23 December 2024, Monday
KSFE Galaxy Chits Banner 2

Related news

December 21, 2024
December 20, 2024
December 19, 2024
December 18, 2024
December 16, 2024
December 15, 2024
December 9, 2024
December 8, 2024
December 7, 2024
December 5, 2024

യാത്രക്കാര്‍ക്ക് പേടിസ്വപ്നമാകുന്ന ഇന്ത്യന്‍ റെയില്‍വേ

Janayugom Webdesk
November 2, 2023 5:00 am

ആന്ധ്രാപ്രദേശിലെ വിസിനഗരം (വിജയനഗരം) ജില്ലയിൽ 13 പേരുടെ ജീവൻ അപഹരിക്കുകയും 38 പേർക്ക് പരിക്കേൽക്കുകയും ചെയ്ത ഞായറാഴ്ച രാത്രിയിലെ ട്രെയിൻ അപകടം രാജ്യത്തെ ഞെട്ടിച്ച ട്രെയിൻ ദുരന്തങ്ങളിൽനിന്നും പാഠമുൾക്കൊള്ളാൻ ഇന്ത്യൻ റെയിൽവേയും കേന്ദ്രസർക്കാരും ഇനിയും തയ്യാറല്ലെന്നതിന്റെ ഏറ്റവും പുതിയ തെളിവാണ്. ഇക്കഴിഞ്ഞ ജൂൺ മാസത്തിലാണ് ഒഡിഷയിലെ ബാലാസോറിൽ മൂന്ന് ട്രെയിനുകൾ കൂട്ടിയിടിച്ച് 175 യാത്രക്കാർ ദാരുണമായി കൊല്ലപ്പെടുകയും അനവധിപേർക്ക് പരിക്കേൽക്കുകയും ചെയ്തത്. ഏറ്റവും താഴെത്തലത്തിലുള്ള എതാനും തൊഴിലാളികളെയും ഉദ്യോഗസ്ഥരെയും ബലിയാടുകളാക്കുന്നതിന് അപ്പുറത്തേക്ക് ഇന്ത്യൻ റെയിൽവേയിൽ നിരന്തരം സംഭവിക്കുന്ന ചെറുതും വലുതുമായ അപകടങ്ങൾക്ക് ശാശ്വത പരിഹാരം കാണാൻ പര്യാപ്തമായ യാതൊരു നടപടിയും റെയിൽവേയോ അതിന്റെ സമ്പൂർണ നിയന്ത്രണാധികാരം കൈയാളുന്ന കേന്ദ്രസർക്കാരോ ചെയ്യുന്നില്ല. നാഷണൽ ക്രൈം റെക്കോഡ്സ് ബ്യുറോയുടെ ലഭ്യമായ കണക്കുകൾ അനുസരിച്ച് 2021ൽ മാത്രം രാജ്യത്ത് 18,000 ട്രെയിൻ അപകടങ്ങളിലായി 16,000 ജീവനുകളാണ് പൊലിഞ്ഞത്. ലോകത്ത് മറ്റൊരു രാജ്യത്തും കാണാൻ കഴിയാത്തത്ര ഭീമമായ ജീവനാശവും സാമ്പത്തിക നഷ്ടവുമാണിത്. ദിനംപ്രതി 240 ലക്ഷം പേരാണ് ഇന്ത്യൻ റെയിൽവേയിൽ യാത്രചെയ്യുന്നത്. ദേശീയ ഭരണകൂടത്തിന്റെ മുഖത്തെയാണ് ഇന്ത്യൻ റെയിൽവെ പ്രതിനിധാനംചെയ്യുന്നത്. വികൃതമായ മുഖം നന്നാക്കുന്നതിനുപകരം വർണശബളമായ ‘നമോഭാരത്’ പോലുള്ള ആഡംബര പദ്ധതികൾകൊണ്ട് ആ വൈകൃതം മറച്ചുവയ്ക്കാനാണ് മോഡിഭരണകൂടം ശ്രമിക്കുന്നത്. റെയിൽവേയെ ആശ്രയിക്കുന്ന ദശലക്ഷക്കണക്കിനുവരുന്ന സാധാരണക്കാരും പട്ടിണിപ്പാവങ്ങളുമായ യാത്രക്കാരുടെ ജീവൻ സുരക്ഷിതമാക്കാനോ കുറഞ്ഞ യാത്രാസൗകര്യം ഉറപ്പുവരുത്താനോ ഒരു ശ്രമവും കേന്ദ്രസർക്കാരിന്റെ ഭാഗത്തുനിന്നും ഉണ്ടാവുന്നില്ല.

സിഗ്നലിങ് സംവിധാനത്തിലുള്ള ബാഹ്യഇടപെടലാണ് ബാലാസോർ അപകടത്തിന് കാരണമായി പറഞ്ഞതെങ്കിൽ വിസിനഗരത്തിൽ സിഗ്നൽ മറികടന്നതാണ് അപകടകാരണമായി ചൂണ്ടിക്കാട്ടുന്നത്. അവ അങ്ങനെതന്നെ ആണെങ്കിൽപോലും അത്തരം സാഹചര്യങ്ങളിലും അപകടം ഒഴിവാക്കാൻ കഴിയുന്ന ‘കവച്’ എന്ന സാങ്കേതികവിദ്യ ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ചെടുത്തതായാണ് റെയിൽവേ അവകാശപ്പെടുന്നത്. എന്നാൽ മേല്പറഞ്ഞ രണ്ടപകടങ്ങളിലും ഉൾപ്പെട്ട ട്രെയിനുകളിൽ ഈ സംവിധാനം ഉണ്ടായിരുന്നില്ല. സാധാരണ മനുഷ്യരുടെ ജീവന് വിലകല്പിക്കാത്ത റെയിൽവേയുടെയും കേന്ദ്രസര്‍ക്കാരിന്റെയും മനോഭാവമാണ് ഇത് തുറന്നുകാട്ടുന്നത്. മറുവശത്ത് സമ്പന്നരുടെയും വരേണ്യരുടെയും സുഖസൗകര്യങ്ങളും ആഡംബരവും ഉറപ്പുവരുത്തുന്നതിലാണ് മോഡിസർക്കാരിന്റെ മുൻഗണന. അപകടങ്ങളിൽപെട്ട് മരണമടഞ്ഞവരുടെ കുടുംബങ്ങൾക്കും പരിക്കേറ്റവർക്കും നക്കാപ്പിച്ച നൽകി ബന്ധുക്കളുടെ വായടപ്പിക്കുന്നതിനപ്പുറം യാത്രക്കാരുടെ ജീവൻ ഉറപ്പുനൽകുന്ന സുരക്ഷാസംവിധാനങ്ങൾ ഒരുക്കുന്നതിനോട് പുറംതിരിഞ്ഞുനിൽക്കുകയാണ് കേന്ദ്ര ഭരണകൂടം. 2017–18 ബജറ്റോടെ രാജ്യത്തെ ഏറ്റവും വലിയ ഗതാഗതസംവിധാനം, തൊഴിൽദായകൻ എന്നീ നിലകളിൽ പ്രത്യേക റെയിൽവേ ബജറ്റെന്ന കീഴ്‌വഴക്കം തന്നെ മോഡിഭരണം ചുരുട്ടിക്കെട്ടി. ഇപ്പോൾ ലോകത്തെതന്നെ ബൃഹത്തായ റെയിൽവേകളിൽ ഒന്നിന് പൂർണചുമതലയുള്ള ഒരു മന്ത്രിപോലും ഇല്ലാത്ത അവസ്ഥയാണ്. ഇലക്ടോണിക്സും ഇൻഫർമേഷൻ ടെക്നോളജിയും, വാർത്താവിനിമയം എന്നീ രണ്ട് സുപ്രധാന വകുപ്പുകളുടെ ചുമതലയ്ക്കുപുറമെയാണ് അശ്വനി വൈഷ്ണവ് റെയിൽവേയുടെ അധികച്ചുമതലകൂടി വഹിക്കുന്നത്. അതിന്റെ എല്ലാ പരാധീനതകളും റെയിൽവേയിൽ പ്രകടമാണ്.


ഇതുകൂടി വായിക്കൂ: തീവണ്ടി യാത്രാ ദുരിതം പരിഹരിക്കാന്‍ നടപടി വേണം


സുരക്ഷിതവും കാര്യക്ഷമവുമായ റെയിൽ സംവിധാനത്തിന് ആവശ്യമായ തൊഴിലാളികളും ജീവനക്കാരും എൻജിനീയർമാരും സാങ്കേതിക വിദഗ്ധരുമടക്കം മൂന്നുലക്ഷത്തോളം തസ്തികകളാണ് റെയിൽവേയിൽ ഒഴിഞ്ഞുകിടക്കുന്നത്. 2022–23 കാലയളവിൽ 1.12 ലക്ഷം റെയിൽ നടത്തിപ്പ് സുരക്ഷയ്ക്ക് ആവശ്യമായ ജീവനക്കാരെ നിയമിച്ചിട്ടും ജൂലൈ ഒന്നുവരെ 53,180 തസ്തികകളുടെ കുറവ് ഇനിയും നികത്തപ്പെടേണ്ടതുണ്ട്. ഇത് മഞ്ഞുമലയുടെ ശിഖരം മാത്രമാണ്. സാധാരണക്കാർ യാത്രചെയ്യുന്ന കോച്ചുകളുടെ ശോചനീയാവസ്ഥ വിവരണാതീതമാണ്. ഇത്രയധികം യാത്രക്കാരെ വഹിച്ചുകൊണ്ട് ഓടുന്ന ട്രാക്കുകൾ, സിഗ്നലിങ് സംവിധാനം, റെയിൽവേ ക്രോസുകൾ തുടങ്ങി കാലാനുസൃതമായ നവീകരണത്തിനുവേണ്ടി മുറവിളികൂട്ടുന്ന ഇന്ത്യൻ റെയിൽവെ ജനങ്ങൾക്ക് പേടിസ്വപ്നമാണ്. മറ്റുമാർഗങ്ങൾ ഒന്നുമില്ലാത്തതുകൊണ്ട് മാത്രമാണ് ജീവഭയത്തോടെ റെയിൽ യാത്രയ്ക്ക് സാധാരണക്കാർ നിർബന്ധിതരാകുന്നത്. നമോഭാരതും വന്ദേഭാരതുമെല്ലാം അനുദിനം നടക്കുന്ന ട്രെയിൻ അപകടങ്ങളുടെയും കൂട്ടക്കുരുതികളുടെയും നടുവിൽ മഹാഭൂരിപക്ഷം വരുന്ന സാധാരണ യാത്രക്കാരോടുള്ള പുച്ഛവും പരിഹാസവുമാണ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.