23 December 2024, Monday
KSFE Galaxy Chits Banner 2

Related news

December 21, 2024
December 19, 2024
December 6, 2024
December 3, 2024
November 30, 2024
November 30, 2024
November 29, 2024
November 11, 2024
October 25, 2024
October 18, 2024

റേഡിയോ ജോക്കി രാജേഷ് വധക്കേസ് ;രണ്ടും മൂന്നും പ്രതികൾക്ക് ജീവപര്യന്തം

Janayugom Webdesk
തിരുവനന്തപുരം
August 18, 2023 9:45 pm

റേഡിയോ ജോക്കി രാജേഷ് ക്വട്ടേഷൻ കൊലക്കേസിൽ കുറ്റക്കാരെന്ന് കോടതി കണ്ടെത്തിയ രണ്ടും മൂന്നും പ്രതികൾക്ക് ജീവപര്യന്തം കഠിന തടവും 3.80 ലക്ഷം രൂപ പിഴയും ശിക്ഷ. ക്വട്ടേഷൻ സംഘാംഗങ്ങളായ രണ്ടാം പ്രതി അലിഭായി എന്ന ഓച്ചിറ മുഹമ്മദ് സാലിഹ്, മൂന്നാം പ്രതി കായംകുളം അപ്പുണ്ണി എന്നിവരെയാണ് ശിക്ഷിച്ചത്. തിരുവനന്തപുരം ഒന്നാം അഡീഷണൽ ജില്ലാ സെഷൻസ് കോടതി ജഡ്ജി കെ പി അനിൽകുമാറിന്റേതാണ് ശിക്ഷാവിധി.
ഗൂഢാലോചനയോടെയുള്ള കൊലക്കുറ്റത്തിന് ജീവപര്യന്തം തടവനുഭവിക്കുകയും ഒരു ലക്ഷം രൂപ വീതം പിഴയൊടുക്കുകയും വേണം. തെളിവു നശിപ്പിച്ചതിന് അഞ്ച് വർഷം വീതം കഠിന തടവും ഇരുപതിനായിരം രൂപ പിഴയുമാണ് ശിക്ഷ. ആയുധം കൈവശം വച്ചുപയോഗിച്ചതിന് അഞ്ച് വർഷം വീതം കഠിന തടവും ഇരുപതിനായിരം രൂപ വീതം പിഴയും ഒടുക്കണം.
ദൃക്സാക്ഷിയായ ഒന്നാം സാക്ഷി അനൗൺസർ കുട്ടനെ വെട്ടി അസ്ഥി പൊട്ടിച്ച് കഠിന ദേഹോപദ്രവമേൽപ്പിച്ചതിന് 10 വർഷം വീതം കഠിന തടവും 50,000 രൂപ വീതം പിഴയും, വധശിക്ഷ കിട്ടാവുന്ന കുറ്റം ചെയ്യാനായി രാജേഷ് നിന്ന റെക്കോർഡിങ് സ്റ്റുഡിയോയിൽ അതിക്രമിച്ച് കയറിയതിന് 10 വർഷം വീതം കഠിന തടവും 50,000 രൂപ വീതം പിഴയും ഒടുക്കണം. ജീവപര്യന്തം തടവു ശിക്ഷ ആരംഭിക്കും മുമ്പ്, കഠിന ദേഹോപദ്രവമേൽപ്പിച്ചതിനുള്ള 10 വർഷം തടവുശിക്ഷ വെവ്വേറെ ആദ്യം അനുഭവിക്കണമെന്നും വിധിന്യായത്തിൽ കോടതി വ്യക്തമാക്കി.
നിഷ്ഠൂര കൃത്യം ചെയ്തതിന്റെ രീതിയും സ്വഭാവവും പശ്ചാത്തലവും കണക്കിലെടുക്കുമ്പോൾ പ്രതികൾ യാതൊരു ദയക്കോ നല്ല നടപ്പു നിയമത്തിന്റെ ഔദാര്യത്തിനോ അർഹരല്ലെന്ന് കോടതി ചൂണ്ടിക്കാട്ടി. ഗൂഢാലോചന ഭാഗം സാക്ഷിയായിരുന്ന കൂറു മാറിയ പതിനഞ്ചാം സാക്ഷി മനോജിനെതിരെ കോടതിയിൽ കള്ള തെളിവ് നൽകിയതിന് കേസെടുക്കാൻ നടപടി തുടങ്ങാൻ മനോജിന് കോടതി നോട്ടീസ് അയച്ചു. പിഴത്തുകയിൽ ഒരു ലക്ഷം രൂപ ഒന്നാം സാക്ഷി കുട്ടനും ബാക്കിത്തുക കൊല്ലപ്പെട്ട രാജേഷിന്റെ അനന്തരവകാശികൾക്കും നൽകാൻ കോടതി ഉത്തരവിട്ടു. കൂടാതെ സർക്കാർ മതിയായ നഷ്ട പരിഹാരം നൽകാനും കോടതി ഉത്തരവിട്ടു. നാല് മുതൽ 12 വരെയുള്ള പ്രതികളെ തെളിവിന്റെ അഭാവത്തിൽ വിട്ടയച്ചു.

ക്വട്ടേഷൻ കൊലപാതകം
ഒന്നാം പ്രതി ഖത്തറിലെ ജയിലില്‍
ഖത്തർ ദോഹയിൽ ജിംനേഷ്യവും ബിസിനസുമുള്ള സത്താറിന്റെ ഭാര്യയുമായി രാജേഷിനുണ്ടായിരുന്ന അടുപ്പമാണ് ക്വട്ടേഷന്‍ കൊലപാതകത്തിലെത്തിയത്.
2018 മാർച്ച് 27ന് വെളുപ്പിന് 1.40നാണ് കിളിമാനൂർ മടവൂർ മെട്രാസ് റെക്കോർഡിങ് സ്റ്റുഡിയോയിൽ അതിക്രമിച്ച് കയറി രാജേഷിനെ മാരകായുധങ്ങൾ കൊണ്ട് വെട്ടിയും കുത്തിയും കൊലപ്പെടുത്തിയത്. ക്വട്ടേഷൻ കൊടുത്ത ഒന്നാം പ്രതി അബ്ദുൾ സത്താർ വിദേശ രാജ്യമായ ഖത്തറിൽ ജയിലിൽ കഴിയുകയാണ്. അവിടത്തെ ശിക്ഷ തീരുന്ന മുറയ്ക്ക് ഇന്ത്യയിലെത്തിച്ച് പ്രത്യേക വിചാരണ ചെയ്യും.

Eng­lish summary;Radio jock­ey Rajesh mur­der case; 2nd and 3rd accused get life imprisonment

you may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.