മലപ്പുറം തുവ്വൂരില്‍ സ്ത്രീയുടെ മൃതദേഹം കുഴിച്ചിട്ട നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ യൂത്ത് കോണ്‍ഗ്രസ് നേതാവടക്കം നാല് പേര്‍ അറസ്റ്റില്‍. യൂത്ത് കോണ്‍ഗ്രസ് മണ്ഡലം സെക്രട്ടറി വിഷ്ണുവിന്റെ വീട്ടിലാണ് മൃതദേഹം കണ്ടെത്തിയത്.
തുവ്വൂര്‍ പഞ്ചായത്ത് ഓഫീസിനു സമീപം റെയില്‍വേ പാളത്തിനടുത്താണ് വീട്. ഇന്നലെ രാത്രി ഒന്‍പത് മണിയോടെയാണ് പൊലീസ് സ്ഥലത്തെത്തി പരിശോധിച്ചത്. സുജിതയെ വീട്ടിൽ വച്ച് ശ്വാസം മുട്ടിച്ചു കൊന്നതാണെന്നു വിഷ്ണു മൊഴി നൽകി. മരണം ഉറപ്പിച്ച ശേഷം യുവതിയെ കെട്ടിത്തൂക്കി. സഹോദരങ്ങളുടേയും സുഹൃത്തിന്റേയും സഹായത്തോടെ കുഴിച്ചിടുകയായിരുന്നുവെന്നും വിഷ്ണുവിന്റെ മൊഴിയിൽ പറയുന്നു.
തുവ്വൂര്‍ കൃഷി ഭവനില്‍ ജോലി ചെയ്തിരുന്ന സുജിത (35) എന്ന യുവതിയെ ഈ മാസം 11 മുതല്‍ കാണാനില്ലായിരുന്നു. പള്ളിപ്പറമ്പ് മാങ്കൂത്ത് മനോജ് എന്നയാളുടെ ഭാര്യയാണ് സുജിത.അതേസമയം കണ്ടെത്തിയ മൃതദേഹം സുജിതയുടേതാണോ എന്നു സ്ഥിരീകരിച്ചിട്ടില്ല. മൃതദേഹം മുഴുവനായും പുറത്തെടുത്തിട്ടില്ല. ഇന്ന് ഫോറന്‍സിക് വിഭാഗം സ്ഥലത്തെത്തിയ ശേഷമേ മൃതദേഹം മുഴുവനായും പുറത്തെടുത്ത് പരിശോധന നടത്തുകയുള്ളു. സ്ഥലത്തു പൊലീസ് കാവല്‍ ഏര്‍പ്പെടുത്തി. കൃഷിഭവനിലെത്തുന്ന ആളുകളെ അപേക്ഷയ്ക്കടക്കം സഹായിക്കുന്ന ജോലിയിലായിരുന്നു. പ്രതി ജിഷ്ണു നേരത്തെ പഞ്ചായത്തിലെ താല്‍ക്കാലിക ജീവനക്കാരനായിരുന്നു. ഐഎസ്ആര്‍ഒയില്‍ ജോലി ലഭിച്ചെന്നു പറഞ്ഞാണു ജോലി രാജിവച്ചത്.
വിഷ്ണുവും സുജിതയും തമ്മില്‍ സാമ്പത്തിക ഇടപാടുകള്‍ നടന്നിരുന്നുവെന്നാണ് പൊലീസിനു ലഭിക്കുന്ന വിവരം. സുജിത ജിഷ്ണുവിനു പണം നല്‍കിയിരുന്നു. ഇതു തിരിച്ചുചോദിച്ചതോടെ ഇവര്‍ തമ്മില്‍ തര്‍ക്കവുമുണ്ടായിരുന്നു. വിഷ്ണുവിന്റെ വീട്ടിൽ വെച്ചു ശ്വാസം മുട്ടിച്ച് സുജിതയെ കൊലപ്പെടുത്തി. മരണം ഉറപ്പാക്കിയ ശേഷം കെട്ടിത്തൂക്കി. പിന്നീട് അച്ഛന്റെയും സഹോദരങ്ങളുടെയും സഹായത്തോടെ കുഴിച്ചിടുകയായിരുന്നു. എട്ട് പവനോളം വരുന്ന സ്വര്‍ണാഭരണങ്ങള്‍ പ്രതികള്‍ വിറ്റതായാണു വിവരം.
കാണാതായ ദിവസം തന്നെ സുജിതയെ കൊലപ്പെടുത്തിയെന്നാണു പ്രതികള്‍ പൊലീസിനു നല്‍കിയ മൊഴി. കൊലയ്ക്കുശേഷം ജിഷ്ണുവിന്റെ വീട്ടിലെ മാലിന്യക്കുഴിയില്‍ മൃതദേഹം തള്ളി. ഇതിനുമുകളില്‍ മണ്ണും മെറ്റലും എംസാൻഡും ഉപേക്ഷിക്കുകയും ചെയ്തു. ഇത് അലക്കുകല്ല് നിര്‍മിക്കാൻ കൊണ്ടുവന്നതാണെന്നാണ് നേരത്തെ ചോദ്യംചെയ്തപ്പോള്‍ പ്രതികള്‍ പറഞ്ഞത്.
എന്നാല്‍, സംശയം തോന്നി പൊലീസ് എംസാൻഡും മെറ്റലും നീക്കിയപ്പോഴാണു മൃതദേഹം കണ്ടെത്തിയത്. ഇന്നലെ രാത്രി എട്ടുമണിയോടെയാണു മൃതദേഹം കാണുന്നത്. ഇതില്‍നിന്നു ദുര്‍ഗന്ധം വമിച്ചതോടെ നീക്കം നിര്‍ത്തിവച്ചു. ഇന്ന് ഫോറൻസിക് സംഘമെത്തി തുടര്‍നടപടികള്‍ നടത്താനാണു തീരുമാനം.
സുജിതയുടെ ഫോണില്‍ അവസാനമായി വിളിച്ചത് വിഷ്ണുവിനെയായിരുന്നു. ഇതില്‍നിന്നാണ് അന്വേഷണം ഇയാളിലെത്തിയത്. എന്നാല്‍, ചോദ്യംചെയ്തപ്പോള്‍ 10,000 രൂപ ആവശ്യപ്പെട്ട് സുജിത വിളിച്ചിരുന്നുവെന്നും ഇതിനു വേണ്ടിയായിരുന്നു കോളെന്നുമാണ് ആദ്യം പറഞ്ഞത്. തുടര്‍ന്ന് ഇരുവരുടെയും അക്കൗണ്ടുകള്‍ പരിശോധിച്ചപ്പോള്‍ സുജിതയുടെ അക്കൗണ്ടില്‍ 40,000 രൂപ കണ്ടെത്തി. വിഷ്ണുവിന്റെ അക്കൗണ്ടില്‍ കാര്യമായ പണവുമുണ്ടായിരുന്നില്ല. ഇതിനിടെ ഇയാളുടെ സഹോദരനെ ചോദ്യം ചെയ്തതില്‍നിന്നാണ് കൊലപാതകത്തെക്കുറിച്ചുള്ള സൂചന ലഭിച്ചത്.
English Summary: Malappuram Tuvvoor murder; 4 people including Youth Congress leader arrested
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.