23 December 2024, Monday
KSFE Galaxy Chits Banner 2

ഹമാസ് ഭരണകേന്ദ്രം പിടിച്ച് ഇസ്രയേല്‍

Janayugom Webdesk
ജെറുസലേം
November 15, 2023 9:13 am

ഹമാസിന് വടക്കന്‍ ഗാസയുടെ നിയന്ത്രണം നഷ്ടമായെന്ന് ഇസ്രയേല്‍. ഹമാസ് പാര്‍ലമെന്റ് മന്ദിരവും പൊലീസ് ആസ്ഥാനവും മറ്റ് നിരവധി കേന്ദ്രങ്ങളും പിടിച്ചെടുത്തതായി ഇസ്രയേല്‍ പ്രതിരോധ മന്ത്രി യോവ് ഗാലന്റ് അവകാശപ്പെട്ടു. നിരവധി ഉന്നത ഹമാസ് നേതാക്കളെ കൊലപ്പെടുത്തിയതായും അദ്ദേഹം അവകാശപ്പെട്ടു. ഹമാസ് പാര്‍ലമെന്റ് ഹാള്‍ ഇസ്രയേല്‍ സൈനികര്‍ കയ്യടക്കിയതിന്റെ ചിത്രങ്ങളും പുറത്തുവന്നിട്ടുണ്ട്. 

ഗാസ സിറ്റിയിലെ ഷെയ്ഖ് ലിജിന്‍, റിമാല്‍ പ്രദേശങ്ങളിലെ ഹമാസിന്റെ ഭരണ കേന്ദ്രങ്ങളെല്ലാം അധീനതയിലാക്കിയെന്നാണ് ഇസ്രയേലിന്റെ അവകാശവാദം. ഗവര്‍ണറുടെ ഓഫിസ്, ഗാസന്‍ യൂണിവേഴ്സിറ്റി എന്നിവയും ഗോലാനി ബ്രിഗേഡിന്റെ നിയന്ത്രണത്തിലാണെന്ന് ഐഡിഎഫ് അറിയിച്ചു. ഹമാസിന്റെ മുന്‍ ഇന്റലിജന്‍സ് തലവന്‍ മുഹമ്മദ് ഖാസിമിനെയും മിസൈല്‍ ആക്രമണ സംവിധാനത്തിന്റെ തലപ്പത്ത് പ്രവര്‍ത്തിച്ച യാഖൂബ് അസറിനെയും വധിച്ചതായും ഐഡിഎഫ് അവകാശപ്പെട്ടു. വടക്കന്‍ ഗാസയില്‍ നിന്നു ഹമാസ് സംഘാംഗങ്ങള്‍ തെക്കോട്ട് പലായനം ചെയ്യുകയാണെന്നും സൈന്യം അവകാശപ്പെട്ടു.
39 ദിവസമായി കടുത്ത ആക്രമണം നേരിടുന്ന ഗാസയിലെ മരണസംഖ്യയുടെ പുതുക്കിയ കണക്കുകള്‍ പുറത്തുവന്നിട്ടില്ല. വൈദ്യുതി ബന്ധം പൂര്‍ണമായി നിലച്ചതോടെ അല്‍ ഷിഫ അടക്കമുള്ള ആശുപത്രികളുടെ പ്രവര്‍ത്തനം പൂര്‍ണമായി നിലച്ചിട്ടുണ്ട്. 

ഗാസയിലെ പകുതിയിലധികം ആശുപത്രികളും പ്രവര്‍ത്തിക്കുന്നില്ലെന്ന് ലോകാരോഗ്യസംഘടന അറിയിച്ചിരുന്നു. 36 ആശുപത്രികളില്‍ 22 എണ്ണവും നിലവില്‍ പ്രവര്‍ത്തിക്കുന്നില്ല. ഇന്ധന ക്ഷാമം, ഇസ്രയേല്‍ ആക്രമണത്തില്‍ ഗുരുതര തകരാര്‍, സുരക്ഷിതത്വമില്ലായ്മ എന്നിവയാണ് ആശുപത്രികളുടെ പ്രവര്‍ത്തനത്തിന് തടസം സൃഷ്ടിക്കുന്നതെന്നും ലോകാരോഗ്യസംഘടന വ്യക്തമാക്കിയിരുന്നു. ഗാസയിലേക്ക് ഇന്ധനങ്ങള്‍ അനുവദിച്ചില്ലെങ്കില്‍ പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിവയ്ക്കേണ്ടി വരുമെന്ന് ഐക്യരാഷ്ട്രസഭയും വ്യക്തമാക്കിയിട്ടുണ്ട്. വെസ്റ്റ് ബാങ്കിലും ഇസ്രയേല്‍സേന ആക്രമണം തുടരുകയാണ്. റെഡ് ക്രെസന്റിന്റെ സംവിധാനങ്ങള്‍ക്ക് നേരെയും കനത്ത ആക്രമണമുണ്ടായി. തുല്‍കറമിലെ അഭയാര്‍ത്ഥി ക്യാമ്പിനുനേര്‍ക്കും ഇസ്രയേല്‍ വ്യോമാക്രമണം നടത്തി. ആറ് പേര്‍ കൊല്ലപ്പെട്ടു. അതേസമയം ഹമാസ് കേന്ദ്രങ്ങളില്‍ നിന്നും ദക്ഷിണ ഇസ്രയേല്‍ നഗരമായ അഷ്കലോണിലേക്ക് റോക്കറ്റ് ആക്രമണമുണ്ടായി. രണ്ടുപേര്‍ക്ക് പരിക്കേറ്റു. 

Eng­lish Sum­ma­ry: Israel takes con­trol of Hamas

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.