25 December 2025, Thursday

Related news

December 25, 2025
December 24, 2025
December 21, 2025
December 21, 2025
December 20, 2025
December 19, 2025
December 18, 2025
December 18, 2025
December 16, 2025
December 16, 2025

അവിശ്വാസം, ഡല്‍ഹി ബില്‍: പാര്‍ലമെന്റ് പ്രക്ഷുബ്ധമാകും

Janayugom Webdesk
ന്യൂഡല്‍ഹി
August 6, 2023 11:19 pm

പാര്‍ലമെന്റ് വര്‍ഷകാല സമ്മേളനത്തിന്റെ അവസാന ആഴ്ച കൂടുതല്‍ പ്രക്ഷുബ്ധമാകും. മണിപ്പൂര്‍ വിഷയത്തില്‍ കൊണ്ടുവന്ന അവിശ്വാസ പ്രമേയം, ഡല്‍ഹി സര്‍വീസ് ബില്ലിന്മേലുള്ള രാജ്യസഭയിലെ ചര്‍ച്ച, അയോഗ്യത മറികടന്നുള്ള രാഹുല്‍ ഗാന്ധിയുടെ തിരിച്ചുവരവ് എന്നിവയാണ് ഭരണപക്ഷത്തിന് വെല്ലുവിളി ഉയര്‍ത്തുന്നത്. രണ്ട് മാസത്തിലധികമായി രക്തരൂക്ഷിത കലാപം അരങ്ങേറുന്ന മണിപ്പൂര്‍ വിഷയത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ മൗനവും ബിജെപി ആസൂത്രിത കലാപവും ചര്‍ച്ചയ്ക്ക് വിധേയമാക്കുന്ന അവിശ്വാസ പ്രമേയം നാളെയാണ് ലോക്‌സഭ പരിഗണിക്കുന്നത്. ചര്‍ച്ചയ്ക്ക് ശേഷമുളള മോഡിയുടെ മറുപടിക്കായാണ് പ്രതിപക്ഷവും രാജ്യവും കാതോര്‍ക്കുന്നത്. വിഷയത്തില്‍ ഒളിച്ചുകളി നടത്തുന്ന മോഡിയില്‍ നിന്നുള്ള പ്രതികരണമാണ് പ്രതിപക്ഷ സഖ്യമായ ഇന്ത്യ പ്രതീക്ഷിക്കുന്നത്. മൃഗീയ ഭൂരിപക്ഷമുള്ള ലോക്‌സഭയില്‍ എന്‍ഡിഎ സഖ്യത്തിന് അവിശ്വാസത്തെ അതിജീവിക്കാന്‍ സാധിക്കുമെങ്കിലും മോഡിയുടെ മറുപടിയും ചര്‍ച്ചകളും പ്രതിപക്ഷ സഖ്യത്തിന് ഊര്‍ജം പകരും.

തെരഞ്ഞടുക്കപ്പെട്ട സര്‍ക്കാരുകളെ വരുതിയിലാക്കാന്‍ ലക്ഷ്യമിട്ട് കൊണ്ടുവന്ന ഡല്‍ഹി സര്‍വീസ് ബില്‍ ലോക്‌സഭ കടന്നുവെങ്കിലും രാജ്യസഭയില്‍ ചൂടേറിയ ചര്‍ച്ചയാവും. എങ്കിലും ചെറുപാര്‍ട്ടികളെ പാട്ടിലാക്കി കേവല ഭൂരിപക്ഷം ഉറപ്പിക്കാന്‍ ബിജെപിക്കാവുമെന്നാണ് വിലയിരുത്തുന്നത്.
മാനനഷ്ടക്കേസില്‍ ശിക്ഷിക്കപ്പെട്ടയുടന്‍ അയോഗ്യനാക്കപ്പെട്ട രാഹുല്‍ ഗാന്ധിയുടെ എംപി സ്ഥാനം പുനഃസ്ഥാപിക്കുന്ന വിഷയത്തില്‍ ലോക്‌സഭാ സെക്രട്ടേറിയറ്റ് ഇന്ന് തീരുമാനം പ്രഖ്യാപിക്കുമെന്നാണ് കരുതുന്നത്. രാഹുലിന്റെ തിരിച്ചുവരവ് അവിശ്വാസ പ്രമേയ ചര്‍ച്ചയിലടക്കം പ്രതിപക്ഷശക്തി വര്‍ധിപ്പിക്കുമെന്നും വിലയിരുത്തുന്നു.

അവിശ്വാസം ചര്‍ച്ച ചെയ്യാന്‍ 12 മണിക്കൂറാണ് ലോക്‌സഭയുടെ കാര്യോപദേശ സമിതി അനുവദിച്ചിരിക്കുന്നത്. ചര്‍ച്ചകളുടെ അവസാനം മോഡി മറുപടി പറയും.
ജൂലൈ 20ന് ആരംഭിച്ച സമ്മേളനത്തിനിടയില്‍ ഇതുവരെ 20 ബില്ലുകള്‍ പാസാക്കാന്‍ ഭരണപക്ഷത്തിന് സാധിച്ചു. മണിപ്പൂര്‍ വിഷയത്തില്‍ പാര്‍ലമെന്റ് നടപടികള്‍ ബഹിഷ്കരിച്ച പ്രതിപക്ഷത്തിന്റെ അസാന്നിധ്യം മുതലാക്കിയാണ് പല ജനവിരുദ്ധ ബില്ലുകളും പാസാക്കിയത്. പ്രതിപക്ഷം നോട്ടീസ് നല്‍കിയ അവിശ്വാസ പ്രമേയം ചര്‍ച്ച ചെയ്യാന്‍ അനുമതി നല്‍കിയ സ്പീക്കറുടെ റൂളിങ് വന്നതിനുശേഷമാണ് 20ല്‍ 13 ബില്ലുകളും പാസാക്കിയത്. ഇതില്‍ രണ്ട് സഭകളും പാസാക്കിയത് ഒമ്പത് ബില്ലുകളാണ്. 

Eng­lish Sum­ma­ry; No-con­fi­dence, Del­hi Bill: Par­lia­ment will be in turmoil

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.