28 December 2024, Saturday
KSFE Galaxy Chits Banner 2

Related news

December 27, 2024
December 3, 2024
December 2, 2024
November 30, 2024
November 24, 2024
October 29, 2024
October 28, 2024
October 20, 2024
October 9, 2024
September 10, 2024

ഗാസ: വന്‍ മാനുഷിക ദുരന്തത്തിലേക്ക്; ആശുപത്രികളുടെ പ്രവര്‍ത്തനം നിലയ്ക്കുന്നു

Janayugom Webdesk
ജെറുസലേം
October 25, 2023 11:26 pm

ഇസ്രയേലിന്റെ നരനായാട്ട് 20-ാം ദിവസത്തിലേക്ക് കടക്കുമ്പോള്‍ ഗാസ വന്‍ മാനുഷിക ദുരന്തത്തിലേക്ക്. ഇസ്രയേല്‍ ആക്രമണത്തില്‍ ഗാസയിലെ ആരോഗ്യ സംവിധാനങ്ങൾ പൂർണമായും തകർന്ന നിലയിലാണ്. ഇന്നലെയും ഗാസയിലെ വിവിധ ജനവാസ കേന്ദ്രങ്ങളില്‍ ഇസ്രയേല്‍ സൈന്യം വ്യോമാക്രമണം നടത്തി. ജെനിൻ അഭയാർത്ഥി ക്യാമ്പിന് നേരെ നടന്ന ഡ്രോൺ ആക്രമണത്തിൽ മൂന്ന് പേർ കൊല്ലപ്പെട്ടു. അൽ‑ഷാതി ക്യാമ്പിന് നേരെയും വ്യോമാക്രമണം നടന്നു. അൽ-മഗാസി ക്യാമ്പിനുനേര്‍ക്കുണ്ടായ ആക്രമണത്തില്‍ നിരവധി കുട്ടികൾ കൊല്ലപ്പെട്ടു. ഖാൻ യൂനിസിലെ വ്യോമാക്രമണത്തിൽ ആറ് പേർ മരിച്ചു.

സിറിയ ലക്ഷ്യമാക്കിയും ഇസ്രയേല്‍ ആക്രമണം തുടരുകയാണ്. അലപ്പോ അന്താരാഷ്ട്ര വിമാനത്താവളത്തിന് നേരെ ആക്രമണം നടന്നതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. അതേസമയം ഗാസയിൽ നിന്ന് 220 കിലോമീറ്റർ അകലെ ചെങ്കടലിലെ തെക്കൻ തുറമുഖവും റിസോർട്ട് പട്ടണവുമായ എയ്‌ലാറ്റിലേക്ക് റോക്കറ്റ് ആക്രമണമുണ്ടായി. സിറിയയിലെ യുഎസ് സൈനിക താവളത്തിനു നേരെ ഹിസ്ബുള്ള റോക്കറ്റാക്രമണം നടത്തി. 32 വലിയ ആശുപത്രികളില്‍ 12 എണ്ണം ഇന്ധനമില്ലാതെ പ്രവര്‍ത്തനം നിര്‍ത്തിയ സാഹചര്യമാണുള്ളത്. പല ആശുപത്രികളും ഭാഗികമായി മാത്രമാണ് പ്രവര്‍ത്തിക്കുന്നത്. പല ആശുപത്രി കെട്ടിടങ്ങളും തകർന്നു.

ആവശ്യമായ ജീവനക്കാരുടെയും മരുന്നുകളുടെയും ഉപകരണങ്ങളുടെയും അഭാവം ആശുപത്രികളുടെ പ്രവർത്തനം താറുമാറാക്കി. മുറിവേറ്റവര്‍ തിങ്ങിനിറഞ്ഞ ആശുപത്രികളില്‍ ഇന്ധനം ഉടന്‍ എത്തിയില്ലെങ്കില്‍ കൂട്ടമരണമാണുണ്ടാകുകയെന്ന് സന്നദ്ധ സംഘടനകള്‍ മുന്നറിയിപ്പ് നല്‍കുന്നു. 12 ലക്ഷത്തിലേറെ അഭയാര്‍ത്ഥികള്‍ ഭക്ഷണമോ വെള്ളമോ ഇല്ലാതെ തെരുവിലാണ്. 150 അഭയാര്‍ത്ഥി കേന്ദ്രങ്ങളിലായി ആറുലക്ഷം പേരാണ് കഴിയുന്നതെന്ന് ഐക്യരാഷ്ട്രസഭയുടെ അഭയാര്‍ത്ഥി വിഭാഗമായ യുഎൻആര്‍ഡബ്ല്യുഎ അറിയിച്ചു.

ഇന്ധനം എത്തിയില്ലെങ്കില്‍ സഹായം നല്‍കി വരുന്ന യുഎന്‍ ഏജന്‍സികള്‍ക്ക് പ്രവര്‍ത്തനം അവസാനിപ്പിക്കേണ്ടിവരും. രൂക്ഷമായ ഇന്ധനക്ഷാമം കാരണം ഗാസയിലെ ആശുപത്രികൾ ഏതുനിമിഷവും അടച്ചുപൂട്ടാൻ നിർബന്ധിതമായേക്കുമെന്ന് പലസ്തീൻ അഭയാർത്ഥികൾക്കായുള്ള യുഎൻ ഏജൻസി വ്യക്തമാക്കി.

6546 മരണം 2,360 കുരുന്നുകള്‍

ഗാസ സിറ്റി: ഇസ്രയേല്‍ ആക്രമണത്തില്‍ ഗാസയില്‍ ഇതുവരെ 2,360 കുട്ടികള്‍ മരിച്ചതായി യൂണിസെഫ് അറിയിച്ചു. സംഘര്‍ഷം ആരംഭിച്ച്‌ 18 ദിവസത്തിനിടെയാണ് ഇത്രയും കുട്ടികള്‍ ഗാസയില്‍ കൊല്ലപ്പെട്ടത്. മിസൈലാക്രമണത്തിലും ബോംബാക്രമണത്തിലും 5,364 ഓളം കുട്ടികള്‍ക്ക് പരിക്കേറ്റതായും റിപ്പോര്‍ട്ടുണ്ട്. ഗാസയിലെ സാഹചര്യം ധാര്‍മ്മികതയ്ക്ക് മേലുള്ള കളങ്കമാണെന്ന് യൂണിസെഫ് പ്രതികരിച്ചു. ഒക്‌ടോബർ ഏഴു മുതൽ തുടങ്ങിയ ആക്രമണത്തിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 6546 ആയി ഉയർന്നു. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ മാത്രം 756 പേരാണ് കൊല്ലപ്പെട്ടതെന്ന് പലസ്തീൻ ആരോഗ്യ മന്ത്രാലയം അറിയിച്ചു. 17,439 പേർക്ക് പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട്. അധിനിവേശ വെസ്റ്റ്ബാങ്കിൽ ഇസ്രയേല്‍ ആക്രമണത്തിൽ മരിച്ചവരുടെ എണ്ണം നൂറ് കടന്നു.

Eng­lish Sum­ma­ry: Gaza hos­pi­tals ceas­ing to func­tion as water and fuel run out
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.