8 November 2024, Friday
KSFE Galaxy Chits Banner 2

ഗ്ലോബല്‍ ആയുര്‍വേദ ഫെസ്റ്റ്: അവതരണത്തിനുള്ള പ്രബന്ധങ്ങള്‍ 2000 കടന്നു

പ്രബന്ധം സമര്‍പ്പിക്കുന്നതിനുള്ള തീയതി ഒക്ടോബര്‍ 25 വരെ നീട്ടി
Janayugom Webdesk
തിരുവനന്തപുരം
October 18, 2023 6:42 pm

ഈ വര്‍ഷം ഡിസംബര്‍ 1 മുതല്‍ 5 വരെ തിരുവനന്തപുരം ആതിഥേയത്വം വഹിക്കുന്ന ഗ്ലോബല്‍ ആയുര്‍വേദ ഫെസ്റ്റിവെലില്‍ (ജിഎഎഫ്-2023) പ്രബന്ധങ്ങള്‍ സമര്‍പ്പിക്കുന്നതിനുള്ള തീയതി ഒക്ടോബര്‍ 25 വരെ നീട്ടി. അവതരണത്തിനുള്ള പ്രബന്ധങ്ങള്‍ ഇതിനോടകം തന്നെ 2000 കടന്നതോടെയാണ് കൂടുതല്‍ പേര്‍ക്ക് അവസരം നല്‍കുന്നതിനായി തീയതി നീട്ടുന്നതെന്ന് ജിഎഎഫ് സംഘാടകര്‍ പറഞ്ഞു.

ലോകമെമ്പാടുമുള്ള ആയുര്‍വേദ ഭിഷഗ്വരന്‍മാര്‍, അക്കാദമിക് വിദഗ്ധര്‍, ഗവേഷകര്‍, വിദ്യാര്‍ഥികള്‍, ഗവേഷണ‑വികസന പ്രൊഫഷണലുകള്‍ എന്നിവരില്‍ നിന്നാണ് പ്രബന്ധങ്ങള്‍ ക്ഷണിച്ചിട്ടുള്ളത്. സെമിനാറിന്‍റെ കേന്ദ്രപ്രമേയത്തിനു പുറമേ ആയുര്‍വേദത്തിന്‍റെ വിവിധ ശാഖകളിലും അനുബന്ധ വിജ്ഞാനം, ആയുര്‍വേദ‑ആധുനിക ശാസ്ത്ര സംഗമ മേഖലകള്‍, ഔഷധ സസ്യങ്ങള്‍, ഔഷധ വികസനം, ആയുര്‍വേദ മേഖലയിലെ നയങ്ങളും ചട്ടങ്ങളും എന്നിവയില്‍ പ്രബന്ധങ്ങള്‍ സമര്‍പ്പിക്കാം. ആയുര്‍വേദ ബയോളജി, വൃക്ഷായുര്‍വേദം, എത്നോ വെറ്റിനറി മെഡിസിന്‍ എന്നിവയെക്കുറിച്ചുള്ള പ്രത്യേക സെഷനുകളിലേക്കും പ്രബന്ധങ്ങള്‍ തയ്യാറാക്കാം. www.gafindia.org എന്ന വെബ്സൈറ്റിലാണ് പ്രബന്ധങ്ങള്‍ സമര്‍പ്പിക്കേണ്ടത്.

ആയുര്‍വേദത്തിന്‍റെ സാധ്യതകള്‍ ആഗോളതലത്തില്‍ വ്യാപിപ്പിക്കാനും ആയുര്‍വേദ പങ്കാളികളും ഡോക്ടര്‍മാരും തമ്മിലുള്ള സഹകരണത്തിന് വേദിയൊരുക്കാനും ലക്ഷ്യമിട്ട് സംഘടിപ്പിക്കുന്ന അഞ്ചാമത് ഗ്ലോബല്‍ ആയുര്‍വേദ ഫെസ്റ്റിവെലിന്‍റെ പ്രമേയം ‘ആരോഗ്യപരിപാലനത്തില്‍ ഉയര്‍ന്നുവരുന്ന വെല്ലുവിളികളും നവോര്‍ജ്ജത്തോടെ ആയുര്‍വേദവും’ എന്നതാണ്.

കേന്ദ്ര‑സംസ്ഥാന ആയുഷ് വകുപ്പുകള്‍, ആയുര്‍വേദ മേഖലയിലെ സന്നദ്ധ സ്ഥാപനങ്ങളായ എ.എം.എ.ഐ, എ.എം.എം.ഒ.ഐ, എ.എച്ച്.എം.എ, കെ.ഐ.എസ്.എം.എ, എ.ഡി.എം.എ, വിശ്വ ആയുര്‍വേദ പരിഷത്ത്, മറ്റ് 14 ആയുര്‍വേദ അസോസിയേഷനുകള്‍ എന്നിവയുടെ സഹകരണത്തോടെയാണ് സെന്‍റര്‍ ഫോര്‍ ഇന്നൊവേഷന്‍ ഇന്‍ സയന്‍സ് ആന്‍ഡ് സോഷ്യല്‍ ആക്ഷന്‍ (സി.ഐ.എസ്.എസ്.എ) കാര്യവട്ടത്തെ ഗ്രീന്‍ഫീല്‍ഡ് ഇന്‍റര്‍നാഷണല്‍ സ്റ്റേഡിയത്തില്‍ ജിഎഎഫ് സംഘടിപ്പിക്കുന്നത്.

ജി.എ.എഫിലെ പങ്കാളിത്തത്തിനായി 75 രാജ്യങ്ങളിലെ അംബാസഡര്‍മാരെ ക്ഷണിച്ചുകൊണ്ട് സംഘാടക സമിതി ചെയര്‍മാനായ വിദേശകാര്യ, പാര്‍ലമെന്‍ററികാര്യ സഹമന്ത്രി വി.മുരളീധരന്‍ കത്തയച്ചിരുന്നു. പ്രമുഖ ശാസ്ത്രജ്ഞരുള്‍പ്പെടെ 75 രാജ്യങ്ങളില്‍ നിന്നുള്ള 7500 പ്രതിനിധികള്‍ ജിഎഎഫില്‍ പങ്കെടുക്കും. പ്രബന്ധാവതരണങ്ങള്‍ക്കു പുറമേ 750 പോസ്റ്റര്‍ അവതരണങ്ങളും നടക്കും.

You may also like this video

TOP NEWS

November 8, 2024
November 8, 2024
November 8, 2024
November 8, 2024
November 8, 2024
November 8, 2024

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.