24 December 2024, Tuesday
KSFE Galaxy Chits Banner 2

Related news

September 26, 2024
September 3, 2024
January 8, 2024
October 13, 2023
September 13, 2023
May 5, 2023
June 17, 2022
June 8, 2022
June 7, 2022
May 31, 2022

ശോഭീന്ദ്രൻ മാഷ്; പ്രകൃതിയ്ക് വേണ്ടി ജീവിച്ച ‘പച്ച മനുഷ്യൻ’

കെ കെ ജയേഷ്
കോഴിക്കോട്
October 13, 2023 4:20 pm

“ഞാനൊരു ശൂന്യതയായിരുന്നു. സ്നേഹവും പ്രകൃതിയുടെ അർത്ഥവും എനിക്ക് നൽകിയത് കർണാടകയിലെ എന്റെ വിദ്യാർത്ഥികളാണ്” — ഈ വാക്കുകളിൽ പ്രൊഫസർ ടി ശോഭീന്ദ്രൻ എന്ന ശോഭീന്ദ്രൻ മാഷ്ക്ക് വിദ്യാർത്ഥികളോടുള്ള സ്നേഹം വ്യക്തമാണ്. എല്ലാവരിൽ നിന്നും, തന്റെ വിദ്യാർത്ഥികളിൽ നിന്നുപോലും താൻ പഠിച്ചു കൊണ്ടിരിക്കുകയാണെന്ന് അദ്ദേഹത്തിനറിയാമായിരുന്നു. തന്നിലെ അധ്യാപകനെ രൂപപ്പെടുത്തിയത് തന്റെ വിദ്യാർത്ഥികളാണെന്ന് അദ്ദേഹം തുറന്നു പറഞ്ഞു. “ചെറുപ്പത്തിൽ ഒരു കുട്ടി കാണുന്ന കാഴ്ചയാണ് ലോകത്തിലേക്ക് വച്ച് ഏറ്റവും ഭംഗിയേറിയ ഒന്ന്. വളരുന്തോറും കാഴ്ചകളിലെ കൗതുകം കുറഞ്ഞു കുറഞ്ഞു വരുന്നു. ജീവിതത്തിന്റെ നിത്യ പരിചയങ്ങളിൽ കാഴ്ചകൾ വെറും കാഴ്ചകൾ മാത്രമായി മാറുന്നു. ഓർമ്മകൾക്കുള്ളത്ര ഭംഗി ഒരിക്കലും കൺമുന്നിലൂടെ കടന്നുപോവുന്ന ജീവിതത്തിനുണ്ടാവില്ല. ”- തന്നെ രൂപപ്പെടുത്തിയ വിദ്യാർത്ഥികളോട് ഈ അധ്യാപകന് പറയാനുണ്ടായിരുന്നത് ഇത്രയുമായിരുന്നു. ക്ലാസ് മുറിയുടെ ചുവരുകൾക്കപ്പുറത്ത് വിശാലമായ ലോകത്തേക്ക് അദ്ദേഹം തന്റെ വിദ്യാർത്ഥികളെ നയിച്ചു. വിദ്യാർത്ഥികൾക്കപ്പുറത്ത് സമൂഹത്തിന്റെയും ഗുരുനാഥനായപ്പോൾ അദ്ദേഹം എല്ലാവർക്കും ശോഭീന്ദ്രൻ മാഷായി.

പ്രകൃതിയെ സ്വന്തം ജീവനക്കാളേറെ സ്നേഹിച്ച ഒരു മനുഷ്യായിരുന്നു പ്രൊഫ. ടി ശോഭീന്ദ്രൻ. മണ്ണിനും മരങ്ങൾക്കും പച്ചപ്പിനും നാടിനും വേണ്ടിയുള്ള പോരാട്ടങ്ങളിലെല്ലാം ഹരിതാഭം നിറയുന്ന വസ്ത്രം ധരിച്ച് മാഷ് എത്തി. സ്വയം കാര്യങ്ങൾ ഏറ്റെടുത്തു. കൂടുതൽ പേരെ കണ്ണിചേർത്ത് ചെറുപോരാട്ടങ്ങളെ ഒരു മഹാപ്രവാഹമാക്കി മാറ്റി. ആതിരപ്പള്ളിക്ക് വേണ്ടിയും ശാന്തിവനത്തിന് വേണ്ടിയും ഞെളിയൻ പറമ്പിന് വേണ്ടിയും ശബരിമലയ്ക്ക് വേണ്ടിയും കനോലി കനാലിനുവേണ്ടിയുമെല്ലാം ആ ശബ്ദം ഉയർന്നു. സാമൂതിരി ഗുരുവായൂരപ്പൻ കോളെജിൽ നിന്ന് എം എ ഇക്കണോമിക്സ് പഠനം പൂർത്തിയാക്കിശേഷം കുറച്ച് കാലം വിപ്ലവം പത്രത്തിലെ സബ് എഡിറ്റർ ജോലി. പിന്നീട് ബംഗളൂരുവിലെ ഗവ. ആർട്സ് ആന്റ് സയൻസ് കോളെജിൽ അധ്യാപകനായി. തുടർന്നാണ് ചിത്രദുർഗ ഗവ. കോളെജിൽ എക്കണോമിക്സ് അധ്യാപകനാകുന്നത്. ഈ കോളെജ് ജീവിതമാണ് അദ്ദേഹത്തിന്റെ ജീവിതത്തെ തന്നെ മാറ്റിമറിച്ചത്. കുട്ടികൾക്കൊപ്പം നടത്തിയ യാത്രകൾ പ്രകൃതിയോട് കൂടുതൽ അടുപ്പിച്ചു. ദസറ അവധിക്കാലത്ത് നാട്ടിൽ വന്നപ്പോഴാണ് കോഴിക്കോട് ഗുരുവായൂരപ്പൻ കോളെജിൽ ഒഴിവുണ്ടെന്ന് അറിയുന്നത്. ഉടനെ ആ ജോലിയ്ക്ക് അപേക്ഷിച്ചു. അങ്ങിനെ 1975 നവംബർ പത്തിന് താൻ പഠിച്ച ഗുരുവായൂരപ്പൻ കോളെജിൽ അധ്യാപകനായി അദ്ദേഹം ജോലിയിൽ പ്രവേശിച്ചു. നാഷണൽ സർവ്വീസ് സ്കീമിന്റെ പ്രോഗ്രാം ഓഫീസറായി പ്രവർത്തിക്കാൻ കഴിഞ്ഞതോടെയാണ് പരിസ്ഥിതി പ്രവർത്തനങ്ങൾക്ക് കൂടുതൽ സമയം ചെലവഴിക്കാൻ സാധിച്ചതെന്ന് മാഷ് പറയാറുണ്ടായിരുന്നു. മൊട്ടക്കുന്നായി കിടന്നിരുന്ന കാമ്പസിനെ ഹരിതാഭമാക്കാൻ മുന്നിട്ടിറങ്ങിയതും മാഷ് തന്നെയായിരുന്നു. 

പച്ചവസ്ത്രങ്ങളായിരുന്നു മാഷുടെ പ്രത്യേകത. പച്ച ഷർട്ട്, പച്ച പാന്റ്സ്, പച്ചത്തൊപ്പി, പച്ച ചെരുപ്പ്, പച്ച ബൈക്ക്. . പച്ച വസ്ത്രങ്ങൾ ധരിച്ച് പച്ച നിറമുള്ള ബൈക്കിൽ സഞ്ചരിച്ചിരുന്ന മാഷുടെ ദൃശ്യം ഒരു കാലത്ത് മനോഹരമായ ഒരു കാഴ്ച തന്നെയായിരുന്നു. സുഹൃത്തായ പട്ടാളക്കാരനാണ് ആദ്യമായി പച്ച നിറത്തിലുള്ള വേഷം മാഷ്ക്ക് സമ്മാനിക്കുന്നത്. ഹരിതഭംഗിയെ നെഞ്ചേറ്റുന്ന മാഷ് അത് പിന്നീട് സ്ഥിരം വേഷമാക്കി. സിനിമയുടെയും നാടകങ്ങളുടെയും വഴിയിലും ടി ശോഭീന്ദ്രൻ സഞ്ചരിച്ചു. ജോൺ എബ്രഹാമിന്റെ അമ്മ അറിയാൻ, സുനിൽ വിശ്വചൈതന്യയുടെ അരക്കിറുക്കൻ, വൈശാഖ് ജോജന്റെ കൂറ, ജോൺ എബ്രഹാമിന്റെ ജീവിതം ചിത്രീകരിച്ച പ്രേംചന്ദിന്റെ ജോൺ തുടങ്ങിയ സിനിമകളിൽ ശോഭീന്ദ്രൻ മാഷ് വേഷമിട്ടു. ജോയ് മാത്യുവിന്റെ ഷട്ടറിൽ ശോഭീന്ദ്രൻ മാഷായി തന്നെ അദ്ദേഹം അഭിനയിച്ചു. 

സിനിമയുടെയും ലഹരിയുടെയും വഴികളിൽ സഞ്ചരിച്ച സംവിധായകൻ ജോൺ എബ്രഹാമിനെയും പ്രകൃതി മാത്രം ലഹരിയായ പ്രൊഫ. ടി ശോഭീന്ദ്രനും തമ്മിലുള്ള ബന്ധവും കൗതുകരമായിരുന്നു. ലഹരി തേടിയുള്ള യാത്രകളിൽ മാത്രമല്ല സിനിമാ യാത്രകളിലും ജോൺ ശോഭീന്ദ്രൻ മാഷെ കൂടെ കൂട്ടി. മാഷിന്റെ ബൈക്കിൽ വ്യത്യസ്ത സ്വഭാവക്കാരായ ഇരുവരും വളരെ ദൂരം സഞ്ചരിച്ചു. ലഹരി തേടി ഇറങ്ങിപ്പോകുന്ന ജോണിനെ കാത്ത് ചാരായക്കടകൾക്കടുത്ത് മാഷ് കാത്ത് നിൽക്കും. മദ്യപിക്കാത്ത തങ്ങളടെ പ്രൊഫസറെ ചാരായക്കടയ്ക്ക് മുന്നിൽ കണ്ട് വിദ്യാർത്ഥികൾ പലപ്പോഴും അമ്പരന്നിട്ടുണ്ട്. ഡോ. ദീപേഷ് കരിമ്പുങ്കര തയാറാക്കിയ പ്രൊഫ. ടി. ശോഭീന്ദ്രന്റെ ഓർമക്കുറിപ്പുകളടങ്ങിയ “മോട്ടോർ സൈക്കിൾ ഡയറീസ്- ജോണിനൊപ്പം’ എന്ന പുസ്തകത്തിൽ ഈ അനുഭവങ്ങൾ മാഷ് പങ്കുവെക്കുന്നുണ്ട്.

Eng­lish Summary:Shobhindran Mash; ‘Green man’ who lived for nature

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.