രാജ്യത്തെ പിടിച്ചുലച്ച ഭൂചലനത്തില്‍ മരണം 2050 കവിഞ്ഞു. സര്‍വനാശം വിതച്ച ഭൂചലനത്തില്‍ 10,000 ഓളം പേര്‍ക്ക് പരിക്കേറ്റതായും താലിബാന്‍ ഭരണകൂടം അറിയിച്ചു. പരിക്കേറ്റ പലരുടെയും നില ഗുരുതരമായതിനാല്‍ മരണ സംഖ്യ ഇനിയും ഉയര്‍ന്നേക്കും. ശനിയാഴ്ചയാണ് ഭൂകമ്പ മാപിനിയില്‍ 6.3 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം അനുഭവപ്പെട്ടത്. തൊട്ടു പിന്നാലെ എട്ട് തവണ തുടര്‍ചലനവുമുണ്ടായി. പ്രവിശ്യ തലസ്ഥാനമായ ഹെറാത്തില്‍ നിന്നും 30 കിലോമീറ്റര്‍ അകലെയാണ് ഭൂചലനത്തിന്റെ പ്രഭവ കേന്ദ്രം. ഹെറാത്തിന് സമീപമുള്ള ഗ്രാമങ്ങള്‍ നിശേഷം തകര്‍ന്നു. ഇവിടെ നിന്ന് 1,000ലധികം പേരെ രക്ഷിക്കാനായെന്നാണ് റിപ്പോര്‍ട്ട്.
പരിക്കേറ്റവരുടെ എണ്ണം തിട്ടപ്പെടുത്തി വരുന്നതേയുള്ളുവെന്ന് താലിബാന്‍ വക്താവ് ബിലാല്‍ കരീമി പറഞ്ഞു. കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങിക്കിടക്കുന്നവരെ രക്ഷിക്കാനുള്ള ഊര്‍ജിത ശ്രമം നടക്കുകയാണ്. 1000ത്തിലധികം വീടുകള്‍ തകരുകയും 10,000 കണക്കിന് പേര്‍ ദുരന്ത ബാധിതരാവുകയും ചെയ്തു. ആദ്യ പ്രകമ്പനത്തില്‍ തന്നെ വീടുകള്‍ നിലം പൊത്തിയതായും പലരെക്കുറിച്ചും ഇതുവരെ വിവരം ലഭിച്ചിട്ടില്ലെന്നും ബിലാല്‍ കരീമി പറഞ്ഞു. സിന്‍ഡ ജാനിലെ 12, ഗോറിയാന്‍ ജില്ലയിലെ ആറ് ഗ്രാമങ്ങള്‍ പൂര്‍ണമായും തകര്‍ന്നടിഞ്ഞു. ഹെല്‍മാന്ദ്, കാണ്ഡഹാര്‍ എന്നിവിടങ്ങളില്‍ നിന്നുള്ള രക്ഷാപ്രവര്‍ത്തക സംഘം ഹെറാത്തില്‍ എത്തിച്ചേര്‍ന്നിട്ടുണ്ട്.
2022 ജൂണില്‍ കിഴക്കന്‍ അഫ്ഗാനിസ്ഥാനിലുണ്ടായ ഭൂചലനത്തില്‍ കനത്ത നാശനഷ്ടങ്ങളും ജീവഹാനിയും റിപ്പോര്‍ട്ട് ചെയ്തിരുന്നു. 1000പേര്‍ മരിക്കുകയും 1500 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. തുടര്‍ച്ചയായ ഭൂചലനങ്ങള്‍ക്കാണ് അഫ്ഗാന്റെ കിഴക്കന്‍ മേഖലയുള്‍പ്പെടെയുള്ള പ്രദേശങ്ങള്‍ സാക്ഷിയാകുന്നത്. യൂറേഷ്യന്‍-ഇന്ത്യന്‍ ടെക്ടോണിക് പ്ലേറ്റുകള്‍ക്ക് സമീപമുള്ള ഹിന്ദുക്കുഷ് മലനിരകളാണ് ഇതില്‍ പ്രധാനം. 2021 ഓഗസ്റ്റില്‍ ജനകീയ സര്‍ക്കാരിനെ പുറത്താക്കി താലിബാന്‍ അധികാരമേറ്റതിനെ തുടര്‍ന്ന് കടുത്ത രാഷ്ട്രീയ സാമ്പത്തിക അരക്ഷിതാവസ്ഥയിലൂടെ കടന്നുപോകുന്നതിനിടെയാണ് തുടര്‍ച്ചയായ പ്രകൃതി ദുരന്തങ്ങളും അഫ്ഗാനെ വേട്ടയാടുന്നത്.
English Summary: Earthquake wreaks havoc in Afghanistan: Over 2,000 dead, death toll likely to rise
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.