15 November 2024, Friday
KSFE Galaxy Chits Banner 2

Related news

November 15, 2024
November 14, 2024
November 14, 2024
November 13, 2024
November 12, 2024
November 12, 2024
November 12, 2024
November 12, 2024
November 12, 2024
November 12, 2024

സംസ്ഥാനത്ത് ഇന്ധന ക്ഷാമം രൂക്ഷം

ബേബി ആലുവ
കൊച്ചി
September 13, 2023 10:03 pm

ഹിന്ദുസ്ഥാൻ പെട്രോളിയം (എച്ച്പി) കോർപ്പറേഷനിൽ നിന്നുള്ള ഇന്ധന വിതരണം പ്രതിസന്ധിയിലായതോടെ സംസ്ഥാനത്ത് ഇന്ധന ക്ഷാമം രൂക്ഷമായി. ഏതാണ്ട് ഒന്നര വർഷത്തിലേറെയായി ഇതാണ് സ്ഥിതിയെന്ന് ഔട്ട്‌ലെറ്റ് ഉടമകൾ പറയുന്നു.
കൊച്ചിയിലെ ബിപിസിഎൽ ടെർമിനലിൽ നിന്ന് എച്ച്പിക്ക് ആവശ്യത്തിന് ഇന്ധനം കിട്ടാതെ വരുന്നതാണ് ക്ഷാമത്തിന് മുഖ്യ കാരണമെന്നാണ് ഹിന്ദുസ്ഥാൻ പെട്രോളിയം കോർപ്പറേഷന്റെ പരാതി. ബിപിസിഎൽ സംസ്ഥാനത്ത് എച്ച്പിക്ക് നൽകുന്ന ഉല്പന്നങ്ങൾക്ക് പകരമായി മറ്റ് സംസ്ഥാനങ്ങളിൽ എച്ച്പി അതേ അളവിൽ അവ തിരിച്ചു നൽകണമെന്നാണ് ഇരു കമ്പനിയും തമ്മിലുണ്ടാക്കിയിട്ടുള്ള കരാർ. എന്നാൽ, രണ്ട് വർഷത്തോളമായി ഈ കരാർ ഹിന്ദുസ്ഥാൻ പെട്രോളിയം കോർപ്പറേഷൻ പാലിക്കുന്നില്ലെന്നും മറ്റ് പെട്രോളിയം കമ്പനികളിൽ നിന്ന് അവരുടെ ഉല്പന്നങ്ങൾ വാങ്ങി തങ്ങൾക്ക് നൽകിയിരുന്ന പതിവ് നിർത്തലാക്കിയെന്നും ബിപിസിഎൽ ആരോപിക്കുന്നു. 

അപ്പോൾ കേരളത്തിൽ എച്ച്പിക്ക് നൽകി വന്ന ഇന്ധന വിതരണം ബിപിസിഎല്ലും നിർത്തി. രണ്ട് പൊതുമേഖലാ എണ്ണക്കമ്പനികളുടെ ഈ നടപടിയില്‍ നട്ടംതിരിയുന്നത് ഉപഭോക്താക്കളും പമ്പ് ഉടമകളും. സംസ്ഥാനത്ത് ഹിന്ദുസ്ഥാൻ പെട്രോളിയം കോർപ്പറേഷന്റേതായി 750 ഓളം ഔട്ട്‌ലെറ്റുകളുണ്ട്. നേരത്തേ വിതരണക്കാർക്ക് ക്രെഡിറ്റ് ലിമിറ്റ് സംവിധാനമുണ്ടായിരുന്നു. ഇന്ധനം മുൻകൂറായി നൽകുകയും നിശ്ചിത ദിവസത്തിനകം വിതരണക്കാർ പണം അടയ്ക്കുകയും ചെയ്യുന്നതായിരുന്നു രീതി. ഇത് പിന്നീട് നിർത്തലാക്കുകയും പണം മുൻകൂറായി അടച്ചാൽ മാത്രമേ ഇന്ധനം നൽകൂ എന്ന അവസ്ഥയിലേക്ക് എത്തുകയും ചെയ്തു. ഇപ്പോൾ, മുൻകൂർ പണമടച്ച് കാത്തിരുന്നാലും ഇന്ധനം കിട്ടാത്ത സ്ഥിതിയാണെന്ന് വ്യാപാരികൾ പറയുന്നു. ഓണക്കാലത്താണ് ഇന്ധനമില്ലായ്മ ഏറ്റവും വലിയ പ്രശ്നമായി അനുഭവപ്പെട്ടത്. 

ബിപിസിഎൽ ടെർമിനലിൽ നിന്നുള്ള വിതരണം നിലച്ചതോടെ ഇന്ധന ക്ഷാമം നേരിടാൻ മംഗലാപുരത്തെ ടെർമിനലിൽ കൂടുതൽ ടാങ്കറുകളെത്തിച്ച് ഔട്ട്‌ലെറ്റുകളിൽ വിതരണം ചെയ്യാമെന്ന് എച്ച്പി അധികൃതർ ഉറപ്പ് നൽകിയിരുന്നെങ്കിലും പാലിച്ചില്ലെന്ന് പമ്പ് ഉടമകളുടെ സംഘടന കുറ്റപ്പെടുത്തുന്നു. ടാങ്കർ ലോറി വാടകയിനത്തിലുണ്ടാകുന്ന ചെലവ് നോക്കുമ്പോൾ ലിറ്ററിന് 10 രൂപ അധികം വരും എന്നതാണ് തടസം. ഇതിനിടെ, ഇന്ധന വിതരണത്തിനായി ദിവസങ്ങളോളം കാത്തു കിടക്കുന്ന ടാങ്കർ ലോറി ഉടമകൾ, ഓട്ടമില്ലാതെ വന്നതോടെ സമരം പ്രഖ്യാപിച്ചത് കൂനിന്മേൽ കുരു എന്ന പരുവത്തിലുമായി. കോഴിക്കോട് എലത്തൂരിലെ എച്ച്പി ഫില്ലിങ് കേന്ദ്രം അറ്റകുറ്റപ്പണികൾക്കായി കഴിഞ്ഞ വർഷം മാസങ്ങളോളം അടച്ചിട്ടത് വലിയ പ്രശ്നം സൃഷ്ടിച്ചിരുന്നു.

Eng­lish Summary:Fuel short­age is acute in the state
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.