5 November 2024, Tuesday
KSFE Galaxy Chits Banner 2

ഹിന്ദുയിസത്തെ വെല്ലുവിളിച്ച് ഹിന്ദുത്വ

സഫി മോഹന്‍ എം ആര്‍
September 14, 2023 4:57 am

സിന്ധുനദീതട സംസ്കാരത്തിന്റെ ഭാഗമായി ഇന്ത്യൻ ചരിത്രത്തിന്റെ അവിഭാജ്യഘടകമായ ഒരു ആശയമാണ് ഹിന്ദുയിസം. ലോകത്തിലെ തന്നെ പുരാതന ജീവിതസംസ്കാരമായ ഹിന്ദുയിസം അതിന്റെ യഥാർത്ഥ അർത്ഥത്തിൽ ഒരു പ്രത്യേക മതാധിഷ്ഠിത സങ്കല്പമല്ല എന്ന് ചരിത്രം വിശദീകരിക്കുന്നു. അതുകൊണ്ടുതന്നെ ക്രിസ്ത്യന്‍, ഇസ്ലാം മതവിശ്വാസങ്ങളിൽ നിന്നും തികച്ചും വ്യത്യസ്തമായ തത്വസംഹിതയായി ഹിന്ദുയിസം ലോകത്തിന് മുന്നിൽ തലയുയർത്തി നിൽക്കുന്നു. പ്രധാനമായും ഒരു മതത്തിനുവേണ്ടത് കർശനമായ നിയമാവലിയും അതിനുള്ളിൽ നിന്ന് പ്രവർത്തിക്കുന്ന ഒരു വിശ്വാസ സമൂഹവുമാണ്. സ്ഥായിയായ ദൈവ സങ്കല്പം, ആരാധനാരീതികൾ, അതിനെ നിയന്ത്രിക്കുന്ന മതസ്ഥാപനങ്ങൾ, ദേവാലയങ്ങൾ, ദൈനംദിന ആചാരക്രമങ്ങൾ, ഇവയെല്ലാം മതത്തിന്റെ അടിസ്ഥാന പ്രമാണങ്ങളാണ്. ഇക്കാര്യങ്ങൾ പിന്തുടരേണ്ടത് ഒരു മതവിശ്വാസിയുടെ ധാർമ്മിക കടമയും. ഇത്തരം മതാധിഷ്ഠിതമായ സങ്കല്പത്തിൽ നിന്നും വേറിട്ട് നിൽക്കുന്ന ഒരു തത്വസംഹിതയാണ് ഹിന്ദുയിസം. ഒരു മതത്തിനുപരി മഹത്തായ ജീവിത സംസ്കാരമായി മാത്രമേ ഹിന്ദുയിസത്തെ കാണാൻ കഴിയുകയുള്ളു. ഇക്കാര്യം വ്യക്തമാക്കുന്ന പല തെളിവുകളും ചരിത്രത്തിൽ കാണാന്‍ കഴിയും. അതിൽ പ്രധാനം സ്വാമി വിവേകാനന്ദൻ 1892 സെപ്റ്റംബർ 11ന് അമേരിക്കയിലെ ചിക്കാഗോയിൽ നടന്ന സർവമത സമ്മേളനത്തിൽ ഹിന്ദുയിസത്തെക്കുറിച്ച് നടത്തിയ പരാമർശങ്ങളാണ്. വിശ്വാസിയെയും അവിശ്വാസിയെയും ഒരുപോലെ ഉൾക്കൊള്ളുന്ന ഒരു സംസ്കാരമാണ് ഹിന്ദുയിസം. സഹിഷ്ണുതയും സാർവത്രിക സ്വീകാര്യതയും കൈമുതലായുള്ള ഒരു ജനവിഭാഗം, നിയന്ത്രിക്കുവാൻ മതസ്ഥാപനങ്ങളോ, നിർബന്ധ മതാചാരങ്ങളോ ഇല്ലാത്ത ജനങ്ങളുടെ സംഗമഭൂമി, മറ്റ് മതങ്ങളെയും അവരുടെ ദൈവസങ്കല്പത്തെയും ആദരിക്കുകയും അതിലെ ശരിയെ തിരിച്ചറിയുകയും ചെയ്യുന്ന ജനവിഭാഗം, ലോകത്തിലെ സർവചരാചരങ്ങളിലും ദൈവത്തെ കാണുന്ന പ്രത്യയശാസ്ത്രം… ഇവയായിരുന്നു വിവേകാനന്ദനിലൂടെ ലോകം അറിഞ്ഞ ഹിന്ദുയിസം.


ഇതുകൂടി വായിക്കൂ: സ്ത്രീവിരുദ്ധ ഏകാധിപത്യ ഭരണകൂടങ്ങള്‍


അതുകൊണ്ടുതന്നെ വിവേകാനന്ദനെയും ഭാരതസംസ്കാരത്തെയും ഇരുകൈയ്യും നീട്ടി സ്വീകരിക്കുവാൻ ലോകം തയ്യാറായി. ഈ മഹത്തായ സംസ്കാരം കഴിഞ്ഞ കുറച്ച് വർഷങ്ങളായി വെല്ലുവിളികൾ നേരിടുന്നത് മറ്റ് മതങ്ങളിൽ നിന്നല്ല, മറിച്ച് ഹിന്ദുത്വ എന്ന വിഡ്ഢിത്തം നിറഞ്ഞ പ്രത്യയശാസ്ത്രം ഇന്ത്യൻ സംസ്കാരത്തിന് മുകളിൽ സ്ഥാപിച്ചെടുക്കാൻ ശ്രമിക്കുന്ന രാഷ്ട്രീയകക്ഷികളില്‍ നിന്നാണ്. മറ്റ് മതവിഭാഗങ്ങളെ വെറുക്കാൻ പഠിപ്പിക്കുന്ന, തികച്ചും വെറുപ്പും വിദ്വേഷവും മനുഷ്യമനസിൽ പ്രതിഷ്ഠിക്കുന്ന ഒരു പ്രത്യയശാസ്ത്രമാണ് ഹിന്ദുത്വ. അതിലൂടെ നേട്ടം കൊയ്യാൻ ആഗ്രഹിക്കുന്നവർ രാജ്യത്തിന്റെ യഥാർത്ഥ സംസ്കാരത്തെയും അത് ലോകത്തിന് നൽകിയ സംഭാവനകളെയും കുറിച്ച് അറിവില്ലാത്തവരാകാൻ സാധ്യതയില്ല. ശ്രീരാമകൃഷ്ണ പരമഹംസനും സ്വാമി വിവേകാനന്ദനും മഹാത്മാഗാന്ധിയുമെല്ലാം ഹിന്ദുയിസത്തിന്റെ വക്താക്കളായിരുന്നു. അതുകൊണ്ടുതന്നെയാണ് അവർ യഥാർത്ഥ ഹിന്ദുവായി ജീവിച്ചുകൊണ്ട് അള്ളാഹുവിന്റെയും ക്രിസ്തുദേവന്റെയും മഹത്വത്തെക്കുറിച്ച് ലോകത്തോട് വിളിച്ചുപറഞ്ഞത്. ജനാധിപത്യപരമായ ഹിന്ദുയിസം എന്ന ആശയത്തിന്റെ അടിസ്ഥാനപ്രമാണങ്ങൾക്ക് എതിരായ ഒരു രാഷ്ട്രീയ അജണ്ടയാണ് ഹിന്ദുത്വ. മനുഷ്യനെ പരസ്പരം അകറ്റിനിർത്തി, അവന്റെ മനസിൽ വിദ്വേഷത്തിന്റെ വിത്തുകൾ വിതയ്ക്കുന്ന ഹിന്ദുത്വ രാഷ്ട്രീയം ഇന്ത്യയെ ഏകാധിപത്യത്തിലേക്കും ഫാസിസത്തിലേക്കും കൊണ്ടെത്തിച്ചിരിക്കുന്നു എന്നത് തികച്ചും ദൗർഭാഗ്യകരം തന്നെ. ഇത്തരം ഫാസിസ്റ്റ് ആശയങ്ങൾ സമൂഹത്തിന്റെ എല്ലാത്തട്ടിലേക്കും എത്തിക്കുവാനുള്ള തീവ്രശ്രമത്തിലാണ് ബിജെപി എന്ന രാഷ്ട്രീയ പാർട്ടി. ജനാധിപത്യ മാർഗങ്ങളിലൂടെ ഇത്തരം ഹിന്ദുത്വവാദികളെ ഭരണത്തിൽ നിന്നും പുറത്താക്കി യഥാർത്ഥ മതനിരപേക്ഷ രാഷ്ട്രം കെട്ടിപ്പടുക്കേണ്ടത് രാജ്യത്തിന്റെ നിലനില്പിന്റെ കൂടി ആവശ്യമാണ്. അത്തരം മാറ്റമാണ് കർണാടക തെരഞ്ഞെടുപ്പിൽ കണ്ടത്. ഓപ്പറേഷൻ ലോട്ടസ് പോലുള്ള ജനാധിപത്യവിരുദ്ധ നടപടികൾക്ക് ഏതൊരു സാധ്യതയും കൊടുക്കാത്ത ഭരണസംവിധാനമാണ് ഇന്ത്യയിൽ ഇനിയുണ്ടാകേണ്ടത്. അതിലൂടെ മാത്രമേ രാജ്യത്തിന്റെ യഥാർത്ഥ സംസ്കാരമായ ഹിന്ദുയിസത്തെ സംരക്ഷിക്കാൻ കഴിയുകയുള്ളു.

TOP NEWS

November 5, 2024
November 5, 2024
November 5, 2024
November 5, 2024
November 5, 2024
November 5, 2024

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.