25 November 2024, Monday
KSFE Galaxy Chits Banner 2

ഗാസ: സഹായം തടഞ്ഞു, വഴിമുടക്കി ഇസ്രയേല്‍ വ്യോമാക്രമണം

Janayugom Webdesk
ജെറുസലേം
October 20, 2023 11:27 pm

മരണമുനമ്പിലായ ഗാസയിലേക്ക് സഹായമെത്തിക്കുന്നതിനുള്ള വഴികളടച്ച് ഇസ്രയേല്‍. അതിര്‍ത്തി മേഖലകളില്‍ ഇസ്രയേല്‍ നടത്തുന്ന ആക്രമണമാണ് സഹായ ഇടനാഴി തുറക്കുന്നതിനുള്ള പ്രധാന തടസം. ഇസ്രയേൽ ആക്രമണത്തിൽ തകർന്ന അതിർത്തി മേഖലയിലെ റോഡുകൾ ഇനിയും ഗതാഗതയോഗ്യമാക്കാൻ സാധിക്കാത്തതും തിരിച്ചടിയായി. ഈജിപ്തില്‍ നിന്നും റാഫ അതിര്‍ത്തി വഴി സഹായം എത്തിക്കുന്നതില്‍ അനിശ്ചിതത്വം തുടരുന്ന ഓരോ നിമിഷവും പലസ്തീന്‍ ജനത മരിച്ചുവീഴുകയാണ്. ഐക്യരാഷ്ട്രസഭയും ലോകരാജ്യങ്ങളും നടത്തിയ സമ്മര്‍ദത്തിനും ഇസ്രയേലിന്റെ തീരുമാനത്തെ ഇളക്കാനായില്ല.

ആഗോളതലത്തിൽ പ്രതിഷേധം ശക്തമാകുമ്പോഴും ഇടതടവില്ലാതെ ആക്രമണം തുടരുകയാണ് ഇസ്രയേല്‍. വ്യോമാക്രമണത്തിന് പുറമെ കരമാർഗമുള്ള ആക്രമണത്തിനും തയ്യാറെടുപ്പുകള്‍ പൂര്‍ത്തിയാക്കി ഗാസയിലേക്ക് പ്രവേശിക്കാനുള്ള ഒരുക്കത്തിലാണ് ഇസ്രയേല്‍ സൈന്യം. ഇന്നലെ മാത്രം നൂറിലധികം കേന്ദ്രങ്ങളില്‍ ഇസ്രയേല്‍ വ്യോമാക്രമണം നടത്തി. സഹായമെത്തിക്കുന്നതിനുള്ള പ്രതിബന്ധങ്ങള്‍ പരിശോധിക്കുന്നതായി ഇന്നലെ റാഫയിലെത്തിയ യുഎൻ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടറസ് അഭിപ്രായപ്പെട്ടു. കൂടുതല്‍ ചര്‍ച്ചകള്‍ നടത്തിവരുന്നതായി ഗുട്ടറസ് പറഞ്ഞു. ഗാസയിലേക്ക് സഹായമെത്താന്‍ ഇനിയും കാത്തിരിക്കേണ്ടി വരുമെന്ന സൂചനകളും അദ്ദേഹം നല്‍കി.

ഒക്ടോബർ ഏഴിലെ ഹമാസിന്റെ ആക്രമണത്തിന് പിന്നാലെ ഇസ്രയേൽ ഗാസയ്ക്കുമേൽ ഏർപ്പെടുത്തിയ ഉപരോധം ജനങ്ങളുടെ ജീവിതം നരകതുല്യമാക്കിയിരുന്നു. നിരന്തരമുണ്ടാകുന്ന വ്യോമാക്രമണങ്ങൾക്ക് പുറമെ കുടിവെള്ളം, ഇന്ധനം, വൈദ്യുതി എന്നിവയുടെ ദൗർലഭ്യവും അനുഭവിക്കുകയാണ്. യുഎന്നിന്റെ കണക്ക് പ്രകാരം, ഗാസയിലെ 10 ലക്ഷം ആളുകള്‍ ആഭ്യന്തരമായി പലായനം ചെയ്യേണ്ടിവന്നിട്ടുണ്ട്.

മരണം 4000

ഇസ്രയേല്‍ നടത്തുന്ന ആക്രമണത്തില്‍ മരണസംഖ്യ നാലായിരം പിന്നിട്ടു. ഒക്ടോബർ ഏഴിന് തുടങ്ങിയ ആക്രമണത്തിൽ ഇതുവരെ 4137 പേർ കൊല്ലപ്പെട്ടതായി ഗാസ ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഇതിൽ 1661 പേരും കുട്ടികളാണ്. 13,260 പേർക്ക് പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട്.

ഇന്നലെ അല്‍-സെയ്ടൂണിലെ പുരാതന ക്രിസ്ത്യന്‍ ദേവാലയത്തിന് നേരെയുണ്ടായ ആക്രമണത്തില്‍ എട്ടുപേര്‍ കൊല്ലപ്പെട്ടു. ക്രൈസ്തവ വിശ്വാസികള്‍ക്ക് പുറമേ, അഭയാര്‍ത്ഥികളായി നിരവധി ഇസ്ലാം മതവിശ്വാസികളും പള്ളിക്കകത്തുണ്ടായിരുന്നു. അല്‍ നാബിയിലെ ജനവാസ കേന്ദ്രത്തിലും ഇസ്രയേല്‍ ഷെല്‍ ആക്രമണം നടത്തി. നിരവധി പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്.
ഇസ്രയേലിനെ ലക്ഷ്യമാക്കി യെമനില്‍ നിന്ന് തൊടുത്ത മിസൈലുകളും ഡ്രോണുകളും തങ്ങളുടെ യുദ്ധക്കപ്പല്‍ നിര്‍വീര്യമാക്കിയതായി യുഎസ് അവകാശപ്പെട്ടു. ഇസ്രയേലിനായി കൂടുതല്‍ ആയുധങ്ങള്‍ എത്തിച്ചതായും യുഎസ് വ്യക്തമാക്കി. അടുത്തിടെ അൽ അഹ്‌ലി അറബ് ആശുപത്രിക്കുനേരെ നടന്ന ആക്രമണത്തിൽ ലോകവ്യാപക പ്രതിഷേധങ്ങൾ ഉയർന്നിരുന്നു. അഞ്ഞൂറിലധികം ആളുകളാണ് കൊല്ലപ്പെട്ടത്. എന്നാൽ ആക്രമണത്തിന്റെ ഉത്തരവാദിത്തം ഇതുവരെ ഇസ്രയേല്‍ ഏറ്റെടുത്തിട്ടില്ല.

Eng­lish Summary:Gaza: Aid Blocked, Blocked by Israeli Airstrikes
You may also like this video

TOP NEWS

November 24, 2024
November 24, 2024
November 24, 2024
November 24, 2024
November 24, 2024
November 24, 2024

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.