19 December 2024, Thursday
KSFE Galaxy Chits Banner 2

Related news

December 15, 2024
December 13, 2024
December 11, 2024
December 11, 2024
December 10, 2024
December 10, 2024
December 9, 2024
November 26, 2024
November 24, 2024
November 17, 2024

കേന്ദ്രത്തിന് സർവ്വാധികാരം നൽകാനുള്ള അജണ്ട: പിണറായി

‘ഒരു രാജ്യം, ഒരു തെരഞ്ഞെടുപ്പ്’: ഫെഡറൽ സംവിധാനത്തിന് തുരങ്കം വയ്ക്കുന്നതിനെതിരെ ജനാധിപത്യ സമൂഹം മുന്നോട്ടുവരണമെന്നും മുഖ്യമന്ത്രി
Janayugom Webdesk
തിരുവനന്തപുരം
September 5, 2023 12:53 pm

‘ഒരു രാജ്യം, ഒരു തെരഞ്ഞെടുപ്പ്’ മുദ്രാവാക്യം കേന്ദ്രത്തിന് സർവ്വാധികാരം നൽകാനുള്ള അജണ്ടയാണെന്നും ജനാധിപത്യ സമൂഹം ഇതിനെതിരെ മുന്നോട്ടുവരണമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.

ഇന്ത്യയെന്ന ആശയവും പാർലമെന്ററി ജനാധിപത്യ വ്യവസ്ഥയും ഭരണഘടനാ മൂല്യങ്ങളും കനത്ത ഭീഷണി നേരിടുകയാണ്. ആ ഭീഷണിയെ കൂടുതൽ രൂക്ഷമാക്കുന്നതാണ് ഇപ്പോൾ സംഘപരിവാർ ഉയർത്തുന്ന ‘ഒരു രാജ്യം, ഒരു തെരഞ്ഞെടുപ്പ്’ എന്ന മുദ്രാവാക്യം. ഫെഡറൽ സംവിധാനത്തിന് തുരങ്കം വെച്ച് കേന്ദ്രത്തിന് സർവ്വാധികാരം നൽകാനുള്ള ഒളിപ്പിച്ചുവെച്ച അജണ്ടയാണ് സംഘപരിവാറിന്റേത്.

തങ്ങൾക്ക് ഹിതകരമല്ലാത്ത സംസ്‌ഥാന സർക്കാരുകളെ അസ്‌ഥിരപ്പെടുത്തി കുറുക്കുവഴിയിലൂടെ സംസ്‌ഥാന ഭരണം കയ്യാളാനുള്ള നീക്കമാണിത്. ഇന്ത്യൻ പാർലമെന്ററി സംവിധാനത്തിന്റെ നെടുംതൂണുകളിൽ ഒന്നായ രാജ്യസഭയുടെ പ്രസക്തിയെ തന്നെ സംഘപരിവാർ ഇതിലൂടെ ചോദ്യം ചെയ്യുകയാണ്. വ്യത്യസ്ത ഘട്ടങ്ങളിൽ നടക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പുകളിലെ കക്ഷി നിലകളാണ് രാജ്യസഭയിലെ പ്രാതിനിധ്യത്തെ നിരന്തരം പുതുക്കുന്നത്. ലോകസഭ, നിയമസഭാ തെരഞ്ഞെടുപ്പുകൾ ഒരേ സമയം നടക്കുന്നതുവഴി രാജ്യസഭയുടെ രാഷ്ട്രീയ വൈവിധ്യസ്വഭാവം ഇല്ലാതായി മാറുകയാണ് ചെയ്യുക ‑മുഖ്യമന്ത്രി പറഞ്ഞു.

ഈ വർഷം നടക്കാനിരിക്കുന്ന അഞ്ച്‌ സംസ്ഥാന നിയമസഭാ തെരഞ്ഞെടുപ്പുകളിലെ പരാജയഭീതിയിൽ നിന്നാണ് സംഘപരിവാർ തിടുക്കത്തിൽ ഇത്തരമൊരു നീക്കത്തിലേക്കെത്തിയതെന്ന് വ്യക്തമാണ്. ഈ സംസ്‌ഥാനങ്ങളിൽ തിരിച്ചടിയുണ്ടായാൽ അത് വരാനിരിക്കുന്ന ലോകസഭാ തെരഞ്ഞെടുപ്പിന്റെ ഫലത്തെ ബാധിക്കുമെന്നും എൻഡിഎക്ക് പിടിച്ചു നിൽക്കാനാവില്ലെന്നുമുള്ള രാഷ്ട്രീയ യാഥാർത്ഥ്യമാണ് സംഘപരിവാറിനെ പരിഭ്രാന്തരാക്കിയത്. എന്നാൽ സംഘപരിവാർ ആഗ്രഹിക്കുന്നതുപോലെ രാജ്യത്തെ തെരഞ്ഞെടുപ്പ് വ്യവസ്ഥ പൊളിച്ചെഴുതാൻ ഇന്ത്യൻ ഭരണഘടനയും പാർലമെന്ററി ജനാധിപത്യ ക്രമവും അനുവദിച്ചു കൊടുക്കില്ല എന്നത് നിസ്തർക്കമായ കാര്യമാണ്.

ജനാധിപത്യ രാഷ്ട്രമെന്ന നിലയിലുള്ള ഇന്ത്യയുടെ നിലനിൽപ്പിനെ തന്നെ ചോദ്യം ചെയ്യുന്ന സംഘപരിവാർ ശ്രമങ്ങൾ എല്ലാ അർത്ഥത്തിലും എതിർക്കപ്പെടേണ്ടതുണ്ട്. ഭരണഘടനാമൂല്യങ്ങളെ കാറ്റിൽ പറത്തി പാർലമെന്ററി ജനാധിപത്യ വ്യവസ്ഥയിലെ വൈവിധ്യ സ്വഭാവത്തെ ഇല്ലാതാക്കാൻ ഉന്നം വെച്ചുള്ള ഇത്തരം നടപടികൾക്കെതിരെ രാജ്യത്തെ ജനാധിപത്യ സമൂഹം മുന്നോട്ടുവരേണ്ടതുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.

Eng­lish Sum­ma­ry: Pinarayi Vijayan Against one nation one election
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.