19 December 2025, Friday

ജിപിഎസ് നഷ്ടമാകുന്നു: പശ്ചിമേഷ്യയില്‍ ദിശയറിയാതെ വിമാനങ്ങള്‍

Janayugom Webdesk
ന്യൂഡല്‍ഹി
November 24, 2023 10:12 pm

പശ്ചിമേഷ്യ മേഖലയില്‍ വിമാനങ്ങള്‍ക്ക് ജിപിഎസ് സിഗ്നലുകള്‍ നഷ്ടമാകുന്നതായി റിപ്പോര്‍ട്ട്. ഈ മേഖലകളില്‍ പറക്കുന്ന വിമാനങ്ങള്‍ക്ക് ഡയറക്ടര്‍ ജനറല്‍ ഓഫ് സിവില്‍ ഏവിയേഷൻ മാര്‍ഗനിര്‍ദേശം പുറത്തിറക്കി. പശ്ചിമേഷ്യയിലൂടെ പറക്കുന്ന വേളയില്‍ വിമാനത്തിന്റെ ഗതിനിയന്ത്രണ സംവിധാനം തെറ്റായ വിവരം നല്‍കുകയോ സിഗ്നല്‍ ലഭിക്കാതിരിക്കുകയോ ചെയ്യുന്നതായാണ് റിപ്പോര്‍ട്ട്. നിരവധി തവണ ഇത്തരത്തില്‍ ഗതിനിര്‍ണയ സംവിധാനത്തില്‍ തകരാറുണ്ടായതോടെയാണ് ഡിജിസിഎ മാര്‍ഗനിര്‍ദേശം പുറത്തിറക്കിയത്. 

പ്രശ്നബാധിത മേഖലകളായതിനാല്‍ സൈന്യം ഉപയോഗിക്കുന്ന ഇലക്ട്രോണിക് വാര്‍ഫെയര്‍ സിസ്റ്റമാണ് ഗതിനിര്‍ണയ സംവിധാനത്തെ ബാധിക്കുന്നതെന്നാണ് വിലയിരുത്തല്‍.
സെപ്റ്റംബറില്‍ ഇറാനില്‍ നിരവധി വിമാനങ്ങളുടെ ഗതിനിര്‍ണയ സംവിധാനം തകരാറിലാകുകയും നിര്‍ദിഷ്ട പാതയില്‍ നിന്ന് മാറി സഞ്ചരിക്കുകയും ചെയ്തിരുന്നു. വിമാനങ്ങളിലൊന്ന് അനുമതിയില്ലാതെ ഇറാന്റെ വ്യോമാതിർത്തിയിലേക്ക് കയറിയ സാഹചര്യവുമുണ്ടായിരുന്നു. വടക്കൻ ഇറാഖ്, അസര്‍ബൈജാൻ മേഖലകളിലെ തിരക്കേറിയ ഇടങ്ങളിലും ഇത് കൂടുതലായി സംഭവിക്കുന്നു. സെപ്റ്റംബറില്‍ മാത്രം ഇത്തരത്തില്‍ 12 സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഈ മാസം 20ന് തുര്‍ക്കിയിലെ അങ്കാരയിലും സമാന സംഭവമുണ്ടായി. 

വിമാനങ്ങള്‍ക്ക് ആദ്യം തെറ്റായ സിഗ്നല്‍ ലഭിക്കുന്നു. എത്തേണ്ട ഇടത്തു നിന്നും മൈലുകള്‍ അകലെയാണ് സഞ്ചരിക്കുന്നത് എന്ന് തെറ്റിദ്ധാരണ സൃഷ്ടിക്കുകയും ചെയ്യുന്നു. തുടര്‍ന്ന് വിമാനത്തിന്റെ ഇനേർഷ്യൽ റഫറൻസ് സിസ്റ്റം (ഐആർഎസ്) അസ്ഥിരമാവുകയും ചെയ്യും. ഇത് പല സന്ദർഭങ്ങളിലും വിമാനത്തിന്റെ ഗതിനിയന്ത്രണം പൂർണമായും നഷ്ടപ്പെടുന്ന സ്ഥിതിയിലേക്ക് നയിക്കുകയും ചെയ്യാറുണ്ട്. വ്യോമാതിർത്തിയിൽ ഭീഷണി നേരിടുന്നതിനുള്ള പ്രായോഗിക മാര്‍ഗനിര്‍ദേശങ്ങള്‍ ഡിജിസിഎ പുറത്തിറക്കിയ സർക്കുലറിലുണ്ട്. കൂടാതെ, ഭാവിയിൽ ഇത്തരത്തിലുള്ള ഭീഷണികൾ നിരീക്ഷിക്കുവാനും അതിനായി ഒരു വിശകലന ശൃംഖല സൃഷ്ടിക്കുന്നതിനുമുള്ള നിർദേശവും ഡിജിസിഎ ആവശ്യപ്പെട്ടിട്ടുണ്ട്. 

Eng­lish Summary:Losing GPS: Planes Miss­ing Direc­tion in West Asia
You may also like this video

Kerala State - Students Savings Scheme

TOP NEWS

December 19, 2025
December 19, 2025
December 19, 2025
December 19, 2025
December 19, 2025
December 19, 2025

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.