19 December 2024, Thursday
KSFE Galaxy Chits Banner 2

തൊഴില്‍ സൃഷ്ടിയില്‍ മോഡി സര്‍ക്കാര്‍ പരാജയം ; മുന്‍നിര ജോലികളില്‍ 17.5 ശതമാനം ഇടിവ്

Janayugom Webdesk
ന്യൂഡല്‍ഹി
September 25, 2023 10:03 pm

രാജ്യത്ത് മുന്‍നിര സ്ഥാപനങ്ങളില്‍ തൊഴില്‍ സൃഷ്ടിക്കാനുള്ള കേന്ദ്ര സര്‍ക്കാരിന്റെ ശ്രമം അമ്പേ പരാജയമെന്ന് കണക്കുകള്‍. ഈ വര്‍ഷം ഇതുവരെ 6.6 ദശലക്ഷം തൊഴില്‍ മാത്രമാണ് മോഡി സര്‍ക്കാരിന് സൃഷ്ടിക്കാന്‍ കഴിഞ്ഞത്. 2022 സാമ്പത്തിക വര്‍ഷത്തെ കണക്കുമായി താരതമ്യം ചെയ്യുമ്പോള്‍ 17.5 ശതമാനം ഇടിവാണ് മുന്‍നിര സ്ഥാപനങ്ങളിലെ തൊഴില്‍ ലഭ്യതയില്‍ ഉണ്ടായിരിക്കുന്നതെന്ന് ഫ്രണ്ട് ലൈന്‍ വര്‍ക്ക്ഫോഴ്സ് മാനേജ്മെന്റ് പ്ലാറ്റ്ഫോമായ ബെറ്റര്‍പ്ലേസ് റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.

2022 സാമ്പത്തിക വര്‍ഷം എട്ട് ദശലക്ഷം മുന്‍നിര ജോലികള്‍ സൃഷ്ടിച്ചത് ഈ വര്‍ഷം 6.6 ദശലക്ഷം മാത്രമായി. കോള്‍ സെന്റര്‍, ഡെലിവറി, മാര്‍ക്കറ്റിങ്, സെയില്‍സ് ആന്റ് ബിസിനസ് ഡെവലപ്പ്മെന്റ്, ഹൗസ് കീപ്പിങ് തുടങ്ങിയ മേഖലകളെയാണ് പൊതുവെ മുന്‍നിര തൊഴില്‍ മേഖല എന്ന് വിശേഷിപ്പിക്കുന്നത്. വന്‍കിട കമ്പനികളുടെ മുഖമായി പ്രത്യക്ഷപ്പെടുന്ന ഇവര്‍ സ്ഥാപനത്തിന്റെ പ്രശസ്തി, ഉയര്‍ച്ച എന്നിവയില്‍ നിര്‍ണായക പങ്ക് വഹിക്കുന്നുണ്ട്. ഈ തൊഴില്‍ മേഖലയില്‍ വേതനം വന്‍തോതില്‍ കുറയുന്നതായും രേഖകള്‍ വ്യക്തമാക്കുന്നു.

കോവിഡ് മഹാമാരിക്ക് ശേഷം കമ്പനികള്‍ സാധാരണ പോലെ പ്രവര്‍ത്തനം ആരംഭിച്ചിട്ടും തൊഴില്‍ശക്തി ഇടിഞ്ഞു. അതോടൊപ്പം വേതനവും. ഈ സാമ്പത്തിക വര്‍ഷം പ്രതിമാസ ശമ്പളത്തില്‍ 4.5 ശതമാനം കുറവ് രേഖപ്പെടുത്തി 21,700 രൂപയായി മാറി. എന്നാല്‍ ഐടി, സാമ്പത്തിക മാനേജ്മെന്റ് സ്ഥാപനങ്ങളില്‍ ഏറ്റവും കുറഞ്ഞ ശമ്പളം 25,700 ആയി വര്‍ധിച്ചു. 2022നെ അപേക്ഷിച്ച് 17 ശതമാനം വര്‍ധനവാണ് ഇവിടെ രേഖപ്പെടുത്തിയിരിക്കുന്നത്.

മുന്‍നിര തൊഴില്‍ മേഖലയില്‍ ജീവനക്കാരുടെ ക്ഷമം രൂക്ഷമായി അനുഭവപ്പെടുകയാണെന്ന് ബെറ്റര്‍പ്ലേസ് സഹസ്ഥാപകന്‍ പ്രവീണ്‍ അഗര്‍വാള്‍ അഭിപ്രായപ്പെട്ടു. ജീവനക്കാരുടെ ക്ഷാമം പരിഹരിക്കാന്‍ ഓണ്‍ റോള്‍, വണ്‍ തേര്‍ഡ് പാര്‍ട്ടി റോള്‍, ഗിഗ് ജീവനക്കാരെ കുടുതാലയി നിയമിക്കേണ്ട സാഹചര്യമാണെന്നും അദ്ദേഹം പറഞ്ഞു. ലോജിസ്റ്റിക്സ്, ഇ- കോമേഴ്സ് മേഖലയില്‍ ജീവനക്കാരുടെ ആവശ്യകത 111 ശതമാനമാണ് ഉയര്‍ന്നിരിക്കുന്നത്. ചില്ലറ, സംഭരണ സ്ഥാപനങ്ങള്‍ വനിതകളെ ഗിഗ് തൊഴില്‍ മേഖലയില്‍ കൂടുതലായി നിയമിക്കുന്ന പ്രവണതയും ഏറിവരികയാണെന്ന് അദ്ദേഹം പറഞ്ഞു.

Eng­lish Sum­ma­ry: unem­ploy­ment rate increased under BJP government
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.