ലോകത്തെ ഏറ്റവും മലിനമായ അഞ്ച് നഗരങ്ങളുടെ പട്ടികയില്‍ രാജ്യത്തെ മൂന്ന് നഗരങ്ങളും. സ്വിസ് ഗ്രൂപ്പ് ഐക്യൂഎയര്‍ പുറത്തിറക്കിയ പട്ടികയിലാണ് ഡല്‍ഹി, കൊല്‍ക്കത്ത, മുംബൈ എന്നീ നഗരങ്ങള്‍ ഉള്‍പ്പെട്ടത്. പട്ടികയില്‍ ഏറ്റവും മോശം വായുഗുണനിലവാരമുള്ള നഗരം ഡല്‍ഹിയാണ്. ഇന്ന് രാവിലെ 7.30ന് ഡല്‍ഹിയില്‍ വായുഗുണനിലവാര സൂചിക 483 ആണ് രേഖപ്പെടുത്തിയത്. പാകിസ്ഥാനിലെ ലാഹോറാണ് രണ്ടാമത്(371). കൊല്‍ക്കത്തയിലും മുംബൈയിലും യഥാക്രമം 206ഉം 162ഉം ആണ് വായുഗുണനിലവാര സൂചിക. ബംഗ്ലാദേശിലെ ധാക്കയില്‍ 189ഉം പാകിസ്ഥാനിലെ കറാച്ചിയില്‍ 162ഉം ചൈനയിലെ ഷെൻയാങ്ങില്‍ 159ഉം ചൈനയിലെ ഹാങ്ഷൗവില്‍ 159ഉം ആണ് സൂചിക.
കുവൈറ്റ് സിറ്റി, വുഹാൻ എന്നീ നഗരങ്ങളില്‍ വായുഗുണനിലവാര സൂചിക യഥാക്രമം 155ഉം 152ഉം രേഖപ്പെടുത്തിയിട്ടുണ്ട്. കുറഞ്ഞ താപനില, കാറ്റിലെ കുറവ്, അയല്‍ സംസ്ഥാനങ്ങളില്‍ കാര്‍ഷിക അവശിഷ്ടങ്ങള്‍ കത്തിക്കുക എന്നിവയാണ് വായു മലിനീകരണം രൂക്ഷമാകാൻ കാരണമെന്ന് അധികൃതര്‍ വിലയിരുത്തുന്നു. ന്യൂഡല്‍ഹിയില്‍ വായു ഗുണനിലവാരം മോശം നിലവാരത്തില്‍ തുടരുകയാണ്. ചിലയിടങ്ങളില്‍ ഗുണനിലവാരം 550 രേഖപ്പെടുത്തി. വായു മലിനീകരണം രൂക്ഷമായതോടെ കണ്ണിനും തൊണ്ടയ്ക്കും അസ്വസ്ഥത ഉണ്ടാകുന്നതായി ഡല്‍ഹി നിവാസികള്‍ പറഞ്ഞു. വായു ഗുണനിലവാരസൂചിക 50നു മുകളില്‍ രേഖപ്പെടുത്തുന്നത് ആരോഗ്യത്തെ ബാധിക്കുമെന്നാണ് ഡോക്ടര്‍മാര്‍ വ്യക്തമാക്കുന്നത്. 400–500 എന്നീ നിലയില്‍ ഗുണനിലവാര സൂചിക രേഖപ്പെടുത്തുന്നത് അപകടകരമാണെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
കഴിഞ്ഞ 24 മണിക്കൂറില്‍ നിരവധി കുട്ടികളാണ് ചുമയും ശ്വാസ തടസവും അനുഭവപ്പെട്ട് ആശുപത്രികളിലെത്തിയതെന്ന് ഡല്‍ഹി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഡോക്ടര്‍ അഹമ്മദ് ഖാൻ സമൂഹമാധ്യമമായ എക്സില്‍ കുറിച്ചു.
ഡല്‍ഹിയില്‍ പലയിടങ്ങളിലും വായുഗുണനിലവാര സൂചിക അപകട നിലയ്ക്ക് മുകളിലാണ്. രാവിലെ 500നോടടുത്തായിരുന്നു സൂചിക എങ്കില്‍ ഉച്ചയോടെ വസീര്‍പൂരില്‍ ഇത് 859 ആയി. ഒക്ടോബറില്‍ വായുഗുണനിലവാരം 150നും 200നും ഇടയിലായിരുന്നു. നവംബര്‍ രണ്ടിനാണ് ഇത് 256ല്‍ നിന്ന് 483ലെത്തിയത്.
രാജ്യതലസ്ഥാനത്ത് പിഎം2.5 ന്റെ അളവ് ക്യുബിക് മീറ്ററില്‍ 523 മില്ലിഗ്രാം രേഖപ്പെടുത്തി. ഇത് ലോകാരോഗ്യ സംഘടന അനുവദിക്കുന്ന അളവിന്റെ 104.6 ഇരട്ടിയാണെന്ന് വിദഗ്ധര്‍ വ്യക്തമാക്കുന്നു. പിഎം2.5 ദീര്‍ഘ നേരം ശ്വസിക്കുന്നത് ആരോഗ്യത്തെ ബാധിക്കുമെന്നും മനുഷ്യന്റെ തലനാരിഴയെ 30 ആയി പകുത്താലുള്ളത്ര നേര്‍ത്ത ഇത്തരം കണികകള്‍ ശ്വാസകോശത്തിലൂടെ രക്തക്കുഴലിലേക്ക് കടക്കാനും കഠിനമായ ഹൃദയ, ശ്വാസകോശ പ്രശ്നങ്ങള്‍ക്ക് കാരണമാകാനും സാധ്യതയുണ്ടെന്നും ആരോഗ്യ പ്രവര്‍ത്തകര്‍ ഓര്‍മ്മപ്പെടുത്തുന്നു. പിഎം10ന്റെ അളവിലും ഗണ്യമായ വര്‍ധനയാണ് ഉണ്ടായിട്ടുള്ളത്. വായുഗുണനിലവാരത്തിലെ ശോചനീയാവസ്ഥ കുട്ടികളിലുള്‍പ്പെടെ രോഗ കാരണമാകുന്നതായി ആരോഗ്യ വിദഗ്ധര്‍ വ്യക്തമാക്കുന്നു. 25മുതല്‍ 30 സിഗററ്റ് വലിക്കുന്നതിന് തുല്യമാണ് നിലവിലെ വായുഗുണനിലവാര സൂചികമൂലമുള്ള ആരോഗ്യ പ്രശ്നങ്ങള്‍.
തല മുതല്‍ നഖം വരെ വായു മലിനീകരണം മൂലമുള്ള ആരോഗ്യ പ്രശ്നങ്ങള്‍ നേരിടേണ്ടി വരുമെന്നും ആസ്ത്മ, അമിത വണ്ണം തുടങ്ങിയ രോഗ ലക്ഷണങ്ങള്‍ ഉണ്ടായേക്കാമെന്നും മുതിര്‍ന്ന ശ്വാസകോശ വിദഗ്ധൻ അരവിന്ദ് കുമാര്‍ അഭിപ്രായപ്പെട്ടു. മോശം വായു കുറച്ചു നാള്‍ ശ്വസിക്കുന്നത് പോലും ആരോഗ്യ പ്രശ്നങ്ങള്‍ സൃഷ്ടിക്കും, മലിനമായ വായു ദീര്‍ഘനാള്‍ ശ്വസിക്കുന്നത് പക്ഷാഘാതം, ക്രോണിക് ഒബ്‌സ്ട്രക്ടീവ് പൾമൊണറി ഡിസീസ്, കണ്ഠനാള രോഗങ്ങള്‍, ശ്വാസകോശ അർബുദം തുടങ്ങി നിരവധി അസുഖങ്ങള്‍ക്ക് കാരണമാകാമെന്നും യൂറോപ്യൻ എൻവയോണ്‍മെന്റ് ഏജൻസി വ്യക്തമാക്കുന്നു.
English Summary:India leads in polluted cities
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.