24 December 2024, Tuesday
KSFE Galaxy Chits Banner 2

വേണം പഴുതടച്ച സാമൂഹ്യ സുരക്ഷ

പ്രൊഫ. കെ അരവിന്ദാക്ഷൻ
October 26, 2023 4:45 am

സ്വാതന്ത്ര്യത്തിന്റെ 75 വർഷം പൂർത്തീകരിച്ചിരിക്കുന്ന നമ്മുടെ രാജ്യത്ത് ഇന്നും പഴുതടച്ചതും സാർവത്രിക സ്വഭാവമുള്ളതുമായ സാമൂഹ്യസുരക്ഷാ പദ്ധതി നിലവിലില്ല. 2021–22ലേക്കുള്ള തൊഴില്‍ശക്തി സർവേയുടെ വാർഷിക റിപ്പോർട്ടിൽ പറയുന്നത് രാജ്യത്താകമാനമുള്ള ശമ്പളമോ വേതനമോ ലഭിക്കുന്ന തൊഴിൽശക്തിയിൽ 53 ശതമാനം പേർക്കും യാതൊരുവിധ സാമൂഹ്യസുരക്ഷാ ആനുകൂല്യങ്ങളും കിട്ടുന്നില്ല എന്നാണ്. ഈ വസ്തുത ദേശീയ, സാർവദേശീയ മാധ്യമങ്ങളുടെ ശ്രദ്ധയിൽ വന്നിട്ടുമുണ്ട്. ഇത്രയും പേർക്ക് പ്രൊവിഡണ്ട് ഫണ്ട്, ഇൻഷുറൻസ്, പെൻഷൻ, ആരോഗ്യ സുരക്ഷ, വികലാംഗ ആനുകൂല്യങ്ങൾ തുടങ്ങിയവ ലഭിക്കുന്നില്ല. പരമ ദാരിദ്ര്യമനുഭവിക്കുന്നവരുടെ 20 ശതമാനം പേർക്ക് മാത്രമായി ഈ ആനുകൂല്യങ്ങൾ പരിമിതപ്പെട്ടുപോയിരിക്കുന്നു. അധ്വാനശക്തിയിൽ 1.3 ശതമാനം പേര്‍ക്ക് യാതൊരു ആനുകൂല്യങ്ങളും കിട്ടുന്നുമില്ല. മൊത്തം 43 രാജ്യങ്ങളില്‍ ഇന്ത്യയുടെ സ്ഥാനം 40 ആണ്. ഇത് രാജ്യത്തിന്റെ പ്രതിഛായയുടെ തകർച്ചയിലേക്കാണ് വിരൽചൂണ്ടുന്നത്. ഇന്ത്യയുടെ നയരൂപീകരണ വിദഗ്ധർ മിക്കവാറും സാമൂഹ്യ സുരക്ഷാ മേഖലയെ അവഗണിച്ചിരിക്കുകയാണ്. ബജറ്റിൽ ഈ മേഖലയിലെ പ്രഖ്യാപനങ്ങൾക്ക് പണമില്ല. നീക്കിവയ്ക്കപ്പെടുന്ന പരിമിതമായ തുകപോലും വിനിയോഗിക്കപ്പെടാതെ പാഴാക്കിക്കളയുകയാണ് ചെയ്യുന്നത്. 2011ൽ തന്നെ നാഷണൽ സോഷ്യൽ സെക്യൂരിറ്റി ഫണ്ട് എന്ന പേരിലൊരു സംവിധാനം അസംഘടിതമേഖലാ തൊഴിലാളികൾക്കായി നിലവിൽ വന്നു.

നെയ്ത്തുകാർ, ബീഡിത്തൊഴിലാളികൾ, റിക്ഷാത്തൊഴിലാളികൾ തുടങ്ങിയവർക്കായുള്ള പദ്ധതിയിലേക്ക് 1000 കോടി രൂപയോളം വകയിരുത്തുകയും ചെയ്തിരുന്നു. ഇത് നിസാരമായ തുക മാത്രമായിരുന്നു.ബജറ്റ് ആന്റ് ഗവേർണൻസ് അക്കൗണ്ടബിലിറ്റി സെന്റർ എന്ന സ്ഥാപനം നടത്തിയ പഠനമനുസരിച്ച് പദ്ധതി നടത്തിപ്പിന് 22,841 കോടി രൂപ വേണമായിരുന്നു. സിഎജി ഓഡിറ്റില്‍ കണ്ടെത്തിയത് പദ്ധതിയുടെ പേരില്‍ പാഴാക്കിയ തുക മാത്രം 1927 കോടി രൂപയോളമായിരുന്നു എന്നാണ്. 1990കളിൽ ആരംഭിച്ച, നാഷണൽ സോഷ്യൽ അസിസ്റ്റന്റ്സ് പദ്ധതി, തൊഴിൽ ചെയ്യുന്നതിനാവശ്യമായ ആരോഗ്യം ഇല്ലാതിരുന്ന ദരിദ്രജനതയ്ക്ക് ജീവിതമാർഗം കണ്ടെത്തുകയെന്ന ലക്ഷ്യത്തോടെയാണെങ്കിലും ഇത് പരാജയപ്പെട്ടു. ആളോഹരി പ്രതിമാസ പെൻഷനായി 75 രൂപ പോലും നല്‍കാനായില്ല. 2006മുതൽ പ്രതിമാസം 270 രൂപ നിരക്കിൽ ധനസഹായം എത്തിക്കാൻ ലക്ഷ്യമിട്ട് കേന്ദ്ര സർക്കാർ തുടങ്ങിയ പദ്ധതിയും മരവിക്കുകയാണുണ്ടായത്. 2022ൽ സിഎജി റിപ്പോർട്ട് ചെയ്തത് ഡൽഹിയിലെ നിർമ്മാണ മേഖലാ തൊഴിലാളികൾക്കായി സാമൂഹ്യസുരക്ഷ നല്‍കാനെന്ന പേരിൽ തുടങ്ങിയ കേന്ദ്ര പദ്ധതിയും അതിന്റെ പേരിൽ പിരിച്ചെടുത്ത സെസും അർഹതപ്പെട്ടവരിലേക്ക് എത്താതെ പോയി എന്നാണ്. അനുവദിക്കപ്പെട്ട തുകയുടെ 94 ശതമാനവും പാഴാക്കിക്കളഞ്ഞു. ഹരിയാനയില്‍ നടന്നത് അതിലേറെ വിചിത്രമായ ഒന്നാണ്. സംസ്ഥാന സാമൂഹ്യനീതി ശാക്തീകരണ വകുപ്പ് ആരംഭിച്ച 98.96 കോടി രൂപ വരുന്ന നേരിട്ട് പണം കൈമാറ്റം ലക്ഷ്യമാക്കിയുള്ള പദ്ധതിയിൽ നിന്നുള്ള സഹായം ലഭ്യമായത് യഥാർത്ഥ ഗുണഭോക്താക്കൾക്കായിരുന്നില്ല, അവരുടെ അവകാശികള്‍ക്കായിരുന്നു. മഹാത്മാഗാന്ധി ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിക്കു കീഴിലുള്ള ഗുണഭോക്താക്കൾക്കുള്ള സഹായവും കാലാനുസൃതം വർധിച്ചതായി കാണുന്നില്ല. ഇന്ത്യയിലേതുമായി മറ്റുരാജ്യങ്ങളിലെ അവസ്ഥ തുലനം ചെയ്യാവുന്നതാണ്. ബ്രസീലിൽ നിലവിലുള്ളത് ഒരു പൊതു സാമൂഹ്യസുരക്ഷാ പദ്ധതിയാണ്. ഇതിന്റെ ഭാഗമായി ഓരോ തൊഴിലാളിക്കും കുടുംബത്തിനും സംഭവിക്കുന്ന വരുമാനനഷ്ടം പൂർണമായോ, ഭാഗികമായോ നികത്താൻ വ്യവസ്ഥയുണ്ട്. ജോലിസമയത്തുണ്ടാകുന്ന അപകടം, ശാരീരിക അസ്വാസ്ഥ്യം ദീർഘകാല ചികിത്സ, ശാരീരിക വൈകല്യങ്ങൾ മുതൽ മരണാനന്തര ചെലവുകൾക്കു വരെയുള്ള സാമ്പത്തിക സഹായം പദ്ധതിക്കു കീഴിലുണ്ട്. തൊഴിലില്ലായ്മാ വേതനവും ചില രാജ്യങ്ങൾ സാമൂഹ്യസുരക്ഷാ പദ്ധതിയുടെ ഭാഗമാക്കിയിട്ടുണ്ട്. ഐഎൽഒയുടെ സാമൂഹ്യസുരക്ഷാ പദ്ധതി 2013 ആനുകൂല്യങ്ങളുടെ വ്യാപ്തി ആധുനിക സമൂഹത്തിലെ മുഴുവൻ പാർശ്വവൽക്കരിക്കപ്പെട്ട ജനങ്ങൾക്കും ബാധകമാക്കിയിട്ടുമുണ്ട്. വിവിധ ജനവിഭാഗങ്ങൾക്കായി ഏകീകൃതമായ ആരോഗ്യ ഇൻഷുറൻസ് പദ്ധതിയും നിരവധി സമ്പന്ന രാജ്യങ്ങളില്‍ പ്രയോഗത്തിലിരിക്കുന്നുണ്ട്.


ഇതുകൂടി വായിക്കൂ: തൊഴിലാളികളെ അരക്ഷിതരാക്കുന്ന തൊഴില്‍ നയം


ഏതെങ്കിലും സംസ്ഥാന‑പ്രാദേശിക ഭരണകൂടത്തിന് സാമ്പത്തികമായ ഞെരുക്കം സാമൂഹ്യക്ഷേമ പദ്ധതി നടത്തിപ്പിൽ നേരിടേണ്ടിവരുന്നപക്ഷം ദേശീയഭരണകൂടം അതിനുള്ള ബാധ്യത ഏറ്റെടുക്കണമെന്നാണ് ഐഎൽഒ വ്യവസ്ഥ ചെയ്തിട്ടുള്ളത്. ബ്രസീലിന്റെ സാമൂഹ്യസുരക്ഷാ പദ്ധതിയിൽ ഐഎൽഒ വ്യവസ്ഥ ചെയ്തിരിക്കുന്ന മുഴുവൻ ആനുകൂല്യങ്ങൾക്കും കൃത്യമായ ഇടം നല്‍കിയിട്ടുണ്ടെന്നത് പ്രത്യേക പരാമര്‍ശം അര്‍ഹിക്കുന്നുണ്ട്. ബ്രസീല്‍ ഭരണകൂടത്തിനാണ് ജി20യുടെ അടുത്ത അധ്യക്ഷ പദവി എന്നതും ശ്രദ്ധേയമാണ്. സാമൂഹ്യസുരക്ഷാ പദ്ധതി നടത്തിപ്പിൽ മുന്നണിയിലുള്ള കേരള സംസ്ഥാനത്തുപോലും ആനുകൂല്യങ്ങൾക്കായി നിരവധി രേഖകൾ സമർപ്പിക്കേണ്ട അവസ്ഥ ഗുണഭോക്താക്കൾ നേരിടേണ്ടതുള്ളപ്പോൾ ബ്രസീലിൽ വെറുമൊരു ടെലിഫോൺ വിളിയിലൂടെയോ ബാങ്കുകളിൽ ഒറ്റത്തവണ സന്ദർശനത്തിലൂടെയോ ആനുകൂല്യങ്ങൾ ലഭ്യമാകുമെന്ന സാഹചര്യമാണ് നിലവിലുള്ളത്. ബ്രസീലിയൻ ഗുഡ്പ്രാക്ടീസസ് ഇൻ സോഷ്യൽ സെക്യൂരിറ്റി എന്ന നിയമത്തിലൂടെയാണിത് നടപ്പാക്കിയിട്ടുള്ളത്. ഇന്ത്യയില്‍ 91 ശതമാനം അതായത്, 475 ദശലക്ഷം തൊഴിൽ ശക്തിയും അസംഘടിത മേഖലയിലാണുള്ളത്. ഇവർക്കൊന്നും സാമൂഹ്യസുരക്ഷാ ആനുകൂല്യങ്ങൾ ലഭ്യമല്ല. രണ്ട് പതിറ്റാണ്ടുകൾക്കകം ഇവരെല്ലാം പ്രായം ചെന്നവരുടെ വിഭാഗത്തിൽ പെടുന്നവരുമാകും. യാതൊരുവിധ വരുമാനവും സമ്പാദ്യവുമില്ലാതെ, തീർത്തും നിസഹായാവസ്ഥയിലകപ്പെടും ഇവരെല്ലാം. 2020ലെ സോഷ്യൽ സെക്യൂരിറ്റി കോഡ് നിലവിൽ വന്നതോടെ അസംഘടിത മേഖലയിലെ മുഴുവൻ തൊഴിൽശക്തിയും സംഘടിതമേഖലയുടെ ഗണത്തിൽ തന്നെ ഉൾപ്പെട്ടവരായി മാറിയിരിക്കുന്നു. ചുരുക്കത്തിൽ ഭൂരിഭാഗം വരുന്ന അസംഘടിത തൊഴിലാളികൾക്കും നിലനില്പിനുള്ള വിലപേശൽ പോലും അസാധ്യമായിരിക്കുന്നു എന്നതാണ് അവസ്ഥ. ഇത്തരമൊരു പ്രതിസന്ധിഘട്ടത്തിൽ ഇന്ത്യ ചെയ്യേണ്ടത് ധനപരമായും ഭരണപരമായും പ്രായോഗികതയും വിശ്വസനീയതയും ഉണ്ടെന്ന് ഉറപ്പാക്കിക്കൊണ്ടുള്ള ഒരു സാമൂഹ്യസുരക്ഷാപദ്ധതിയുടെ ചട്ടക്കൂട് രൂപപ്പെടുത്തിയെടുക്കുകയാണ്. മൂന്ന് തത്വങ്ങൾക്ക് പ്രത്യേക ഊന്നൽ നല്‍കുകയും വേണം. ഒന്ന്, തൊഴിലാളികളുടെയും തൊഴിലുടമകളുടെയും എംപ്ലോയീസ് പ്രോവിഡണ്ട് ഫണ്ട് സംവിധാനത്തിലേക്കുള്ള സംഭാവനകൾ ഉറപ്പാക്കുക. ഇതിൽ നിന്നായിരിക്കണം ഔപചാരികവിഭാഗത്തിലെ തൊഴിലാളികൾക്കുള്ള സഹായം ലഭ്യമാക്കാൻ.

രണ്ട്, അസംഘടിത തൊഴിലാളികൾക്കായി ഇപിഎഫിലേക്ക് ഭാഗികമായ നിരക്കിൽ സംഭാവനകൾ സ്വീകരിക്കാം. തൊഴിലുടമകളും ഇപിഎഫിലേക്ക് ചെറിയ തോതിലെങ്കിലും സംഭാവന നല്‍കേണ്ടതാണ്. അങ്ങനെ ചെറുതെങ്കിലും ഒരു സഞ്ചിത ഫണ്ട് നിലവിൽ രൂപീകരിക്കാൻ കഴിയും. മൂന്ന്, തൊഴിലൊന്നും ലഭ്യമാകാത്തതിനാൽ ജീവിതം തള്ളിനീക്കാൻ പാടുപെടുന്നവർക്ക് സർക്കാർ സഹായം മാത്രമായിരിക്കും ആശ്രയമായിരിക്കുക. സമൂഹത്തിൽ ഈ വിഭാഗം 20 ശതമാനമെങ്കിലും ഉണ്ടാകുമെന്നാണ് കണക്കാക്കപ്പെട്ടിരിക്കുന്നത്. ഇവർക്കായി മാത്രം സാമൂഹ്യസുരക്ഷ ഉറപ്പാക്കുന്നതിന് 137 ലക്ഷം കോടി രൂപയെങ്കിലും ആവശ്യമായി വരുമെന്നാണ് ഏകദേശ കണക്ക്. ഇക്കൂട്ടത്തിൽ പ്രായം ചെന്നവരും അംഗപരിമിതരും നിരാലംബരായ ഗർഭിണികളും ഉൾപ്പെടും. 2020ൽ സാമൂഹ്യസുരക്ഷാ കോഡ് തയ്യാറാക്കിയപ്പോൾ അതിൽ ഉൾപ്പെടുത്തിയിരുന്ന മുഴുവൻ ഗ്രാമീണ‑നഗര മേഖലാ ജനവിഭാഗങ്ങൾക്കും നിയമപരമായ ചട്ടക്കൂടിനുള്ളിൽ തന്നെയുള്ള സാമൂഹ്യ സംരക്ഷണം നല്‍കുമെന്നാണ് വ്യവസ്ഥ ചെയ്യപ്പെട്ടിരുന്നത്. സംഘടിത, അസംഘടിത മേഖലയിലെ മൊത്തം തൊഴിലാളികൾക്കും തൊഴിൽരഹിതരായവർക്കും അംഗപരിമിതർക്കും അപകടത്തിൽപ്പെട്ടവർക്കും ഗർഭിണികൾക്കും പ്രസവാനന്തര ശുശ്രൂഷ ആവശ്യമുള്ളവർക്കും പ്രായംചെന്നവർക്കും എല്ലാം ഇൻഷുറൻസ് അടക്കമുള്ള സംരക്ഷണവും ആരോഗ്യ സുരക്ഷാ സൗകര്യങ്ങളും നിയമാനുസൃതം ഇതിലൂടെ ഉറപ്പാക്കിയിട്ടുണ്ട്. ഈ സാമൂഹ്യസുരക്ഷാ നിയമത്തിൽ ഉൾപ്പെട്ടിരിക്കുന്ന വ്യവസ്ഥകൾ വഴിയുള്ള ആനുകൂല്യങ്ങൾ എത്രമാത്രം പ്രായോഗികമാക്കാൻ കഴിഞ്ഞിട്ടുണ്ടെന്നതാണ് ചോദ്യചിഹ്നമായി 2023ലും അവശേഷിക്കുന്നത്. ഇതിനകം നിർദിഷ്ട ആനുകൂല്യങ്ങൾക്കായി രജിസ്റ്റർ ചെയ്യപ്പെട്ടവർ 300 ദശലക്ഷം പേർ മാത്രമേ വരുന്നുള്ളൂ.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.