുജറാത്ത് ഹൈക്കോടതി പുറപ്പെടുവിച്ച ഉത്തരവിനെതിരെയാണ് രാഹുല്‍ സുപ്രീം കോടതിയെ സമീപിച്ചത്.

കേസിന്റെ വിശദാംശങ്ങളിലേക്ക് കടക്കാന്‍ സുപ്രീം കോടതി വിസമ്മതിച്ചു. പകരം അപൂര്‍വമായ കേസാണിതെന്ന് തെളിയിക്കാന്‍ രാഹുലിനുവേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ മനു അഭിഷേക് സിംഘ്‌വിക്ക് കോടതി വാദത്തിന്റെ തുടക്കത്തിലേ നിര്‍ദേശം നല്‍കി. മോഡി കുടുംബപ്പേര് ഉള്ളയാളല്ല ഹര്‍ജിയുമായി വിചാരണ കോടതിയെ സമീപിച്ചത്. രാജ്യത്തെ ഏതാണ്ട് 13 കോടിയോളം വരുന്ന മോഡി വിഭാഗമല്ല ഇക്കാര്യത്തില്‍ ആശങ്ക ഉന്നയിച്ചതെന്നും പകരം ബിജെപി നേതാക്കളാണ് കോടതി നടപടികളിലേക്ക് നീങ്ങിയതെന്നും അതിനാല്‍ത്തന്നെ കേസ് രാഷ്ട്രീയ പ്രേരിതമാണെന്നുമുള്ള വാദമുഖമാണ് സിംഘ്‌വി ഉന്നയിച്ചത്. ജാമ്യം ലഭിക്കാവുന്ന കേസില്‍ പരമാവധി ശിക്ഷ നല്‍കാന്‍ വിചാരണ കോടതി ജഡ്ജി കാരണങ്ങള്‍ വ്യക്തമാക്കണം.

ഗുജറാത്ത് ഹൈക്കോടതിയുടെ പല വിധികളും വിശദമായ വായനയ്ക്ക് വിധേയമാക്കാന്‍ പാകത്തിലുള്ളതാണെന്നും ബെഞ്ച് വിമര്‍ശിച്ചു. വിചാരണ കോടതിയുടെ അന്തിമതീര്‍പ്പിന് ബാധകമായാകും സുപ്രീം കോടതി തീരുമാനമെന്നും ഉത്തരവിലുണ്ട്. വിചാരണ കോടതി കേസില്‍ വീണ്ടും വാദം കേള്‍ക്കണമെന്ന നിര്‍ദേശമാണ് സുപ്രീം കോടതി നല്‍കിയത്. ഗുജറാത്ത് സര്‍ക്കാരിനുവേണ്ടി സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത ഹാജരായി. സുപ്രീം കോടതി വിധിയുടെ പശ്ചാത്തലത്തില്‍ സൂറത്ത് വിചാരണ കോടതി രാഹുല്‍ ഗാന്ധിക്കെതിരെയുള്ള കേസിലെ അപ്പീല്‍ ഈ മാസം 21ന് വീണ്ടും പരിഗണിക്കും.

എംപി സ്ഥാനം തിരികെ ലഭിക്കും

സുപ്രീം കോടതി വിധി ചൂണ്ടിക്കാട്ടി വയനാട് എംപി സ്ഥാനം പുനഃസ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് രാഹുല്‍ ഗാന്ധി ലോക്‌സഭാ സെക്രട്ടേറിയറ്റിന് അപേക്ഷ നല്‍കണമെന്നാണ് ചട്ടം. സുപ്രീം കോടതി വിധിയുടെ പകര്‍പ്പും ഇതോടൊപ്പം സമര്‍പ്പിക്കണം. ഇതിനു ശേഷമാകും നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാക്കി എംപി സ്ഥാനം പുനഃസ്ഥാപിക്കപ്പെടുക. മണിപ്പൂര്‍ വിഷയത്തില്‍ ചൊവ്വാഴ്ച ലോക്‌സഭയില്‍ നടക്കുന്ന അവിശ്വാസ പ്രമേയ ചര്‍ച്ചകളില്‍ രാഹുല്‍ പങ്കെടുക്കണമെങ്കില്‍ എംപി സ്ഥാനം പുനഃസ്ഥാപിച്ച് ലോക്‌സഭാ സെക്രട്ടേറിയറ്റ് ഇതിനോടകം ഉത്തരവ് പുറപ്പെടുവിക്കണം. സുപ്രീം കോടതി ഉത്തരവ് വന്ന് ഒരു മണിക്കൂറിനകം കോണ്‍ഗ്രസ് ലോക്‌സഭാ കക്ഷി നേതാവ് അധിര്‍ രഞ്ജന്‍ ചൗധരി രാഹുലിന്റെ എംപി സ്ഥാനം പുനഃസ്ഥാപിക്കണമെന്ന ആവശ്യവുമായി ലോക്‌സഭാ സ്പീക്കര്‍ ഓം ബിര്‍ളയുമായി കൂടിക്കാഴ്ച നടത്തി.

Eng­lish sum­ma­ry; Defama­tion Case: Supreme Court Stays Ver­dict Against Rahul Gandhi

you may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.