6 November 2024, Wednesday
KSFE Galaxy Chits Banner 2

Related news

May 11, 2024
February 17, 2024
December 11, 2023
October 2, 2023
July 12, 2023
October 19, 2022
September 27, 2022
September 5, 2022
August 17, 2022

മാലിന്യമുക്ത നവകേരളത്തിലേക്ക് ചുവടുവച്ച്

എം ബി രാജേഷ്
October 2, 2023 4:45 am

ശുചിത്വവും സേവനവും ആത്മീയാനുഭവമാക്കി മാറ്റിയ മഹാത്മാഗാന്ധി പരിസര ശുചീകരണത്തിന്റെ മഹത്തായ മാതൃകയാണ് മുന്നോട്ടുവയ്ക്കുന്നത്. അതിനാൽത്തന്നെ നാടിനെ മാലിന്യമുക്തമാക്കാനുള്ള പ്രവർത്തനങ്ങൾ ത്വരിതപ്പെടുത്താനുള്ള വേള ഗാന്ധിജയന്തി ദിനം തന്നെയാണ്. മാലിന്യമുക്തം നവകേരളം ക്യാമ്പയിൻ രണ്ടാംഘട്ട പ്രവർത്തനത്തിന്റെ ഭാഗമായി വിപുലമായ ശുചീകരണ പ്രവർത്തനങ്ങൾക്കാണ് ഇന്ന് തുടക്കമാകുന്നത്. ഒരുവാരം നീണ്ടുനിൽക്കുന്ന ഈ പ്രവൃത്തിയിൽ 30 ലക്ഷം സന്നദ്ധസേവകരാണ് പങ്കാളികളാകുക. 2024ൽ മുഴുവൻ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളെയും മാലിന്യമുക്തമാക്കി സമ്പൂർണ ശുചിത്വപദവിയിൽ എത്തിക്കുകയെന്ന ലക്ഷ്യത്തോടെയാണ് സംസ്ഥാന സർക്കാർ ഈ വർഷം മാർച്ച് 15ന് മൂന്ന് ഘട്ടങ്ങളായുള്ള മാലിന്യമുക്തം നവകേരളം ക്യാമ്പയിൻ ആരംഭിച്ചത്. ക്യാമ്പയിൻ ആരംഭിച്ച് ആറുമാസം പിന്നിടുമ്പോൾ ലഭിക്കുന്ന കണക്ക് മാറ്റം പ്രകടമാക്കുന്നതാണ്. ഉറവിട ജൈവമാലിന്യ ശേഖരണവും വീടുതോറും ഉള്ള അജൈവ മാലിന്യ ശേഖരണവും 90–100 ശതമാനമുള്ള തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ 2023 ജനുവരിയിൽ 19 മാത്രമായിരുന്നു. ഓഗസ്റ്റിൽ അത് 88 ആയി ഉയർന്നു. 50 മുതൽ 90ശതമാനമുള്ള തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ ജനുവരിയിൽ 244 ആയിരുന്നത് ഓഗസ്റ്റിൽ 499 ആയി.

ക്യാമ്പയിൻ തുടങ്ങിയ ശേഷം പൊതുസ്ഥലത്തെ 5616 മാലിന്യക്കൂനകൾ കണ്ടെത്തി. അതിൽ 5263 (93.7ശതമാനം) എണ്ണം ഇതുവരെ നീക്കംചെയ്തു. എൻഫോഴ്സ്മെന്റ് പ്രവർത്തനങ്ങളിലായി ആകെ 4226 കേസുകൾ മാർച്ച് മുതൽ രജിസ്റ്റർ ചെയ്തു. ഇതിൽ 2.48 കോടി രൂപ പിഴ ചുമത്തുകയും 50 ലക്ഷത്തോളം പിഴ ഈടാക്കുകയും ചെയ്തു. മാർച്ചിൽ 13,414 മിനി എംസിഎഫുകൾ ഉണ്ടായിരുന്നത് ഓഗസ്റ്റിൽ 15,247ലേക്ക് എത്തി. ഇതേ കാലയളവിൽ എംസിഎഫുകൾ 1209 ൽ നിന്ന് 1301 ഉം ആർആർഎഫുകൾ 148 ൽ നിന്ന് 173 ഉം ആയി. മാർച്ചിനു മുമ്പ് 30,779 ആയിരുന്ന ഹരിതകർമ്മ സേനാംഗങ്ങളുടെ എണ്ണം ഓഗസ്റ്റിൽ 34,382ലേക്ക് എത്തി. ക്യാമ്പയിൻ ലക്ഷ്യമായി പ്രഖ്യാപിച്ചിട്ടുള്ള സുസ്ഥിരവും സമ്പൂർണവുമായ മാറ്റത്തിലേക്ക് ഇനിയും ഏറെ ദൂരം പോകാനുണ്ട്. വലിയ ബോധവൽക്കരണം ഇതിന് ആവശ്യമാണ്. മാലിന്യ പരിപാലനം സംബന്ധിച്ച അടിസ്ഥാന സാക്ഷരത നമുക്കില്ല എന്നത് ലജ്ജാകരമാണ്. തോന്നിയതുപോലെ വഴിയിൽ വലിച്ചെറിയുന്ന സംസ്കാരശൂന്യത ആധുനിക പൗരബോധത്തിന്റെ അഭാവമാണ്. മാലിന്യത്തിന്റെ തരംതിരിവ് സംബന്ധിച്ച പ്രാഥമികധാരണ പോലും ഭൂരിപക്ഷത്തിനുമില്ല. മാലിന്യ സംസ്കരണ പദ്ധതികൾ സംബന്ധിച്ച എതിർപ്പുണ്ടാകുന്നത് ആവശ്യമായ അവബോധം ഇല്ലാത്തതുകൊണ്ടാണ്. മാലിന്യ പരിപാലനവുമായി ബന്ധപ്പെട്ട് ഒട്ടേറെ സാങ്കേതികവിദ്യകൾ ഇന്ന് ലഭ്യമാണ്. ശാസ്ത്രീയമായ ലാന്റ്ഫിൽ ആകട്ടെ സാനിറ്ററി പാഡുകൾ സംസ്കരിക്കുന്ന ഇൻസിനിറേഷൻ സംവിധാനമാകട്ടെ എല്ലാ വികസിത നാടുകളും സ്വീകരിക്കുന്ന രീതികളാണ്. ഇത്തരത്തിലുള്ള ഏത് സംവിധാനം വരുമ്പോഴും എതിർപ്പുമായി വരുന്നത് ശാസ്ത്രീയ സംസ്കരണത്തെ കുറിച്ചുള്ള ധാരണക്കുറവ് കൊണ്ടാണ്.


ഇതുകൂടി വായിക്കൂ: ഇന്ത്യൻ പാരിസ്ഥിതിക നിയമത്തിലെ ഇരുണ്ട ഏട്


ജനങ്ങളുടെ അവബോധമില്ലായ്മയെ ചൂഷണംചെയ്യുന്ന നിക്ഷിപ്ത താല്പര്യക്കാർ ഇവിടെ ധാരാളമുണ്ടെന്ന കാര്യവും വിസ്മരിക്കാനാകില്ല. എന്നാൽ ഇത്തരക്കാർക്ക് മുമ്പിൽ സർക്കാരിന് വഴങ്ങാൻ കഴിയില്ല. ബോധവൽക്കരണംകൊണ്ട് മാത്രം കാര്യങ്ങൾ പൂർണമായും മാറും എന്ന തെറ്റിദ്ധാരണയും സർക്കാരിനില്ല. കടുത്ത പിഴയടക്കമുള്ള ശിക്ഷകൾ നിയമവിരുദ്ധ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നതിൽ നിന്നും ആളുകളെ തടയും. ശക്തമായ നിയമ നടപടികളിലേക്ക് കടക്കാനാണ് സർക്കാർ ഉദ്ദേശിക്കുന്നത്. ഇതിനാവശ്യമായ നിയമനിർമ്മാണത്തിനുള്ള നടപടികൾ എടുത്തുവരുന്നു.
ഓരോ തദ്ദേശ സ്ഥാപനങ്ങളും മാലിന്യമുക്തമാകുന്നതോടെ ശാസ്ത്രീയമായ രീതിയിൽ മാലിന്യം പരിപാലിക്കുന്ന സംസ്ഥാനം എന്ന ലക്ഷ്യത്തിലേക്ക് നടന്നടുക്കാനാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇത് ലക്ഷ്യമിട്ടുള്ള പ്രവർത്തനങ്ങളാണ് ഘട്ടംഘട്ടമായും ചിട്ടയോടെയും നടപ്പാക്കിവരുന്നത്. നാം ഉദ്ദേശിക്കുന്ന ലക്ഷ്യം എന്താണോ അത് കൈവരിക്കുക തന്നെ ചെയ്യും എന്ന പ്രതിജ്ഞയാണ് ഗാന്ധിജയന്തി ദിനത്തിൽ എടുക്കുന്നത്. ഇക്കാര്യത്തിൽ വിട്ടുവീഴ്ചയോ ഒത്തുതീർപ്പോ ഇല്ല എന്നും വ്യക്തമാക്കട്ടെ. സാമൂഹിക, രാഷ്ട്രീയ പരിസ്ഥിതി സംഘടനകൾക്കും കലാസാംസ്കാരിക പ്രവർത്തകർക്കും വിദ്യാർത്ഥികൾക്കും ഉൾപ്പെടെ സമൂഹത്തിലെ മുഴുവൻ പേർക്കും ഇതിൽ നിർണായക പങ്ക് വഹിക്കാനാകും. അങ്ങനെ കൂട്ടായ പ്രവർത്തനത്തിലൂടെ മാലിന്യമുക്തം നവകേരളം എന്ന ആശയത്തെ നമുക്ക് കൂടുതൽ അർത്ഥവത്താക്കാം.

TOP NEWS

November 5, 2024
November 5, 2024
November 5, 2024
November 5, 2024
November 5, 2024
November 5, 2024

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.