23 November 2024, Saturday
KSFE Galaxy Chits Banner 2

Related news

August 16, 2024
February 27, 2024
February 3, 2024
November 26, 2023
October 17, 2023
September 28, 2023
March 6, 2023
January 19, 2023
September 30, 2022
September 30, 2022

സംസ്ഥാന ആരോഗ്യ മേഖലയ്ക്ക് വീണ്ടും ദേശീയ പുരസ്കാരം

Janayugom Webdesk
തിരുവനന്തപുരം
November 26, 2023 9:25 pm

ആരോഗ്യ മേഖലയിലെ നൂതന സങ്കേതങ്ങൾക്കുള്ള ഡിജിറ്റൽ ട്രാൻസ്ഫോർമേഷൻ അവാർഡ് 2023 കേരളത്തിന്. ഹീമോഫീലിയ, തലസീമിയ, അരിവാള്‍ രോഗം എന്നിവയുടെ ചികിത്സക്കായി സംസ്ഥാന ആരോഗ്യ വകുപ്പ് ആവിഷ്കരിച്ച ആശാധാര പദ്ധതിയുടെ ഡിജിറ്റൽ പ്ലാറ്റ്ഫോമിനാണ് അവാർഡ്. ഗാവ്കണക്ടും ഐ‑ലൂജ് മീഡിയയും ഐടി വകുപ്പും ചേർന്ന് ലഡാക്കിൽ സംഘടിപ്പിച്ച പന്ത്രണ്ടാമത് ഡിജിറ്റൽ ട്രാൻസ്ഫോർമേഷൻ കോൺക്ലേവിലാണ് അവാർഡ് പ്രഖ്യാപിച്ചത്. 

ഡിജിറ്റൽ സാങ്കേതിക വിദ്യയുടെ സഹായത്തോടെ ആരോഗ്യ മേഖലയിൽ വലിയ മുന്നേറ്റങ്ങളാണ് സർക്കാർ നടത്തി വരുന്നതെന്ന് ആരോഗ്യ മന്ത്രി വീണാ ജോർജ് പറഞ്ഞു. ഡിജിറ്റൽ ഹെൽത്ത് നടപ്പിലാക്കാൻ പദ്ധതി ആവിഷ്കരിച്ചു. 599 ആരോഗ്യ സ്ഥാപനങ്ങളിൽ ഇ ഹെൽത്ത് നടപ്പിലാക്കി. ഓൺലൈൻ ഒപി ടിക്കറ്റും പേപ്പർ രഹിത ആശുപത്രി സേവനങ്ങളും യാഥാർത്ഥ്യമാക്കി. ജീവിതശൈലീ രോഗനിർണയത്തിന് ഇ ഹെൽത്ത് ശൈലീ ആപ്പ് സജ്ജമാക്കി. കാൻസർ രോഗനിർണയത്തിനും ചികിത്സ ഏകോപിപ്പിക്കുന്നതിനും കാൻസർ ഗ്രിഡ്, കാൻസർ കെയർ സ്യൂട്ട് നടപ്പിലാക്കി. വിപുലമായ ഇ സഞ്ജീവനി സേവനമൊരുക്കി. ലാബ് റിസൾട്ട് എസ്എംഎസ് ആയി ലഭിക്കുന്ന സംവിധാനം നടപ്പിലാക്കി വരുന്നു. ഹൃദ്യം പദ്ധതി സേവനം ഓൺലൈനിലാണ്. ഇതുകൂടാതെയാണ് ആശാധാരയ്ക്കായി പുതിയ പോർട്ടൽ വികസിപ്പിച്ചതെന്നും മന്ത്രി വ്യക്തമാക്കി. 

ആശാധാര പദ്ധതിയുടെ സേവനങ്ങൾ വേഗത്തിൽ ലഭ്യമാക്കുന്നതിനും ഏകോപനത്തിനുമായി ആരോഗ്യ വകുപ്പിന് വേണ്ടി സി ഡിറ്റ് ആണ് ആശാധാര പോർട്ടൽ വികസിപ്പിച്ചത്. രണ്ടായിരം പേർ നിലവിൽ ആശാധാര വഴി രജിസ്റ്റർ ചെയ്ത് ചികിത്സ തേടുന്നുണ്ട്. ഇവരുടെ ചികിത്സ സംബന്ധിച്ച വിവരങ്ങൾ ആശുപത്രികൾക്ക് രേഖപ്പെടുത്തി സൂക്ഷിക്കുന്നതിനും ഇത് ജില്ലാ, സംസ്ഥാന തലങ്ങളിൽ പരിശോധിച്ച് മരുന്നുകൾ സംഭരിക്കുന്നതിനും, ഭരണപരമായ തീരുമാനങ്ങൾക്കും ആശാധാര പോർട്ടൽ സഹായിക്കുന്നു. 

സംസ്ഥാനത്ത് ആശാധാര പദ്ധതി വഴി 96 കേന്ദ്രങ്ങളിലാണ് ഹീമോഫീലിയ ചികിത്സ നൽകി വരുന്നത്. താലൂക്ക് ആശുപത്രികൾ മുതൽ മെഡിക്കൽ കോളജുകൾ വരെയുള്ള കേന്ദ്രങ്ങളിലാണ് ചികിത്സാ സൗകര്യങ്ങളുള്ളത്. എല്ലാ ജില്ലകളിലും പ്രത്യേക ആശാധാര ചികിത്സാ കേന്ദ്രങ്ങളും പ്രവർത്തിക്കുന്നു. രക്തം കട്ടപിടിക്കാൻ സഹായിക്കുന്ന ഘടകങ്ങൾ കുറവുള്ളവർക്ക് ഫാക്ടർ നൽകുന്നതിന് പുറമെ, ശരീരത്തിൽ ഇൻഹിബിറ്റർ അളവ് പരിശോധിക്കാനും ആവശ്യമെങ്കില്‍ എപിസിസി, മോണോക്ലോണൽ ആന്റിബോഡി ചികിത്സകളും നിലവിൽ നൽകി വരുന്നുണ്ട്. പ്രത്യേക ഫിസിയോതെറാപ്പി സൗകര്യവും ജില്ലാതലത്തിൽ നിലവിലുണ്ട്. 

Eng­lish Summary:National award again for state health sector
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.