കാനഡയിലെ പ്രശ്നങ്ങൾ വിനോദസഞ്ചാര രംഗത്തു കേരളത്തിന് തിരിച്ചടിയാവുമോയെന്ന ആശങ്ക ഉയരുന്നു.സംസ്ഥാനത്തുനിന്ന് പഠനത്തിനും ജോലിക്കുമായി പോയ ചെറുപ്പക്കാരുടെ ഭാവി സംബന്ധിച്ചും ആശങ്ക ഉയർന്നിട്ടുണ്ട്. ഇന്ത്യയും കാനഡയും തമ്മിലുള്ള നയതന്ത്രബന്ധം പ്രതിസന്ധിയിലായതോടെ കേരളത്തിലെ ടൂറിസം മേഖല ആശങ്കയിലാണ്.
സംസ്ഥാനത്തേക്ക് ഏറ്റവുമധികം വിദേശസഞ്ചാരികൾ എത്തുന്ന 15 രാജ്യങ്ങളിൽ ഒന്നാണ് കാനഡ. ടൂറിസംവകുപ്പിന്റെ കണക്കനുസരിച്ച് വർഷം ഏതാണ്ട് 30, 000 സഞ്ചാരികളാണ് കാനഡയിൽനിന്ന് കേരളം കാണാൻ എത്തുന്നത്.
ഒക്ടോബറിൽ വിനോദസഞ്ചാര സീസൺ ആരംഭിക്കാനിരിക്കെ കാനഡയിൽ നിന്നുള്ളവരുടെ വിസാ നടപടികളടക്കം നിർത്തിവെച്ചത് വിനോദ സഞ്ചാര മേഖലയ്ക്ക് കടുത്ത ആഘാതമായിരിക്കും.
വിനോദസഞ്ചാരമേളയായ കേരള ട്രാവൽ മാർട്ടിന്റെ വേദികളിൽ കാനഡയിൽനിന്നുള്ള എജൻസികളുടെ പങ്കാളിത്തവും ഉയർന്നിട്ടുണ്ട്. ഇതിന് പുറമെ ഇക്കഴിഞ്ഞവർഷം മാത്രം രണ്ടേകാൽ ലക്ഷം ഇന്ത്യൻ വിദ്യാർഥികളാണു കാനഡയിൽ ജോലി പ്രതീക്ഷിച്ച് പഠിക്കാൻ പോയത്. കേരളത്തിൽ നിന്നു മാത്രം പതിനായിരത്തോളം വിദ്യാർഥികൾ കാനഡയിൽ ഓരോ വർഷവും കടന്നുചെല്ലുന്നുണ്ട്. നിലവിലെ സാഹചര്യത്തിൽ കാനഡയിലെ ഇന്ത്യൻ വിദ്യാർത്ഥി സമൂഹത്തോട് അതീവ ജാഗ്രത പാലിക്കണമെന്നും കേന്ദ്ര സർക്കാർ ആവശ്യപ്പെട്ടിട്ടുണ്ട്.
കാനഡയിലെ ഇന്ത്യൻ പൗരന്മാരും വിദ്യാർത്ഥികളും ഒട്ടാവയിലെ ഇന്ത്യൻ ഹൈക്കമ്മീഷനിലോ ടൊറന്റോയിലേയും വാൻകൂവറിലേയോ കോൺസുലേറ്റ് ജനറൽ ഓഫ് ഇന്ത്യയിലോ രജിസ്റ്റർ ചെയ്യണമെന്നും അംഗീകൃത വെബ്സൈറ്റുകളിലൂടെയാണ് രജിസ്റ്റർ ചെയ്യേണ്ടതെന്നും വ്യക്തമാക്കിയിട്ടുണ്ട്. കാനഡയിലേക്ക് പോകാൻ 25 ലക്ഷം രൂപ വരെ വായ്പയും ലോണും എടുത്ത ആയിരക്കണക്കിന് ചെറുപ്പക്കാരാണ് അനിശ്ചിതത്വത്തിലായിരിക്കുന്നത്. നിലവിൽ പ്രതിസന്ധി പരിഹാരത്തിനുള്ള സാധ്യതകൾ തെളിഞ്ഞു കാണുന്നുമില്ല.
English summary;Diplomatic dispute with Canada; Concern in tourism and education sector
you may also like this video;
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.