15 November 2024, Friday
KSFE Galaxy Chits Banner 2

സഹകരണ മേഖലയെ തകര്‍ക്കാന്‍ നീക്കം: ജീവനക്കാര്‍ സമരത്തിലേക്ക്

Janayugom Webdesk
തിരുവനന്തപുരം
October 4, 2023 9:59 pm

സഹകരണ മേഖലയെ തകര്‍ക്കാനുള്ള ശ്രമങ്ങള്‍ക്കെതിരെ സഹകരണ ജീവനക്കാര്‍ ഒറ്റക്കെട്ടായി പ്രക്ഷോഭത്തിലേക്ക്. സഹകരണ മേഖല സംരക്ഷിക്കുന്നതിനുള്ള ശക്തമായ സമരപരിപാടികളുമായി മുന്നോട്ടു പോകുന്നതിന് ജീവനക്കാരുടെ സംഘടനകളുടെ സംയുക്ത സമിതി രൂപീകരിച്ചു. ഇഡി കാണിക്കുന്ന അമിതാവേശം സഹകരണ മേഖലയെ തകര്‍ക്കാനുള്ള ഗൂഢശ്രമത്തിന്റെ ഭാഗമാണെന്ന് കോ ഓപ്പറേറ്റീവ് എംപ്ലോയീസ് കോ ഓര്‍ഡിനേഷന്‍ കമ്മിറ്റി ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. എന്‍ കെ രാമചന്ദ്രന്നാ (കെസിഇയു — സിഐടിയു) ണ് സമിതിയുടെ കണ്‍വീനര്‍. വൈസ് ചെയര്‍മാന്മാരായി വി എം അനില്‍ (കെസിഇസി — എഐടിയുസി), സി സുജിത് (എംപ്ലോയീസ് സെന്റര്‍), പി എം വഹീദ എന്നിവരെയും ജോയിന്റ് കണ്‍വീനര്‍മാരായി പൊന്‍പാറ കോയക്കുട്ടി (കെസിഇഒ), അമ്പക്കാട്ട് സുരേഷ് (എംപ്ലോയീസ് കോണ്‍ഗ്രസ് — ഐന്‍ടിയുസി) എന്നിവരെയും തിരഞ്ഞെടുത്തു.

സഹകരണ മേഖലയില്‍ അഴിമതി നടന്നിട്ടുണ്ടെങ്കില്‍ അതിനെ ഒരിക്കലും അംഗീകരിക്കുന്നില്ല. അഴിമതി ബോധ്യപ്പെട്ടാല്‍ അവിടെ പരിശോധന നടത്തുതിനും നടപടി എടുക്കുന്നതിനും എതിരുമല്ല. എന്നാല്‍ എല്ലാ സഹകരണ ബാങ്കുകളിലും അഴിമതിയാണെന്ന പുകമറ സൃഷ്ടിച്ച് സഹകാരികളെയും സാധാരണക്കാരെയും അകറ്റാനാണ് ഇഡിയുടെ പരിശ്രമം. നടത്തിപ്പിലെ വൈകല്യമാണ് ചില സംഘങ്ങളില്‍ അഴിമതിക്ക് ഇടവരുത്തിയത്. 16,255 സഹകരണ സംഘങ്ങളില്‍ ഏതാനും സംഘങ്ങളില്‍ മാത്രമേ ക്രമക്കേട് കണ്ടെത്തിയിട്ടുള്ളു.

അഴിമതി നടത്തിയിട്ടുള്ളവരെ തുറന്നു കാണിക്കുകയും ശക്തമായ നിയമ നടപടി സ്വീകരിക്കുകയും വേണം. എന്നാല്‍ സഹകരണ മേഖലയാകെ അഴിമതിയാണെന്ന് വരുത്തിത്തീര്‍ക്കും വിധം ഇപ്പോള്‍ ഇഡിയും ചില മാധ്യമങ്ങളും ഇറങ്ങിയിട്ടുള്ളത് സംശയാസ്പദമാണ്. ഈ മേഖലയിലെ ക്രമക്കേട് പര്‍വതീകരിക്കുന്നവര്‍ പൊതുമേഖലാ ബാങ്കിലെ ജീവനക്കാരുടെയും മാനേജ്‌മെന്റിന്റെയും ഒത്താശയോടു കൂടി വന്‍ തട്ടിപ്പുകള്‍ നടത്തി നാടുവിട്ടവരെക്കുറിച്ച് മൗനം പാലിക്കുന്നു. കേരളത്തിലെ സഹകരണ സ്ഥാപനങ്ങളില്‍ നിക്ഷേപിച്ച ചില്ലി കാശ് പോലും നഷ്ടപ്പെടില്ല എന്ന് മുഖ്യമന്ത്രി വ്യക്തമാക്കിയിട്ടുണ്ട്. കരുവന്നൂരില്‍ പ്രത്യേക പാക്കേജ് പ്രഖ്യാപിക്കുകയും നിക്ഷേപകരുടെ പണം തിരികെ നല്‍കാനുള്ള നടപടികള്‍ പുരോഗമിക്കുകയുമാണ്.

കൃഷിക്കാരും ചെറുകിട വ്യാപാരികളും ഉള്‍പ്പെടെ കേരളത്തില്‍ ലക്ഷക്കണക്കിന് ആളുകളാണ് ഈ മേഖലയെ ആശ്രയിച്ച് ജീവിതം മുന്നോട്ട് നയിക്കുന്നത്. അവര്‍ക്കിടയില്‍ ആശങ്ക സൃഷ്ടിക്കാനെ ഇഡിയുടെ നിലപാട് വഴിവയ‌്ക്കു. സഹകരണ മേഖല സുരക്ഷിതമല്ലെന്ന് വരുത്തിത്തീര്‍ത്ത് മള്‍ട്ടിസ്റ്റേറ്റ് സഹകരണ സ്ഥാപനങ്ങളിലേക്ക് നിക്ഷേപം വഴിതിരിച്ചുവിടാനുള്ള ഗൂഢനീക്കവും ഇതിന് പിന്നിലുണ്ട്. കേരളത്തിലെ സഹകരണ മേഖല തകര്‍ന്നാല്‍ കേരളമാണ് തകരുക. അത് സാധാരണക്കാരുടെ ജീവിതം ദുരിത പൂര്‍ണമാക്കുമെന്ന് എല്ലാവരും മനസിലാക്കണമെന്നും ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ ചൂണ്ടിക്കാട്ടി.

Eng­lish Sum­ma­ry: attempt to tan­ish coop­er­a­tive sec­tor: Employ­ees go on strike
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.