19 December 2024, Thursday
KSFE Galaxy Chits Banner 2

തെക്കന്‍ ഗാസയില്‍ വ്യാപക ആക്രമണം

Janayugom Webdesk
ജറുസലേം
October 17, 2023 10:59 pm

യുഎസ് പ്രസിഡന്റ് ജോ ബൈഡന്റെ സന്ദര്‍ശനം പ്രഖ്യാപിച്ചതിന് പിന്നാലെ തെക്കന്‍ ഗാസയ്ക്ക് മേല്‍ ഇസ്രയേല്‍ വ്യോമാക്രമണം ശക്തമാക്കി. വടക്ക് നിന്ന് തെക്കന്‍ ഗാസയിലേക്ക് ഒഴിഞ്ഞുപോകാന്‍ നിര്‍ദേശം നല്‍കിയതിന് പിന്നാലെയാണ് മേഖലയ്ക്ക് നേരെ ഇസ്രയേല്‍ ആക്രമണം രൂക്ഷമാക്കിയിരിക്കുന്നത്. കഴിഞ്ഞ ദിവസം രാത്രിമാത്രം 200 ലക്ഷ്യസ്ഥാനങ്ങള്‍ തകര്‍ത്തതായി ഇസ്രയേല്‍ അറിയിച്ചു. 

ഹമാസിന്റെ പ്രവര്‍ത്തന തലസ്ഥാനം, തുരങ്കങ്ങള്‍, ഹമാസിന് സാമ്പത്തിക സഹായം നല്‍കിയിരുന്ന ബാങ്ക് തുടങ്ങിയവ അര്‍ധരാത്രിയില്‍ നടത്തിയ ആക്രമണത്തില്‍ ഇസ്രയേല്‍ തകര്‍ത്തു. ഹമാസിനോടുള്ള ഏറ്റുമുട്ടല്‍ അതിസങ്കീര്‍ണവും ദൈര്‍ഘ്യമേറിയതുമായിരിക്കുമെന്ന് ഇസ്രയേല്‍ സൈനികരെ അഭിസംബോധന ചെയ്ത തുറന്ന കത്തില്‍ സൈനിക മേധാവി ഹെര്‍സി ഹാല്‍വി പറയുന്നു.
ഇസ്രയേല്‍ ആക്രമണത്തില്‍ ജനറല്‍ മിലിട്ടറി കൗണ്‍സില്‍ അംഗവും അല്‍ ക്വാസം ബ്രിഗേഡിന്റെ സെന്‍ട്രല്‍ കമാന്‍ഡറുമായ അയ്മാന്‍ നൗഫല്‍ കൊല്ലപ്പെട്ടതായി ഹമാസ് സ്ഥിരീകരിച്ചു. 

അതേസമയം ലെബനൻ- ഇസ്രയേൽ അതിർത്തിയിലും സംഘർഷം രൂക്ഷമായി തുടരുകയാണ്. മെറ്റൂല നഗരത്തിലുണ്ടായ ആക്രമണത്തിൽ മൂന്നു പേർക്ക് ‍ പരിക്കേറ്റു. തിരിച്ച് ആക്രമിച്ചതായും നാലുപേരെ വധിച്ചതായും ഇസ്രയേൽ സൈന്യം അവകാശപ്പെട്ടു.
അതേസമയം, ഗാസയ്ക്ക് അടിയന്തര സഹായവും മാനുഷിക പരിഗണനയും ഉറപ്പാക്കണമെന്ന് മനുഷ്യാവകാശ സംഘടനകള്‍ ലോകത്തോട് അപേക്ഷിച്ചു. കുടിവെള്ളം, മരുന്ന്, ഇന്ധനം തുടങ്ങിയ അവശ്യവസ്തുക്കള്‍ റാഫാ അതിര്‍ത്തി തുറന്നുകിട്ടുന്നതിനുള്ള അനുമതി കാത്ത് ഈജിപ്റ്റില്‍ കെട്ടിക്കിടക്കുകയാണ്.
ഗാസയിലെ സ്ഥിതിഗതികള്‍ അതീവ രൂക്ഷമായി തുടരുകയാണെന്ന് യുഎസ് കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന സന്നദ്ധ സംഘടനയായ മെഡ്ഗ്ലോബല്‍ അറിയിച്ചു. ഗാസയില്‍ കുട്ടികളും രക്ഷാകര്‍ത്താക്കളും മരിച്ചുവീണുകൊണ്ടിരിക്കുകയാണ്. ഞങ്ങളുടെ കണ്‍മുന്നില്‍ വച്ചുതന്നെ ആബാലവൃദ്ധജനങ്ങളും തുടച്ചുനീക്കപ്പെടുകയാണെന്ന് മെഡ്ഗ്ലോബലിന്റെ ഗാസ പ്രതിനിധി ഹുസാം അബു സഫിയ പറഞ്ഞു. 

ഗാസ മുനമ്പില്‍ ഇസ്രയേല്‍ വ്യോമാക്രമണം തുടരുകയാണെന്ന് യുഎന്‍ റിപ്പോര്‍ട്ട് ചെയ്തു. ശുദ്ധജലത്തിന്റെ അഭാവവും കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങിക്കിടക്കുന്ന മൃതദേഹങ്ങള്‍ അഴുകുന്നതും വലിയൊരു ദുരന്തത്തിന് വഴിവയ്ക്കുമെന്നും യുഎന്‍ മുന്നറിയിപ്പില്‍ പറയുന്നു. വൈദ്യുതിയും ഇന്ധനവുമില്ലാത്ത ആശുപത്രികള്‍ കനത്ത പ്രതിസന്ധിയിലാണ്. ജനറേറ്ററുകളുടെ പ്രവര്‍ത്തനം നിലയ്ക്കുന്നതോടെ അതീവഗുരുതരാവസ്ഥയില്‍ ചികിത്സയിലുള്ള നിരവധി രോഗികള്‍ മരണത്തിന് കീഴടങ്ങുമെന്നും യുഎന്‍ അറിയിച്ചു. നാലോ അഞ്ചോ ദിവസം വിതരണം ചെയ്യാനുള്ള ഭക്ഷണസാധനങ്ങള്‍ മാത്രമാണ് ഗാസയില്‍ അവശേഷിക്കുന്നതെന്ന് ലോക ഭക്ഷ്യ പദ്ധതിയും മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

ബന്ദിയുടെ വീഡിയോ പുറത്തുവിട്ട് ഹമാസ് 

ഇസ്രയേലില്‍ നിന്നും ബന്ദിയാക്കിയ വിദേശയുവതിയുടെ വീഡിയോ പുറത്തുവിട്ട് ഹമാസ്. ഫ്രഞ്ച്-ഇസ്രയേലി വംശജയായ മിയ ഷെം എന്ന 21 കാരിയായ യുവതിയുടെ വീഡിയോയാണ് ഹമാസ് ടെലഗ്രാമിലൂടെ പങ്കുവച്ചത്. ഇസ്രയേലി ജയിലുകളില്‍ കഴിയുന്ന 6000 പലസ്തീനി തടവുകാരെ വിട്ടയച്ചാല്‍ ഇസ്രയേല്‍ ഇതര ബന്ദികളെ വിട്ടയക്കാമെന്ന് ഹമാസ് നേതാക്കള്‍ പിന്നീട് വാഗ്ദാനം ചെയ്തു. വിദേശികളടക്കം 199 പേരാണ് ഹമാസിന്റെ തടവിലുള്ളത്. 2011 ല്‍ ഒരു ഇസ്രയേലി സൈനികനെ വിട്ടുകൊടുത്തതിന് പകരം നൂറുകണക്കിന് പലസ്തീന്‍ തടവുകാരെ സ്വതന്ത്രരാക്കിയിരുന്നു. 

Eng­lish Sum­ma­ry; Wide­spread attacks in south­ern Gaza

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.