21 April 2025, Monday
KSFE Galaxy Chits Banner 2

Related news

April 1, 2025
March 25, 2025
March 18, 2025
February 20, 2025
February 8, 2025
February 2, 2025
January 13, 2025
January 7, 2025
January 6, 2025
January 3, 2025

കീഹോള്‍ സര്‍ജറി; ആശങ്കകള്‍ വേണ്ട… ഡോക്ടര്‍ പറയുന്നതിങ്ങനെ

ഡോ.ഉണ്ണിക്കുട്ടൻ ഡി
ഓർത്തോപീഡിക് സർജൻ
August 21, 2023 7:24 pm

എന്താണ് ആര്‍ത്രോസ്‌കോപ്പി?

ചെറിയ സുഷിരങ്ങളിലൂടെ നേര്‍ത്ത ക്യാമറ പ്രവേശിപ്പിച്ച് സന്ധികളുടെ ഉള്‍ഭാഗം (joint cav­i­ty) സ്‌ക്രീനില്‍ കണ്ട് ചെയ്യുന്ന ശസ്ത്രക്രിയയാണ് ആര്‍ത്രോസ്‌കോപ്പി.  ‘ആര്‍ത്രോ’ എന്നത് സന്ധികളെയും, ‘സ്‌കോപ്പി’ എന്നത് ശരീരത്തിനുള്ളില്‍ കയറ്റാവുന്ന നേര്‍ത്ത ക്യാമറ ഉപയോഗിച്ചുള്ള സര്‍ജറികളെയും സൂചിപ്പിക്കുന്നു. ആര്‍ത്രോസ്‌കോപ്പി മൂലമുണ്ടാകുന്ന മുറിവുകള്‍ വളരെ ചെറുതായതിനാല്‍ ഇവയെ താക്കോല്‍ ദ്വാര ശസ്ത്രക്രിയ അഥവാ കീഹോള്‍ സര്‍ജറി എന്നും പൊതുവെ അറിയപ്പെടുന്നു.

ആര്‍ത്രോസ്‌കോപ്പിയുടെ ഗുണങ്ങള്‍ എന്തൊക്കെ?

ഒരു ബട്ടണ്‍ ഹോളിന്റെ വലുപ്പത്തിലുള്ള ചെറിയ സുഷിരങ്ങളിലൂടെയാണ് ശസ്ത്രക്രിയയ്ക്ക് ആവശ്യമുള്ള ക്യാമറയും ഉപകരണങ്ങളും കയറ്റിവിടുന്നത്.
മുറിവുകളുടെ വലിപ്പം ചെറുതായതിനാല്‍ ശസ്ത്രക്രിയയ്ക്ക് ശേഷമുള്ള വേദനയും ബുദ്ധിമുട്ടുകളും താരതമ്യേന കുറവാണ്. ഓപ്പണ്‍ സര്‍ജറിയെ അപേക്ഷിച്ച് ഈ ശാസ്ത്രക്രിയാ രീതിയെ മികച്ചതാക്കുന്ന കാര്യം എന്തെന്നാല്‍, എത്തിപ്പെടാന്‍ പ്രയാസകരമായ പല ദിശകളിലേക്കും കാഴ്ച എത്തിക്കുവാനും ഉപകരണങ്ങള്‍ കടത്തുവാനും അനായാസം സാധിക്കും എന്നതാണ്. സ്‌കാനിംഗിലും മറ്റും വ്യക്തമാകാത്ത പല പ്രശ്‌നങ്ങളും ആര്‍ത്രോസ്‌കോപ്പി വഴി കണ്ടു പിടിക്കുകയും അപ്പോള്‍ തന്നെ പരിഹരിക്കുകയും ചെയ്യാം.

ഏതൊക്കെ സര്‍ജറികള്‍ ആര്‍ത്രോസ്‌കോപ്പിയിലൂടെ സാദ്ധ്യമാകുന്നു?

സന്ധികള്‍ക്കുള്ളിലെ സൂക്ഷ്മമായ ശസ്ത്രക്രിയകള്‍ക്ക് അനുയോജ്യമായ രീതിയാണ് ആര്‍ത്രോസ്‌കോപ്പി. പൊട്ടിയ ലിഗമെന്റുകള്‍ പുനര്‍നിര്‍മ്മിക്കുവാനും പരിക്ക് പറ്റിയ മറ്റു ഘടനകള്‍ യോജിപ്പിക്കുവാനുമുള്ള മികച്ച മാര്‍ഗ്ഗമാണ് ആര്‍ത്രോസ്‌കോപ്പി. ഇതു കൂടാതെ സന്ധികള്‍ക്കുള്ളില്‍ നിന്നും ബയോപ്സി എടുക്കുവാനും ചെറിയ ട്യൂമറുകള്‍ നീക്കം ചെയ്യുവാനും ആര്‍ത്രോസ്‌കോപ്പി പ്രയോജനകരമാണ്.സന്ധിയുടെ അനക്കത്തെ തടസ്സപെടുത്തുന്ന ലൂസ് ബോഡി, സൈനോവിയത്തിന്റെ അമിത വളര്‍ച്ച എന്നിവ നീക്കം ചെയ്യാനും ഈ രീതി ഉപയോഗിക്കാം.

തരുണാസ്ഥിയില്‍ (car­ti­lage) രൂപപ്പെടുന്ന ചെറിയ തേയ്മാനങ്ങള്‍ക്കും പരുക്കുകള്‍ക്കും അര്‍ത്രോസ്‌കോപ്പി ഉപയോഗിച്ചുള്ള പരിഹാരമാര്‍ഗ്ഗങ്ങളുണ്ട്. കൂടാതെ സന്ധികളോട് ചേര്‍ന്ന സിസ്റ്റുള്‍ നീക്കം ചെയ്യുവാനും പഴുപ്പ് കഴുകി കളയുവാനും ഈ ശസ്ത്രക്രിയാ രീതി ഉപയോഗിച്ചു വരുന്നു.

ഏതൊക്കെ സന്ധികളില്‍ ആര്‍ത്രോസ്‌കോപ്പി പ്രയോജനപ്പെടുത്താം?

കാല്‍മുട്ടിലും തോളിലും ആണ് ആര്‍ത്രോസ്‌കോപ്പി വിപുലമായി ഉപയോഗിക്കാറുള്ളത്. ഈ രണ്ടു സന്ധികളിലും കാവിറ്റികള്‍ താരതമ്യേന കൂടുതല്‍ വ്യാപ്തിയുള്ളതിനാല്‍ ക്യാമറയും മറ്റു ഉപകരണങ്ങളും കയറ്റുവാന്‍ എളുപ്പമാണ്. സ്‌പോര്‍ട്‌സിലും മറ്റു അപകടങ്ങളിലും പരുക്കുകള്‍ കൂടുതലായി സംഭവിക്കുന്നതും ഈ രണ്ട് സന്ധികളിലാണ്. തോളിലെ കീറിയ റോട്ടേറ്റര്‍ കഫ് കൂട്ടി യോജിപ്പിക്കുവാനും ഇടയ്ക്കിടെ കുഴ തെറ്റുന്നത്തിനുള്ള ശസ്ത്രക്രിയയ്ക്കും, കാല്‍മുട്ടില്‍ ACL, PCL മുതലായ ലിഗമെന്റുകള്‍ പുനര്‍നിര്‍മ്മിക്കുവാനും മെനിസ്‌കസ് തയ്ക്കുവാനും ആണ് ആര്‍ത്രോസ്‌കോപ്പി കൂടുതലായി ഉപയോഗിക്കുന്നത്. ഇടുപ്പ് (Hip), കണങ്കൈ (wrist), കണങ്കാല്‍ (ankle) മുതലായ ചെറുതും വലുതുമായ മറ്റ് പല സന്ധികളിലും ആര്‍ത്രസ്‌കോപ്പി ഉപയോഗിച്ചുള്ള ശസ്ത്രക്രിയകള്‍ സാദ്ധ്യമാണ്.

ഡോ.ഉണ്ണിക്കുട്ടൻ ഡി
ഓർത്തോപീഡിക് സർജൻ
SUT ഹോസ്പിറ്റൽ, പട്ടം

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.