സിഖ് നേതാവിന്റെ കൊലപാതകത്തില്‍ ഇന്ത്യയ്ക്ക് പങ്കെന്ന് കാനഡ
ഇന്ത്യന്‍ നയതന്ത്ര ഉദ്യോഗസ്ഥനെ രാജ്യത്തുനിന്ന് പുറത്താക്കി
Janayugom Webdesk
ന്യൂഡല്‍ഹി
September 19, 2023 10:19 pm
ഖലിസ്ഥാന്‍ നേതാവ് ഹര്‍ദീപ് സിങ് നിജ്ജാറിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് ഇന്ത്യ‑കാനഡ നയതന്ത്ര ബന്ധത്തില്‍ വന്‍ പൊട്ടിത്തെറി. സംഭവത്തില്‍ ഇന്ത്യക്ക് പങ്കുണ്ടെന്ന സംശയത്തിന്റെ അടിസ്ഥാനത്തില്‍ ഇന്ത്യന്‍ നയതന്ത്ര ഉദ്യോഗസ്ഥനെ കാനഡ പുറത്താക്കി. ഇന്ത്യന്‍ എംബസി ഉദ്യോഗസ്ഥന്‍ പവന്‍ കുമാര്‍ റായിക്കെതിരെയാണ് നടപടി.
ഉഭയകക്ഷി സ്വതന്ത്ര വ്യാപാര കരാറിന്മേലുള്ള ചര്‍ച്ചയടക്കം നിര്‍ത്തിവയ്ക്കുന്നതിലേക്ക് ഇന്ത്യയും കാനഡയും തമ്മിലുള്ള നയതന്ത്രബന്ധം വഷളായിരുന്നു. ജി20 ഉച്ചകോടി വന്‍വിജയമായെന്ന് വീമ്പടിച്ച് ആഘോഷമാക്കുന്നതിനിടെയുണ്ടായ കാനഡയുടെ നടപടി പ്രധാനമന്ത്രി നരേന്ദ്രമോഡിയുടെ ആഗോള പ്രതിച്ഛായക്കേറ്റ കനത്ത പ്രഹരമായി. സമീപകാല ചരിത്രത്തില്‍ ഇന്ത്യയ്ക്ക് വിദേശരാജ്യങ്ങളില്‍ നിന്നും ഇത്തരം നടപടികള്‍ നേരിടേണ്ടിവന്നിട്ടില്ല.
ജൂണ്‍ 18ന് ബ്രിട്ടീഷ് കൊളംബിയയിലെ ഗുരുദ്വാരക്ക് മുന്നില്‍ വെച്ചാണ് ഹര്‍ദീപ് സിങ് നിജ്ജര്‍ വെടിയേറ്റ് മരിച്ചത്. കൊലപാതകത്തിന് പിന്നില്‍ ഇന്ത്യയാണെന്ന് വിശ്വസിക്കാന്‍ മതിയായ തെളിവുകള്‍ സുരക്ഷാ ഏജന്‍സികള്‍ക്ക് ലഭിച്ചതായി പാർലമെന്റിൽ നടത്തിയ അടിയന്തര പ്രസ്താവനയില്‍ ജസ്റ്റിന്‍ ട്രൂഡോ കുറ്റപ്പെടുത്തി. ഒരു കനേഡിയന്‍ പൗരന്റെ കൊലപാതകത്തില്‍ ഏതെങ്കിലും വിദേശ സര്‍ക്കാരിന്റെ പങ്കാളിത്തം രാജ്യത്തിന്റെ പരമാധികാരത്തിന്റെ ലംഘനമാണെന്നും അംഗീകരിക്കാനാവില്ലെന്നും ട്രൂഡോ പറഞ്ഞു.
തുടര്‍ന്ന് കാനേഡിയൻ വിദേശകാര്യ മന്ത്രി മെലാനി ജോളി ഇന്ത്യൻ നയതന്ത്ര ഉദ്യോഗസ്ഥൻ പവൻ കുമാര്‍ റായിയെ പുറത്താക്കുന്നതായി അറിയിച്ചു. റായിയോട് രാജ്യം വിടാനും നിർദേശിച്ചു. മുന്‍ പഞ്ചാബ് കേഡര്‍ ഐപിഎസ് ഉദ്യോഗസ്ഥനും റിസര്‍ച്ച് ആന്റ് അനാലിസിസ് വിംഗിന്റെ (റോ)യുടെ സ്റ്റേഷന്‍ ഓഫിസറുമാണ് പവന്‍ കുമാര്‍ റായി. നടപടിയെക്കുറിച്ചുള്ള വിവരം കാനഡ യുഎസിനെ ധരിപ്പിക്കുകയും ചെയ്തു.
കാനഡയിലെ ഖലിസ്ഥാന്‍ അനുകൂല പ്രവര്‍ത്തനങ്ങള്‍ക്കെതിരെ ഇന്ത്യ മുമ്പും കാനഡയെ പ്രതിഷേധം അറിയിച്ചിരുന്നു. ഖലിസ്ഥാന്‍ സംഘടനകള്‍ കാനഡയില്‍ ഹിതപരിശോധന ഉള്‍പ്പെടെ സംഘടിപ്പിച്ചിരുന്നു. ജി20 ഉച്ചകോടിക്കെത്തിയപ്പോള്‍ കാനഡയിലെ ഇന്ത്യാ വിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ നരേന്ദ്ര മോഡി ട്രൂഡോയോട് ആശങ്ക അറിയിക്കുകയും ചെയ്തു. ഇതോടെ ഇന്ത്യ‑കാനഡ ബന്ധം വീണ്ടും ഉലഞ്ഞു. ഇന്ത്യയുമായുള്ള വ്യാപാര കരാർ ചർച്ചകളിൽനിന്ന് കാനഡ പിന്മാറി. തുടര്‍ന്നാണ് ഇന്ത്യക്കെതിരെ ഗുരുതരമായ ആരോപണവുമായി കാനഡ രംഗത്തെത്തിയിരിക്കുന്നത്.
അതേസമയം, ട്രൂഡോയുടെ ആരോപണങ്ങള്‍ കേന്ദ്രസര്‍ക്കാര്‍ തള്ളി. ആരോപണം അസംബന്ധമാണെന്ന് വിദേശകാര്യ മന്ത്രി എസ് ജയശങ്കര്‍ പ്രതികരിച്ചു. ട്രൂഡോയുടെ ആരോപണങ്ങള്‍ കാനഡയിലെ ഖലിസ്ഥാന്‍ സംഘടനകളുടെ പ്രവര്‍ത്തനങ്ങളില്‍നിന്ന് ശ്രദ്ധ തിരിക്കാനാണെന്ന് ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയവും പ്രസ്താവനയില്‍ പറഞ്ഞു.
കനേഡിയന്‍ ഉദ്യോഗസ്ഥനെ പുറത്താക്കി
കാനഡ പുറത്താക്കിയ ഇന്ത്യൻ നയതന്ത്ര പ്രതിനിധിയുടെ അതേ റാങ്കിലുള്ള നയതന്ത്ര പ്രതിനിധിയെ ഇന്ത്യയും പുറത്താക്കി. കനേഡിയന്‍ ഹൈക്കമ്മിഷണറെ വിളിച്ചുവരുത്തിയാണ് ഇന്ത്യൻ വിദേശകാര്യമന്ത്രാലയം നടപടി അറിയിച്ചത്. അഞ്ച് ദിവസത്തിനകം ഇന്ത്യ വിടണമെന്ന് കർശന നിർദേശവും നല്‍കി. എന്നാൽ പുറത്താക്കിയ നയതന്ത്ര ഉദ്യോഗസ്ഥന്റെ പേര് പുറത്തുവിട്ടിട്ടില്ല.
english summary; Canadian blow to Modi’s global image
you may also like this video;
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.