പണ്ടുപണ്ടൊരു ഓണക്കാലത്ത് പൂക്കളങ്ങൾ കാണാനായി മാവേലി പ്രജകളുടെ വീട്ടുമുറ്റങ്ങൾ തോറും നടക്കുകയായിരുന്നു… പെട്ടെന്ന് ഒരു പൂക്കളത്തിൽ നിന്ന് ഒരു ബഹളം കേട്ടു… കുറേ നാട്ടുപൂക്കളാണ്… തുമ്പയും മുക്കുറ്റിയും മന്ദാരവും തുളസിയും തെച്ചിയും ചെമ്പരത്തിയും കൃഷ്ണകിരീടവും കാക്കപ്പൂവും..എല്ലാ നാട്ടുസുന്ദരിമാരും ഉണ്ട്…എന്താണാവോ ബഹളം എന്ന് മാവേലി കാതോർത്തു… ആരാ കൂടുതൽ സുന്ദരി എന്നാണ്… ഓരോരുത്തരും വീറോടെ സ്വന്തം സൗന്ദര്യത്തെപ്പറ്റി വാചാലർ ആകുന്നുണ്ട്… തർക്കം മൂത്ത് പൂക്കൾ മാവേലിതമ്പുരാനോട് ചോദിച്ചു… അദ്ദേഹം പൂക്കളെ ഒന്നാകെ വാത്സല്യത്തോടെ നോക്കി… എല്ലാ സുന്ദരിമാർക്കിടയിലും ഒന്നും മിണ്ടാതെ കൂമ്പി നിൽക്കുന്ന തുമ്പപ്പൂവിനെ അദ്ദേഹം കൗതുകത്തോടെ നോക്കി… ശ്രീപാർവതിയുടെ പാദം പോലെ… വിനയത്താൽ കൂടുതൽ തുടുത്തവളായി…നാണം കൊണ്ടു കൂമ്പിയവൾ… നിഷ്കളങ്ക സൗന്ദര്യം.…അദ്ദേഹം പറഞ്ഞു… നിങ്ങൾ എല്ലാവരും സുന്ദരിമാരാണ്, എന്നാൽ പൂക്കളത്തിൽ എനിക്കേറ്റവും ഇഷ്ടം ഇവളെയാണ്… ഈ തുമ്പപ്പൂവിനെ…
കഥ അവിടെ നിൽക്കട്ടെ… ഓണപ്പൂക്കളുടെ സങ്കല്പം മാറിവന്നിട്ട് കാലം ഏറെയായി. ഇലക്കുമ്പി ളും പൂവട്ടിയുമായി തെച്ചിയും തുമ്പയും തുളസിയും മുക്കുറ്റിയും നുള്ളാനിറങ്ങുന്ന ബാല്യ കൗമാരങ്ങൾ പൂർണമായും ഡിജിറ്റൽ കുഞ്ഞുങ്ങളായി മാറിയതോടെ പൂക്കളങ്ങളും ഡിജിറ്റലായി. കുറച്ചു നാൾ കഴിഞ്ഞപ്പോൾ ഡിജിറ്റൽ പൂക്കളങ്ങൾ മടുപ്പായി. പക്ഷേ അപ്പോഴേക്കും തുമ്പയും മുക്കുറ്റിയും നാടു നീങ്ങി. കാക്കപ്പൂ നുള്ളാനിറങ്ങുന്ന പാടങ്ങൾ നികന്നു. പക്ഷേ മലയാളി തോറ്റില്ല. എങ്ങനെയെങ്കിലും ഓണപ്പൂക്കളം ഇടണം. അരിയും പച്ചക്കറിയും തുടങ്ങി മറ്റേതിനും ആശ്രയിക്കുന്ന അയൽ സംസ്ഥാനങ്ങളെ തന്നെ കൂട്ടുപിടിച്ചു. അങ്ങനെ ഗുണ്ടൽപ്പേട്ടിലെ ചെണ്ടുമല്ലികൾ ഓണവിപണി കീഴടക്കി. ചെണ്ടുമല്ലി മാത്രമല്ല, വാടാമല്ലിയും പലതരം ജമന്തിപ്പൂക്കളും മലയാളിയുടെ പൂക്കളത്തിന് നിറം പകരാനായി ഗുണ്ടൽപ്പെട്ടിലെ പൂപ്പാടങ്ങളിൽ പൂത്തുലഞ്ഞു ചിരിച്ചു നിന്നു.
ഗുണ്ടൽപ്പെട്ടിലെ പൂപ്പാടം കാണാനിറങ്ങിയ മലയാളികൾക്ക് ചിരിച്ചുലഞ്ഞു നിൽക്കുന്ന പൂപ്പാടം കണ്ടു കൊതിവന്നതുകൊണ്ടോ തൊട്ടാൽ പൊള്ളുന്ന വിലയിൽ മനസ് പൊള്ളിയതുകൊണ്ടോ എന്നറിയില്ല കേരളത്തിലും പലയിടങ്ങളിലും ചെണ്ടുമല്ലിക്കൃഷി വ്യാപകമാവുകയാണ്.
മലപ്പുറം ജില്ലയിലെ വള്ളിക്കുന്നു പഞ്ചായത്തിലും ചെണ്ടുമല്ലിപ്പാടം ചിരിതൂകി പൂത്തുലഞ്ഞു നിൽക്കുകയാണ്. പഞ്ചായത്തിലെ എല്ലാ വാർഡുകളിലും ചെണ്ടുമല്ലി കൃഷി സജീവമാക്കുകയാണ് അധികൃതരും കുടുംബശ്രീ യൂണിറ്റുകളും.
പഞ്ചായത്തിന്റെ 2023–24 വാർഷിക പദ്ധതിയിലുൾപ്പെടുത്തിയാണ് പൂപ്പൊലി എന്ന പേരിൽ ചെണ്ടുമല്ലി കൃഷി ചെയ്യാൻ തീരുമാനിച്ചതെന്ന് വാർഡ് മെമ്പർമാരായ ശ്രീനാഥും വിനീതയും പറഞ്ഞു. പഞ്ചായത്തിലെ 23 വാർഡുകളിലും പൂപ്പാടം ഒരുക്കിയെങ്കിലും ഏറ്റവും കൂടുതൽ പൂക്കൾ ഉണ്ടായത് തന്റെ സ്വന്തം എട്ടാം വാർഡിലാണെന്ന് വിനീത അഭിപ്രായപ്പെട്ടു.
കഴിഞ്ഞ തവണ കുടുംബശ്രീ അംഗങ്ങൾ 500 തൈകൾ വെച്ചു തുടങ്ങിയ പൂകൃഷി വിജയകരമാണെന്ന് കണ്ടതോടെയാണ് ഈ വർഷം വിപുലമായ രീതിയിൽ കൃഷി ചെയ്യാൻ തീരുമാനിച്ചത്.
ഏകദേശം 50000 തൈകളാണ് പൂപ്പൊലി പദ്ധതിക്കു വേണ്ടി തൃശൂരിൽ നിന്ന് കൊണ്ടു വന്നത്. ഒന്നര രൂപ നിരക്കിൽ സബ്‌സിഡി അനുവദിച്ചാണ് എല്ലാ വാർഡിലും തൈകൾ വിതരണം ചെയ്തത്.
ജൂൺ ആദ്യവാരം നട്ട തൈകളാണ് ഇപ്പോൾ പൂത്തുലഞ്ഞ് വിളവെടുപ്പിന് ഒരുങ്ങിയിരിക്കുന്നത്. അനുകൂലമായ കാലാവസ്ഥയാണ് നല്ല വിള ലഭിക്കാൻ കാരണം എന്ന് തൈകളെ കുഞ്ഞുങ്ങളെപ്പോലെ പരിപാലിക്കുന്ന കുടുംബശ്രീ അംഗങ്ങളായ വത്സലയും രജനിയും അമ്മുക്കുട്ടിയും പറഞ്ഞു. എന്നും രാവിലെ വന്ന് തൈകളിലെ ഒച്ചിനെയും പ്രാണികളെയുമൊക്കെ എടുത്തുകളഞ്ഞ് ആവശ്യത്തിനുള്ള നനയും കഴിഞ്ഞ് തൊഴിലുറപ്പിനു പോകുന്ന ഇവർ വൈകുന്നേരം തിരിച്ചെത്തുന്നത് പൂപ്പാടത്തേയ്ക്കാണ്. ചാണകപ്പൊടിയാണ് മുഖ്യ വളം. ഇത്തവണ മഴ അധികം ലഭിക്കാത്ത കാലാവസ്ഥ ചെണ്ടുമല്ലി കൃഷിക്ക് അനുകൂലമായി. മഴ പെയ്താൽ പൂക്കളിൽ വെള്ളമിറങ്ങി ചീഞ്ഞുപോകും.
23-ാം തീയതി മുതൽ 24ാം തീയതി വരെയുളള ഓണ ചന്തയിൽ കുടുംബശ്രീയുടെ സ്റ്റാളിൽ മറ്റാരെയെങ്കിലും വില്പന യേല്പിച് മുടക്കിയ കാശിലും കൂടുതലായ തുക അവർക്ക് കൊടുക്കാനുള്ള സൗകര്യമാണ് പഞ്ചായത്ത് ഒരുക്കുന്നത്. ഇനി നമ്മുടെ പൂക്കളം ഒരുക്കാൻ അയൽ സംസ്ഥാനങ്ങളിലെ പൂക്കളെ ആശ്രയിക്കാത്ത രീതിയിൽ ചെണ്ടുമല്ലി കൃഷി വിപുലമാക്കാനാണ് ഉദ്ദേശിക്കുന്നതെന്ന് വിനീത പറഞ്ഞു.
കഴിഞ്ഞ വർഷം രജനിയുടെ നേതൃത്വത്തിലുള്ള കുടുംബശ്രീ അംഗങ്ങളുടെ ചെറിയ രീതിയിലുളള പൂകൃഷി വിജയം കണ്ടതോടെയാണ് ഈ വർഷം വിപുലമായ സൗകര്യങ്ങൾ ഒരുക്കാൻ പഞ്ചായത്ത് തീരുമാനിച്ചതെന്ന് പൂപ്പൊലി പദ്ധതിക്ക് എല്ലാ സഹകരണങ്ങളും നൽകുന്ന11-ാം വാർഡ് മെമ്പർ ശ്രീനാഥ് പറഞ്ഞു. കൂടുതൽ ആളുകളെ പൂകൃഷിയിലേക്ക് ആകർഷിക്കാനുള്ള എല്ലാ നടപടികളും പഞ്ചായത്ത് ആരംഭിച്ചു. കൃഷിഭവന്റെ ക്ലാസുകളും വാട്ട് സാപ് കൂട്ടായ്മകളും ചെണ്ടുമല്ലി കൃഷിക്ക് പ്രയോജനപ്പെടുത്തിയിട്ടുണ്ട്. ഓണവിപണി മികച്ച ഒരു സാധ്യതയാണ്ടെന്ന് ശ്രീനാഥ് അഭിപ്രായപ്പെട്ടു. പഴയ കാലത്തെ അപേക്ഷിച്ച് ഓണപ്പൂക്കൾക്ക് വലിയ വിപണന സാധ്യതയാണുള്ളത്. നമുക്ക് ഉത്പാദിപ്പിക്കാനാകുന്ന പൂക്കൾ നമ്മൾ തന്നെ ഉത്പാദിപ്പിച്ച് പൂകൃഷിയെ ലാഭകരമാക്കി മാറ്റുക എന്നാണ് പഞ്ചായത്ത് ലക്ഷ്യമാക്കുന്നത്.
മഞ്ഞയും ഓറഞ്ചും നിറത്തിൽ പൂത്തുലഞ്ഞു നിൽക്കുന്ന ചെണ്ടുമല്ലിപ്പാടത്തിൽ നിറഞ്ഞ ചിരിയോടെ മുതിർന്ന അംഗം അമ്മുക്കുട്ടി പഴയ ഓണപ്പൂക്കളം ഓർത്തെടുത്തു. പണ്ട് കാടും മേടും കയറി തുമ്പയും മുക്കുറ്റിയും തെച്ചിയും മന്ദാരവും കാട്ടുപൂക്കളും കൊണ്ട് ഒരുക്കിയ പുക്കളം തുമ്പയും മുക്കുറ്റിയുമൊക്കെ പറമ്പിൽ നിന്ന് അപ്രത്യക്ഷമായതോടെ മാർക്കറ്റിൽ നിന്ന് വാങ്ങുന്ന പൂക്കൾ കൊണ്ട് തൃപ്തിപ്പെടേണ്ടി വന്നു. ഇപ്പോൾ നമ്മൾ സ്വന്തമായി അധ്യാനിച്ച് വിരിയിച്ചെടുത്ത പൂക്കൾ കൊണ്ട് ഇത്തവണ ഒരു നാടു മുഴുവനും പൂക്കളം ഒരുക്കുന്നത് കാണുന്നതിലുള്ള സന്തോഷം അവരുടെ വാക്കുകളിലും ചിരിയിലും തുമ്പപ്പൂവിന്റെ നിഷ്കളങ്കതയോടെ നിറഞ്ഞു നിന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.