28 December 2025, Sunday

Related news

December 28, 2025
December 28, 2025
December 27, 2025
December 27, 2025
December 27, 2025
December 26, 2025
December 26, 2025
December 24, 2025
December 24, 2025
December 24, 2025

വീരാട്ടം; സച്ചിന്റെ റെക്കോഡ് തിരുത്തി കിങ് കോലി

Janayugom Webdesk
മുംബൈ
November 15, 2023 10:54 pm

ക്രിക്കറ്റ് ലോകത്ത് ഇനി ഒരേയൊരു രാജാവ്. ഏകദിനത്തില്‍ ഏറ്റവും കൂടുതല്‍ സെഞ്ചുറി നേടിയ താരമായി വിരാട് കോലി. ന്യൂസിലന്‍ഡിനെതിരായ ലോകകപ്പ് സെമിഫൈനല്‍ മത്സരം ചരിത്രനേട്ടത്തിന് സാക്ഷിയായി. ഏകദിന സെഞ്ചുറി റെക്കോഡില്‍ ഇതിഹാസതാരം സച്ചിന്‍ ടെണ്ടുല്‍ക്കറെയാണ് കിങ് കോലി മറികടന്നത്. 106 പന്തിൽ നിന്നും എട്ട് ഫോറും ഒരു സിക്‌സും സഹിതമാണ് കോലി അമ്പതാം സെഞ്ചുറി പൂർത്തിയാക്കിയത്. 290 ഏകദിനങ്ങളിലായി 279 ഇന്നിങ്സിൽ നിന്നുമാണ് ഇതുവരെ ആരും കൈവരിക്കാത്ത നേട്ടം. 2023 ലോകകപ്പിലെ കോലിയുടെ മൂന്നാമത്തെ സെഞ്ചുറിയും കൂടിയാണ് വാങ്കഡെയില്‍ പിറന്നത്.

തുടക്കത്തിലെ തകര്‍പ്പനടികള്‍ക്ക് ശേഷം ക്യാപ്റ്റന്‍ രോഹിത് ശര്‍മ്മ പുറത്തായതോടെ കോലി മൂന്നാം നമ്പറായി ക്രീസിലെത്തി. കൃത്യതയാര്‍ന്ന കവര്‍ ഡ്രൈവുകളും സ്ട്രോക്ക് പ്ലേയുമായി തുടക്കം മുതല്‍ കളംനിറഞ്ഞു. വിക്കറ്റുകള്‍ക്കിടയിലുള്ള ഓട്ടത്തിലും മികവ് തുടര്‍ന്നതോടെ ഇന്ത്യന്‍ സ്കോര്‍ ബോര്‍ഡിലേക്ക് റണ്‍സ് ഒഴുകി. റെക്കോഡ് നേട്ടത്തിലേക്കുള്ള കോലിയുടെ കുതിപ്പിന് കിവീസ് ബൗളര്‍മാരാരും തടസമായില്ല. 42-ാം ഓവറിലെ നാലാം പന്തില്‍ ലോക്കി ഫെർഗൂസനെ സ്‌ക്വയര്‍ ലെഗിലേക്ക് ഫ്ലിക്കുചെയ്‌ത് 50-ാം സെഞ്ചുറിയിലേക്കുള്ള രണ്ട് റണ്‍സ്. വായുവില്‍ ചാടി ഉയര്‍ന്ന് ഒരു പഞ്ച്.

കാണികള്‍ തിങ്ങിനിറഞ്ഞ വാങ്കഡെ സ്റ്റേഡിയം പൊട്ടിത്തെറിച്ചു. തുടര്‍ന്ന് ഹെൽമെറ്റ് അഴിച്ചുമാറ്റി കൈകൾ ഉയർത്തി കോലി കുടുംബാംഗങ്ങളെയും കാണികളെയും വണങ്ങി. സച്ചിന്‍, സുനില്‍ ഗവാസ്കര്‍, വിവ് റിച്ചാര്‍ഡ്സ് അടക്കമുള്ള ക്രിക്കറ്റ് ഇതിഹാസങ്ങള്‍ കോലിയുടെ റെക്കോഡ് നേട്ടം വീക്ഷിക്കാനെത്തിയിരുന്നു. 2008 ല്‍ അന്താരാഷ്ട്ര കരിയർ ആരംഭിച്ച കോലി 2009 ഡിസംബറിൽ കൊൽക്കത്തയിൽ ശ്രീലങ്കയ്‌ക്കെതിരെയായിരുന്നു ആദ്യ ഏകദിന സെഞ്ചുറി കുറിച്ചത്. ഒരു ലോകകപ്പിൽ ഏറ്റവും കൂടുതൽ റൺസ് നേടുന്ന താരമെന്ന റെക്കോഡും കോലി സ്വന്തമാക്കി. 2003ലെ ലോകകപ്പിൽ സച്ചിൻ ടെണ്ടുൽക്കർ നേടിയ 673 റൺസിന്റെ റെക്കോഡാണ് മറികടന്നത്.

ഒരു ലോകകപ്പിൽ ഏറ്റവും കൂടുതൽ അമ്പതിൽ കൂടുതൽ റൺസ് നേടുന്ന താരവും കോലിയാണ്. ഏഴ് അർധസെഞ്ചുറി നേടിയ സച്ചിനെയും ഷക്കീബുൽ ഹസനെയും മറികടന്നു. 113 പന്തില്‍ 117 റണ്‍സെടുത്ത കോലി ടിം സൗത്തിയുടെ പന്തില്‍ പുറത്തായി. കോലിക്ക് പുറമെ ശ്രേയസ് അയ്യരും സെഞ്ചുറി നേട്ടം കുറിച്ചതോടെ ഇന്ത്യ നാല് വിക്കറ്റ് നഷ്ടത്തില്‍ 397 റണ്‍സെന്ന വന്‍ സ്കോറിലെത്തി. ഓപ്പണര്‍മാരായ ശുഭ്മാന്‍ ഗില്‍ 79 റണ്‍സും രോഹിത് ശര്‍മ്മ 47 റണ്‍സും നേടി മികച്ച പിന്തുണ നല്‍കി. ലോകകപ്പ് സെമി ഫൈനലിലെ ഏറ്റവും ഉയര്‍ന്ന സ്കോര്‍ കൂടിയാണ് ഇന്ത്യ കിവീസിന് മുന്നില്‍ ഉയര്‍ത്തിയത്. 70 റണ്‍സ് ജയത്തോടെ ഇന്ത്യ ഫൈനലിലെത്തി.

Eng­lish Sum­ma­ry: Virat Kohli Breaks Sachin Ten­dulka­r’s World Record

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.