24 September 2024, Tuesday
KSFE Galaxy Chits Banner 2

ലോകത്തിലെ ഏറ്റവും വാസയോഗ്യമായ നഗരം വിയന്ന

Janayugom Webdesk
ന്യൂയോര്‍ക്ക്
August 14, 2023 8:26 pm

ലോകത്തിലെ ഏറ്റവും വാസയോഗ്യമായ 10 നഗരങ്ങളുടെ പട്ടിക പുറത്തിറക്കി ഇക്കണോമിസ്റ്റ് ഇന്റലിജൻസ് യൂണിറ്റ് (ഇഐയു). ഓസ്ട്രിയയുടെ തലസ്ഥാനമായ വിയന്നയാണ് പട്ടികയിൽ ഒന്നാം സ്ഥാനത്ത്. കഴിഞ്ഞ 10 സർവേകളിലും ഓസ്ട്രിയൻ തലസ്ഥാനം കിരീടം നിലനിര്‍ത്തിയിരുന്നു.

രണ്ടാം സ്ഥാനത്ത് ഇക്കുറിയും ഡെന്മാർക്കിലെ കോപന്‍‌ഹേഗൻ തന്നെയാണ്. ലോകത്തിലെ ഏറ്റവും സന്തോഷകരമായ രാജ്യങ്ങളിലൊന്നാണിത്. വിദ്യാഭ്യാസം, അടിസ്ഥാന സൗകര്യങ്ങൾ, സ്ഥിരത എന്നിവയില്‍ വളരെ ഉയര്‍ന്ന സ്കോറാണ് കോപന്‍‌ഹേഗനുള്ളത്. മെൽബണും സിഡ്‌നിയും യഥാക്രമം മൂന്നും നാലും സ്ഥാനങ്ങളിലാണ്. ഫോർമുല വണ്‍ ഗ്രാൻഡ് പ്രി, ഓസ്‌ട്രേലിയൻ ഓപ്പൺ തുടങ്ങിയ എല്ലാ പ്രധാന അന്താരാഷ്ട്ര കായിക ഇനങ്ങൾക്കും ആതിഥേയത്വം വഹിക്കുന്ന നഗരമാണ് മെല്‍ബണ്‍. വിദ്യാഭ്യാസത്തിനും അടിസ്ഥാന സൗകര്യങ്ങൾക്കും മുഴുവന്‍ സ്കോറും നേടിയാണ്‌ സിഡ്നി മുന്നിലെത്തിയത്.

വാക്‌സിൻ വിരുദ്ധ പ്രതിഷേധങ്ങൾ അടങ്ങിയപ്പോള്‍ കഴിഞ്ഞ വർഷത്തേക്കാൾ സ്ഥിരത സ്‌കോർ വർധിച്ച കാനഡയിലെ വാൻകൂവർ അഞ്ചാം സ്ഥാനത്താണ്. സ്വിറ്റ്‌സർലൻഡിലെ ഏറ്റവും വലിയ നഗരമായ സൂറിച്ച് കഴിഞ്ഞ ഒരു വർഷത്തിനിടെ മൂന്നാം സ്ഥാനത്ത് നിന്ന് ആറാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. കനേഡിയൻ നഗരമായ കാൽഗറി, സ്വിറ്റ്സർലൻഡിലെ ജനീവ എന്നീ നഗരങ്ങള്‍ ഏഴാം സ്ഥാനത്താണ്. കനേഡിയൻ നഗരമായ ടൊറന്റോ ഒമ്പതാം സ്ഥാനത്തുണ്ട്. ജപ്പാനിലെ ഒസാക്ക, ന്യൂസിലൻഡിലെ ഏറ്റവും വലിയ നഗരമായ ഓക്‌ലൻഡ് എന്നിവ പത്താംസ്ഥാനം പങ്കിട്ടു. ഏഷ്യ‑പസഫിക് മേഖലയില്‍ നിന്നും ആദ്യ പത്തില്‍ ഉള്‍പ്പെട്ട ഒരേയൊരു നഗരമാണ് ഒസാക്ക.

ആരോഗ്യ സംരക്ഷണം, വിദ്യാഭ്യാസം, സ്ഥിരത, അടിസ്ഥാന സൗകര്യം, പരിസ്ഥിതി എന്നിവയുൾപ്പെടെ നിരവധി ഘടകങ്ങളെ അടിസ്ഥാനമാക്കിയാണ് നഗരങ്ങളെ റാങ്ക് ചെയ്തിരിക്കുന്നത്. എല്ലാ വർഷവും ഇഐയു ഗ്ലോബൽ ലൈവബിലിറ്റി സൂചിക പുറത്തിറക്കാറുണ്ട്. ലോകത്തെ 173 നഗരങ്ങളുടെ പേരുകൾ പട്ടികയിൽ അടങ്ങിയിരിക്കുന്നു. ഈ നഗരങ്ങളിൽ പലതിലും കോവിഡ് നിയന്ത്രണങ്ങൾ ലഘൂകരിക്കുകയും ജീവിതം സാധാരണ നിലയിലേക്കു മടങ്ങുകയും ചെയ്തിട്ടുണ്ട്. ഇത് മിക്ക നഗരങ്ങളുടെയും ഇന്‍ഡക്സ്‌ സ്കോര്‍ വര്‍ധിക്കാന്‍ ഇത് കാരണമായി.
ഇന്ത്യയിൽ നിന്നുള്ള അഞ്ച് നഗരങ്ങളാണ് പട്ടികയിൽ സ്ഥാനം പിടിച്ചത്. ബംഗളൂരു, അഹമ്മദാബാദ്, ചെന്നൈ, ന്യൂഡൽഹി, മുംബൈ എന്നിവ വിവിധ ഘടകങ്ങളുടെ അടിസ്ഥാനത്തിൽ പട്ടികയിലുണ്ട്.

Eng­lish summary;
you may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.