23 November 2024, Saturday
KSFE Galaxy Chits Banner 2

വനിതാ സംവരണ ബിൽ പോരാട്ടം അവസാനിക്കുന്നില്ല

Janayugom Webdesk
September 24, 2023 5:00 am

ഏറെ നീണ്ട കാത്തിരിപ്പിനൊടുവിൽ, വനിതാ സംവരണ ബിൽ പാർലമെന്റ് പാസാക്കി. ബില്ലിന്റെ നിയമ പോരാട്ടങ്ങളുടെ ചരിത്രം അറിയാവുന്നവർ നിശ്ചയമായും സഖാവ് ഗീതാ മുഖർജിയെ ഓർമ്മിക്കും. അവിസ്മരണീയമായ പോരാട്ടങ്ങളുടെ പിൻബലമുള്ള കമ്മ്യൂണിസ്റ്റ് നേതാവും ബിൽ പാസാക്കുന്നത് ജീവിതദൗത്യമായി ഏറ്റെടുത്ത പോരാളിയുമായിരുന്നു അവർ. സ്ത്രീകളുടെ അവകാശങ്ങൾക്കുവേണ്ടിയുള്ള നിരന്തര സമരപഥങ്ങളിലായിരുന്നു അവരുടെ ജീവിതം. സ്ത്രീകളുടെ വിമോചനം സാധ്യമാകാതെ രാജ്യത്ത് വിപ്ലവത്തിന്റെ ചുമതലകൾ നിറവേറ്റാനാവില്ലെന്ന് തിരിച്ചറിഞ്ഞ യഥാർത്ഥ കമ്മ്യൂണിസ്റ്റായിരുന്നു ഗീതാ മുഖര്‍ജി. പാർലമെന്റിലും നിയമസഭകളിലും 33 ശതമാനം സ്ത്രീപങ്കാളിത്തം ആ ദിശയിലുള്ള ആദ്യപടി മാത്രമാണ്. ആദ്യചുവടിനു പോലും പതിറ്റാണ്ടുകളുടെ നിരന്തര പോരാട്ടങ്ങൾ വേണ്ടിവന്നു. ബിൽ പാർലമെന്റിൽ അംഗീകരിക്കപ്പെടുന്നത് വനിതാ സംഘടനകൾക്കും ജനാധിപത്യ ശക്തികൾക്കും ഭാവി സമരങ്ങൾക്ക് പ്രേരണയാകും. വൈരുധ്യമെന്നു പറയട്ടെ, സ്ത്രീശാക്തീകരണത്തിന്റെ ചാമ്പ്യന്മാരായി കളം പിടിച്ചടക്കാനാണ് ബിജെപി സർക്കാരിന്റെ ശ്രമം. എല്ലാ പ്രചാരണ നടപടികളും അതിനനുസൃതമായി ക്രമീകരിക്കുകയും സ്ത്രീകളുടെ അവകാശങ്ങളുടെ സംരക്ഷണ നായകൻ നരേന്ദ്ര മോ‍ഡിയെന്ന് വാഴ്ത്തുകയും ചെയ്യുന്നു. കൊട്ടിഘോഷങ്ങൾക്കപ്പുറം, വനിതാ സംവരണ ബിൽ നിയമമാക്കുന്നതിൽ നരേന്ദ്ര മോ‍ഡിയും സംഘ്പരിവാറും യാതൊരു ആത്മാർത്ഥതയും പുലർത്തുന്നില്ല.


ഇതുകൂടി വായിക്കൂ; ജനകീയ സര്‍ക്കാര്‍ ജനങ്ങളിലേക്ക്


പ്രത്യയശാസ്ത്രപരമായും രാഷ്ട്രീയപരമായും അവർ സ്ത്രീശാക്തീകരണത്തിന് അനുകൂലമല്ല. സ്ത്രീകൾക്ക് പ്രാഥമിക അംഗത്വം പോലും നിഷേധിക്കുന്ന പുരുഷ വർഗീയ സംഘടനയായ ആർഎസ്എസ് അവരെ നിയന്ത്രിക്കുന്നു. ‘നഃ സ്ത്രീ സ്വാതന്ത്ര്യമർഹതി’ (സ്ത്രീകൾ സ്വാതന്ത്ര്യം അർഹിക്കുന്നില്ല) എന്ന് പ്രസംഗിക്കുന്ന മനുസ്മൃതിയാണ് പ്രത്യയശാസ്ത്രം. ഇക്കൂട്ടരും അവരുടെ ഭരണകൂടവും, പൊടുന്നനെ നാരീശക്തിയുടെ വക്താക്കളായി മാറുകയും ബില്ലുകൊണ്ട് കിരീടം തീർക്കാൻ ആഗ്രഹിക്കുകയും ചെയ്യുന്നു. തെരഞ്ഞെടുപ്പ് സമ്മർദങ്ങൾ പ്രത്യയശാസ്ത്ര ബോധ്യങ്ങളെ വിഴുങ്ങുകയായിരുന്നു. 2014 മുതൽ 2023 വരെ നീണ്ട ഒമ്പത് വർഷ കാലതാമസത്തെ എങ്ങനെ ബിജെപിക്ക് ന്യായീകരിക്കാനാകും? 1996ലെ ഐക്യ മുന്നണി സര്‍ക്കാരാണ് വനിതാ സംവരണ ബില്ലിന്റെ ഉള്ളടക്കം രൂപപ്പെടുത്തിയത്. അതിൽ കമ്മ്യൂണിസ്റ്റ് പാർട്ടിയും നിർണായക പങ്കാളിത്തം വഹിച്ചിരുന്നു. ഒബിസി സംവരണം സംബന്ധിച്ച ഭിന്നതകൾ കാരണം അക്കാലയളവിൽ അത് പാസാക്കാനായില്ല. ഇതിനായി ഗീതാ മുഖർജിയുടെ നേതൃത്വത്തിൽ സംയുക്ത പാർലമെന്ററി കമ്മിറ്റി രൂപീകരിച്ചു. റെക്കോഡ് സമയത്തിനുള്ളിൽ റിപ്പോർട്ട് അവതരിപ്പിച്ചെങ്കിലും ലോക്‌സഭ പിരിച്ചുവിട്ടതോടെ ബിൽ കാലഹരണപ്പെട്ടു. നടപടി മുന്നോട്ടുകൊണ്ടുപോകാനായില്ല. വാജ്പേയി സർക്കാരിന്റെ കാലത്തും ഇക്കാര്യത്തിൽ കാര്യമായ പുരോഗതി ഉണ്ടായില്ല. ഇടത് പാര്‍ട്ടികള്‍ പ്രധാന പങ്ക് വഹിച്ച ഒന്നാം യുപിഎ സര്‍ക്കാര്‍ വിഷയം ഗൗരവമായി എടുക്കുകയും പൊതുമിനിമം പരിപാടിയിൽ വനിതാ സംവരണ ബില്ലിന് പ്രധാന സ്ഥാനം ലഭിക്കുകയും ചെയ്തു. ഡോ. മൻമോഹൻ സിങ്ങിന്റെ നേതൃത്വത്തിലുള്ള സർക്കാരിന്റെ കാലത്ത് 2008 മേയ് ആറിന് ബിൽ അവതരിപ്പിച്ചു. സ്റ്റാന്റിങ് കമ്മിറ്റിയുടെ സൂക്ഷ്മപരിശോധനയ്ക്ക് ശേഷം 2010 മാര്‍ച്ച് ഒമ്പതിന് രാജ്യസഭ ബിൽ പാസാക്കി. എന്നാൽ രാഷ്ട്രീയ അനിശ്ചിതത്വങ്ങൾ മുന്നോട്ടുപോക്കിനെ തടഞ്ഞു.


ഇതുകൂടി വായിക്കൂ;പ്രധാനമന്ത്രി സംസാരിക്കണം | JANAYUGOM EDITORIAL


കമ്മ്യൂണിസ്റ്റ് പാർട്ടിയും ഇടതുപക്ഷ ശക്തികളും എല്ലായ്പ്പോഴും വനിതാ സംവരണ ബില്ല് നടപ്പാക്കേണ്ടത് അനിവാര്യമെന്നതിൽ പ്രതിജ്ഞാബദ്ധരാണ്. രാജ്യത്തെ പുരോഗമന സ്ത്രീ പ്രസ്ഥാനത്തോടൊപ്പം ഇടതുപക്ഷം പോരാട്ടം തുടരുകയും ചെയ്തു. നാഷണൽ ഫെഡറേഷൻ ഓഫ് ഇന്ത്യൻ വിമൻ (എൻഎഫ്ഐഡബ്ല്യു)തങ്ങളുടെ പോരാട്ടത്തിന്റെ ഭാഗമായി 2021ൽ ഒരു പൊതുതാല്പര്യ ഹർജി സുപ്രീം കോടതിയിൽ നൽകി. വിഷയത്തിൽ വാദം കേൾക്കുന്നതിനിടെ, സുപ്രീം കോടതിയും ഉറച്ച നിലപാട് സ്വീകരിച്ചു. നിയമനിർമ്മാണം വൈകുന്നത് ഗുരുതരമായ പ്രത്യാഘാതങ്ങൾക്ക് വഴിയാകുമെന്ന് സർക്കാരിന് മുന്നറിയിപ്പ് നൽകുകയും ചെയ്തു. 2024ലെ തെരഞ്ഞെടുപ്പൊരുക്കങ്ങളുടെ ഭാഗമാണ് നിയമനിർമ്മാണവുമായി മുന്നോട്ടിറങ്ങാൻ ബിജെപി സർക്കാരിനെ പ്രേരിപ്പിച്ചത്. സ്ത്രീ ശാക്തീകരണത്തിന്റെ ദിശയിൽ ഇതൊരു ചരിത്ര വഴിത്തിരിവാണെങ്കിലും അത് നടപ്പാക്കുന്നതിൽ ബിജെപിക്ക് ആത്മാർത്ഥതയില്ല. വരാനിരിക്കുന്ന സെൻസസിന്റെയും മണ്ഡല നിർണയത്തിന്റെയും പേരിൽ, കാലങ്ങളോളം വൈകിപ്പിക്കാനാണ് സർക്കാരിന്റെ ശ്രമം. നിലവിലെ ലോക്‌സഭ പിരിച്ചുവിട്ട് വനിതാ സംവരണ ബിൽ നടപ്പാക്കണമെന്ന് രാജ്യത്തെ ജനാധിപത്യ ശക്തികൾ ആവശ്യപ്പെടുന്നു.


ഇതുകൂടി വായിക്കൂ;നുണകൾ നൃത്തമാടുന്ന സിനിമാ കാലം | JANAYUGOM EDITORIAL


പഞ്ചായത്തുകളിലെയും തദ്ദേശ നഗരങ്ങളിലെയും ആകെ സീറ്റുകളുടെ മൂന്നിലൊന്ന് (33 ശതമാനം) മുതൽ പകുതി (50 ശതമാനം) വരെ സ്ത്രീകൾക്കുള്ള സംവരണത്തിന്റെ അനുഭവം, ഭരണത്തിലെ സ്ത്രീപങ്കാളിത്തം എങ്ങനെ നല്ല മാറ്റമുണ്ടാക്കുമെന്ന് കാണിച്ചുതന്നു. നിലവിലെ നിയമത്തിന്റെ പരിധി രാജ്യസഭയിലേക്കും സംസ്ഥാന നിയമസഭകളിലേക്കും കേന്ദ്ര ഭരണ പ്രദേശങ്ങളിലേക്കും വ്യാപിപ്പിക്കണം. നിയമനിർമ്മാണ സ്ഥാപനങ്ങളിൽ ഒബിസി, ന്യൂനപക്ഷ സംവരണവും പ്രധാനമാണ്. ഗീതാ മുഖർജി കമ്മിറ്റി റിപ്പോർട്ടില്‍ ഇക്കാര്യങ്ങൾ വിശദമാക്കിയിട്ടുണ്ട്. നിയമത്തെക്കുറിച്ച് മേന്മയേറെ വിളമ്പുന്ന ബിജെപി വക്താക്കൾ ഗൗരവമേറിയ ഇത്തരം ചോദ്യങ്ങളെ നേരിടാതെ ഒഴി‍ഞ്ഞുമാറുകയാണ്. നാരീശക്തിയുടെ പേരിൽ അധികാരം പിടിക്കാനാകുമോ എന്നതു മാത്രമാണ് ലക്ഷ്യം. സ്ത്രീകളുമായി അധികാരം പങ്കിടലും സാമൂഹിക നീതിയോടുള്ള ബഹുമാനവും അവരുടെ രാഷ്ട്രീയവും പ്രത്യയശാസ്ത്രപരവുമായ അജണ്ടയിൽ ഇല്ല. അവ ജനങ്ങൾക്ക് മുന്നിൽ തുറന്നുകാട്ടാൻ കഴിയണം. വിജയത്തിന്റെ ഈ ആദ്യഘട്ടത്തിൽ നിന്ന് സ്ത്രീ ശാക്തീകരണത്തിനായുള്ള പോരാട്ടം മുന്നോട്ടു പോകേണ്ടതുണ്ട്. നീതിക്കും വിമോചനത്തിനും വേണ്ടിയുള്ള പോരാട്ടത്തിൽ കമ്മ്യൂണിസ്റ്റ് പാർട്ടിയും പ്രവർത്തകരും വനിതകൾക്കൊപ്പം മറ്റെല്ലാ ജനാധിപത്യ ശക്തികളെ ഒപ്പം നിര്‍ത്തി കൈകോർക്കും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.