7 January 2026, Wednesday

Related news

December 26, 2025
December 26, 2025
December 22, 2025
December 11, 2025
December 9, 2025
December 9, 2025
December 6, 2025
December 6, 2025
November 29, 2025
November 28, 2025

ബിജെപിയിതര വോട്ട് ഏകീകരണം ഇന്ത്യയുടെ ലക്ഷ്യം: ഡി രാജ

സ്വന്തം ലേഖകന്‍
ന്യൂഡല്‍ഹി
September 21, 2023 11:17 pm

പ്രതിപക്ഷ ഐക്യമായ ഇന്ത്യ സഖ്യത്തിലെ സീറ്റ് വിഭജനം ഉള്‍പ്പെടെയുള്ള വിഷയങ്ങള്‍ മുന്നണിയിലെ പാര്‍ട്ടികളുടെ ദേശീയനേതൃത്വത്തിന്റെ നിര്‍ദേശങ്ങള്‍ക്കനുസൃതമായി പ്രാദേശികമായി പരിഹരിക്കുമെന്ന് സിപിഐ ജനറല്‍ സെക്രട്ടറി ഡി രാജ. കഴിഞ്ഞ രണ്ടു ദിവസമായി നടന്ന പാര്‍ട്ടി ദേശീയ എക്‌സിക്യൂട്ടീവ് യോഗത്തിന്റെ തീരുമാനങ്ങള്‍ അറിയിക്കാന്‍ പാര്‍ട്ടി ആസ്ഥാനമായ അജോയ് ഭവനില്‍ വിളിച്ചു ചേര്‍ത്ത വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ബിജെപിയിതര വോട്ടുകളുടെ ഭിന്നത ഒഴിവാക്കുകയാണ് ഇന്ത്യ ലക്ഷ്യംവയ്ക്കുന്നത്. പല സംസ്ഥാനങ്ങളിലും സഖ്യത്തില്‍ തര്‍ക്ക വിഷയങ്ങളുണ്ട്. കേരളത്തില്‍ കോണ്‍ഗ്രസും ഇടതുപക്ഷവും ഇരു ചേരികളിലാണ്. പശ്ചിമ ബംഗാള്‍ ഉള്‍പ്പെടെ പല സംസ്ഥാനങ്ങളിലും വിരുദ്ധ ചേരിയില്‍ നില്‍ക്കുന്നവരാണെന്ന് എല്ലാ കക്ഷികള്‍ക്കും ഉത്തമ ബോധ്യമുണ്ട്. പ്രാദേശികമായ ഭിന്നതകള്‍ രമ്യമായും സൗഹാര്‍ദപരമായും ചര്‍ച്ചകളിലൂടെ പരിഹരിച്ച് മുന്നേറാനാണ് തീരുമാനം. ഇതിനായി സമിതികളും രൂപീകരിച്ചിട്ടുണ്ട്.
അഞ്ച് സംസ്ഥാനങ്ങളില്‍ നടക്കാനിരിക്കുന്ന നിയമസഭ തെരഞ്ഞെടുപ്പുകളിലെ സീറ്റ് വിഭജനം സംബന്ധിച്ച നീക്കുപോക്കുകളും തെരഞ്ഞെടുപ്പു ഫലവും മുന്‍നിര്‍ത്തിയാകും ‌പാര്‍ലമെന്റ് തെരഞ്ഞെടുപ്പിനുള്ള തന്ത്രങ്ങള്‍ രൂപീകൃതമാകുകയെന്നും രാജ വ്യക്തമാക്കി. സിപിഐ(എം) ഉള്‍പ്പെടെ ഇന്ത്യ സഖ്യത്തിലെ എല്ലാ കക്ഷികളും ഐകകണ്ഠ്യേനയാണ് സംയുക്ത പ്രസ്താവനകള്‍ പുറത്തിറക്കിയതെന്നും മറിച്ചുള്ള ചോദ്യങ്ങള്‍ അപ്രസക്തമെന്നും രാജ വ്യക്തമാക്കി. ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് എന്നത് ഭരണഘടനാ വിരുദ്ധമാണ്. രാജ്യം സാമ്പത്തിക വളര്‍ച്ചയിലെന്ന അവകാശ വാദം സര്‍ക്കാര്‍ ആവര്‍ത്തിക്കുമ്പോഴും രൂപയുടെ മൂല്യ ശോഷണം എന്തുകൊണ്ടാണ് പരിഗണിക്കാത്തത്. സിപിഐ നേതാക്കളായ രേണു ചക്രവര്‍ത്തിയും ഗീതാ മുഖര്‍ജിയുമാണ് ഇന്ന് രാജ്യം കൊട്ടിഘോഷിക്കുന്ന വനിതാ സംവരണ ബില്ലിനു പിന്നിലെ ചാലക ശക്തികള്‍. ബില്‍ എത്രയും വേഗം നടപ്പിലാക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തയ്യാറാകണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
വനിതാ സംവരണ ബില്‍, ഇന്ത്യ സഖ്യം, ജമ്മു കാശ്മീരിലെ ഉധംപൂരില്‍ എഐഎസ്എഫ് വിദ്യാര്‍ത്ഥികള്‍ക്കു നേരെ നടന്ന അക്രമങ്ങള്‍ക്കെതിരെ തുടങ്ങി മൂന്നു പ്രമേയങ്ങളാണ് ദേശീയ എക്സിക്യൂട്ടീവ് യോഗം അംഗീകരിച്ചത്. ദേശീയ സെക്രട്ടേറിയറ്റ് അംഗങ്ങളായ അതുല്‍ കുമാര്‍ അഞ്ജാന്‍, കെ നാരായണ എന്നിവരും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.

Eng­lish sum­ma­ry; Non-BJP vote con­sol­i­da­tion Indi­a’s goal: D Raja

you may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.