ഭക്ഷ്യ‑പാചക വാതക സബ്സിഡി ഇല്ലാതാക്കാന്‍ മോഡി സര്‍ക്കാരിന്റെ പുതിയ നീക്കം. ചെലവ് കുറയ്ക്കാനും , പദ്ധതിയുടെ ഭാഗമായുള്ള ധനചോര്‍ച്ച ഒഴിവാക്കാനുമാണ് ലക്ഷ്യമെന്ന് കേന്ദ്ര സര്‍ക്കാര്‍ പറയുന്നുണ്ടെങ്കിലും ഫലത്തില്‍ ഭക്ഷ്യ‑പാചക വാതക സബ്സിഡി അപ്രത്യക്ഷമാകും. സബ്സിഡി സംവിധാനം പുനഃപരിശോധിക്കാന്‍ നിതി ആയോഗ് നടപടി ആരംഭിച്ചതായി ഇക്കണോമിക്സ് ടൈംസ് റിപ്പോര്‍ട്ട് ചെയ്തു. സബ്സിഡിയിനത്തില്‍ പ്രതിവര്‍ഷം നാല് ലക്ഷം കോടി രൂപ ആവശ്യമായി വരുന്നുണ്ട്. ഇത് ഘട്ടംഘട്ടമായി കുറയ്ക്കുകയാണ് കേന്ദ്ര സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. സബ്സിഡി ചെലവുകള്‍ ഏത് രീതിയില്‍ കുറയ്ക്കാമെന്നതിനെക്കുറിച്ച് നിര്‍ദേശം സമര്‍പ്പിക്കാന്‍ വിവിധ മന്ത്രാലയങ്ങളോട് നിതി ആയോഗ് ആവശ്യപ്പെട്ടിട്ടുണ്ട്.
2013 ല്‍ ആരംഭിച്ച ദേശീയ ഭക്ഷ്യ ഭദ്രതാ പദ്ധതി അനുസരിച്ചുള്ള സബ്സിഡി വിഹിതം അപ്രത്യക്ഷമാകും വിധമായിരിക്കും പുതിയ പരിഷ്കാരം. നിതി ആയോഗ് ഡെവലപ്മെന്റ് മോണിറ്ററിങ് ആന്റ് ഇവാലുവേഷന്‍ ഓഫിസ് (ഡിഎംഇഒ) നടത്തിയ പഠന റിപ്പോര്‍ട്ട് പ്രകാരം സബ്സിഡി തുക ചോരുന്നതായും അനര്‍ഹരുടെ കൈവശം എത്തുന്നതായും പറയുന്നു. ഖജനാവില്‍ നിന്ന് കോടികള്‍ ചെലവഴിച്ചാണ് സബ്സിഡി നല്‍കി വരുന്നതെന്നും ആഗോള പട്ടിണി ഭാരത്തിന്റെ 30 ശതമാനം ഇന്ത്യയാണ് പേറുന്നതെന്നും ഡിഎംഇഒ റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.
പൊതുവിതരണ സമ്പ്രദായം, മാതൃ-ശിശു സംരക്ഷണം (അങ്കണവാടി), ഉച്ചഭക്ഷണം പദ്ധതികളനുസരിച്ചുള്ള സബ്സിഡി തുക ഉയരുന്നത് രാജ്യത്തിന് വന്‍ ബാധ്യത സൃഷ്ടിക്കുന്നതായി ഡിഎംഇഒ റിപ്പോര്‍ട്ടില്‍ പറയുന്നു. വര്‍ധിച്ച് വരുന്ന ജനപ്പെരുപ്പം, ഊര്‍ജ ഉപഭോഗം, സാമ്പത്തിക വളര്‍ച്ച എന്നിവ കണക്കിലെടുത്ത് സബ്സിഡി വെട്ടിക്കുറയ്ക്കണമെന്ന് റിപ്പോര്‍ട്ടില്‍ ശുപാര്‍ശ ചെയ്യുന്നുണ്ട്.
യുഎസ്, ചൈന എന്നീ രാജ്യങ്ങള്‍ക്ക് പിറകെ ലോകത്ത് ഊര്‍ജ ഉപഭോഗത്തില്‍ മൂന്നാം സ്ഥാനം വഹിക്കുന്ന ഇന്ത്യ 12.3 ശതമാനം പെട്രോളിയം ഉല്പന്നവും 1.13 ശതമാനം മണ്ണെണ്ണയും ഉപയോഗിക്കുന്നുണ്ട്. ഇവയ്ക്കുള്ള സബ്സിഡിത്തുകയും പുനഃപരിശോധന നടത്തണമെന്നാണ് നിര്‍ദേശം. ഇതിന് പുറമെ വിവിധ സംസ്ഥാനങ്ങള്‍ പ്രഖ്യാപിക്കുന്ന ജനപ്രിയ പദ്ധതികള്‍ക്ക് തടയിടാനും നിതി ആയോഗ് ശ്രമം നടത്തിവരുന്നുണ്ട്.
പാചകവാതക സബ്സിഡി എടുത്തുകളഞ്ഞതിലൂടെ കഴിഞ്ഞ നാല് വര്‍ഷം കൊണ്ട് കേന്ദ്രം പിഴിഞ്ഞത് 30,000 കോടി. രാജ്യസഭയില്‍ സര്‍ക്കാര്‍ നല്‍കിയ കണക്കാണിത്. 2018–19 സാമ്പത്തിക വർഷത്തിൽ പാചകവാതക സബ്സിഡിക്കായി 37,209 കോടി നീക്കി വച്ചപ്പോൾ 2020–21 ല്‍ 11,896 കോടിയാക്കി ചുരുക്കി. 2022–23 സാമ്പത്തിക വർഷത്തിൽ അത് വീണ്ടും വെട്ടി 6965 കോടിയാക്കി.
നാല് വർഷത്തിനിടെ 30,000 കോടിയിലേറെ രൂപയാണ് നരേന്ദ്ര മോഡി സർക്കാർ കുറവ് വരുത്തിയത്. ബിപിഎല്‍ കുടുംബങ്ങൾക്ക് സൗജന്യമായി എൽപിജി കണക്ഷൻ നൽകും എന്ന് അവകാശപ്പെട്ട മോഡിയാണ് ഉള്ള ഇളവും ഇല്ലാതാക്കിയത്.
English Summary:Subsidy will be cut in the name of avoiding financial leakage
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.