24 December 2024, Tuesday
KSFE Galaxy Chits Banner 2

ഗ്വാട്ടിമാലയിലെയും ഇക്വഡോറിലെയും ചരിത്ര മുന്നേറ്റം

സത്യകി ചക്രവർത്തി
August 22, 2023 4:00 am

ഓഗസ്റ്റ് 20ന് ലാറ്റിനമേരിക്ക ഒരു ചരിത്രം കൂടി സൃഷ്ടിച്ചു. ഗ്വാട്ടിമാലയിലെയും ഇക്വഡോറിലെയും പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ വലതുപക്ഷ സ്ഥാനാർത്ഥികള്‍ക്കുമേല്‍ ഇടതുപക്ഷം ആധികാരിക ആധിപത്യം ഉറപ്പിച്ചു. ഗ്വാട്ടിമാലയില്‍ വ്യക്തമായ ഭൂരിപക്ഷത്തോടെ ഇടതുപക്ഷം വിജയിച്ചു. ഇക്വഡോറില്‍ വിജയം പറയാറായില്ലെങ്കിലും ഒന്നാംഘട്ട തെരഞ്ഞെടുപ്പില്‍ ഇടതുസ്ഥാനാര്‍ത്ഥിക്ക് വ്യക്തമായ മേല്‍ക്കെെ നേടാനായി. ഒക്ടോബര്‍ 15നാണ് തെരഞ്ഞെടുപ്പിന്റെ രണ്ടാംഘട്ടം.

ഇക്വഡോറില്‍ തെരഞ്ഞെടുപ്പിന്റെ ആദ്യ റൗണ്ടില്‍ ഇടത് സ്ഥാനാര്‍ത്ഥി ലൂസിയ ഗോണ്‍സലെസിന് ശക്തമായ മേല്‍ക്കൈ ലഭിച്ചു. 40 ശതമാനം വോട്ട് എണ്ണിക്കഴിഞ്ഞപ്പോള്‍, ലൂസിയ 33 ശതമാനം നേടി. മുഖ്യ എതിരാളിയായി അപ്രതീക്ഷിതമായി രംഗത്തെത്തിയ മധ്യ ഇടത് സ്ഥാനാര്‍ത്ഥി ഡാനിയല്‍ നൊബോവയ്ക്ക് 24.4ശതമാനം വോട്ട് ലഭിച്ചു. തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ കൊല്ലപ്പെട്ട സ്ഥാനാര്‍ത്ഥി ഫെര്‍ണാണ്ടോ വിലാവിസെന്‍സിയോക്ക് 16 ശതമാനം വോട്ട് ലഭിച്ചിട്ടുണ്ട്.

ഗ്വാട്ടിമാലയില്‍ പുരോഗമനവാദിയായ ഇടതുസഖ്യ സ്ഥാനാര്‍ത്ഥിയും മൊവിമിയന്റോ സെമില്ല പാർട്ടിപ്രതിനിധിയുമായ ബെർണാഡോ അരെവാലോ വിജയിച്ചു. 95 ശതമാനത്തിലധികം വോട്ടുകൾ എണ്ണിക്കഴിഞ്ഞപ്പോൾ, സുപ്രീം ഇലക്ടറൽ ട്രിബ്യൂണലിന്റെ ഔദ്യോഗിക കണക്കുകൾ പ്രകാരം 59.1 ശതമാനം വോട്ടുകൾ അരെവാലോക്ക് ലഭിച്ചു.  മുൻ പ്രഥമ വനിത സാന്ദ്ര ടോറസ് 36.1 ശതമാനം വോട്ടാണ് നേടിയത്. ജൂണിൽ നടന്ന ആദ്യഘട്ട വോട്ടെടുപ്പിൽ ടോറസിന് 16, അരെവാലോക്ക് 11.8 ശതമാനം വോട്ടുകളാണ് ലഭിച്ചത്. അന്ന് 24 ശതമാനത്തിലധികം ബാലറ്റുകള്‍ ശൂന്യമോ അസാധുവാേ ആയിരുന്നു. കൂടാതെ 40 ശതമാനം വോട്ടർമാർ  വോട്ട് ചെയ്തില്ല. അഴിമതിക്കെതിരെ സംസാരിച്ച പ്രതിപക്ഷ സ്ഥാനാർത്ഥികളെ അയോഗ്യരാക്കിയതിലുള്ള അതൃപ്തിയാണ് ഇതിന് കാരണമെന്ന് വിശകലന വിദഗ്ധർ പറഞ്ഞിരുന്നു.
ഫെര്‍ണാണ്ടോ വെടിയേറ്റ് മരിച്ചതിനെത്തുടര്‍ന്ന് വിവാദമായിരുന്നു ഇക്വഡോര്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പ്. മാധ്യമപ്രവര്‍ത്തകന്‍ ക്രിസ്ത്യന്‍ സുറിറ്റയാണ് അദ്ദേഹത്തിന് പകരം മത്സരിച്ചത്. എന്നാല്‍, ബാലറ്റ് പേപ്പറുകള്‍ നേരത്തെ പ്രിന്റ് ചെയ്തതിനാല്‍, ഫെര്‍ണാണ്ടോയുടെ പേരു തന്നെയാണ് ബാലറ്റ് പേപ്പറിലുണ്ടായിരുന്നത്. ഇക്വഡോര്‍ നാഷണല്‍ അസംബ്ലി മുന്‍ അംഗവും അഴിമതി വിരുദ്ധ പ്രവര്‍ത്തകനും മാധ്യമപ്രവര്‍ത്തകനും ആയിരുന്ന ഫെര്‍ണാണ്ടോ, ഓഗസ്റ്റ് പത്തിനാണ് കൊല്ലപ്പെട്ടത്. അദ്ദേഹം ഏഴ് ശതമാനം വരെ വോട്ട് നേടും എന്നായിരുന്നു സൂചന. എന്നാല്‍ നിലവില്‍ ഇരട്ടിയിലേറെ വോട്ട് നേടി. അല്‍ബേനിയന്‍ മാഫിയയും മെക്സിക്കന്‍ മയക്കുമരുന്ന് സംഘങ്ങളുമായി രാജ്യത്ത് നടക്കുന്ന ഏറ്റുമുട്ടലിന്റെ ഫലമായാണ് ഫെര്‍ണാണ്ടോ കൊല്ലപ്പെട്ടത് എന്നാണ് സര്‍ക്കാര്‍ വാദം. ഇന്ധന കച്ചവടവുമായി ബന്ധപ്പെട്ട ചില റിപ്പോര്‍ട്ടുകള്‍ അറ്റോര്‍ണി ജനറലിന് കൈമാറിയതിന്റെ പിറ്റേ ദിവസമാണ് അദ്ദേഹം കൊല്ലപ്പെട്ടത്. കണ്‍സര്‍വേറ്റീവ് നേതാവ് ഗില്ലിര്‍മോ ലാസോയാണ് നിലവില്‍ ഇക്വഡോര്‍ പ്രസിഡന്റ്.

അക്രമവും ഭക്ഷ്യ അരക്ഷിതാവസ്ഥയും ഗ്വാട്ടിമാലയെ അലട്ടുന്നതിനിടയിലാണ് ബെർണാഡോ അരെവാലോയുടെ വിജയം. പുരോഗമനവാദികൾ ശക്തി പ്രാപിച്ചപ്പോഴെല്ലാം വലതുപക്ഷത്തിന്റെ വന്‍ അട്ടിമറികൾക്ക് ഗ്വാട്ടിമാല സാക്ഷ്യം വഹിച്ചിട്ടുണ്ട്. എങ്കിലും താരതമ്യേന സമാധാനപരമായ തെരഞ്ഞെടുപ്പിൽ വോട്ടർമാർ നൽകിയ വിധി ഭൂഖണ്ഡത്തിലെ ലാറ്റിനമേരിക്കൻ ഇടതുപക്ഷത്തിന്റെ മനോവീര്യം ഉയർത്തിയിട്ടുണ്ട്. “അഴിമതിക്കാർ ഇടപെടുന്ന സ്ഥാപനങ്ങളെ ശുദ്ധീകരിക്കുമെന്നും” രാജ്യത്തുനിന്ന് പലായനം ചെയ്ത പ്രോസിക്യൂട്ടർമാര്‍, ജഡ്ജിമാര്‍, മാധ്യമ പ്രവർത്തകര്‍ തുടങ്ങിയവരെ  മടങ്ങാൻ പ്രതിജ്ഞാബദ്ധരാക്കുമെന്നും അരെവാലോ വാഗ്ദാനം ചെയ്തു. “ഈ വിജയം ഗ്വാട്ടിമാലയിലെ ജനങ്ങളുടേതാണ്, ഒരു ജനതയെന്ന നിലയിൽ നമ്മൾ അഴിമതിക്കെതിരെ പോരാടും” തന്റെ വിജയത്തിന് ശേഷം നടത്തിയ വാർത്താ സമ്മേളനത്തിൽ അരെവാലോ പറഞ്ഞു.
2014 ജനുവരി 14 നാണ് പുതിയ പ്രസിഡന്റ് ചുമതലയേൽക്കുക. 1950കളിലെ തന്റെ ഭരണകാലത്ത് തദ്ദേശവാസികൾക്കുള്ള ഭൂമി വിതരണത്തിലും അവകാശങ്ങളിലും വലിയ മാറ്റങ്ങൾ കൊണ്ടുവന്ന മുൻ പ്രസിഡന്റിന്റെ മകനാണ് അരെവാലോ. ദരിദ്രരുടെ ക്ഷേമത്തിനായി പ്രവർത്തിക്കുകയും മയക്കുമരുന്ന് കടത്തിനും അഴിമതിക്കും എതിരെ പോരാടുകയും ചെയ്യുന്ന ഒരു ഭരണത്തിനായി ഗ്വാട്ടിമാലൻ ജനത പ്രതീക്ഷയോടെ ഉറ്റുനോക്കുകയാണ്. മറ്റ് പല എതിർ സ്ഥാനാർത്ഥികളും വിലക്കപ്പെട്ടതിനെത്തുടർന്നാണ് വലതുപക്ഷ വിരുദ്ധ പാർട്ടികളുടെയും പ്രസ്ഥാനങ്ങളുടെയും കൂട്ടായ്മയായായ അഴിമതി വിരുദ്ധ മുന്നണി കെട്ടിപ്പടുക്കാൻ അരെവാലോ മുന്നോട്ടുവന്നത്. ഗ്വാട്ടിമാലൻ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ പിന്തുണയും അദ്ദേഹത്തിനുണ്ട്. അരെവാലോയുടെ വിജയം ഗ്വാട്ടിമാലയിലെ സ്ഥാപിത രാഷ്ട്രീയത്തിന്റെ നിരാകരണത്തെയാണ് അടയാളപ്പെടുത്തുന്നത്. അഴിമതി വിരുദ്ധ നയങ്ങൾക്കപ്പുറം, തായ്‌വാനുമായുള്ള ഗ്വാട്ടിമാലയുടെ ദീർഘകാല വിശ്വസ്തതയോടൊപ്പം ചൈനയുമായുള്ള ബന്ധവും വിപുലീകരിക്കാൻ ആഗ്രഹിക്കുന്നുവെന്ന് അരെവാലോ പറഞ്ഞു.

ഒക്‌ടോബർ 15ന് നടക്കുന്ന  ഇക്വഡോറിലെ രണ്ടാംഘട്ട തെരഞ്ഞെടുപ്പിൽ ലൂസിയ ഗോണ്‍സലെസ്, 24 ശതമാനം വോട്ട് നേടിയ  ഡാനിയൽ നോബോവയുമായി ഏറ്റുമുട്ടും. ‘ഞങ്ങൾ ചരിത്രം സൃഷ്ടിക്കുകയാണ്’, ഗോൺസാലെസ് പറഞ്ഞു.
ഫെര്‍ണാണ്ടോ വിലാവിസെന്‍സിയോയുടെ കൊലപാതകംവരെ രണ്ടാമതായിരുന്നു ലൂസിയ. താൻ തെരഞ്ഞെടുക്കപ്പെട്ടാൽ, മുൻ പ്രസിഡന്റ് റാഫേൽ കൊറിയ ഉപദേശകനായിരിക്കുമെന്ന് അവർ പറയുന്നു. രണ്ടാംഘട്ടത്തില്‍ വിജയിച്ച് ഗോണ്‍സലെസ് പ്രസിഡന്റായാല്‍, ബെല്‍ജിയത്തിലേക്ക് പലായനം ചെയ്ത മുന്‍ ഭരണാധികാരി കൊറിയ മടങ്ങിയെത്തുമെന്നാണ് സൂചന.
ഗ്വാട്ടിമാലയിൽ, പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട അരെവാലോ തന്റെ പാർട്ടിയായ സെമില്ലയുടെ അടിത്തറ ഉറപ്പിക്കുകയും ജനുവരി 14ന് സ്ഥാനമേല്‍ക്കാന്‍ തയ്യാറെടുക്കുകയും മാത്രമേ ചെയ്യേണ്ടതുള്ളൂ. എന്നാൽ ഇക്വഡോറിൽ, ഡാനിയൽ നോബോവ എന്ന വലതുപക്ഷ വ്യവസായിക്കെതിരെ ലൂയിസ ഗോൺസാലസിന്റെ പിന്തുണ വിപുലീകരിക്കുക എന്നത് ഇടതു സഖ്യത്തിന്റെ ദൗത്യമാണ്. ഗോൺസലസിന് നല്ല പ്രതിച്ഛായയുണ്ട്. സ്ത്രീകളുടെ വലിയ പിന്തുണയുമുണ്ട്.
ഞായറാഴ്ച ഗ്വാട്ടിമാലൻ ജനത അരെവാലോയെ തെരഞ്ഞെടുത്തതുപോലെ ഒക്‌ടോബർ 15ന് ഇക്വഡോറും ഒരു ജനകീയ പ്രസിഡന്റിനെ തെരഞ്ഞെടുക്കുമെന്ന് ഇടതുപക്ഷ ശക്തികൾ ഉറച്ചു വിശ്വസിക്കുന്നു.

(അവലംബം: ഐപിഎ)

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.