22 December 2024, Sunday
KSFE Galaxy Chits Banner 2

വിരാധവധ വിചിന്തനങ്ങൾ

സ്വാമി വിശ്വഭദ്രാനന്ദ ശക്തിബോധി
രാമായണ തത്വമനനം 21
August 6, 2023 6:00 am

മുനിമാംസ ഭക്ഷകനായ ഒരു ഭീമാകാര രാക്ഷസനാണ് ദണ്ഡകാരണ്യത്തിലെ വിരാധൻ. ആരണ്യകാണ്ഡാരംഭം തന്നെ രാമലക്ഷ്മണന്മാർ ചേർന്ന് ചെയ്യുന്ന വിരാധവധത്താൽ ഭീതിദവും വീര്യോത്സാഹകരവുമായ ശൈലിയിലാണ് വാല്മീകി വർണിച്ചിരിക്കുന്നത്. ഭാഷകൊണ്ട് വിവരിക്കാവുന്നതിന്റെ പരമാവധി സിദ്ധിവൈഭവങ്ങളോടെ വിരാധന്റെ ഭയങ്കരവും വികൃതവുമായ ഭീമാകാരത്തെ വാല്മീകി വർണിച്ചിട്ടുണ്ട് (ആരണ്യകാണ്ഡം; സർഗം 2; ശ്ലോകങ്ങൾ 5–8). മുനിവേഷധാരികളും ആയുധധാരികളുമായി സീതയെന്ന സുന്ദരിയായ സ്ത്രീയോടുകൂടി സഞ്ചരിക്കുന്ന രാമലക്ഷ്മണന്മാരോട് വിരാധ രാക്ഷസൻ ആദ്യം പറയുന്നത് ‘ചരാമി സായുധോ നിത്യമൃഷിമാംസാനി ഭക്ഷയൻ\ ഇയം നാരീ വരാരോഹാ മമ ഭാര്യാ ഭവിഷ്യതി’(രണ്ടാം സർഗം ശ്ലോകം13) എന്നാണ്. ‘ആയുധം ധരിച്ചും മുനിമാംസം ഭക്ഷിച്ചും ഈ കാട്ടിൽ സഞ്ചരിക്കുന്ന വിരാധനായ എനിക്ക് ഈ സുന്ദരി (സീത) ഭാര്യയാകും’ എന്ന്. ഈ വിരാധവാക്യത്തോട് രാമന്റെ പ്രതികരണം ‘പര സ്പർശാത് തു വൈദേഹ്യാ ന ദുഃഖതരമസ്തിമേ\ പിതുർ വിനാശാത് സൗമിത്രേ സ്വരാജ്യ ഹരണാത് തഥാ’ എന്നാണ്.

‘അച്ഛൻ മരിച്ചാലോ രാജ്യം നഷ്ടപ്പെട്ടാലോ ഉണ്ടാവുന്ന ദുഃഖത്തെക്കാൾ വലുതാണ് സീതയെ അന്യപുരുഷൻ തൊടുന്നത് തീർക്കുന്ന ദുഃഖം’ എന്നാണ് രാമ വാക്യത്തിനർത്ഥം(സർഗം 2; ശ്ലോകം 21). ചിന്തിച്ചാൽ രാമായണം മുഴുവൻ സൂത്രരൂപത്തിൽ മേലുദ്ധരിച്ച ശ്ലോകങ്ങളിലുണ്ട്. മുനിമാംസ ഭക്ഷകരായ രാക്ഷസരുടെ ഭീകരവാഴ്ചയിൽ നിന്ന് തപോവനങ്ങളെയും താപസ മാനവരെയും രക്ഷിക്കുക എന്നതാണ് രാമൻ സ്വയം ഏറ്റെടുത്ത ധർമ്മവൃത്തി. രാജാക്കന്മാർ പുരങ്ങൾ പരിപാലിക്കാൻ കാണിക്കുന്ന താല്പര്യം കാട് സംരക്ഷിക്കാൻ കാണിക്കാറില്ല. ഈ പതിവുതെറ്റിക്കുകയാണ് താപസരായ മുനിഗണങ്ങളുടെ രക്ഷയ്ക്കായി ആയുധം ധരിച്ച് കാട്ടിൽക്കഴിയുന്ന രാമന്‍. കാനനവാസത്തിൽ കൂടെയുണ്ടായിരുന്ന സീതയെ, രാക്ഷസഭീകരർ ബലാൽക്കീഴ്പ്പെടുത്താൻ ശ്രമിച്ചിരുന്നു. സീതയെ പരപുരുഷന്മാർ സ്പർശിക്കുന്നത് വലിയ ദുഃഖമാണെന്നു പറയുന്ന രാമൻ അവളെ ബലാൽ സ്വന്തപ്പെടുത്താൻ ശ്രമിക്കുന്നവർ ആരായാലും വെറുതെവിടില്ല എന്നു തീർച്ചയാണല്ലോ. ദുഃഖങ്ങളുണ്ടാക്കുന്ന ശക്തികളെ പ്രതിരോധിക്കുക എന്നത് ജീവികളുടെ സ്വാഭാവികധർമ്മമാണ്. രാമനും ഈ ജീവിധർമ്മത്തിനു പുറത്തല്ല. അതിനാൽ സീതാപഹരണത്തിലൂടെ വലിയ ദുഃഖം വരുത്തിയ ശക്തികളെ രാമൻ തക്കതായ തിരിച്ചടിയേകി പ്രതിരോധിച്ചു.


ഇതുകൂടി വായിക്കൂ: ഭരതമാനസവും രാമഹൃദയവും


രാവണവധം അത്തരം വലിയൊരു തിരിച്ചടി പ്രയോഗമായിരുന്നു. സീതയെ സ്പർശിച്ചാൽ സ്പർശിച്ചവന് രാമൻ നൽകുന്ന മരണശിക്ഷയുടെ ബൃഹദ്‌രൂപമാണ് രാവണവധമെങ്കിൽ, അതിന്റെ പ്രാഗ്‌രൂപമാണ് വിരാധ വധം. അതിനാലാണ് രാമായണത്തിന്റെ കഥാതത്വ സംഗ്രഹമാണ് വിരാധവധം എന്ന ആരണ്യകാണ്ഡാരംഭ സംഭവം എന്നു സൂചിപ്പിച്ചത്. വിരാധൻ വൈശ്രവണനാൽ ശപിക്കപ്പെട്ട് രാക്ഷസനായി തീർന്ന തംബുരു എന്ന ഗന്ധർവനാണെന്ന് വാല്മീകി-വ്യാസ രാമായണങ്ങൾ പറയുന്നു. തംബുരുവിനു ശാപമോക്ഷം കൊടുക്കാൻ രാമൻ വിരാധനെ വധിക്കുകവഴിയേ സാധ്യമാകൂ എന്നും രാമായണങ്ങൾ പറയുന്നു. കൊന്നും ശാപമോക്ഷം കൊടുക്കുന്ന രാമന് ഒരു ആൾദൈവ പരിവേഷം അധ്യാത്മ രാമായണത്തിനു മുന്നേ വാല്മീകി രാമായണത്തിൽത്തന്നെ ഉണ്ടായിരുന്നു തെളിയിക്കുന്നു ആരണ്യകാണ്ഡത്തിലെ വിരാധവധ വൃത്താന്തം. സാഹിത്യ കഥാപാത്രങ്ങളെപ്പോലും ദൈവങ്ങളാക്കാൻ കഴിഞ്ഞവരുടെ കഥ ചമയ്ക്കൽ വൈദഗ്ധ്യമാണ് പുരാണങ്ങളിൽ നാം കാണുന്നത്. രാമനെ ഇങ്ങനെ ദൈവമാക്കിത്തീർത്ത സമുജ്വല ഋഷികാവ്യ സംസ്കാരത്തിന്റെ ആസ്വാദകരും അനുപൂരകരും ആവുക എന്നതാണ് അന്ധമായി അനുകരിക്കലോ അവഗണിക്കലോ അല്ല വാല്മീകിയെ ആദരിക്കൽ.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.