23 December 2024, Monday
KSFE Galaxy Chits Banner 2

Related news

November 19, 2024
November 19, 2024
November 9, 2024
October 18, 2024
July 12, 2024
June 30, 2024
March 27, 2024
March 21, 2024
March 21, 2024
March 21, 2024

സഹകരണത്തിൽ ഒറ്റക്കെട്ട്; രാഷ്ട്രീയ വ്യത്യാസം മറന്ന് ഐക്യം രൂപപ്പെടുന്നു

കെ കെ ജയേഷ് 
കോഴിക്കോട്
September 30, 2023 10:31 pm

ജനങ്ങളുടെ ആശ്രയമായ സഹകരണ മേഖലയെ ഇഡിയെ ഉപയോഗിച്ച് തകർക്കാനുള്ള നീക്കത്തിനെതിരെ രാഷ്ട്രീയവ്യത്യാസമില്ലാതെ സഹകാരികളും രാഷ്ട്രീയ നേതാക്കളും ജനങ്ങളും ജനപ്രതിനിധികളും ഒന്നിക്കുന്നു. കോഴിക്കോട് ജില്ലയിൽ രൂപീകരിച്ച സഹകരണ സംരക്ഷണ സമിതി സംസ്ഥാനത്തൊട്ടാകെ വ്യാപിപ്പിക്കാനാണ് ഭാരവാഹികളുടെ തീരുമാനം.
സഹകരണ മേഖലയുടെ വിശ്വാസ്യത തകർക്കാനുള്ള നീക്കങ്ങൾക്കെതിരെ സംസ്ഥാന വ്യാപകമായി പ്രക്ഷോഭം ആരംഭിക്കുന്നതിന്റെ തുടക്കമായാണ് കോഴിക്കോട് സഹകാരികളുടെ കൂട്ടായ്മ ആരംഭിച്ചതെന്ന് കൺവീനർ എം മെഹബൂബ് പറഞ്ഞു.
സിപിഐ, സിപിഐ(എം), മുസ്ലിം ലീഗ്, സിഎംപി, ജനതാദൾ, എൽജെഡി തുടങ്ങി ബിജെപി ഒഴികെയുള്ള എല്ലാ പാർട്ടികളുടെയും നേതാക്കൾ സമിതിയിൽ അംഗങ്ങളാണ്. യുഡിഎഫ് നേതാക്കളെ ഉൾപ്പെടെ നേരിൽകണ്ട് സംസാരിച്ചിട്ടുണ്ട്. പി കെ കുഞ്ഞാലിക്കുട്ടി ഉൾപ്പെടെയുള്ള യുഡിഎഫ് നേതാക്കൾ അനുകൂല നിലപാടാണ് സ്വീകരിച്ചിട്ടുള്ളത്. അഞ്ചിന് സഹകരണ സംരക്ഷണ സമിതിയുടെ നേതൃത്വത്തിൽ കോഴിക്കോട് പ്രതിഷേധ കൂട്ടായ്മ ചേരും. സഹകരണ വകുപ്പ് മന്ത്രി വി എൻ വാസവൻ ഉദ്ഘാടനം ചെയ്യുന്ന പരിപാടിയിൽ യുഡിഎഫ് നേതാക്കൾ ഉൾപ്പെടെ പങ്കെടുക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. 

പ്രതിഷേധ കൂട്ടായ്മയിൽ കക്ഷിരാഷ്ട്രീയത്തിനതീതമായി ജില്ലയിലെ മുഴുവൻ സഹകാരികളും ജനപ്രതിനിധികളും പങ്കെടുക്കും. പരിപാടിയിൽവച്ച് കേന്ദ്ര സർക്കാരിന്റെ ജനാധിപത്യവിരുദ്ധ, ക്രമവിരുദ്ധ സമീപനങ്ങൾക്കെതിരെയുള്ള ശക്തമായ പ്രക്ഷോഭ സമരങ്ങൾക്ക് രൂപം നൽകാനാണ് തീരുമാനം. സഹകരണ മേഖലയെ സംരക്ഷിക്കാനുള്ള പോരാട്ടത്തിൽ ഒന്നിച്ചണിനിരക്കുന്ന കാര്യത്തിൽ പ്രതിപക്ഷ നേതാവ് വി ഡി സതീശന് മാത്രമാണ് യുഡിഎഫിൽ എതിരഭിപ്രായം. യുഡിഎഫിൽ ഏകാഭിപ്രായം രൂപപ്പെടുമ്പോൾ വി ഡി സതീശനും നിലപാട് തിരുത്തേണ്ടിവരും.
1630 പ്രാഥമിക കാർഷിക വായ്പാ സഹകരണ സംഘങ്ങളും 58 അർബൻ സഹകരണ സംഘങ്ങളും ഉൾപ്പെടെ 1688 വായ്പാ സംഘങ്ങളാണ് കേരളത്തിലുള്ളത്. ഇരുപതിനായിരത്തിലധികം വായ്പേതര സഹകരണ സംഘങ്ങളും സംസ്ഥാനത്ത് പ്രവർത്തിച്ചുവരുന്നുണ്ട്. ഇവയിൽ അപൂർവം ചില സംഘങ്ങളിലുണ്ടായ ക്രമക്കേടുകൾ വലിയ രീതിയിൽ അവതരിപ്പിച്ച് സഹകരണ മേഖലയാകെ കുഴപ്പമാണെന്ന് വരുത്തിത്തീർക്കാൻ നടത്തുന്ന നീക്കങ്ങൾക്കെതിരെയാണ് സഹകാരികൾ രാഷ്ട്രീയ വ്യത്യാസങ്ങൾ മറന്ന് കോഴിക്കോട് ഒന്നിച്ചിരിക്കുന്നത്. 

അഞ്ച് ലക്ഷം കോടി രൂപയുടെ ഇടപാടുകള്‍ കേരളത്തിൽ സഹകരണ മേഖലയിൽ നടന്നുവരുന്നുണ്ട്. ഈ നിക്ഷേപവും ഇടപാടുകളും സ്വകാര്യ ബാങ്കുകളിലും മൾട്ടി സ്റ്റേറ്റ് സംഘങ്ങളിലും എത്തിക്കാനുള്ള തന്ത്രപരമായ നീക്കമാണ് കേന്ദ്രം നടത്തുന്നത്. വർഷങ്ങളായി സഹകരണ മേഖലയെ തകർക്കാൻ കേന്ദ്രം നടത്തിവരുന്ന നീക്കങ്ങളുടെ തുടർച്ചയാണ് ഇപ്പോഴത്തെ ഇഡിയുടെ വരവും പരിശോധനകളുമെന്ന് സിപിഐ സംസ്ഥാന കൗൺസിൽ അംഗവും സഹകരണ സംരക്ഷണ സമിതി വൈസ് ചെയർമാനുമായ ടി കെ രാജൻ പറഞ്ഞു. 

Eng­lish Sum­ma­ry: polit­i­cal protest agains cen­tral agencies

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.