18 December 2024, Wednesday
KSFE Galaxy Chits Banner 2

Related news

December 17, 2024
December 15, 2024
December 15, 2024
December 14, 2024
December 12, 2024
December 12, 2024
December 11, 2024
December 11, 2024
December 10, 2024
December 10, 2024

ജാഗ്രതയുടെ സാംസ്കാരിക ഹൃദയപക്ഷം

യുവകലാസാഹിതി സംസ്ഥാന സമ്മേളനം കോഴിക്കോട്
ഇ എം സതീശന്‍
August 19, 2023 4:28 am

യുവകലാസാഹിതി 48-ാം സംസ്ഥാന സമ്മേളനം ഓഗസ്റ്റ് 20 ന് ചരിത്ര നഗരമായ കോഴിക്കോടിന്റെ മണ്ണിൽ നടക്കുകയാണ്. ചരിത്രാതീത കാലം മുതൽ തന്നെ കോഴിക്കോടിന് ലോക സംസ്കാരങ്ങളുമായി ബന്ധമുണ്ട്. വിശ്വമാനവികതയുടെ ആ സ്പന്ദനങ്ങൾ ഹൃദയത്തിലേറ്റു വാങ്ങി മനുഷ്യവിമോചനത്തിനും സ്വാതന്ത്ര്യത്തിനും വേണ്ടി നടന്ന ഉജ്വല രാഷ്ട്രീയ മുന്നേറ്റങ്ങൾ കോഴിക്കോടിന്റെ ബോധമണ്ഡലത്തെ ഇളക്കിമറിച്ചു. പി കൃഷ്ണപിള്ളയും മുഹമ്മദ് അബ്ദുറഹിമാൻ സാഹിബും കെ പി കേശവമേനോനും അവരുടെ ജിഹ്വയായ് മാറിയ മാതൃഭൂമിയും ദേശാഭിമാനിയുമെല്ലാം ചേർന്ന് കോഴിക്കോടിന്റെ സിരകളെ പ്രക്ഷുബ്ധമാക്കി.

കോഴിക്കോട്ടെ പഴയൊരു കെട്ടിടമുറിയിൽ പി കൃഷ്ണപിള്ളയും കെ ദാമോദരനും ഇഎംഎസും എൻ സി ശേഖറും കൂടിയിരുന്ന് കൊളുത്തിയ ദീപനാളം പതിറ്റാണ്ടുകൾ കഴിഞ്ഞപ്പോഴേക്കും കേരളത്തെ ചുവപ്പിച്ചു. ബേപ്പൂർ സുൽത്താനും പൊറ്റെക്കാടും ബാബുരാജും പി ഭാസ്കരനും തിക്കോടിയനും എൻ പി മുഹമ്മദും പുനത്തിൽ കുഞ്ഞബ്ദുള്ളയുമൊക്കെ ചേർന്ന് കോഴിക്കോടിനെ ചരിത്രത്തിൽ അനശ്വരമാക്കി. താന്നിക്കുന്നിന്റെ താഴ്‌വരയിൽ നിന്ന് കൂടല്ലൂരുകാരനായ നിളയുടെ നിത്യ കാമുകൻ മാടത്ത് തെക്കേപ്പാട്ട് വാസുദേവൻ നായർ കഥകളുടെ സ്വപ്നസഞ്ചാരങ്ങളുമായി ജ്ഞാനപീഠത്തിന്റെ സുവർണ പടവുകൾ കയറിയത് കോഴിക്കോട് നിന്നാണ്. ചരിത്ര സംസ്കൃതികളുടെ വിസ്മയ കടൽത്തീര നഗരമായ കോഴിക്കോടിന്റെ മണ്ണിൽ വർത്തമാന കേരളവും രാജ്യവും നേരിടുന്ന വിപത്തുകളിൽ വേപഥുപൂണ്ട എഴുത്തുകാരും കലാകാരന്മാരും സാംസ്കാരികപ്രവർത്തകരും ആ ധന്യസ്മൃതികളിൽ നിന്ന് കരുത്തു നേടാൻ വീണ്ടും ഒത്തുചേരുകയാണ്. സി രാധാകൃഷ്ണനും മാടമ്പ് കുഞ്ഞുകുട്ടനും ടി പി സുകുമാരൻ മാഷും എൻ സി മമ്മുട്ടി മാഷുമൊക്കെ കൈമാറിയ സാംസ്കാരിക വെളിച്ചത്തിലാണ് കോഴിക്കോടിന്റെ മണ്ണിൽ യുവകലാസാഹിതി ഒത്തുചേരൽ. പക്ഷേ കാലം അതീവ വെല്ലുവിളികൾ നിറഞ്ഞതാണ്. രാജ്യവും ജനങ്ങളുടെ ജീവിതവും കടുത്ത പ്രതിസന്ധികൾ നേരിടുന്ന സന്ദർഭത്തിലാണ് യുവകലാസാഹിതി സംസ്ഥാന സമ്മേളനം കോഴിക്കോട്ടു വച്ച് ചേരുന്നത്.
രാജ്യത്തിന്റെ ഭരണഘടനയും അതുയർത്തിപ്പിടിക്കുന്ന സ്വാതന്ത്ര്യം ജനാധിപത്യം, മതേതരത്വം, സാമൂഹ്യ നീതി, തുല്യത, പൗരാവകാശങ്ങൾ എന്നിവയെല്ലാം പതിറ്റാണ്ടുകൾ നീണ്ട ത്യാഗഭരിതമായ പോരാട്ടങ്ങളിലൂടെ ജനങ്ങൾ നേടിയെടുത്തതാണ്. ദേശീയ സ്വാതന്ത്ര്യ സമരത്തിന്റെ ഈ സദ്ഫലങ്ങളെല്ലാം സമ്പൂർണമായി തല്ലിക്കൊഴിക്കപ്പെടുന്ന കാലത്തിലൂടെയാണ് നിർഭാഗ്യവശാൽ രാജ്യം കടന്നുപോകുന്നത്.


ഇത് കൂടി വായിക്കൂ: ചാൾസ് ഡാർവിന്‍ സിലബസിന് പുറത്താകുമ്പോള്‍


അതിനെതിരെ ജനാധിപത്യ ശക്തികളും ദേശാഭിമാനികളായ രാഷ്ട്രീയ സാംസ്കാരിക പ്രസ്ഥാനങ്ങളും നടത്തുന്ന ചെറുത്തു നില്പുകളും ശക്തി പ്രാപിക്കുന്നുണ്ട്. രാജ്യദ്രോഹക്കുറ്റമുൾപ്പെടെ കടുത്ത നിയമനടപടികളാണ് പ്രതിഷേധിക്കുന്നവര്‍ക്കെതിരെ ഭരണകൂടം അടിച്ചേല്പിക്കുന്നത്. ഭരണകൂട പിന്തുണയോടെ വർഗീയ- ഭീകര സംഘടനകളും രാജ്യത്ത് അഴിഞ്ഞാടുന്നു. സ്ത്രീകൾക്കും ദളിത് സമൂഹത്തിനും എതിരായ പീഡനങ്ങളും അക്രമങ്ങളും മുമ്പേത് കാലത്തേക്കാളും വർധിച്ചിരിക്കുന്നു. പൗരാവകാശ‑സാമൂഹ്യ പ്രവർത്തകരും എഴുത്തുകാരും കലാകാരന്മാരും ബുദ്ധിജീവികളും വലിയ തോതിൽ വേട്ടയാടപ്പെട്ടുകൊണ്ടിരിക്കുന്നു. നരേന്ദ്ര ധബോൽക്കർ, ഗോവിന്ദ് പൻസാരെ, കൽബുർഗി, ഗൗരിലങ്കേഷ്, സ്റ്റാൻ സാമി, വരവരറാവു തുടങ്ങിയവരെല്ലാം വേട്ടക്കാരുടെ ഇരകളായവരാണ്.
ഏറ്റക്കുറച്ചിലുകളുണ്ടെങ്കിലും കേരളത്തിലും സ്ഥിതി ഗുരുതരമാണ്. നവോത്ഥാന — സാമ്രാജ്യത്വ വിരുദ്ധ പോരാട്ടങ്ങൾ ഒരുക്കിയെടുത്ത കേരളത്തിന്റെ സവിശേഷമായ ജനാധിപത്യ‑മതേതര- പുരോഗമന സാമൂഹ്യ ഘടന തകർക്കാൻ സങ്കുചിത ഭൂരിപക്ഷ‑ന്യൂനപക്ഷ മതസാമുദായിക ശക്തികൾ വലിയ പരിശ്രമം നടത്തിക്കൊണ്ടിരിക്കുന്നു.
വർത്തമാന കാലത്ത് പ്രവാചകാധിക്ഷേപം ആരോപിച്ച് കൈവെട്ടിയപ്പോഴും ശബരിമല സ്ത്രീപ്രവേശന വിധിയുടെ പശ്ചാത്തലത്തിലുയർന്ന കലാപങ്ങളും മലബാർ കലാപത്തിന്റെ നൂറാം വാർഷികാഘോഷ വേളയിലെ സംവാദങ്ങളും മീശ നോവൽ വിവാദവും ഏറ്റവുമവസാനം സ്പീക്കറെ കരുവാക്കി നടത്തിയ മിത്ത് വിവാദവും കേരളം നേരിടുന്ന അപകടം വെളിപ്പെടുത്തുന്നവയാണ്. കേരളീയ സമൂഹത്തിൽ നവോത്ഥാന മതേതര മൂല്യങ്ങൾ ജനാധിപത്യ വിരുദ്ധമായി വെല്ലുവിളിക്കപ്പെട്ട സന്ദർഭങ്ങളായിരുന്നു ഇതെല്ലാം.
കേരളീയ സമൂഹത്തിന് സംഭവിച്ചുകൊണ്ടിരുന്ന ഇത്തരം പിന്തിതിരിപ്പൻ പരിവർത്തനങ്ങൾ കാലേക്കൂട്ടിത്തന്നെ തിരിച്ചറിഞ്ഞ് തികച്ചും സന്ദർഭോചിതമായി യുവകലാസാഹിതി മുന്നോട്ടു വച്ച മുദ്രാവാക്യമാണ് ” ജാതിയല്ല മതമല്ല മനുഷ്യനാണ് പ്രധാനം” എന്നത്. കേരളീയ നവോത്ഥാന ആശയങ്ങളുടെ കാലോചിതമായ പരാവർത്തനമെന്ന നിലയിൽ, പിന്നിട്ട ഒരു ദശകക്കാലമായി യുവകലാസാഹിതി ഈ മുദ്രാവാക്യമുയർത്തി നടത്തിയ ബഹുമുഖ പ്രവർത്തനങ്ങൾക്ക് വലിയ ഫലശ്രുതിയുണ്ടായി. ഇതേ ആശയങ്ങൾ പിൻപറ്റിക്കൊണ്ടു തന്നെ വൈക്കത്തെ ജാതിത്താലത്തിനും അവർണ സമൂഹ വിഭാഗങ്ങളുടെ ക്ഷേത്ര ശ്രീകോവിലുകളിലെ പൗരോഹിത്യ പ്രവേശനത്തിനു വേണ്ടിയും നിരവധി സാംസ്കാരിക പരിപാടികൾ സംഘടിപ്പിച്ചു. സി രാധാകൃഷ്ണൻ രചിച്ച തീക്കടൽ കടഞ്ഞ് തിരുമധുരം എന്ന നോവൽ അവാർഡ് മുൻനിർത്തി ജാതിവിലക്കിനെതിരെ നടത്തിയ വിജയകരമായ സമരവും സ്മരണീയമാണ്. വർഗീയ ഫാസിസത്തിനെതിരെ “ദേശീയത മാനവികത ബഹുസ്വരത” എന്ന മുദ്രാവാക്യംകൂടി ചേർത്തു വച്ച് സംസ്ഥാന പ്രസിഡന്റ് ആലങ്കോട് ലീലാകൃഷ്ണന്റെ നേതൃത്വത്തിൽ യുവകലാസാഹിതി കേരളത്തിൽ നടത്തിയ സാംസ്കാരിക യാത്രയ്ക്ക് വമ്പിച്ച പിന്തുണയാണ് ലഭിച്ചത്. ഇങ്ങനെ ബഹുതലങ്ങളിൽ യുവകലാസാഹിതി നടത്തിയ ആശയ സമരങ്ങളോടൊപ്പം കേരളത്തിലെ എഴുത്തുകാരും കലാകാരന്മാരും ബുദ്ധിജീവികളുമടങ്ങുന്ന സാംസ്കാരിക സമൂഹം ഒറ്റക്കെട്ടായി അണിനിരന്ന ആവേശഭരിതമായ അനുഭവമാണുണ്ടായത്.


ഇത് കൂടി വായിക്കൂ: ബിജെപിയുടെ ക്രൈസ്തവ പ്രീണനവും ആലഞ്ചേരിയുടെ മോഡീ പ്രണയവും


ജീവന്റെ നിലനില്പിനാധാരമായ പ്രകൃതി, മൂലധനതാല്പര്യം മുൻനിർത്തി വൻതോതിൽ ചൂഷണം ചെയ്യപ്പെടുന്നതിന്റെ ഫലമായി വലിയ തോതിലുള്ള പാരിസ്ഥിതിക നാശം സംഭവിക്കുകയും ജീവിതം ദുസഹമായി തീരുകയും ചെയ്തു കൊണ്ടിരിക്കുന്നു. പ്രവചനാത്മകമെന്നോണം ഈ ദുരവസ്ഥ തിരിച്ചറിഞ്ഞ് മനുഷ്യനും പ്രകൃതിയും തമ്മിലുള്ള പാരസ്പര്യം മുൻ നിർത്തിയുള്ള പാരിസ്ഥിതിക‑വികസന കാഴ്ചപ്പാടുകൾ പതിറ്റാണ്ടുകൾക്ക് മുമ്പുതന്നെ മുന്നോട്ടുവച്ച സാംസ്കാരിക പ്രസ്ഥാനമാണ് യുവകലാസാഹിതി. സൈലന്റ് വാലി, അതിരപ്പിള്ളി തുടങ്ങി ഏറ്റവും അവസാനം കെ — റെയിൽ വരെയുള്ള പ്രശ്നങ്ങളിൽ യുവകലാസാഹിതി സ്വീകരിച്ച ഹൃദയപക്ഷ നിലപാടുകൾ ചരിത്രത്തിന്റെ ഭാഗമാണ്. കവി ഇഞ്ചക്കാട് ബാലചന്ദ്രൻ എഴുതിയ “ഇനി വരുന്നൊരു തലമുറയ്ക്ക് ഇവിടെ വാസം സാധ്യമോ… ” എന്നു തുടങ്ങുന്ന ലോകപ്രശസ്തമായ പരിസ്ഥിതി ഗാനം യുവകലാസാഹിതിയുടെ ആലപ്പാട് പരിസ്ഥിതി ക്യാമ്പിന്റെ സംഭാവനയാണ്.
ഇന്ത്യ ലിംഗനീതിയുടെ കാര്യത്തിൽ നൂറ്റാണ്ടുകൾ പിറകിലാണ്. കൂടുതൽ സ്വതന്ത്രമെങ്കിലും കേരളീയ പൊതുബോധവും ഏറെയൊന്നും ഭിന്നമല്ല. എഴുത്തുകാരികളും കലാകാരികളും വലിയ അസ്വാതന്ത്ര്യങ്ങൾ നേരിട്ടു കൊണ്ടാണ് സർഗാത്മക പ്രവർത്തനങ്ങളിലേർപ്പെടുന്നത്. ഇതിനൊരു പരിഹാരശ്രമമെന്ന നിലയിൽ ഇരകളുടെ തന്നെ സംഘടിതമായ ചെറുത്തു നില്പും പ്രതിരോധവും ആവശ്യമാണെന്ന ബോധ്യത്തിന്റെ അടിസ്ഥാനത്തിലാണ് 2011ൽ തിരുനെല്ലിയിൽ ചേർന്ന യുവകലാസാഹിതി സംസ്ഥാന സംഘടനാ ക്യാമ്പ് വനിതാകലാസാഹിതി രൂപീകരിച്ചത്. ഈ കാലഘട്ടത്തിലെ ഏറ്റവും സുപ്രധാന പ്രശ്നമായി യുവകലാസാഹിതി ലിംഗനീതി ആശയങ്ങൾ ഉൾക്കൊള്ളുന്നു.
പിന്നിട്ട ഒരു ദശകത്തിനുള്ളിൽ സംഘടനാപരമായി വമ്പിച്ച മുന്നേറ്റമാണ് യുവകലാസാഹിതി കൈവരിച്ചത്. ഏറെക്കുറെ 140 അസംബ്ലി മണ്ഡലങ്ങളിലും ഒട്ടനവധി പഞ്ചായത്തുകളിലും കമ്മിറ്റികളും സംസ്ഥാനത്തെമ്പാടുമായി ആയിരക്കണക്കായ സാംസ്കാരികപ്രവർത്തകരും ഒത്തു ചേരുന്ന യുവകലാസാഹിതി വസ്തുനിഷ്ഠമായ നിലപാടുകൾ കൊണ്ടും ജനാധിപത്യപരമായ പ്രവർത്തന ശൈലികൊണ്ടും ജനങ്ങളുടെ ഹൃദയപക്ഷമാണിന്ന്. ഹൃദയപക്ഷം വിജയിക്കട്ടെ. ജാതിയല്ല മതമല്ല മനുഷ്യനാണ് പ്രധാനം. ജാഗ്രതയുടെ സാംസ്കാരിക ഹൃദയപക്ഷം യുവകലാസാഹിതി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.