22 December 2025, Monday

Related news

November 17, 2025
November 11, 2025
November 1, 2025
August 15, 2025
July 1, 2025
June 23, 2025
April 21, 2025
April 1, 2025
February 11, 2025
February 1, 2025

ഇന്ത്യയുടെ യോഗവും പാചകവാതക വിലയും

Janayugom Webdesk
August 31, 2023 5:00 am

രാജ്യത്ത് പാചകവാതക വില കുറയ്ക്കാന്‍ കേന്ദ്ര മന്ത്രിസഭ തീരുമാനിച്ചു. കേള്‍ക്കുമ്പോള്‍ സ്വാഭാവികമായ നടപടിയെന്ന് തോന്നാവുന്ന കാര്യം. വിലക്കയറ്റം കൊണ്ട് ജനം നട്ടംതിരിയുകയും പണപ്പെരുപ്പം സമ്പദ്ഘടനയെ തകര്‍ക്കുകയും ചെയ്യുമ്പോള്‍ സര്‍ക്കാരില്‍ നിന്നുണ്ടായ ആശ്വാസ നടപടിയെന്ന് ഭരണവൃത്തങ്ങള്‍ പ്രചരിപ്പിക്കാനും തുടങ്ങിയിട്ടുണ്ട്. എന്നാല്‍ കഴിഞ്ഞമാസം ചേര്‍ന്ന പാര്‍ലമെന്റ് സമ്മേളനത്തിലുള്‍പ്പെടെ പാചകവാതക വില നിര്‍ണയിക്കുന്നത് എണ്ണക്കമ്പനികളാണ് സര്‍ക്കാരിന് അതില്‍ നിയന്ത്രണമില്ല എന്ന് ആണയിട്ട കേന്ദ്രമന്ത്രിമാര്‍ ചേര്‍ന്നെടുത്ത തീരുമാനമാണ് പ്രധാനമന്ത്രി നരേന്ദ്ര മോഡി പ്രഖ്യാപിച്ചത് എന്നത് തിരിച്ചറിയാതെ പോകരുത്. വില കുറയ്ക്കാനുള്ള കേന്ദ്ര തീരുമാനത്തിന് പിന്നിൽ രണ്ട് പ്രധാനകാരണങ്ങളാണുള്ളത്. ഒന്ന് നിര്‍ണായകമായ അഞ്ച് നിയമസഭാ തെരഞ്ഞെടുപ്പുകളും ലോക്‌സഭാ തെരഞ്ഞെടുപ്പും മറ്റാെന്ന് രാജ്യത്തെ പ്രതിപക്ഷ ഐക്യമായ ‘ഇന്ത്യ’ മുന്നണിയുടെ സമ്മർദം. സിലിണ്ടറുകളുടെ വില 200 രൂപ കുറയ്ക്കാനാണ് തീരുമാനം. പ്രധാനമന്ത്രി ഉജ്വൽ യോജന പദ്ധതിയിൽ ഉൾപ്പെട്ടവർക്ക് നിലവിൽ ലഭിക്കുന്ന 200 രൂപ ഇളവിനു പുറമേ പുതിയ സൗജന്യവും ലഭിക്കും. ഇതോടെ ബിപിഎൽ കുടുംബങ്ങൾക്ക് 703 രൂപയ്ക്ക് സിലിണ്ടർ ലഭിക്കും. കഴിഞ്ഞ മാസം സിലിണ്ടറിന് 50 രൂപ വീതം വില ഉയര്‍ത്തിയിരുന്നു. മേയ് മാസത്തില്‍ രണ്ടു തവണയും വില ഉയര്‍ത്തി. മൂന്ന് ഘട്ടങ്ങളിലായി ഉയര്‍ത്തിയ വിലയാണ് ഇപ്പോള്‍ കുറച്ചിരിക്കുന്നത്. തെരഞ്ഞെടുപ്പല്ല പ്രശ്നമെന്ന് ബിജെപി നേതൃത്വം ആണയിടുന്നുണ്ടെങ്കിലും സ്വന്തം കാലിലെ മണ്ണൊലിച്ചു തുടങ്ങിയത് മോഡി സംഘത്തെ ഭയപ്പെടുത്തുന്നുണ്ടെന്നതാണ് സത്യം.

അധികാരത്തിലെത്തിയാൽ മധ്യപ്രദേശിൽ പാചകവാതക വില 500 രൂപയാക്കി കുറയ്ക്കുമെന്ന് കോൺഗ്രസ് പ്രഖ്യാപിച്ചിട്ടുണ്ട്. രാജസ്ഥാനിൽ നേരത്തെ സിലിണ്ടറിന് 500 രൂപയാക്കി കുറച്ചിരുന്നു. അതിനെയൊക്കെ ‘റെവഡി’ സംസ്കാരമെന്ന് പരിഹസിക്കുകയായിരുന്നു മോഡി ഇതുവരെ. രാജ്യത്ത് പച്ചക്കറി, പയർവർഗങ്ങൾ ഉൾപ്പെടെ ഭക്ഷ്യവസ്തുക്കളുടെ വില വളരെ ഉയരത്തിലാണ്. ദേശീയ സമ്പത്തിന്റെ വളര്‍ച്ചയാകട്ടെ കുത്തനെ താഴോട്ടും. 2004നും 14നും ഇടയിൽ ദേശീയ സമ്പത്തിന്റെ വളർച്ച 183 ശതമാനമായിരുന്നു. എന്നാൽ, 2014നും 23നും ഇടയിൽ ജിഡിപി വളർച്ച 83 ശതമാനം മാത്രമാണ്. ജനങ്ങളിൽ ഭൂരിപക്ഷത്തിന്റെയും ജീവിതം കടുത്ത ദുരിതത്തിലാണ്. രാജ്യത്തെ ഏറ്റവും മുകള്‍ത്തട്ടിലുള്ള ഒരു ശതമാനത്തിന്റെ കൈവശം ആണ് ദേശീയസമ്പത്തിന്റെ 33 ശതമാനം ഉള്ളത്. ഗ്രാമങ്ങളിൽ പകുതിപ്പേർക്ക് സ്വന്തമായി കൃഷിഭൂമിയില്ല. നഗരങ്ങളിൽ വലിയൊരു വിഭാഗത്തിന് വീടില്ല. ചേരികളിൽ ജീവിക്കുന്നത് അനേക ലക്ഷങ്ങളാണ്. ഈ വിഷയങ്ങളോടൊപ്പം വിലക്കയറ്റവും പാചകവാതകവിലയും ഇന്ധനവില വർധനവും ലോക്‌സഭാ തെരഞ്ഞെടുപ്പിൽ വലിയ ചർച്ചയായി പ്രതിപക്ഷം മാറ്റിയേക്കാമെന്നത് മുന്നിൽ കണ്ടുള്ള നീക്കമാണ് വിലകുറച്ചുകൊണ്ടുള്ള നാടകം. പ്രതിപക്ഷത്തിന്റെ വിശാല സഖ്യം-‘ഇന്ത്യ’ നിലനില്‍ക്കില്ലെന്നും തല്ലിപ്പിരിയുമെന്നുമായിരുന്നു ബിജെപി നേതൃത്വത്തിന്റെ പ്രതീക്ഷയും പ്രചരണവും. അത് അസ്ഥാനത്തായി മാറുകയും സഖ്യത്തിന്റെ മൂന്നാം യോഗത്തിലേക്ക് കൂടുതല്‍ പാര്‍ട്ടികള്‍ എത്തുകയും ചെയ്യുന്നത് ബിജെപിയെ ആശങ്കപ്പെടുത്തുന്നുണ്ട്. ഇന്നും നാളെയും മുംബൈയിൽ ചേരുന്ന ‘ഇന്ത്യ’ സഖ്യത്തിന്റെ സുപ്രധാന യോഗം ഇന്ത്യ‑ചൈന അതിർത്തി പ്രശ്നം വലിയ ക്യാമ്പയിനായി ഉയർത്തിക്കൊണ്ടുവരുന്നതിനുള്ള പദ്ധതികൾക്കു നൽകിയേക്കുമെന്നാന്ന് സൂചന.


ഇതുകൂടി വായിക്കൂ: തെരഞ്ഞെടുപ്പധിഷ്ഠിത പദ്ധതികള്‍


ഇന്ത്യൻ പ്രദേശങ്ങൾ ഉൾപ്പെടുത്തി ചൈന പുതിയ ഭൂപടം പ്രസിദ്ധീകരിച്ചത് രാജ്യത്ത് വലിയ ആശങ്കയായിട്ടുണ്ട്. ലഡാക്കിൽ ഒരിഞ്ച് ഭൂമി പോലും നഷ്ടപ്പെട്ടിട്ടില്ലെന്നു പ്രധാനമന്ത്രി പറഞ്ഞത് നുണയാണെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുൽ ഗാന്ധി നേരത്തെതന്നെ ആരാേപിച്ചിരുന്നു. രാജ്യത്തിന്റെ അതിർത്തി സുരക്ഷിതമാക്കാൻ കഴിയാത്ത ബിജെപി സർക്കാരിന്റെ പിടിപ്പുകേടുകൾ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ പ്രധാന വിഷയമായി ഉയർത്താനുള്ള നിർദേശം യോഗത്തിൽ ഉയര്‍ന്നേക്കും. നേരത്തേ, പട്നയിലും ബംഗളൂരുവിലും നടന്ന യോഗങ്ങളുടെ പരമ്പരയിലെ മൂന്നാമത്തേതാണ് മുംബൈ കോൺക്ലേവ്. രാജ്യത്തെ ഫാസിസ്റ്റ് ഭരണകൂടത്തിനെതിരെ ശക്തമായ പ്രചരണപ്രവര്‍ത്തനങ്ങള്‍ക്കായിരിക്കും സഖ്യം രൂപം നല്‍കുക. അതിനെ പ്രതിരോധിക്കാനും ജനവികാരം കഴിയുന്നത്ര തണുപ്പിക്കാനുമാണ് പാചകവാതകവിലയില്‍ കുറവുവരുത്തിയതെന്ന് വേണം വിലയിരുത്താന്‍.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.