19 December 2024, Thursday
KSFE Galaxy Chits Banner 2

വിലക്കയറ്റം തുടരും; പണപ്പെരുപ്പം 5.4 ശതമാനത്തിലേക്ക് ഉയരുമെന്ന് ആര്‍ബിഐ

Janayugom Webdesk
ന്യൂഡല്‍ഹി
August 10, 2023 9:53 pm

രാജ്യത്ത് വിലക്കയറ്റം ഉടനെങ്ങും അവസാനിക്കില്ലെന്ന വിലയിരുത്തലുമായി ആര്‍ബിഐ. നടപ്പുവര്‍ഷത്തെ റീട്ടെയില്‍ പണപ്പെരുപ്പം കൂടുമെന്നാണ് റിസര്‍വ് ബാങ്ക് പണനയ സമിതിയുടെ വിലയിരുത്തല്‍. 5.1 ശതമാനത്തില്‍ നിന്ന് 5.4 ശതമാനത്തിലേക്ക് പണപ്പെരുപ്പം കൂടിയേക്കുമെന്നാണ് അനുമാനം.
തക്കാളി, ഉള്ളി അടക്കമുള്ള ഭക്ഷ്യവസ്തുക്കള്‍ക്കെല്ലാം തീവില നല്‍കേണ്ട അവസ്ഥയെത്തിയതോടെ സാധാരണക്കാരുടെ കുടുംബ ബജറ്റ് താളംതെറ്റി. ക്രമരഹിതമായ മണ്‍സൂണും വിളനാശവുമാണ് ഭക്ഷ്യവില അനിയന്ത്രിതമായി ഉയരുന്നതിനിടയാക്കിയത്. 

ജൂലൈ-സെപ്റ്റംബറില്‍ നേരത്തെ വിലയിരുത്തിയ 5.2ല്‍ നിന്ന് 6.2 ശതമാനത്തിലേക്ക് പണപ്പെരുപ്പം ഉയര്‍ന്നേക്കുമെന്ന് ആര്‍ബിഐ പണനയ യോഗം വിലയിരുത്തി. ഒക്ടോബര്‍-ഡിസംബറില്‍ പുതുക്കിയ വിലയിരുത്തല്‍ 5.7 ശതമാനമാണ്. നേരത്തേ 5.4 ശതമാനമായിരുന്നു. ജനുവരി-മാര്‍ച്ചിലെ പ്രതീക്ഷ 5.2 ശതമാനത്തില്‍ നിലനിര്‍ത്തി. അടുത്ത ഏപ്രില്‍-മാര്‍ച്ചിലും 5.2 ശതമാനം പ്രതീക്ഷിക്കുന്നു.
എല്‍നിനോ പ്രത്യാഘാതങ്ങളും ആഗോള ഭക്ഷ്യവിലയും സൂക്ഷ്മമായി നിരീക്ഷിക്കുകയാണെന്നും അവയെക്കുറിച്ച് ജാഗ്രത പാലിക്കേണ്ടതുണ്ടെന്നും ആര്‍ബിഐ ഗവർണർ ശക്തികാന്ത ദാസ് പറഞ്ഞു. എഫ്എംസിജി വിഭാഗത്തിലെ വില്പന, ഗ്രാമീണ മേഖലകളിൽ വർധിച്ചിട്ടുണ്ട്. ഭക്ഷണം, ഇന്ധനം എന്നീ പ്രധാന വിലക്കയറ്റ ഘടകങ്ങൾ ഒഴിച്ചു നിർത്തിയാൽ 100 ബേസിസ് പോയിന്റിൽ അധികം പണപ്പെരുപ്പം താഴ്ന്നിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. 

ജൂലൈയിലെ പണപ്പെരുപ്പ വര്‍ധനയില്‍ ഏറ്റവും വലിയ പങ്ക് വഹിച്ചിരിക്കുന്നത് തക്കാളിയാണ്. ഇതിന് പുറമെ ഉള്ളിക്കും വില ഉയര്‍ന്നു. ഉല്പാദകമേഖലകളിലെ അസാധാരണമായ മഴ കാരണം ഉള്ളിയുടെ വരവും സംഭരണവും നിലവില്‍ സമ്മര്‍ദ്ദം നേരിടുന്നുണ്ട്. അരി, ഗോതമ്പ്, പയറുവർഗങ്ങൾ തുടങ്ങിയ ധാന്യങ്ങളും വിലക്കയറ്റത്തിനുള്ള പ്രവണത തുടരുന്നു. വിലക്കയറ്റം നിയന്ത്രിക്കാന്‍ അരി കയറ്റുമതി നിരോധനവും കരുതല്‍ ശേഖരത്തില്‍ നിന്നുള്ള വിപണി ഇടപെടലും ഇറക്കുമതിയും അടക്കമുള്ള നടപടികള്‍ കേന്ദ്രസര്‍ക്കാര്‍ നടത്തിവരുന്നുണ്ട്. 

നേപ്പാളില്‍ നിന്നും തക്കാളി ഇറക്കുമതി

ന്യൂഡല്‍ഹി: വിലവര്‍ധനയുടെ പ­ശ്ചാത്തലത്തില്‍ നേപ്പാളില്‍ നിന്ന് തക്കാളി ഇറക്കുമതി ചെയ്യാൻ ആരംഭിച്ചതായി കേന്ദ്ര സര്‍ക്കാര്‍. വാരാണസി, ലഖ്‌നൗ, കാണ്‍പൂര്‍ എന്നിവിടങ്ങളില്‍ ആദ്യ ഘട്ടത്തില്‍ തക്കാളി എത്തിച്ചേരുമെന്നും ധനമന്ത്രി നിര്‍മ്മലാ സീതാരാമൻ പാര്‍ലമെന്റില്‍ അറിയിച്ചു.
കഴിഞ്ഞ മൂന്ന് മാസത്തിനിടെ തക്കാളിയുടെ മൊത്ത വിലയില്‍ 1400 ശതമാനം വര്‍ധനയുണ്ടായി. കിലോക്ക് 140 രൂപയെന്ന റെക്കോര്‍ഡ് വിലയാണ് ഇക്കാലയളവില്‍ ഉണ്ടായത്. ഉയര്‍ന്ന താപനില, മഴയുടെ ലഭ്യതക്കുറവ്, കൃഷിയിലെ വൈറസ് ബാധ എന്നിവയാണ് വിലവര്‍ധനയ്ക്ക് കാരണമായി കര്‍ഷകര്‍ ചൂണ്ടിക്കാണിക്കുന്നത്. 

Eng­lish Sum­ma­ry: Prices will con­tin­ue to rise; RBI expects infla­tion to rise to 5.4 percent

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.