23 November 2024, Saturday
KSFE Galaxy Chits Banner 2

കാർട്ടൂണിസ്റ്റ് സുകുമാർ അന്തരിച്ചു

Janayugom Webdesk
കൊച്ചി
September 30, 2023 10:38 pm

വരയിലൂടെയും എഴുത്തിലൂടെയും മലയാളികളെ ചിരിപ്പിച്ച കാർട്ടൂണിസ്റ്റ് സുകുമാർ(91) അന്തരിച്ചു. വാർധക്യ സഹജമായ അസുഖങ്ങളെ തുടർന്ന് കൊച്ചിയിൽ മകളുടെ വസതിയില്‍ വിശ്രമത്തിലായിരുന്നു. തിരുവനന്തപുരത്തെ ആറ്റിങ്ങൽ വീരളത്ത് മഠത്തിൽ സുബ്ബരായൻ പോറ്റിയുടെയും കൃഷ്ണമ്മാളിന്റെയും മകനായി 1932 ജൂലൈ ഒമ്പതിനാണ് ജനനം. എസ് സുകുമാരൻ പോറ്റി എന്നാണ് യഥാർത്ഥനാമം. വിദ്യാർത്ഥിയിരുന്ന കാലം മുതലേ വരയുണ്ട്. ആദ്യ കാർട്ടൂൺ പ്രസിദ്ധീകരിച്ചത് 1950ൽ വികടനിൽ. 1957ൽ പൊലിസ് വകുപ്പിൽ ജോലിക്ക് കയറി. 1987ൽ വഴുതക്കാട് പൊലീസ് ഹെഡ്ക്വാർട്ടേഴ്സ് സിഐഡി വിഭാഗത്തിൽ നിന്ന് അഡ്മിനിസ്ട്രേറ്റീവ് അസിസ്റ്റന്റായി വിരമിച്ചു. മനഃശാസ്ത്രം മാസികയിൽ 17 വർഷം വരച്ച ‘ഡോ. മനശാസ്ത്രി’ എന്ന കാർട്ടൂൺ കോളം പ്രസിദ്ധമാണ്. കേരള കാർട്ടൂൺ അക്കാദമി, നർമകൈരളി എന്നിവയുടെ സ്ഥാപകനാണ്.

കേരള കാർട്ടൂൺ അക്കാദമിയുടെ ചെയർമാനും സെക്രട്ടറിയുമായിരുന്നു. 2019 ൽ തിരുവനന്തപുരത്തു നിന്ന് എറണാകുളത്തേക്ക് താമസം മാറ്റി. കക്ഷിഭേദമില്ലാത്ത വിമർശനവും ചിരിയും സുകുമാറിന്റെ രാഷ്ട്രീയ കാർട്ടൂണുകളിൽ നിറഞ്ഞുനിന്നിരുന്നു. കഥയും നോവലും കവിതയും നാടകവും ഉൾപ്പെടെ 52 ഹാസ്യഗ്രന്ഥങ്ങൾ രചിച്ചു. ഹാസ മൊഴികളോടെ 12 മണിക്കൂർ അഖണ്ഡ ചിരിയജ്ഞം നടത്തി റെക്കോഡിട്ടു. വായിൽ വന്നത് കോതയ്ക്ക് പാട്ട് എന്ന ഹാസ്യ കവിതാ സമാഹാരത്തിന് 1996 ലെ ഹാസ്യ സാഹിത്യത്തിനുള്ള കേരള സാഹിത്യ അക്കാദമി പുരസ്കാരം ലഭിച്ചിട്ടുണ്ട്. ഇ വി സ്മാരക സമിതിയുടെ പുരസ്കാരവും നേടിയിട്ടുണ്ട്.
ഭാര്യ: പരേതയായ സാവിത്രി അമ്മാൾ. മക്കൾ: സുമംഗല, പരേതയായ രമ. മരുമകൻ: കെ ജി സുനിൽ (ഹിന്ദുസ്ഥാൻ ലിവർ റിട്ട. ഉദ്യോഗസ്ഥൻ). 

Eng­lish Sum­ma­ry: Car­toon­ist Suku­mar passed away

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.