എ ബി വാജ്പേയി പ്രധാനമന്ത്രിയായിരുന്നപ്പോൾ 2004ലാണ് കേന്ദ്ര സർക്കാർ പെൻഷൻ ഫണ്ട് റെഗുലേറ്ററി ഡെവലപ്മെന്റ് അതോറിട്ടി (പിഎഫ്ആർഡിഎ) ബിൽ പാർലമെന്റിൽ അവതരിപ്പിച്ച് പാസാക്കിയത്. അന്ന് ഇടതുപക്ഷം പാർലമെന്റിൽ ഇതിനെതിരെ ശക്തമായി പ്രതിഷേധിച്ചിരുന്നു. പങ്കാളിത്ത പെൻഷൻ നടപ്പാക്കുന്നതോടെ സർക്കാർ, പൊതുമേഖലാ സംവിധാനങ്ങളിൽ ദീർഘകാല സേവനത്തിന് ശേഷം വിരമിക്കുന്നവർക്ക് പെൻഷൻ നൽകാനുള്ള ബാധ്യതയിൽ നിന്ന് സർക്കാർ പിൻവാങ്ങുകയാണ് ചെയ്യുന്നത്. ജീവനക്കാർ പ്രതിമാസം ലഭിക്കുന്ന ശമ്പളത്തിന്റെ നിശ്ചിത ശതമാനം പെൻഷൻ ഫണ്ടിലേക്ക് നിക്ഷേപിക്കണം. അതത് സർക്കാരുകളും തുല്യമായ പണം ഫണ്ടിലേക്ക് അടയ്ക്കണമെന്നാണ് വ്യവസ്ഥ. ഈ തുക ഷെയർ മാർക്കറ്റ് വഴി പെൻഷൻ ഫണ്ട് മാനേജരായ ഏതെങ്കിലും ഇൻഷുറൻസ് കമ്പനി നിക്ഷേപിക്കും. ഷെയർ മാർക്കറ്റിലെ ലാഭം പെൻഷനായി വീതിച്ചു നൽകുന്നതാണ് ചുരുക്കി പറഞ്ഞാൽ നിയമത്തിലുള്ള നിർദേശം. പണിയെടുക്കുന്നവരുടെ അധ്വാനത്തിന്റെ വിഹിതം കമ്പോള മുതലാളിത്തത്തിന് ഷെയറായി നൽകി അവർക്ക് ലാഭം കൊയ്യാൻ അവസരം നൽകുന്ന തീർത്തും മൂലധനശക്തികളുടെ സാമ്പത്തികാസൂത്രണത്തിന്റെ കെണിയിൽ തൊഴിലാളി വർഗ ബോധമുള്ള ആരും ചെന്നുപെടില്ലല്ലോ. അതുകൊണ്ട് തന്നെയാണ് ഇടതുപക്ഷവും പ്രമുഖ തൊഴിലാളി സംഘടനകളും ഇതിനെ ശക്തമായി എതിർത്തത്.
പിന്നീട് അധികാരത്തിലെത്തിയ മൻമോഹൻ സിങ്ങിന്റെ നേതൃത്വത്തിലുള്ള യുപിഎ സർക്കാർ പങ്കാളിത്ത പെൻഷൻ വ്യാപിപ്പിക്കാൻ ശ്രമം നടത്തി. എന്നാൽ അന്ന് സർക്കാരിനെ പിന്തുണച്ച് നിലനിർത്തിയിരുന്ന ഇടതുപക്ഷത്തിന്റെ ശക്തമായ എതിർപ്പിനെത്തുടർന്ന് ആ തീരുമാനത്തിൽ നിന്ന് പിന്മാറി. ഇടതുപക്ഷത്തിന്റെ കൂച്ചുവിലങ്ങില്ലാതിരുന്ന രണ്ടാം യുപിഎ സർക്കാർ പങ്കാളിത്തപെൻഷൻ നടപ്പാക്കാൻ ശക്തമായി ഇടപെട്ടു. പക്ഷേ, കേരളം 2006 മുതൽ 11 വരെ ഭരിച്ച വി എസ് അച്യുതാനന്ദന്റെ നേതൃത്വത്തിലുള്ള ഇടതുമുന്നണി സർക്കാർ പദ്ധതി നടപ്പാക്കാൻ കൂട്ടാക്കിയില്ല. തുടർന്ന് 2011ൽ അധികാരത്തിൽ വന്ന ഉമ്മൻ ചാണ്ടിയുടെ നേതൃത്വത്തിലുള്ള യുഡിഎഫ് സർക്കാരാണ് 2013 ഏപ്രിൽ ഒന്നു മുതൽ സർവീസിൽ പ്രവേശിക്കുന്ന സംസ്ഥാന ജീവനക്കാർക്കും അധ്യാപകർക്കും നിലവിലുള്ള സ്റ്റാറ്റ്യൂട്ടറി പെൻഷന് പകരം പങ്കാളിത്ത പെൻഷൻ ബാധകമാക്കാൻ തീരുമാനിച്ചത്. സർക്കാരിന്റെ കടം വർധിക്കുന്നുവെന്നും സംസ്ഥാനത്തിന്റെ വരുമാനത്തിന്റെ മുഖ്യപങ്കും ശമ്പളവും പെൻഷനും നൽകുന്നതിന് മാറ്റിവയ്ക്കുന്നതിനാൽ ഇതര വികസന പ്രവർത്തനങ്ങൾക്ക് പണം ലഭിക്കുന്നില്ലെന്നുമായിരുന്നു ഔദ്യോഗിക വിശദീകരണം. പെൻഷൻ ബാധ്യതയിൽ നിന്ന് സർക്കാർ ഒഴിയുകയാണെന്ന് വ്യക്തമാക്കുന്ന വിശദീകരണമാണ് ഔദ്യോഗികമായി വന്നത്.
ഇതിനെതിരെ ജീവനക്കാര്‍ പ്രഖ്യാപിച്ച അനിശ്ചിത കാല പണിമുടക്കിന്റെ പ്രചാരണം അത്ര എളുപ്പമായില്ല.സർക്കാരിന്റെ വരുമാനത്തിന്റെ മുഖ്യ പങ്ക് ജീവനക്കാർക്ക് ശമ്പളം ഇനത്തിൽ നൽകുന്നതിനാൽ ഇതര ക്ഷേമ പ്രവർത്തനങ്ങൾക്ക് പണം മാറ്റിവയ്ക്കാനാകുന്നില്ല എന്ന സർക്കാരിന്റെ വിശദീകരണം സമൂഹത്തിൽ വലിയ പ്രതിഫലനം സൃഷ്ടിച്ചു. സ്ഥിരവരുമാനക്കാരായ ജീവനക്കാരും അധ്യാപകരും മാത്രം ജീവിച്ചാൽ പോര, സമൂഹത്തിലെ പാവപ്പെട്ടവർക്കു വേണ്ടി എല്ലാവരും ചില ത്യാഗങ്ങൾ സഹിക്കണമെന്ന സർക്കാർ വാദം മാധ്യമങ്ങൾ ഏറ്റെടുക്കുക കൂടി ചെയ്തതോടെ സമരാഹ്വാനത്തിന് വലിയ പ്രതിസന്ധി നേരിട്ടു. നിലവിലുള്ള ജീവനക്കാർക്കും അധ്യാപകർക്കും ഈ പദ്ധതി കൊണ്ട് ഒരു ദോഷവും വരുന്നില്ല എന്ന അഭിപ്രായത്തിന് ജീവനക്കാർക്കിടയിലും വലിയ സ്വീകാര്യത ലഭിച്ചു. ഇനി സർവീസിൽ വരാനിരിക്കുന്നവരുടെ ക്ഷേമത്തിനു വേണ്ടി എന്തിന് നമ്മൾ സമരം ചെയ്യണമെന്ന ചോദ്യം ശക്തിപ്പെട്ടു. പണിമുടക്ക് നടത്തി പണം നഷ്ടപ്പെടുമെന്ന ആശങ്കയുള്ളവർ ഈ പ്രചാരണം കൂടുതൽ വ്യാപിപ്പിച്ചു. പങ്കാളിത്ത പെൻഷൻ ലാഭമാണെന്ന യുഡിഎഫ് അനുകൂല സർവീസ് സംഘടനകളുടെ പ്രചാരണവും ജാഥയും ശ്രദ്ധ നേടി. ഈ സാഹചര്യത്തിൽ പണിമുടക്ക് പ്രചാരണം കൂടുതൽ വിശ്വാസ്യതയോടും ആഴത്തിലും വ്യാപ്തിയിലും സംഘടിപ്പിക്കണമെന്ന് സമരമുന്നണികളുടെ നേതൃത്വം ചർച്ച ചെയ്ത് തീരുമാനിച്ചു.
പെൻഷൻ മാറ്റിവയ്ക്കപ്പെട്ട ശമ്പളമാണെന്നും അത് ആരുടെയും ഔദാര്യമല്ലെന്നുമുള്ള സുപ്രീം കോടതി വിധിയെ ഉദ്ധരിച്ചു കൊണ്ടാണ് സമരാനുകൂല പ്രചാരണം ശക്തിപ്പെടുത്തിയത്. ദീർഘകാല സേവനത്തിന് ശേഷം വിരമിക്കുന്ന ജീവനക്കാർക്ക് / തൊഴിലാളിക്ക് അവകാശപ്പെട്ടതാണ് പെൻഷനെന്നും അത് നിഷേധിക്കരുതെന്നുമുള്ള കോടതിയുടെ അഭിപ്രായം ശക്തമായി സമരാഹ്വാനക്യാമ്പയിനുകളിൽ ഉന്നയിച്ചു. അതിന് മുന്നിൽ സർക്കാർ അനുകൂല വാദങ്ങളെല്ലാം നിഷ്പ്രഭമായി. ക്ഷേമപദ്ധതികൾ നടപ്പിലാക്കാൻ പുതിയ വരുമാന സ്രോതസുകൾ സർക്കാർ തേടുകയാണ് വേണ്ടതെന്നും നിലവിലുള്ള നികുതി കുടിശിക പിരിച്ചെടുക്കാത്തതിന്റെ കണക്കുകളും അവതരിപ്പിച്ചു. വമ്പൻമാരെ നികുതിയിൽ നിന്ന് ഒഴിവാക്കി സർക്കാർ സംരക്ഷിക്കുന്നതിന്റെ വിശദാംശങ്ങൾ പുറത്തുകൊണ്ടുവന്നു. പണിമുടക്ക് ഒരു പ്രതിരോധമാണ്. ഇപ്പോൾ ഇതിനെ എതിർത്തില്ലെങ്കിൽ നാളെ നിലവിലുള്ളവരുടെയുൾപ്പെടെ ആനുകൂല്യങ്ങൾ കവർന്നാൽ ആരും പ്രതിഷേധിക്കാനില്ലാത്ത സ്ഥിതിവരും എന്ന് വിശദീകരിച്ചു. ഈ പദ്ധതി മിനിമം പെൻഷൻ ഉറപ്പാക്കുന്നില്ല, കുടുംബ പെൻഷൻ ഇല്ലാതാകുന്നു എന്ന തീരുമാനങ്ങൾ ശക്തമായി ക്യാമ്പയിൻ ചെയ്തു. സിവിൽ സർവീസിനെ പങ്കാളിത്ത പെൻഷൻ അനാകർഷകമാക്കുമെന്നും വിശദീകരിച്ചു.
2013 ജനുവരി എട്ടിന് പണിമുടക്ക് ആരംഭിക്കും മുമ്പ്, പണിമുടക്കുന്നവർക്കെതിരെ നടപടികൾ കടുപ്പിച്ച് സർക്കാർ ഉത്തരവിറക്കി. വകുപ്പു മേധാവികൾ, പ്രൊബേഷൻകാർ, താൽക്കാലിക ജീവനക്കാർ എന്നിവർക്ക് പണിമുടക്ക് നിയമ വിരുദ്ധമാക്കി പ്രഖ്യാപനം വന്നു. പണിമുടക്കുന്നവരുടെ ശമ്പളം തടഞ്ഞ് ഡയസ് നോൺ ഉത്തരവിറക്കി. ഒരു വിഭാഗം ജീവനക്കാർ അങ്കലാപ്പിലായി. എങ്കിലും ആദ്യദിനം പണിമുടക്ക് വൻ വിജയമായി. സെക്രട്ടേറിയറ്റ് ഉൾപ്പെടെ, സർക്കാർ ഓഫിസുകളും സ്കൂളുകളും വിജനമായിരുന്നു. എന്നാൽ, പണിമുടക്ക് പൂർണ പരാജയമെന്നും നല്ല ഹാജർ നിലയെന്നുമുള്ള പ്രഖ്യാപനമാണ് ഔദ്യോഗികമായി വന്നത്. സെക്രട്ടേറിയറ്റ് നടയിലും ജില്ലാ-താലൂക്ക് കേന്ദ്രങ്ങളിലും സമരാവേശം ചോരാതെ പ്രകടനവും യോഗങ്ങളും ചേർന്നു. രണ്ടാം ദിവസവും മൂന്നാം ദിവസവും സമരം ആവേശപൂർവം മുന്നോട്ടു പോയി. സംസ്ഥാനത്തിന്റെ പലയിടത്തും സമരാനുകൂലികളും സമരവിരുദ്ധരും തമ്മിൽ സംഘർഷമുണ്ടായി. സമര സംഘടനാ നേതാക്കൾക്കെതിരെ കേസ് രജിസ്റ്റർ ചെയ്തു. പല നേതാക്കളെയും സ്ഥലംമാറ്റി ഉത്തരവിറങ്ങി. നാലാംദിനം വെള്ളിയാഴ്ച കഠിനമായ ദിവസമായിരുന്നു. പണിമുടക്കിക്കൊണ്ട്, രണ്ടാം ശനി, ഞായർ ദിനങ്ങളിലെ ശമ്പളം നഷ്ടപ്പെടുത്താൻ പലർക്കും പ്രയാസമായി. വെള്ളിയാഴ്ച ഹാജർനില കൂടി. പലേടത്തും കൂടുതൽ സംഘർഷമുണ്ടായി. സമരം പിൻവലിക്കണമെന്ന ആവശ്യത്തിന് ശക്തിയേറി. പക്ഷേ, ഈ സമരം ഒരു ചരിത്ര ദൗത്യമാണെന്നും പണിമുടക്കുമായി മുന്നോട്ടു പോകണമെന്നും സമരമുന്നണികൾ പ്രഖ്യാപിച്ചു.
ഇതുകൂടി വായിക്കു;
ജനുവരി 13ന് വൈകിട്ട് സമരമുന്നണി നേതാക്കൾ ചർച്ചയ്ക്ക് പങ്കെടുക്കണമെന്ന് സർക്കാർ അറിയിപ്പ് വന്നതോടെ സമരം അവസാനിപ്പിക്കുന്നതിന്റെ പ്രതീക്ഷകളായി. രാത്രി ഒമ്പതുമണിക്ക് ധനമന്ത്രി കെ എം മാണിയുമായാണ് ചർച്ച. അധ്യാപക സർവീസ് സംഘടനാ സമരസമിതിയെ പ്രതിനിധീകരിച്ച് സി ആർ ജോസ് പ്രകാശും, ഈ ലേഖകനും, എസ് വിജയകുമാരൻ നായരും, ഫെസ്റ്റോ സംഘടനകളെ പ്രതിനിധീകരിച്ച് എ ശ്രീകുമാറും കെ ഷാജഹാനും കെ ശിവകുമാറും പരശുവയ്ക്കൽ രാജേന്ദ്രനും പങ്കെടുത്തു. ചർച്ചയ്ക്ക് മന്ത്രിയെത്താൻ രണ്ടു മണിക്കൂർ വൈകി. മന്ത്രിയുടെയും ധനകാര്യ സെക്രട്ടറി വി പി ജോയിയുടെയും നേതൃത്വത്തിലായിരുന്നു ചർച്ച. തുടർന്ന് ചർച്ച മുഖ്യമന്ത്രിയുടെ സമീപത്തേക്ക്. അർധരാത്രിക്കു മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുമായുള്ള ചര്‍ച്ച. പങ്കാളിത്ത പെൻഷൻ പിൻവലിക്കാനാകില്ലെന്ന് മുഖ്യമന്ത്രി അസന്ദിഗ്‌ധമായി അറിയിച്ചു. എന്നാൽ മിനിമം പെൻഷൻ ഉറപ്പാക്കാമെന്നും, ഫണ്ട് മാനേജരായി സംസ്ഥാന സർക്കാർ മാറാമെന്നുമുള്ള ഉറപ്പ് ഞങ്ങൾക്ക് ലഭിച്ചു. സമരത്തോടനുബന്ധിച്ചുള്ള കേസുകളും ശിക്ഷാനടപടികളും പിൻവലിക്കുമെന്നും വാക്ക് തന്നു. പണിമുടക്ക് പിൻവലിക്കാൻ മതിയായ സാഹചര്യമായിരുന്നു അത്. മാത്രമല്ല, ഇടതുമുന്നണി അധികാരത്തിൽ വന്നാൽ പങ്കാളിത്ത പെൻഷൻ പിൻവലിക്കുമെന്ന പ്രഖ്യാപനം നടത്തിയതും ആശ്വാസമായി. ജനുവരി 14ന് രാവിലെ ഓഫിസുകളിൽ ആഹ്ലാദ പ്രകടനം നടത്തിക്കൊണ്ട് പണിമുടക്ക് അവസാനിപ്പിച്ചു.
2013 ജനുവരി 13 ന് അർധരാത്രിയിൽ സമര നേതാക്കൾക്ക് മുഖ്യമന്ത്രിയും ധനമന്ത്രിയും നൽകിയ ഉറപ്പുകൾ എല്ലാം ജലരേഖയായി. ഒന്നു പോലും പാലിച്ചില്ല. ഇടതുമുന്നണി അധികാരത്തിൽ വന്നിട്ട് ഏഴര വർഷമായിട്ടും പങ്കാളിത്ത പെൻഷൻ പിൻവലിച്ചിട്ടില്ല. പങ്കാളിത്ത പെൻഷൻ പുനഃപരിശോധനയ്ക്ക് ഒരു സമിതിയെ നിയോഗിച്ചിട്ടുണ്ട്. അധ്യാപക സർവീസ് സംഘടനാ സമരസമിതിയും ജോയിന്റ് കൗൺസിലും ഇപ്പോഴും സമരത്തിനൊപ്പമുണ്ട്. പ്രിയ സഖാക്കൾ ജയശ്ചന്ദ്രൻ കല്ലിംഗലും ഷാനവാസ് ഖാനും സംസ്ഥാനതല കാൽനട ജാഥ നയിക്കുകയാണ്. ഈ സമരാവേശം ഒരാശ്വാസമാണ്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.