23 November 2024, Saturday
KSFE Galaxy Chits Banner 2

ധീരനായ കമ്മ്യൂണിസ്റ്റ് പോരാളി

കാനം രാജേന്ദ്രന്‍
September 18, 2023 4:37 am

കേരളത്തിലെ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന് ഒരിക്കലും വിസ്മരിക്കാനാവാത്ത നേതാവാണ് വെളിയം ഭാർഗവൻ. അദ്ദേഹത്തിന്റെ പത്താം ചരമവാർഷികദിനമാണ് ഇന്ന്. പൊതുപ്രവർത്തകൻ എങ്ങനെയായിരിക്കണമെന്ന് ജീവിതത്തിലൂടെ കാട്ടിത്തന്ന ത്യാഗധനനായിരുന്നു വെളിയം. കേരളത്തിലെ ഇടതുപക്ഷ ജനാധിപത്യ മുന്നണിക്ക് നേർവഴി കാട്ടാനുള്ള ചാലകശക്തിയായി വെളിയം പ്രവർത്തിച്ചു. ഒരു പരിഷ്കൃത സമൂഹമായി കേരളത്തെ മാറ്റിത്തീര്‍ത്തതിൽ നവോത്ഥാന പ്രസ്ഥാനങ്ങളും പിന്നീട് കമ്മ്യൂണിസ്റ്റ് പ്രസ്ഥാനവും നിർണായക പങ്ക് വഹിച്ചു. ഈ പ്രവണതയെ പിൽക്കാലത്ത് ശക്തിപ്പെടുത്താൻ യത്നിച്ച നേതാക്കളിൽ പ്രമുഖനായിരുന്നു വെളിയം. ആറ് പതിറ്റാണ്ടുകാലത്തെ നിസ്വാർത്ഥവും ത്യാഗഭരിതവുമായ പൊതുജീവിതത്തിലൂടെ കേരളത്തിന്റെ രാഷ്ട്രീയരംഗത്ത് നിറഞ്ഞുനിന്ന നേതാവാണ് വെളിയം ഭാർഗവൻ. എഐഎസ്എഫിലൂടെ പൊതുപ്രവർത്തനരംഗത്ത് വന്ന വെളിയം, കമ്മ്യൂണിസ്റ്റ് പാർട്ടി നിരോധിക്കപ്പെട്ട 1948 കാലത്താണ് പാർട്ടിഅംഗമാകുന്നത്. ഒളിവിൽ പ്രവർത്തിച്ചുകൊണ്ട് പാർട്ടി കെട്ടിപ്പടുക്കാൻ അദ്ദേഹം യത്നിച്ചു. 1954ലെ ട്രാൻസ്പോർട്ട് സമരകാലത്ത് പൊലീസിന്റെ അതിഭീകരമായ മർദനത്തിനിടയിൽ വെളിയത്തിന്റെ നട്ടെല്ല് തകർത്തു. മീശ പിഴുതെടുത്തു. 1970ൽ 20-ാമത്തെ വയസിൽ എഐവൈഎഫി ന്റെ സംസ്ഥാന സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ടതോടെയാണ് എന്റെ പ്രവർത്തന കേന്ദ്രം തിരുവനന്തപുരത്തേക്ക് മാറ്റുന്നത്. പാർട്ടി സംസ്ഥാന സെന്ററിലാണ് വെളിയം അന്ന് പ്രവർത്തിച്ചിരുന്നത്.


ഇത് കൂടി വായിക്കൂ: യാഥാര്‍ത്ഥ്യമാകുന്നത് പ്രാപ്തരായ രണ്ടാംനിര ഉദ്യോ­ഗസ്ഥ മേധാവികൾ എന്ന സ്വപ്നം


അദ്ദേഹവുമായി അടുക്കാനും ബന്ധം സ്ഥാപിക്കാനും അക്കാലത്ത് എ നിക്ക് സാഹചര്യം ഉണ്ടായി. യുവജന‑വിദ്യാർത്ഥി പ്രസ്ഥാനങ്ങളുടെ ചുമതലക്കാരനായി ഏറെനാൾ വെളിയം പ്രവർത്തിച്ചു. പാർട്ടി സ്കൂളിലെ പ്ര ധാനപ്പെട്ട അധ്യാപകരിൽ ഒരാൾ വെളിയം ഭാർഗവനായിരുന്നു. ചെറുപ്പക്കാരായ കേ ഡർമാരെ പാർട്ടി നേ തൃത്വത്തിലേക്ക് ഉയർത്തിക്കൊണ്ടുവരാൻ ബോധപൂർവമായ പ്ര വർത്തനം ആവശ്യമാണെന്ന് അദ്ദേഹം കരുതിയിരുന്നു. വെളിയം ഭാർഗവൻ ഒരു പ്രക്ഷോഭകാരിയും പോരാളിയുമായിരുന്നു. ജീവിതത്തിന്റെ അവസാന നിമിഷംവരെ കമ്മ്യൂണിസ്റ്റ് മൂല്യങ്ങൾ ഉയർത്തിപ്പിടിക്കാൻ അദ്ദേഹം ശ്രമിച്ചിരുന്നു. തന്റെ ആശയങ്ങൾ നിത്യജീവിതത്തിൽ പകർത്തിക്കാട്ടാൻ അദ്ദേഹം ശ്രദ്ധിച്ചിരുന്നു എന്നതും ശ്രദ്ധേയമാണ്. രാഷ്ട്രീയത്തിൽ സദാചാരവും മൂല്യബോധവും നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്ന കാലഘട്ടത്തിൽ അതിൽനിന്നും വേറിട്ടുനടക്കാൻ ആഗ്രഹിച്ച നേതാവായിരുന്നു അദ്ദേഹം. സാധാരണ രാഷ്ട്രീയത്തിൽ നിന്നും വ്യത്യസ്തമായ കാഴ്ചപ്പാടായിരിക്കണം സിപിഐയുടേതെന്ന് അദ്ദേഹത്തിന് നിർബന്ധമുണ്ടായിരുന്നു. അതുകൊണ്ടുതന്നെ മറ്റ് രാഷ്ട്രീയ പാർട്ടികളിൽ നിന്ന് ഭിന്നമായ ഒരു പ്രതിച്ഛായ കമ്മ്യൂണിസ്റ്റ് പാർട്ടിക്ക് ഉണ്ടാകണം എന്ന് അദ്ദേഹം ആഗ്രഹിച്ചിരുന്നു. ജനകീയ പ്രശ്നങ്ങളിൽ ഇടപെടാനും, ജനപക്ഷത്ത് നിന്ന് പോരാടാനും കഴിയുന്ന ഒരു പാർട്ടിക്ക് മാത്രമെ ജനങ്ങളുടെ മനസിൽ ഇടമുണ്ടാവുകയുള്ളൂവെന്ന് വെളിയത്തിന് നിശ്ചയമുണ്ടായിരുന്നു. ആ ലക്ഷ്യം വച്ചുകൊണ്ടുള്ളതായിരുന്നു അദ്ദേഹത്തിന്റെ ആറുപതിറ്റാണ്ട് നീണ്ട രാഷ്ട്രീയ പ്രവർത്തനം. 1970 മുതൽ ഏഴുവർഷക്കാലം ഐക്യമുന്നണി ഏകോപനസമിതി കൺവീനർമാരിൽ ഒരാളായി വെളിയം ഭാർഗവൻ പ്രവർത്തിച്ചു. അച്യുതമേനോൻ സര്‍ക്കാരിന്റെ സ്ഥായിയായ പല നേട്ടങ്ങളുടെയും അണിയറശില്പികളിൽ ഒരാളായിരുന്നു അദ്ദേഹം. കേരളം കണ്ട ഏറ്റവും പ്രഗത്ഭരായ നിയമസഭാ സാമാജികരിൽ ഒരാളുമായിരുന്നു വെളിയം. 1957ലും 1960ലും ചടയമംഗലത്തുനിന്ന് അദ്ദേഹം നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു.


ഇത് കൂടി വായിക്കൂ: വേണ്ടത് സമഗ്രമായ ഇന്ത്യൻ കുടിയേറ്റ നിയമം


എതിരാളികളുടെ മർമ്മം തകർക്കുന്ന വാക്ചാതുരിയും ജനകീയ പ്രശ്നങ്ങളും സംസ്ഥാനത്തിന്റെ താല്പര്യങ്ങളും ഉന്നയിക്കുന്നതിലുള്ള വൈദഗ്ധ്യവുമായിരുന്നു അദ്ദേഹത്തിന്റെ നിയമസഭാ പ്രവർത്തനത്തിന്റെ സവിശേഷത. ദാരിദ്ര്യത്തിൽ നിന്നുള്ള ജനങ്ങളുടെ മോചനമെന്ന കമ്മ്യൂണിസ്റ്റ് ലക്ഷ്യം പൂർത്തീകരിക്കാൻ പാർലമെന്ററി രാഷ്ട്രീയമെന്നതുപോലെ തന്നെ പാർലമെന്റിതര രാഷ്ട്രീയ പ്രവർത്തനവും പരമ പ്രധാനമാണെന്ന് വെളിയം കണ്ടു. എല്ലാ അർത്ഥത്തിലും ഒരു സമർപ്പിത കമ്മ്യൂണിസ്റ്റ് ആയിരുന്നു വെളിയം. കമ്മ്യൂണിസ്റ്റ് പാർട്ടിയുടെയും ഇടതുപക്ഷ ഐക്യത്തിന്റെയും ഉത്തമ താല്പര്യങ്ങൾക്കുവേണ്ടി അന്ത്യംവരെ പ്രവർത്തിച്ച നേതാവുമായിരുന്നു. പ്രതിസന്ധികളും ഒപ്പം വെല്ലുവിളികളും നിറഞ്ഞ ഒരു കാലഘട്ടത്തിലൂടെയാണ് രാജ്യം ഇന്ന് കടന്നുപോകുന്നത്. മോഡി ഭരണത്തിനുകീഴിൽ നീതിന്യായവ്യവസ്ഥയടക്കം ഭീഷണി നേരിടുന്നു. പാർലമെന്റിനെപ്പോലും മോഡി വിശ്വാസത്തിലെടുക്കുന്നില്ല. സ്വാതന്ത്ര്യവും ജനാധിപത്യവും ഭരണഘടനയും സംരക്ഷിക്കാൻ ഇടതു-ജനാധിപത്യ‑മതേതര വിശാലവേദി ഉയർന്നുവന്നിരിക്കുന്നു. നമ്മുടെ വരുംകാല പോരാട്ടങ്ങൾക്ക് വെളിയം ഭാർഗവന്റെ സ്മരണ കരുത്തു പകരട്ടെ.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.