
ഏറെ വിവാദമായ ക്രിമിനല്‍ നിയമ ഭേദഗതി ബില്‍ ആഭ്യന്തര പാര്‍ലമെന്ററി സ്റ്റാന്‍ഡിങ് കമ്മിറ്റിയുടെ പരിഗണനയ്ക്ക് വിട്ടു. അതേസമയം ചര്‍ച്ചയ്ക്ക് മുന്നോടിയായി നല്‍കേണ്ട നോട്ടീസ് വൈകിയാണ് ലഭിച്ചതെന്ന് സമിതി അംഗങ്ങളായ പ്രതിപക്ഷ എംപിമാര്‍ കുറ്റപ്പെടുത്തി. ഐപിസി, സിആര്‍പിസി, ഇന്ത്യന്‍ തെളിവ് നിയമം എന്നിവ ഇല്ലാതാക്കിക്കൊണ്ടുള്ള മൂന്ന് പുതിയ ബില്ലുകളാണ് കേന്ദ്രസര്‍ക്കാര്‍ കഴിഞ്ഞ പാര്‍ലമെന്റ് സമ്മേളനത്തില്‍ അവതരിപ്പിച്ചത്. 24, 25, 26 തീയതികളില്‍ സമിതി യോഗം ചേരുമെന്നാണ് എംപിമാര്‍ക്ക് അറിയിപ്പ് ലഭിച്ചിരിക്കുന്നത്. വിഷയം പഠിക്കാന്‍ ആവശ്യമായ സമയം അനുവദിച്ചില്ലെന്നും അത് ശരിയായ കീഴ്‌വഴക്കമല്ലെന്നും എംപിമാരായ ഡെറിക് ഒബ്രിയാന്‍, കകോലി ഘോഷ് ദസ്തിദാര്‍, ദിഗ് വിജയ് സിങ് എന്നിവര്‍ പറഞ്ഞു. ഇതു സംബന്ധിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രിക്ക് കത്ത് നല്‍കിയതായും എംപിമാര്‍ അറിയിച്ചു. 1860ലെ ഇന്ത്യന്‍ പീനല്‍കോഡിന് പകരം ഭാരതീയ ന്യായ സംഹിത, 1898 ലെ കോഡ് ഓഫ് ക്രിമിനല്‍ പ്രൊസിജ്യര്‍ കോഡിന് പകരം ഭാരതീയ നാഗരിക് സുരക്ഷാ സംഹിത ബില്‍, 1872ലെ ഇന്ത്യന്‍ എവിഡന്‍സ് ആക്ടിന് പകരം ഭാരതീയ സാക്ഷ്യ ബില്‍ എന്നിവയാണ് കേന്ദ്ര സര്‍ക്കാര്‍ കൊണ്ടുവന്നത്. സുപ്രീം കോടതി രൂക്ഷ വിമര്‍ശനമുന്നയിച്ച രാജ്യദ്രോഹ നിയമം എടുത്തുകളയുന്നുവെന്നാണ് ബില്‍ അവതരിപ്പിച്ച് ആഭ്യന്തര മന്ത്രി അമിത് ഷാ വിശദീകരിച്ചതെങ്കിലും വ്യവസ്ഥകള്‍ കൂട്ടുകയും പരിധി വിപുലമാക്കുകയും ശിക്ഷ കടുപ്പിക്കുകയുമാണ് ചെയ്തിരിക്കുന്നതെന്ന് പ്രതിപക്ഷ പാര്‍ട്ടികള്‍ ചൂണ്ടിക്കാട്ടിയിരുന്നു. നിയമത്തിലെ വ്യവസ്ഥകള്‍ ഭരണനയങ്ങള്‍ അനുസരിച്ച് ദുരുപയോഗ സാധ്യതയുള്ളതും എതിരാളികളെ കുറ്റവാളികളാക്കുന്നതിന് സഹായകവുമാണ്. കൂടാതെ വ്യവസ്ഥകള്‍ അവ്യക്തമായാണ് ഉള്‍പ്പെടുത്തിയിരിക്കുന്നതെന്ന വിമര്‍ശനവും നേരിട്ടു.
English summary; Criminal Law Amendment Bill To the Parliamentary Committee
you may also like this video;
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.