19 November 2024, Tuesday
KSFE Galaxy Chits Banner 2

രാമന് ലക്ഷ്മണൻ നൽകുന്ന തത്വോപദേശത്തിന്റെ മഹത്വം

സ്വാമി വിശ്വഭദ്രാനന്ദ ശക്തിബോധി
രാമായണ തത്വമനനം-28
August 13, 2023 4:15 am

ജീവിതാനുഭവങ്ങളുടെ സാരസന്താനങ്ങളാണ് തത്വദർശനം. ധാരാളം തത്വോക്തികൾ രാമായണം എന്ന ഇതിഹാസകാവ്യത്തിൽ മിക്കഭാഗങ്ങളിലും കാണാം. ഏതുകാലത്തും വായിക്കുന്നവരുടെ ജീവിതാനുഭവങ്ങളോടു ചേർത്തുനോക്കുമ്പോൾ ഒരു മാർഗദീപമായി പ്രകാശിക്കുവാൻ രാമായണ തത്വോക്തികൾക്ക് കഴിയുന്നുണ്ടെന്നതിനാലാണ് ആ കാവ്യം ഇപ്പോഴും ആസ്വദനീയമായിരിക്കുന്നത്. ഈ നിലയിൽ പരിശോധിക്കുമ്പോൾ, വളരെ പ്രസക്തമായ തത്വോക്തികൾ ആരണ്യകാണ്ഡത്തിന്റെ അവസാന ഭാഗത്തു വരുന്നുണ്ട്. അയോധ്യാകാണ്ഡത്തിൽ രാമൻ ലക്ഷ്മണനു നൽകുന്ന തത്വോപദേശങ്ങൾ ധാരാളമുണ്ട്. ഇവയെ അധ്യാത്മരാമായണത്തിൽ അവതരിപ്പിക്കുന്നവിധം ദൈവവചനങ്ങളെപ്പോലെ കൊണ്ടാടപ്പെട്ടുവരുന്നതും കാണാം. എന്നാൽ വാല്മീകി രാമായണത്തിലെ ആരണ്യകാണ്ഡത്തിന്റെ അവസാനഭാഗത്തുള്ള തത്വോപദേശങ്ങൾ ലക്ഷ്മണൻ രാമനോടു ചെയ്യുന്നതാണ്. ലക്ഷ്മണനെക്കൊണ്ട് രാമനെ ഉപദേശിപ്പിക്കുന്ന വാല്മീകി പ്രതിഭക്ക് അധ്യാത്മ രാമായണത്തെ അപേക്ഷിച്ച് കൂറേക്കൂടി യാഥാർത്ഥ്യ ബോധമുളള മാനവികജീവിതാവബോധമുണ്ട് എന്നു കാണാം.


ഇതുകൂടി വായിക്കൂ: സീതാവബോധത്തിൽ പുതഞ്ഞുകിടക്കുന്ന അഹല്യ


വീണവരെയാണ് പിടിച്ചെഴുന്നേൽക്കാൻ സഹായിക്കേണ്ടി വരിക. തളർന്നുറങ്ങുന്നവരെയാണ് തട്ടിയുണർത്തേണ്ടി വരിക. അതുപോലെ വിഷാദത്തിൽ വിവേകം മങ്ങിപ്പോയവരെയാണ് തത്വോപദേശം ചെയ്തു വിവേകം ജ്വലിപ്പിച്ച് ജീവിതത്തിന്റെ കർമ്മപഥത്തിൽ പാകതയോടെ ഉണർത്തിനിർത്തേണ്ടി വരിക. ഉപദേശത്തിന്റെ ലക്ഷ്യം തന്നെ മങ്ങിയ വിവേകത്തെ പ്രോജ്വലിപ്പിച്ചു ജീവിതത്തെ പാകപ്പെടുത്തുക എന്നതാണല്ലോ. വികാരത്തെ ആളിക്കത്തിക്കുന്നത് ഉപദേശമല്ല; മറിച്ചത്, പേയിളക്കലാണ്.
ആശ്രമത്തിൽ സീതയെ കാണാതായത് അറിയുന്ന രാമൻ, വിരഹവേദനയിൽ നൊന്തുനീറി തളർന്നുപോവുകയാണ്. വൈകാരിക ദുഃഖത്താൽ പരവശനായ രാമൻ തനിക്കു സന്തോഷം ഇല്ലെങ്കിൽ ലോകത്തിനും അതുവേണ്ട എന്ന നിലയിലെത്തി വൈകാരികമായ കടുത്ത കോപത്തെ പ്രാപിക്കുന്നു. ഈ കോപത്തോടെ ലോകത്തെ മുഴുവൻ ചുട്ടുചാരമാക്കാൻ ചാപം കുലയ്ക്കാനൊരുങ്ങുന്ന രാമനെയാണ് തത്വോപദേശത്തിലൂടെ വിവേകം വീണ്ടെടുക്കാൻ ലക്ഷ്മണൻ സഹായിക്കുന്നത്. ആ തത്വോപദേശങ്ങളുടെ സന്ദർഭവും നിലവാരവും അത് അവതരിപ്പിക്കുന്ന ഭാഷാഘടനയും ഭഗവദ് ഗീതോപദേശത്തെക്കാൾ സാധാരണ ജീവിതസന്ദർഭങ്ങളോടു വൈകാരികവും വൈചാരികവുമായ നീതിപുലർത്തുന്നുണ്ട്.


ഇതുകൂടി വായിക്കൂ: യതിവേഷമണിഞ്ഞ കാമമാണ് കപടയതിത്വം


‘താനും ലക്ഷ്മണനും ഇല്ലാത്ത സന്ദർഭത്തിൽ സീതയെ ഉപദ്രവിച്ചു ഭക്ഷിപ്പാൻ ശ്രമിച്ച രാക്ഷസ ശക്തികളെ തടുക്കാൻ ഒരു ദേവതയും ഒരു ഗന്ധർവനും ഒരു മൃഗവും മനുഷ്യനും ഉണ്ടായില്ലല്ലോ, അതിനാൽ ഇനി ലോകത്ത് ഒന്നും നിലനിൽക്കേണ്ടതില്ല, എല്ലാം നാശാർഹമാണ്, എല്ലാറ്റിനെയും ഞാൻ നശിപ്പിക്കും’ എന്നാണ് രാമൻ ദുഃഖ‑കോപവിവശനായി പറയുന്നത്. പ്രിയപ്പെട്ടതു നഷ്ടപ്പെടുമ്പോഴുണ്ടാകുന്ന തീക്ഷ്ണദുഃഖം തന്നെയും ലോകത്തെയും നശിപ്പിക്കുന്ന കോപാഗ്നിയുടെ പന്തം കൊളുത്തും. ഇന്ദിരാഗാന്ധി കൊല്ലപ്പെട്ടപ്പോൾ ഉണ്ടായ കോപാഗ്നി ഡൽഹിയിൽ ചെയ്തത് എന്തൊക്കെയെന്ന് ഓർമ്മിക്കുക. ഇത്തരമൊരു കോപാഗ്നി രാമനിലും സീത നഷ്ടപ്പെട്ടതറിഞ്ഞപ്പോൾ ജ്വലിതമായി. അപ്പോഴാണ് ലക്ഷ്മണന്റെ തത്വോപദേശം. ‘ലോകത്തിന്റെ രണ്ടു കണ്ണുകളായ സൂര്യചന്ദ്രന്മാരെയും ഗ്രഹണം ബാധിക്കാറുണ്ടല്ലോ. അതുപോലെ മഹാത്മാവായ അങ്ങയുടെ ജീവിതത്തിലും ചില പ്രയാസങ്ങൾ ഉണ്ടായതു സ്വാഭാവികമായി കാണാനുളള പക്വത കാട്ടുക’ എന്നിങ്ങനെ. അല്പംനീണ്ടുപോകുന്ന ഉപദേശ വാങ്മയങ്ങളിൽ ഇക്കാലത്ത് ഏറ്റവും പ്രസക്തമായത് ഇതാണ്: ‘ഏകസ്യ നാപരാധേന ലോകാൻ ഹന്തും ത്വമർഹസി’ (ആരണ്യ കാണ്ഡം; സർഗം 65; ശ്ലോകം 6). ‘ഒരാൾ ചെയ്ത അപരാധത്താൽ ലോകത്തെ മുഴുവൻ നശിപ്പിക്കുന്നതിനു തുനിയുന്നത് അന്യായമാണ് ’ എന്നതാണ് ലക്ഷ്മണൻ രാമനെ ഉപദേശിക്കുന്നതിനർത്ഥം. ‘എലിയെ പേടിച്ച് ഇല്ലം ചുടരുത്’ എന്നു പഴഞ്ചൊൽ പറയുന്നതും ഈ ലക്ഷ്മണോപദേശം തന്നെ.


ഇതുകൂടി വായിക്കൂ: രാമന്റെ രണ്ട് കാനനയാത്രകളും ഭവിഷ്യത്തുകളും


ഗോഡ്സെ എന്ന ബ്രാഹ്മണനാണ് ഗാന്ധിജിയെ കൊന്നത് എന്നതിനാൽ മുഴുവൻ ബ്രാഹ്മണരെയും കൊന്നൊടുക്കുന്നത് അന്യായമാണല്ലോ. അതുപോലെ സിഖ് സുരക്ഷാഭടന്മാരാലാണ് ഇന്ദിരാഗാന്ധി കൊല്ലപ്പെട്ടത് എന്നതിനാൽ മുഴുവൻ സിഖുകാരേയും നശിപ്പിക്കാനൊരുമ്പെട്ടിറങ്ങുന്നതും അന്യായമാണ്. ഇതുപോലെ അജ്മൽ കസബ് എന്ന ചാവേർ ഭീകരൻ മുസ്ലിം ആയിരുന്നു എന്നതിനാൽ എല്ലാ മുസ്ലിങ്ങളേയും നശിപ്പിക്കാൻ മനോവാഗ്കർമ്മങ്ങൾ ചെയ്യുന്നതും അന്യായമാണ്. ജയ് ശ്രീറാം വിളിക്കുന്നവരും വിളിപ്പിക്കുന്നവരും രാമന് ലക്ഷ്മണൻ നൽകിയ ഉപദേശം മനസിരുത്തി പഠിച്ചാൽ, ഏതോ മുസ്ലിം നാമധാരികളായ ഭീകരർ നടത്തിയ അന്യായത്തിന് മുഴുവൻ മുസ്ലിങ്ങളെയും നശിപ്പിക്കാൻ ശ്രമിക്കുന്ന വൈകാരിക വർഗീയതയുടെ പേയിളക്കം ശമിച്ചേക്കാം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.