23 December 2024, Monday
KSFE Galaxy Chits Banner 2

Related news

November 19, 2024
November 19, 2024
November 9, 2024
October 18, 2024
July 12, 2024
June 30, 2024
March 27, 2024
March 21, 2024
March 21, 2024
March 21, 2024

ന്യൂനപക്ഷ വിദ്യാഭ്യാസ സ്ഥാപനങ്ങളെ കേന്ദ്രം ഞെരുക്കുന്നു

Janayugom Webdesk
ന്യൂഡല്‍ഹി
November 2, 2023 11:46 pm

ന്യൂനപക്ഷ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അംഗീകാരം ലഭിക്കാന്‍ 25 മുതല്‍ 50 ശതമാനം വരെ സ്വസമുദായത്തില്‍ നിന്നുള്ള വിദ്യാര്‍ത്ഥികള്‍ക്ക് പ്രവേശനം നല്‍കണമെന്ന നിബന്ധനയ്ക്കെതിരെ സംസ്ഥാനങ്ങള്‍. ന്യൂനപക്ഷ വിദ്യാഭ്യാസ സ്ഥാപനങ്ങളെ തകര്‍ക്കുകയെന്ന ലക്ഷ്യത്തോടെയാണ് പുതിയ മാര്‍ഗനിര്‍ദേശങ്ങളെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. തമി‌ഴ‌്നാട്, തെലങ്കാന, ആന്ധ്രാപ്രദേശ്, കര്‍ണാടക എന്നീ സംസ്ഥാനങ്ങളാണ് ദേശീയ ന്യൂനപക്ഷ വിദ്യാഭ്യാസ കമ്മിഷന്‍ നിബന്ധനയെ ചോദ്യം ചെയ്ത് രംഗത്ത് വന്നിരിക്കുന്നത്.

പുതുക്കിയ മാര്‍ഗനിര്‍ദേശം അനുസരിച്ച് ന്യൂനപക്ഷ വിദ്യാഭ്യാസ സ്ഥാപന പദവി ലഭിക്കുന്നതിന് സ്ഥാപനം ആരംഭിക്കുന്ന സമുദായത്തിലെ 50 ശതമാനം വിദ്യാര്‍ത്ഥികള്‍ക്ക് പ്രവേശനം നല്‍കണമെന്ന വ്യവസ്ഥ പാലിക്കാന്‍ സാധിക്കില്ലെന്ന് നാലു സംസ്ഥാനങ്ങളും വ്യക്തമാക്കി. ജനസംഖ്യപരമായും പ്രാദേശിക ഘടകങ്ങള്‍ കണക്കിലെടുത്തും ഇത്തരം വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ 50 ശതമാനം ന്യൂനപക്ഷ വിഭാഗം വിദ്യാര്‍ത്ഥികള്‍ക്ക് പ്രവേശനം നല്‍കാന്‍ പ്രായോഗിക ബുദ്ധിമുട്ടുകളുണ്ട്. തമിഴ‌്നാട്ടില്‍ 30 മുതല്‍ 40 ശതമാനം വരെ വിദ്യാര്‍ത്ഥികളെയാണ് ന്യൂനപക്ഷ ക്വാട്ടയില്‍ പ്രവേശിപ്പിക്കാന്‍ സാധിക്കുന്നത്.

തെലങ്കാന 30, കര്‍ണാടകയില്‍ 25 ശതമാനം വിദ്യാര്‍ത്ഥികളുമാണ് ന്യൂനപക്ഷ വിഭാഗത്തില്‍ നിന്നും പ്രവേശനം നേടുന്നതെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു. രാജ്യത്തെ ന്യൂനപക്ഷ വിഭാഗം വിദ്യാര്‍ത്ഥികളുടെ ഉന്നമനം ലക്ഷ്യമിട്ടാണ് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ആരംഭിക്കാന്‍ ഭരണഘടനാനുസൃതമായി കേന്ദ്ര സര്‍ക്കാര്‍ നേരത്തെ അനുമതി നല്‍കിയിരുന്നത്. പ്രായോഗികമായി നടപ്പാക്കാന്‍ ബുദ്ധിമുട്ടുള്ള നിബന്ധനകള്‍ ഏര്‍പ്പെടുത്തി ന്യൂനപക്ഷ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ അംഗീകാരം റദ്ദാക്കുന്ന നടപടി മനുഷ്യത്വരഹിതമാണെന്ന് ദേശീയ ന്യൂനപക്ഷ വിദ്യാഭ്യാസ കമ്മിഷന്‍ അംഗം ഷഹിദ് അക്തര്‍ പറഞ്ഞു.

പാഴ്സി, ജൈന, ബുദ്ധിസ്റ്റ് , ക്രിസ്ത്യന്‍, സിഖ് മതസ്ഥരുടെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് പലപ്പോഴും അതേ സമുദായത്തില്‍പ്പെട്ട 50 ശതമാനം വിദ്യാര്‍ത്ഥികള്‍ക്ക് പ്രവേശനം നല്‍കാന്‍ സാധിക്കില്ല. നിയമം കര്‍ശനമാക്കിയല്‍ പല സംസ്ഥാനങ്ങളിലെയും ന്യൂനപക്ഷ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ അംഗീകാരം റദ്ദാക്കുന്ന സ്ഥിതിവിശേഷമുണ്ടാകുമെന്നും സുപ്രീം കോടതി അഭിഭാഷകനായ ജോസ് ഏബ്രാഹം അഭിപ്രായപ്പെട്ടു.

Eng­lish Sum­ma­ry: Minor­i­ty Edu­ca­tion­al Institutions
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.