28 September 2024, Saturday
KSFE Galaxy Chits Banner 2

Related news

September 27, 2024
September 26, 2024
September 24, 2024
September 24, 2024
September 24, 2024
September 21, 2024
September 18, 2024
September 2, 2024
August 25, 2024
July 21, 2024

ഇസ്രയേലും വർഗീയ പ്രചാരണായുധമാക്കാന്‍ ബിജെപി

അരുണ്‍ ശ്രീവാസ്തവ
October 12, 2023 4:45 am

ശനിയാഴ്ച, വലതുപക്ഷ പ്രൊഫെെലുകളില്‍ ഒരു പോസ്റ്റ് പ്രത്യക്ഷപ്പെട്ടു; ‘ഇന്ന് ഇസ്രയേൽ നേരിടുന്നത്, 2004–14 ഘട്ടത്തിൽ ഇന്ത്യ അനുഭവിച്ചിരുന്നതാണ്. 26/11/2008 മുംബൈയെ ലക്ഷ്യം വച്ചതുപോലെ ഇന്നലെ, ഇസ്രയേൽ ഒരു ഭീകരാക്രമണത്തെ അഭിമുഖീകരിച്ചു. ഇസ്രയേൽ യുദ്ധം പ്രഖ്യാപിക്കുകയും അവരുടെ സൈന്യം തിരിച്ചടിക്കുകയും ചെയ്തു. ദുർബലമായ കോൺഗ്രസിന് കീഴിലായിരുന്ന ഇന്ത്യ എന്താണ് ചെയ്തത്?’. അഞ്ച് സംസ്ഥാന നിയമസഭകളിലേക്കുള്ള തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് രണ്ട് ദിവസം മുമ്പ് പുറത്തുവിട്ട ഈ പോസ്റ്റിലെ സൂചന വ്യക്തമാണ്. വർഗീയ ധ്രുവീകരണവും ഇസ്ലാമിക ഭീകരതയും മുസ്ലിം വിരുദ്ധ വികാരങ്ങളും ആളിക്കത്തിച്ച് തെരഞ്ഞെടുപ്പ് വിഷയമാക്കാമെന്ന് സംഘ്പരിവാര്‍ കരുതുന്നു. സാമൂഹികനീതിക്കും പ്രാതിനിധ്യത്തിനുമുള്ള ഉപകരണമായി ജാതി സെൻസസിനെ അവതരിപ്പിക്കാനുള്ള കോണ്‍ഗ്രസിന്റെ തന്ത്രത്തെ വര്‍ഗീയതകൊണ്ട് നേരിടാനുള്ള പുതിയ വിഷയം. ഇസ്രയേലിന് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ച നരേന്ദ്ര മോഡി അക്ഷരാർത്ഥത്തിൽ 50 വർഷമായുള്ള മധ്യപൂര്‍വ നയതന്ത്രനയങ്ങൾ ചവറ്റുകുട്ടയിലേക്ക് വലിച്ചെറിഞ്ഞു. മോഡി ഇസ്രയേലിന് പിന്തുണ നൽകുന്നതിൽ അതിശയിക്കാനില്ല. കേന്ദ്രത്തില്‍ അധികാരത്തിൽ വന്നതു മുതൽ ആ രാജ്യവുമായുള്ള ബന്ധം ശക്തിപ്പെടുത്താൻ ആർഎസ്എസും ബിജെപിയും കഠിനാധ്വാനം ചെയ്തിട്ടുണ്ട്. പെഗാസസ് വിവാദം ഉയര്‍ന്നപ്പോള്‍ത്തന്നെ ഇസ്രയേൽ ചാരസംഘടനയായ മൊസാദ് ഇന്ത്യയിൽ കടന്നുകയറ്റം നടത്തുന്നതിൽ വിജയിച്ചുവെന്ന് വ്യക്തമായിരുന്നതാണ്. സുരക്ഷാ വലയത്തിലും പ്രവർത്തനങ്ങളിലും അതിന്റെ അദൃശ്യസാന്നിധ്യം മുതിർന്ന സർക്കാർ വൃത്തങ്ങള്‍തന്നെ അംഗീകരിക്കുന്നുണ്ട്. നിലവിലെ ഹമാസ് ആക്രമണത്തെക്കുറിച്ചുള്ള മോഡിയുടെ പ്രസ്താവന ഇന്ത്യ‑ഇസ്രയേൽ ഉഭയകക്ഷി ബന്ധത്തിലുണ്ടായ മാറ്റമാണ് പ്രകടമാക്കുന്നത്.

1992ൽ ഇസ്രയേലുമായി ഉഭയകക്ഷി ബന്ധം ആരംഭിച്ചെങ്കിലും നരേന്ദ്ര മോഡിയുടെ ഭരണകാലത്താണത് ശക്തിപ്പെട്ടത്. ‘ഇസ്രയേലിലെ ഭീകരാക്രമണ വാർത്ത അഗാധമായ ഞെട്ടലുണ്ടാക്കി. ഞങ്ങളുടെ ചിന്തകളും പ്രാർത്ഥനകളും നിരപരാധികളായ ഇരകൾക്കും അവരുടെ കുടുംബങ്ങൾക്കും ഒപ്പമുണ്ട്. ഈ ദുഷ്കരമായ സമയത്ത് ഞങ്ങൾ ഇസ്രയേലിനോട് ഐക്യദാർഢ്യത്തോടെ നിലകൊള്ളുന്നു‘വെന്നാണ് മോഡി ട്വീറ്റ് ചെയ്തത്. സ്വാതന്ത്ര്യത്തിനു ശേഷമുള്ള ആദ്യവർഷങ്ങളിൽ ഇന്ത്യക്ക് ഇസ്രയേലുമായി ഒരു ബന്ധവുമില്ലാതിരുന്നപ്പോഴും ആർഎസ്‌എസ് ആ രാജ്യത്തെ പുകഴ്ത്തിയിരുന്നു എന്നതൊരു ചരിത്രവസ്തുതയാണ്. മോഡിയും ഇസ്രയേൽ ഭരണകൂടവും തമ്മിലുള്ള അടുപ്പത്തിന്റെ പ്രധാന കാരണം ഇരുകൂട്ടരുടെയും രാഷ്ട്രീയാദര്‍ശമാണ്. ആർഎസ്എസിന്റെയും ബിജെപിയുടെയും തീവ്ര വലതുപക്ഷ ഹിന്ദു ദേശീയതയും ബെഞ്ചമിൻ നെതന്യാഹുവിന്റെ വലതുപക്ഷ തീവ്ര ദേശീയവാദവും പൊതുവായി മുസ്ലിം വിരുദ്ധ പ്രത്യയശാസ്ത്രങ്ങളാണ്. സാമൂഹ്യ‑സാമ്പത്തിക വിഷയങ്ങളിൽ കോൺഗ്രസിനെ നേരിടാൻ കഴിയാതെവരുമെന്ന അവസ്ഥ വർഗീയത വളർത്താനും ഹിന്ദു വോട്ടുകൾ ധ്രുവീകരിക്കുകയെന്ന പരീക്ഷിച്ചു വിജയിച്ച തന്ത്രം അവലംബിക്കാനും ആർഎസ്എസിനും ബിജെപിക്കും പ്രേരണയായി. വർഗീയ തന്ത്രങ്ങളുടെ പ്രധാന ശില്പിയായ ആർഎസ്എസ് മേധാവി മോഹൻ ഭാഗവതും ഇസ്രയേലുമായുള്ള അടുപ്പം ഹിന്ദുക്കളിൽ വലിയ നല്ല സ്വാധീനം ചെലുത്തുമെന്നാണ് കരുതുന്നത്. ഇത് ജാതി സെൻസസ് മൂലം പ്രതിപക്ഷസഖ്യത്തിനുണ്ടാകുന്ന അനുകൂലാവസ്ഥയെ ഒരു പരിധിവരെ നിർവീര്യമാക്കുമെന്നും ബാലാകോട്ട് സർജിക്കൽ സ്ട്രെെക്കിന് ശേഷമെന്നപോലെ ഒബിസി വിഭാഗങ്ങൾ വീണ്ടും പിന്തുണയുമായി എത്തുമെന്നും ബിജെപി കണക്കുകൂട്ടുന്നു. ബിജെപിയുടെ ഔദ്യോഗിക എക്സ് ഹാൻഡിലിലും പശ്ചിമേഷ്യൻ പ്രതിസന്ധിയെ രാഷ്ട്രീയ നേട്ടത്തിനായി മുതലെടുക്കാൻ ശ്രമിക്കുന്നത് കാണാം. ‘ഇന്ന് ഇസ്രയേൽ അഭിമുഖീകരിക്കുന്നത്, 2004–14 കാലഘട്ടത്തിൽ ഇന്ത്യ അനുഭവിച്ചു‘വെന്ന് തന്നെയാണ് രാജ്യത്തെ ചില ഭീകരാക്രമണ വീഡിയോകളോടൊപ്പം അതില്‍ പോസ്റ്റ് ചെയ്തത്.


ഇതുകൂടി വായിക്കൂ: ഹമാസ്-ഇസ്രയേല്‍ യുദ്ധം മോഡിയുടെ പ്രതികരണം ഏകപക്ഷീയം


അതേസമയം എൻഡിഎ അധികാരത്തിലിരുന്നപ്പോൾ രാജ്യം നേരിട്ട ആക്രമണങ്ങളെ അവഗണിക്കുകയും ചെയ്തു. 1999ലെ കാർഗിൽ അധിനിവേശം, എയർ ഇന്ത്യ വിമാനം റാഞ്ചൽ, 2001ലെ പാർലമെന്റ് ആക്രമണം എന്നിവയൊന്നും വീഡിയോകളിലില്ല. മോഡിയുടെ കാലത്താണ് 2016ല്‍ ഉറിയിലെ സൈനിക ക്യാമ്പിന് നേരെ ആക്രമണമുണ്ടായത്. 2019ലെ പുൽവാമ ആക്രമണത്തില്‍ 40 ഓളം സിആർപിഎഫ് സൈനികർ കൊല്ലപ്പെട്ടു. കശ്മീരിൽ ഭീകരാക്രമണങ്ങൾ നിരന്തരം തുടരുകയുമാണ്. ഇസ്ലാമിസ്റ്റ് ജിഹാദി ഭീകരത, കശ്മീർ തീവ്രവാദികൾ, പാകിസ്ഥാൻ എന്നിവയ്ക്കെതിരെ ഇസ്രയേൽ ആക്രമണത്തെ വലതുപക്ഷ കേന്ദ്രങ്ങള്‍ ഉദ്ധരിക്കുകയാണ്. ഹമാസിനെതിരെ ടെൽ അവീവിലേക്ക് ഇന്ത്യ മിസൈലുകൾ നൽകുമെന്ന മോഡിയുടെ പ്രസ്താവനയിലും അത്ഭുതപ്പെടേണ്ടതില്ല. അഞ്ച് മാസമായി മണിപ്പൂരിൽ വംശഹത്യ നടക്കുമ്പോൾ നിഷ്ക്രിയ മൗനം പാലിച്ച പ്രധാനമന്ത്രി ഇസ്രയേലിന് പിന്തുണ നൽകാൻ ഉണര്‍ന്നുപ്രവര്‍ത്തിച്ചുവെന്നതും ശ്രദ്ധേയമാണ്. മണിപ്പൂരിൽ ക്രിസ്ത്യാനികൾക്കും അഹിന്ദുക്കൾക്കുമെതിരെ ആക്രമണം നടത്തിയ മതഭ്രാന്തന്മാരോടൊപ്പമായിരുന്നു ബിജെപി. ദരിദ്രരുടെയും ഒബിസികളുടെയും മറ്റ് പിന്നാക്കക്കാരുടെയും മുസ്ലിങ്ങളുടെയും ശബ്ദവും വികാരങ്ങളും ഏറ്റെടുക്കുന്ന നയവുമായി കോൺഗ്രസ് ഉള്‍പ്പെട്ട പ്രതിപക്ഷം മുന്നോട്ട് പോകുകയാണ്. തിങ്കളാഴ്ച ചേർന്ന കോൺഗ്രസ് പ്രവർത്തക സമിതി രാജ്യവ്യാപകമായി ജാതി സെൻസസ് ആരംഭിക്കുമെന്ന് പ്രഖ്യാപിച്ചു. ജനസംഖ്യാനുസൃതമായി സംവരണം നൽകുന്നതിന് 50 ശതമാനം ക്വാട്ട എന്ന പരിധി എടുത്തുകളയുമെന്നും വാഗ്ദാനം ചെയ്തു. ‘ജാതി സെൻസസ് എന്നത് നീതിയെയും പ്രാതിനിധ്യത്തെയും സംബന്ധിക്കുന്നതാണ്. അത് തെരഞ്ഞെടുപ്പ് നേട്ടത്തിനായുള്ളതല്ല. എന്തുവന്നാലും അത് നടപ്പിലാക്കുമെന്ന് പാര്‍ട്ടിയുടെ ഉന്നതതലത്തില്‍ തീരുമാനിച്ചിട്ടുണ്ട്. പറ്റിയ തെറ്റ് ഞങ്ങൾ അംഗീകരിക്കുന്നു. ഇത് നേരത്തെ ചെയ്യണമായിരുന്നു. വാഗ്ദാനത്തില്‍ നിന്ന് ഞങ്ങൾ പിന്മാറില്ല’ എന്ന് രാഹുല്‍ഗാന്ധി വ്യക്തമാക്കി. കോൺഗ്രസിന്റെ ഈ നീക്കത്തെ പ്രതിരോധിക്കുന്നതില്‍ ആർഎസ്എസിന്റെയും ബിജെപിയുടെയും രാഷ്ട്രീയനയം വിജയിക്കില്ല എന്ന് വ്യക്തമാണ്. അതിനവര്‍ പുറത്തെടുക്കുന്ന തീവ്രഹിന്ദുത്വ നിലപാട് പ്രതിപക്ഷത്തിന് പ്രശ്നങ്ങൾ സൃഷ്ടിക്കാനും സാധ്യതയുണ്ട്.

അടുത്ത നാല് മാസങ്ങള്‍ തികച്ചും രാഷ്ട്രീയ പ്രാധാന്യമുള്ളവയാണ്. ആർഎസ്എസും ബിജെപിയും മുസ്ലിങ്ങൾക്കെതിരായ ആക്രമണം ശക്തമാക്കുകയും വർഗീയ ധ്രുവീകരണം രൂക്ഷമാക്കുകയും ചെയ്യുമ്പോൾ, പ്രതിപക്ഷ സംസ്ഥാനങ്ങളിൽ 2021ൽ നടക്കേണ്ടിയിരുന്ന സെൻസസിന്റെ ഭാഗമായി ജാതി സര്‍വേ നടക്കും. അതുകൊണ്ട് സാധാരണക്കാരായ ഹിന്ദുക്കളെ സ്വാധീനിക്കാനുള്ള പാർട്ടിയുടെ തന്ത്രത്തില്‍ ചില മുതിർന്ന ബിജെപി നേതാക്കളും സംശയം പ്രകടിപ്പിക്കുന്നു. ബിജെപിയുടേത് ആത്മഹത്യാപരമായ നീക്കമാണോ എന്നും അവര്‍ കരുതുന്നു. ആർഎസ്എസ് മേധാവി ബിജെപിക്ക് മാർഗനിർദേശം നൽകാത്തതിലും അവർ ആശങ്കയിലാണ്. മോഡിയുടെ രാഷ്ട്രീയ നിലപാടിന്റെ മൗനാനുവാദമായാണ് അവർ ഭാഗവതിന്റെ മൗനത്തെ കാണുന്നത്. ഇതാദ്യമായാണ് സംവരണത്തിന്റെ 50 ശതമാനം എന്ന പരിധി എടുത്തുകളയാൻ കോൺഗ്രസ് തീരുമാനിക്കുന്നത്. ബിഹാർ സർക്കാരിന്റെ സർവേയുടെ വെളിച്ചത്തിലാണ് തീരുമാനമെടുത്തത്. പൊതുവിഭാഗം ജനസംഖ്യ കേവലം 10 ശതമാനം മാത്രമാണെന്നും ഒബിസികൾ 65 ശതമാനത്തിൽ കൂടുതലാണെന്നും സര്‍വേ കണ്ടെത്തി. ബിജെപി ഭരിക്കുന്ന 10 സംസ്ഥാനങ്ങളിൽ ഒരു ഒബിസി മുഖ്യമന്ത്രി മാത്രമേയുള്ളൂവെന്ന് കോണ്‍ഗ്രസ് ചൂണ്ടിക്കാട്ടി. 2011ലെ സാമൂഹിക‑സാമ്പത്തിക‑ജാതി സെൻസസിന്റെ വിവരങ്ങൾ പുറത്തുവിടാതെയും പുതിയ ജാതി സെൻസസ് നടത്താതെയും മോഡി സർക്കാർ ഒബിസി സമുദായങ്ങളെയും മറ്റ് അവശ വിഭാഗങ്ങളെയും വഞ്ചിച്ചുവെന്നും 2021 സെൻസസ് മാറ്റിവച്ചു കൊണ്ട് ഭരണഘടനാപരമായ ഉത്തരവാദിത്തത്തില്‍ സര്‍ക്കാര്‍ പരാജയപ്പെട്ടിരിക്കുന്നുവെന്നും പ്രതിപക്ഷം ആരോപിച്ചു. മോഡിക്കെതിരെ ജാതി സെൻസസിന്റെ പേരിലുള്ള ശക്തമായ ആക്രമണം താഴെത്തട്ടിലുള്ള കോണ്‍ഗ്രസ് കേഡർമാരെ ആവേശഭരിതരാക്കിയെങ്കിലും ഫ്യൂഡൽ, സമ്പന്നവിഭാഗം നേതാക്കൾ രാഹുലിന്റെ നീക്കത്തെ സംശയത്തോടെയാണ് കാണുന്നത്. ഇത്തരക്കാർ അണികളിൽ ആശയക്കുഴപ്പം സൃഷ്ടിക്കാതിരിക്കാൻ എല്ലാ നടപടികളും വേണ്ടതുണ്ട്. അല്ലെങ്കില്‍ ആർഎസ്എസിനും ബിജെപിക്കും സഹായകമാകും. അഞ്ച് സംസ്ഥാനങ്ങളില്‍ പ്രഖ്യാപിച്ച നിയമസഭാ തെരഞ്ഞെടുപ്പിൽ വിജയിക്കാനായി ഏകോപനത്തോടെയും അച്ചടക്കത്തോടെയും പ്രവർത്തിക്കാന്‍ കോൺഗ്രസ് അധ്യക്ഷൻ ആവശ്യപ്പെട്ടിട്ടുണ്ട്. എന്തായാലും ജാതി സെൻസസ് പാവപ്പെട്ടവരുടെ വിമോചനത്തിനായുള്ള ചരിത്രപരമായ തീരുമാനവും ശക്തമായ ചുവടുവയ്പും ആണെന്ന് പൊതുവേ അംഗീകരിക്കപ്പെട്ടിട്ടുണ്ട്. (അവലംബം: ഐപിഎ)

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.