10 January 2025, Friday
KSFE Galaxy Chits Banner 2

അവകാശ പോരാട്ടങ്ങളുടെ കരുത്ത്

ഡോ. പി എം ഹാരിസ്
(ജനറൽ സെകട്ടറി, കെജിഒഎഫ്)
August 10, 2023 4:15 am

കേരളപ്പിറവിക്ക് ശേഷം സിവിൽ സർവീസ് ജീവനക്കാരുടെ സേവനവേതന വ്യവസ്ഥകളും തൊഴിൽ സാഹചര്യവും ഒട്ടും മെച്ചമായിരുന്നില്ല. സിവിൽ സർവീസിലെ സംഘടനകളുടെ നിരന്തരമായ പോരാട്ടങ്ങളിലൂടെ മെച്ചപ്പെട്ട സേവനവേതന വ്യവസ്ഥയും സാമൂഹ്യപദവിയും നേടാനും ജനാധിപത്യവൽക്കരണം പ്രാവര്‍ത്തികമാക്കാനും കാര്യക്ഷമത കൂട്ടാനും കഴിഞ്ഞിട്ടുണ്ട്. ഒരു ജനപക്ഷ സിവിൽ സർവീസിനായുള്ള നിരന്തര പോരാട്ടത്തിലാണ് കെജിഒഎഫ്. സാമ്രാജ്യത്വത്തിനും ആഗോളവൽക്കരണത്തിനും മൂലധനശക്തികളുടെ കടുത്ത ചൂഷണത്തിനുമെതിരെ ലോകവ്യാപകമായി പ്രക്ഷോഭങ്ങൾ നടന്നുവരികയാണ്. ഈ പ്രക്ഷോഭങ്ങളിൽ പലതിനും വിജയത്തിലെത്താൻ കഴിഞ്ഞു എന്നുള്ളത് ശുഭസൂചകമാണ്. സ്വാതന്ത്ര്യപ്രാപ്തിക്ക് ശേഷം നമ്മുടെ രാജ്യം കെെവരിച്ച എല്ലാ നേട്ടങ്ങളും തകർത്തെറിയാനുള്ള നയപരിപാടികളുമായാണ് കേന്ദ്രസർക്കാർ മുന്നോട്ട് പോകുന്നത്. കേന്ദ്രനയങ്ങൾ രാജ്യത്തെ കടുത്ത പ്രതിസന്ധിയിലാക്കിയിരിക്കുന്നു. സമ്പദ്‌രംഗം മാന്ദ്യത്തിന്റെ പിടിയിലായി. വ്യവസായിക ഉല്പാദനം ഗണ്യമായി കുറഞ്ഞു. മോഡി ഭരണത്തിൻകീഴിൽ പണപ്പെരുപ്പവും വിലക്കയറ്റവും നിത്യസംഭവങ്ങളായി. ഫെഡറൽ തത്വങ്ങളും മൂല്യങ്ങളും അട്ടിമറിക്കപ്പെടുകയാണ്. സംഘടിത സമൂഹങ്ങളെ ആകെ വിഭജിക്കാൻ പ്രാപ്തമായ വിധത്തിൽ മതത്തെ രാഷ്ട്രീയവുമായി കൂട്ടിക്കലർത്തുന്ന പരിപാടികളാണ് കേന്ദ്രസർക്കാർ സ്വീകരിക്കുന്നത്. അധികാരം ഉറപ്പിക്കാൻ മെയ്തികളെയും കുക്കികളെയും തമ്മിൽത്തല്ലിച്ച് മണിപ്പൂരിനെ കലാപഭൂമിയാക്കി. ഹരിയാനയിൽ വർഗീയകലാപം ഉണ്ടാക്കാനും അത് അയൽ സംസ്ഥാനങ്ങളിലേക്ക് വ്യാപിപ്പിക്കാനുമുള്ള ശ്രമത്തിലാണ് ബിജെപിയും സംഘ്പരിവാറും. ജനങ്ങളെ മതപരമായി ഭിന്നിപ്പിക്കാനായി ഏകീകൃത സിവിൽ കോഡ് കൊണ്ടുവരാൻ നീക്കം തുടങ്ങി.

 


ഇതുകൂടി വായിക്കൂ;ഉന്മൂലന നയം: ഇരട്ട എന്‍ജിന്‍ സര്‍ക്കാരുകളുടെ പൊതുമാതൃക


 

അന്ധവിശ്വാസങ്ങളും അനാചാരങ്ങളും തിരിച്ചെത്തിക്കാനുള്ള ശ്രമവും സംഘ്പരിവാറിന്റെ ആജ്ഞാനുവർത്തികളായ കേന്ദ്രസർക്കാർ നടത്തുന്നു. ജനാധിപത്യവും മതേതരത്വവും ഭരണഘടനയും വ്യാപകമായി അവഗണിക്കപ്പെടുന്നു. ഫെഡറൽ സംവിധാനത്തെയാകെ മോഡി സർക്കാർ മാറ്റിമറിക്കുകയാണ്. ബിജെപിയിതര സർക്കാരുകളെ സാമ്പത്തികമായി ശ്വാസംമുട്ടിക്കുന്നു. നമ്മുടെ സംസ്ഥാനത്തോട് കേന്ദ്രം കാണി‌ക്കുന്ന സാമ്പത്തിക അവഗണന അങ്ങേയറ്റം പ്രതിഷേധാർഹമാണ്. രാജ്യത്ത് സിവിൽ സർവീസിന്റെ നിലനില്പ് തന്നെ അപകടത്തിലാണ്. കേന്ദ്ര സർവീസിൽ 10 ലക്ഷത്തിലേറെ തസ്തികകൾ ഒഴിഞ്ഞു കിടക്കുകയാണ്. പിഎഫ്ആർഡിഎ നിയമം പിൻവലിക്കാൻ കേന്ദ്രസർക്കാർ തയ്യാറാകുന്നില്ല. സിവിൽ സർവീസിനെ ശക്തിപ്പെടുത്തുകയും വിപുലപ്പെടുത്തുകയും ചെയ്യുക എന്ന നയമാണ് കേരളത്തിലെ എൽഡിഎഫ് സർക്കാരുകൾ കാലങ്ങളായി സ്വീകരിച്ചിരുന്നത്. എങ്കിലും സിവിൽ സർവീസും സർക്കാർ ജീവനക്കാരും ഇന്ന് കടുത്ത പ്രതിസന്ധികളിലൂടെയാണ് കടന്നുപോകുന്നത്. വിവിധ വകുപ്പുകളിലും പൊതുമേഖലാ സ്ഥാപനങ്ങളിലും സമീപകാലത്ത് ഇറങ്ങിയ ഉത്തരവുകളും നിലപാടുകളും ഒട്ടും ശുഭകരമല്ലാത്ത വാർത്തകളാണ്. രാജസ്ഥാൻ, പഞ്ചാബ് തുടങ്ങിയ സംസ്ഥാനങ്ങളിൽ സ്റ്റാറ്റ്യൂട്ടറി പെൻഷൻ പുനഃസ്ഥാപിക്കാൻ നടപടികളുമായി മുന്നോട്ട് പോകുമ്പോൾ ആ വഴിയെ സഞ്ചരിക്കാൻ സംസ്ഥാന സർക്കാർ തയ്യാറാകാത്തത് പ്രതിഷേധാർഹമാണ്. ജീവനക്കാർക്ക് ക്ഷാമബത്തയും മറ്റ് ആനുകൂല്യങ്ങളും സമയാസമയങ്ങളിൽ അനുവദിക്കാത്തത് സംസ്ഥാന സർക്കാരിന്റെ പ്രതിച്ഛായയ്ക്ക് മങ്ങലേല്പിക്കും.

 


ഇതുകൂടി വായിക്കൂ; വര്‍ഗീയകലാപങ്ങളുടെ തുടര്‍ക്കാഴ്ച എന്തുകൊണ്ട്


 

പിഎഫ്ആർഡിഎ നിയമത്തിന്റെ പേരില്‍ ജീവനക്കാരുടെ അവകാശമായ സ്റ്റാറ്റ്യൂട്ടറി പെൻഷൻ പുനഃസ്ഥാപിക്കുവാൻ സർക്കാർ തയ്യാറാകുന്നില്ല. പ്രമോഷൻ സാധ്യതകൾ കുറവുള്ള ഗസറ്റഡ് ജീവനക്കാർക്ക് അല്പമെങ്കിലും ആശ്വാസമേകുന്ന ഒരു പദ്ധതിയാണ് കരിയർ അഡ്വാൻ‌സ്‌മെന്റ് സ്കീം. എന്നാൽ പതിനൊന്നാം ശമ്പളപരിഷ്കരണത്തിലെ ഗസറ്റഡ് ജീവനക്കാരെ നാല് തട്ടുകളായി തിരിച്ചുകൊണ്ട് കരിയർ അഡ്വാൻ‌സ്‌മെന്റ് സ്കീം നടപ്പിലാക്കണം എന്ന നിർദേശം എതിർക്കപ്പെടേണ്ടതാണ്. ക്ഷാമബത്തയുടെ കാര്യത്തിൽ 15ശതമാനം കുടിശിക ആയിരിക്കുകയാണ്. ഇതുമൂലം കടുത്ത സാമ്പത്തിക, പരാധീനതയിലാണ് സർക്കാർ ജീവനക്കാർ ഇന്ന്. കരാർ/കാഷ്വൽ നിയമനങ്ങൾക്കെതിരെ വാതോരാതെ പ്രസംഗിക്കുമ്പോൾ തന്നെ ഇടതുപക്ഷ സർക്കാരിന് യോജിക്കാത്ത തരത്തിൽ കരാർ/കാഷ്വൽ നിയമനങ്ങൾ വിവിധ വകുപ്പുകളിൽ യഥേഷ്ടം നടക്കുന്നു. കരാർ നിയമനങ്ങൾ ഏതൊരു സിവിൽ സർവീസിനെയും ദുർബലപ്പെടുത്തുമെന്ന കാര്യത്തിൽ സംശയമില്ല. പണിയെടുക്കുക എന്നതുപോലെ തന്നെയാണ് പണിമുടക്കാനുള്ള ജീവനക്കാരുടെ അവകാശം. എന്നാൽ പണിമുടക്ക് അവകാശം നിഷേധിക്കുന്ന തരത്തിലുള്ള പല ഉത്തരവുകളും സമീപകാലത്ത് ഉണ്ടായിക്കൊണ്ടിരിക്കുന്നു എന്നത് പ്രതിഷേധാർഹമാണ്. വിവിധ വകുപ്പുകളിൽ നടക്കുന്ന ഓൺലൈൻ ട്രാൻസ്ഫർ സംവിധാനം കുറ്റമറ്റ രീതിയിൽ നടപ്പിലാക്കണമെന്നാണ് കെജിഒഎഫ് ആവശ്യപ്പെടുന്നത്. സിവിൽ സർവീസിന്റെ കാലോചിതമായ പുനഃസംഘടനയ്ക്ക് ഇത്തരം സംവിധാനങ്ങൾ ഉൾപ്പെടെയുള്ളവ പുനഃക്രമീകരിക്കേണ്ടതുണ്ട്.

കേന്ദ്രസർക്കാരിന്റെ നവലിബറൽ നയങ്ങൾക്ക് എതിരായ ബദൽ നയം ഒരുക്കുകയാണ് കേരളത്തിലെ എൽഡിഎഫ് സർക്കാർ. സംസ്ഥാനം കഴിഞ്ഞ കാലങ്ങളിൽ ആർജിച്ച നേട്ടങ്ങൾ ശക്തിപ്പെടുത്തുന്നതോടൊപ്പം ഉല്പാദന‑സേവന മേഖലകളെ വിപുലീകരിച്ച്, സാമ്പത്തിക വളർച്ച നേടാനുള്ള ശ്രമങ്ങളാണ് സംസ്ഥാന സർക്കാർ നടപ്പാക്കുന്നത്. സംസ്ഥാന സർക്കാരിന്റെ മുന്നോട്ടുള്ള കുതിപ്പിൽ സിവിൽ സർവീസിനെയും വിശ്വാസപൂർവം ചേർത്തുപിടിക്കുന്നുണ്ട്. വർത്തമാന കാലഘട്ടത്തിൽ സിവിൽ സർവീസിന്റെ ഉത്തരവാദിത്തങ്ങൾ നിർവഹിക്കാനും ജനപക്ഷപാതകൾ സ്വീകരിക്കാനും സംഘടന എല്ലാ കാലത്തും ശ്രമിച്ചിട്ടുണ്ട്. സിവിൽ സർവീസ് ആവശ്യപ്പെടുന്ന സാമൂഹിക ഉത്തരവാദിത്തങ്ങളും പ്രതിബദ്ധതകളുമുള്ള പുതിയകാല വെല്ലുവിളികൾ ഏറ്റെടുക്കാനും പങ്കാളിത്ത പെൻഷൻ പിൻവലിക്കുന്നതുൾപ്പെടെയുള്ള അവകാശ പോരാട്ടങ്ങളിൽ അണിചേരാനും കെജിഓഫ് പ്രതിജ്ഞാബദ്ധമാണ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.