22 December 2024, Sunday
KSFE Galaxy Chits Banner 2

ഉദയനിധി സ്റ്റാലിനും സനാതനധർമ്മ നിര്‍മ്മാര്‍ജന സിദ്ധാന്തവും

സ്വാമി വിശ്വഭദ്രാനന്ദ ശക്തിബോധി
September 5, 2023 4:30 am

”സനാതനധർമ്മം സാമൂഹിക നീതിക്ക് എതിരാണെന്നും ഡെങ്കിപ്പനി, മലമ്പനി തുടങ്ങിയ രോഗങ്ങളെപ്പോലെ നിര്‍മ്മാര്‍ജനം ചെയ്യണം” എന്നുമാണ് തമിഴ്‌നാട് മന്ത്രിയും ദ്രാവിഡ മുന്നേറ്റകഴകം യുവ നേതാവുമായ ഉദയനിധി സ്റ്റാലിൻ പറഞ്ഞത്. ഉദയനിധിയുടെ പരാമർശം എന്തിലും ഏതിലും മതം കലർത്തി വർഗീയ വികാരം ആളിക്കത്തിച്ച് രാഷ്ട്രീയ മുതലെടുപ്പു നടത്തുക എന്നതൊഴികെ മറ്റൊരു നയവും കൈമുതലായിട്ടില്ലാത്ത ബിജെപിയും സംഘ്പരിവാറും വിവാദമാക്കിക്കഴിഞ്ഞു. ‘സനാതന ധർമ്മം പിൻപറ്റുന്ന രാജ്യത്തിലെ 80 ശതമാനം ഹിന്ദുക്കളെ ഉന്മൂലനം ചെയ്യാനുളള ആഹ്വാനം’ എന്നാണ് ബിജെപി പ്രചരിപ്പിക്കുന്നത്. ബിജെപിയുടെ വാദം ചരിത്രപരമായും സമകാലികമായും വസ്തുതാ വിരുദ്ധമാണ്. കാരണം, ഹിന്ദുക്കൾ എന്ന് ഇന്നു വിളിക്കപ്പെടുന്ന എല്ലാ ജനവിഭാഗങ്ങളും ഋഗ്വേദാദി വേദങ്ങളെ പരമ പ്രമാണമായി അംഗീകരിക്കുന്ന സനാതനധർമ്മികൾ അല്ല.
ഇന്ത്യന്‍ ഭരണഘടനയിലെ ഹിന്ദു കോഡ് ബിൽ അനുസരിച്ച് ബൗദ്ധരും ജൈനരും സിഖുകാരും ബ്രാഹ്മണരും ക്ഷത്രിയരും വൈശ്യരും ശൂദ്രരും ചണ്ഡാളാദി അവർണരും ഒക്കെ ‘ഹിന്ദുക്കൾ’ ആണ്. പക്ഷേ ഇവരിൽ ബൗദ്ധരും ജൈനരും ഋഗ്വേദാദി വേദങ്ങളെ പരമ പ്രമാണമായി കാണുന്നവരല്ല. ശൂദ്രരും ചണ്ഡാളരും ഉൾപ്പെടെയുളള ബഹുഭൂരിപക്ഷം വരുന്ന അടിസ്ഥാന ജനവിഭാഗങ്ങൾക്കും സവർണാവർണ വിഭാഗങ്ങളിലെ സ്ത്രീകൾക്കും ഉപനയനമോ വേദ പഠനാധികാരമോ പരമ്പരാഗത സനാതന ധർമ്മികൾ അനുവദിക്കുന്നുമില്ല. മാത്രമല്ല, ഋഗ്വേദത്തിൽ ആഹൂതി അർഹിക്കുന്ന ദേവഗണങ്ങളായ ഇന്ദ്രൻ, മിത്രൻ, വരുണൻ, സോമൻ, സൂര്യൻ, മാതരിശ്വാവ്, ത്വഷ്ടാവ്, അദിതി, തുടങ്ങിയ ഒരു ദേവതയെയും ആരാധിക്കാത്തവരാണ് ഇപ്പോൾ ഹിന്ദുക്കൾ എന്നു വിളിക്കപ്പെട്ടു വരുന്നതില്‍ ഭൂരിഭാഗവും. വിനായക, വേലവ, രാമ, കൃഷ്ണ, സീത, രാധ, മാരിയമ്മ, പാർവതി, പരമേശ്വരി, ദുർഗ, ശിവലിംഗ, അയ്യപ്പ, ഹനുമൽ ഭക്തരായ ഭൂരിഭാഗം ഹിന്ദുക്കളും വേദേതര ദേവീ ദേവന്മാരുടെ ആരാധകരാണെന്നു ചുരുക്കം. ഇങ്ങനെ ഏതു പ്രകാരത്തിൽ നോക്കിയാലും മനു മുതൽ ആര്യ സമാജ സ്ഥാപകനായ സ്വാമി ദയാനന്ദ സരസ്വതിവരെയുള്ളവർ വേദാധിഷ്ഠിതമെന്നു കല്പിച്ച സനാതന ധർമ്മം പിൻപറ്റുന്നവരല്ല അബ്രാഹ്മണരും അവർണരും സ്ത്രീകളും ഉൾപ്പെട്ട ബഹുഭൂരിപക്ഷം ഹിന്ദുക്കളും എന്ന് ബോധ്യമാവും.


ഇതുകൂടി വായിക്കൂ: മഹാദേവിക്കാട് കാട്ടിൽ തെക്കേതിൽ ജലരാജന്‍


ഇനി, സംഘ്പരിവാര്‍ സനാതന ധർമ്മത്തിന്റെ പുനഃപ്രതിഷ്ഠാപകനായി കൊണ്ടാടുന്ന ജഗദ്ഗുരുവാണ് ശങ്കരാചാര്യർ. ഇദ്ദേഹമാണ് ആരണ്യം, ആശ്രമം, ഭാരതി, ഗിരി, പർവതം, പുരി, സരസ്വതി, സാഗരം, തീർത്ഥം, വനം എന്നീ വിശേഷണങ്ങളോടു കൂടിയ ദശനാമി സന്യാസ സമ്പ്രദായം സ്ഥാപിച്ചത്. എന്നാല്‍ ശങ്കരാചാര്യര്‍ ദശനാമി സന്ന്യാസ മുറയിൽ ദീക്ഷ നൽകിയവരിൽ ഒരു സ്ത്രീയോ അബ്രാഹ്മണനോ ഉണ്ടായിരുന്നില്ല. ഇതിൽ നിന്നു തെളിയുന്നത് സംഘ്പരിവാര്‍ ശ്രീശങ്കരാചാര്യരെ മുന്‍നിര്‍ത്തി കൊണ്ടാടുന്ന സനാതനധർമ്മത്തിൽ സ്ത്രീകൾക്കും അബ്രാഹ്മണർക്കും പരമപുരുഷാർത്ഥമായ മോക്ഷത്തിനു വേണ്ടുന്ന സന്യാസാശ്രമ പ്രവേശന യോഗ്യത പോലും കല്പിച്ചിട്ടില്ല എന്നാണ്. ഈ ചരിത്ര വസ്തുത കണ്ടറിഞ്ഞിട്ടാണ് ശ്രീനാരായണ ഗുരു ‘നമുക്കു സന്ന്യാസം തന്നത് ബ്രിട്ടീഷുകാരാണ് ‘എന്നു പറഞ്ഞത്. ശങ്കരമഠങ്ങളിൽ നിന്നല്ല തന്റെ സന്യാസ ദീക്ഷ എന്നാണ് നാരായണ ഗുരു വാക്യത്തിനർത്ഥം.
ബ്രിട്ടീഷുകാരുടെ പാർലമെന്ററി ജനാധിപത്യ ഭരണ വ്യവസ്ഥയുമായി ബന്ധപ്പെട്ട നിയമങ്ങളും, രാജാറാം മോഹൻറായി മുതൽ അയ്യങ്കാളി വരെയുളള നവോത്ഥാന നായകരുടെ സാമൂഹിക പരിഷ്കരണ നടപടികളും ഒക്കെ സംഭവിച്ചതിനു ശേഷമാണ് ഭാരതത്തിൽ അബ്രാഹ്മണരല്ലാത്തവരും സ്ത്രീകളും അങ്ങിങ്ങ് ഗിരി, പുരി, തീർത്ഥ, സരസ്വതി എന്നീ ദീക്ഷാനാമങ്ങളോടു കൂടി സന്യാസജീവിതത്തിലേക്ക് കടന്നു കൂടുന്ന സാഹചര്യം പോലും ഉണ്ടായത്. കേരളത്തിൽ ഈഴവരും അവരിൽ താഴ്ന്ന ജാതിവിഭാഗത്തിലുളളവരും പത്മനാഭ സ്വാമി ക്ഷേത്രത്തിലും ഗുരുവായൂരമ്പലത്തിലും വൈക്കം ക്ഷേത്രത്തിലും ഒക്കെ കടന്നുതൊഴുന്നതിന് അധികാരാവകാശങ്ങളുളള ‘ഹിന്ദുക്കൾ’ ആയിട്ട് നൂറുവർഷം പോലും ആയിട്ടില്ല. അതായത് ഇന്ത്യയിലെ അബ്രാഹ്മണരും സ്ത്രീകളും ഉള്‍പ്പെടുന്ന ബഹുഭൂരിപക്ഷം ജനങ്ങളും എറ്റവും കുറഞ്ഞത് ശങ്കരന്റെ കാലം മുതൽ 1947 വരെ സനാതന ധർമ്മത്തിൽ നിന്നു പുറത്തു നിർത്തപ്പെട്ട അശ്രീകര ജന്മങ്ങളും പാപയോനിജരും ആയിരുന്നുവെന്നര്‍ത്ഥം. അതിനാൽ ബഹുഭൂരിപക്ഷത്തെയും അധികാരാവകാശങ്ങളുടെ രാജവീഥിയിൽ നിന്ന് അയിത്തം പറഞ്ഞ് അകറ്റിനിർത്തിയ സനാതനധർമ്മത്തിന്റെ സാമൂഹിക ക്രമം മാരകരോഗങ്ങളെപ്പോലെ നിര്‍മ്മാര്‍ജനം ചെയ്യപ്പെടണം എന്ന ഉദയനിധി സ്റ്റാലിന്റെ പ്രസ്താവന ബ്രാഹ്മണ വരേണ്യർക്കും അവരുടെ മൂടുതാങ്ങികൾക്കുമല്ലാതെ മറ്റൊരു ഹിന്ദുവിനും അലോസരമുളവാക്കുന്നതല്ല. ബിജെപിക്ക് ഉദയനിധിയുടെ വാക്കുകൾ അലോസരമുണ്ടാക്കിയതിനു കാരണം അവര്‍ പ്രതിനിധാനം ചെയ്യുന്നത് ബ്രാഹ്മണ മേൽക്കോയ്മാപരമായ വർണവ്യവസ്ഥയുടെ സനാതന ധർമ്മമാണ് എന്നതിനാലാണ്.


ഇതുകൂടി വായിക്കൂ: നഷ്ടത്തിലോടുന്ന ദൈവാലയങ്ങൾ


ഋഗ്വേദത്തിലെ പുരുഷ സൂക്തത്തിൽ ആഖ്യാനം ചെയ്യപ്പെടുന്ന ചാതുർവർണ്യാധിഷ്ഠിതമായ സാമൂഹിക രാഷ്ട്രീയ വ്യവസ്ഥയും അതിന്റെ രോഗമൂർച്ഛാഭാവമാർന്ന അയിത്താധിഷ്ഠിത ജാതി വ്യവസ്ഥയും നിര്‍മ്മാര്‍ജനം ചെയ്യപ്പെടേണ്ട മാരക വിപത്തുകളാണെന്നു ശ്രീനാരായണഗുരുവും ചട്ടമ്പി സ്വാമികളും ബ്രഹ്മാനന്ദ ശിവയോഗിയും വാഗ്ഭടാനന്ദ ഗുരുദേവനും സ്വാമി ആനന്ദ തീർത്ഥനും അയ്യാ വൈകുണ്ഠസ്വാമികളും മഹാത്മാ ഫൂലേയും ഒക്കെ പറഞ്ഞിട്ടുണ്ട്. ആധുനിക രാഷ്ട്രീയ ഇന്ത്യയിൽ ഡോ. അംബേദ്കർ ജാതിനിർമൂലനം, ഹിന്ദുമതത്തിന്റെ തത്വശാസ്ത്രം (സമ്പൂർണ കൃതികൾ; വോള്യം 6) തുടങ്ങിയ കൃതികളിലും, തന്തൈപെരിയോർ ‘ഞാൻ എന്തുകൊണ്ട് ഹിന്ദുവല്ല’ എന്ന കൃതിയിലും, രാം മനോഹർ ലോഹ്യ ‘ജാതിവ്യവസ്ഥ’ എന്ന ഗ്രന്ഥത്തിലും വർണ ജാതി അസമത്വങ്ങളിലൂടെ മാനവികതയുടെ ഒരുമയും പെരുമയും തകർത്ത സനാതനധർമ്മം ജനാധിപത്യ ഭാരതത്തിൽ ഇല്ലാതാകണം എന്നു തന്നെ പറഞ്ഞിട്ടുണ്ട്.
അയിത്തത്തിന്റെ സാമൂഹിക വ്യവസ്ഥയും അദ്വൈതത്തിന്റെ വാചകമേളകളും ആണ് ഭാരതീയ ജീവിതത്തെ തകർത്തതെന്നു തിരിച്ചറിഞ്ഞവരാണ് നാടിനെ ജനാധിപത്യ രാഷ്ട്രീയത്തിലേക്കും നീതിന്യായ വ്യവസ്ഥയിലേക്കും എത്തിച്ചത്. ഇവരോട് ഉള്ളിണക്കമുളള ഉദയനിധി സ്റ്റാലിന്റെ വാക്കുകളോട് ഉടക്കുന്നവർ മഹാത്മാ ഫൂലേയോടും തന്തൈപെരിയോറിനോടും ഡോ. അംബേദ്കറോടും രാം മനോഹർ ലോഹ്യയോടും ഒക്കെയാണ് ഉടക്കുന്നത്. ഇവരോടെല്ലാം ഉടക്കി ജയിച്ച് സനാതന ധർമ്മത്തിന്റെ ഹിന്ദുരാഷ്ട്രം സ്ഥാപിക്കാം എന്നത് ആർഎസ്എസിന്റെ വ്യാമോഹം മാത്രമാണ്. അഡാനിയും മോഡിയും ചേർന്നാൽ അയോധ്യയിൽ അമ്പലം പണിയാനാകുമെങ്കിലും അംബേദ്കറുടെ ജനാധിപത്യ ഭാരത ഭരണഘടനയെയോ പെരിയോരുടെ ദ്രാവിഡബോധ വീര്യത്തേയോ തകർക്കാനും ജയിക്കാനും ആവില്ല.
ബഹുഭൂരിപക്ഷം മനുഷ്യർക്കും വേദം പഠിക്കാനും പഠിപ്പിക്കാനും അധികാരവും അവകാശവും അവസരവും ഇല്ലാതിരുന്ന, ഇഷ്ടമുളളതു പഠിക്കാനും ഇഷ്ടമുളളതൊഴിൽ ചെയ്യാനും സാധ്യമല്ലാതിരുന്ന, അമ്പലത്തിൽ കയറാനും പൊതുവഴിയേ നടക്കാനും കഴിയാതിരുന്ന വർണ വ്യവസ്ഥയ്ക്ക് കാരണമായ സനാതന ധർമ്മത്തിനെതിരായ ഉദയനിധി സ്റ്റാലിന്റെ വാക്കുകൾ അംബേദ്കറുടെ വാക്കുകളെപ്പോലെ തന്നെ ആധുനികഭാരതത്തിൽ പ്രസക്തമാണ്.

TOP NEWS

December 22, 2024
December 22, 2024
December 22, 2024
December 22, 2024
December 22, 2024
December 22, 2024

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.