പ്രതികൂല സാഹചര്യങ്ങളുടെ തീച്ചൂളയിൽ നിന്ന് ഉയർന്നുവന്ന പോരാളിയായിരുന്നു അന്തരിച്ച ഡോ. എം കുഞ്ഞാമൻ. ബാല്യകാലത്ത് നേരിട്ട ഹൃദയം പൊളളിക്കുന്ന അനുഭവങ്ങൾ കുറിപ്പുകളിൽ കൂടിയും അഭിമുഖങ്ങളിൽ കൂടിയും അദ്ദേഹം പുറം ലോകത്തോട് പറഞ്ഞിട്ടുണ്ട്. മുൻ രാഷ്ട്രപതി കെ ആർ നാരായണന് ശേഷം സാമ്പത്തികശാസ്ത്രത്തിലെ ബിരുദാനന്തരബിരുദത്തിൽ ഒന്നാം റാങ്ക് നേടുന്ന ദളിത് വിദ്യാർത്ഥിയായിരുന്നു ഡോ. കുഞ്ഞാമൻ. ഒന്നാം റാങ്ക് നേടിയപ്പോൾ സർക്കാർ നൽകിയ സ്വർണ മെഡൽ ദാരിദ്യം കാരണം പിറ്റേന്ന് തന്നെ പണയം വയ്ക്കുകയും പിന്നീട് പത്ത് ദിവസം കഴിഞ്ഞപ്പോൾ വിൽക്കുകയും ചെയ്യേണ്ടി വന്നത് പല വേദികളിലും അദ്ദേഹം പറഞ്ഞിട്ടുണ്ട്.
അദ്ദേഹത്തിന്റെ ‘എതിര്: ചെറോണയുടെയും അയ്യപ്പന്റെയും മകന്റെ ജീവിതസമരം’ എന്ന ജീവിതകഥയിൽ ജന്മിമാരുടെ വീട്ടിലെ തൊടിയിൽ മണ്ണ് കുഴച്ച് ഇലയിൽ നൽകിയിരുന്ന എച്ചിൽ കഴിച്ച് വിശപ്പടക്കിയ കാലത്തേതുൾപ്പെടെയുള്ള ഉള്ളുപൊള്ളിക്കുന്ന അനുഭവങ്ങളുടെ നേർച്ചിത്രം തന്നെ രേഖപ്പെടുത്തിയിട്ടുണ്ട്.
കുട്ടിക്കാലത്ത് സ്കൂളില്‍ അധ്യാപകനില്‍ നിന്നുണ്ടായ ജാതി വിവേചനത്തിന്റെ കാര്യവും ആ അനുഭവം ജീവിതത്തിലെ വഴിത്തിരിവായെന്നും അദ്ദേഹം പറഞ്ഞിരുന്നു. ഉപരിപഠന കാലത്തും ഗവേഷണ പഠന കാലത്തും വിടാതെ പിന്തുടർന്ന അനീതിയുടെ നേർച്ചിത്രം അദ്ദേഹം ലോകത്തോട് വിളിച്ചു പറഞ്ഞു. കേരള സർവകലാശാലയിൽ ആദ്യം ലക്ചറർ തസ്തികയിൽ ഒന്നാം റാങ്ക് നേടിയിട്ടും ജാതിവിവേചനത്തിന് ഇരയായി തഴയപ്പെട്ടു. പിന്നീട് ഇതേ സർവകലാശാലയിൽ പതിറ്റാണ്ടുകളോളം അദ്ദേഹം അധ്യാപകനായി. നിഷേധികളെയും ധിക്കാരികളെയുമാണ് താൻ ഇഷ്ടപ്പെടുന്നതെന്ന് ഉറക്കെപറഞ്ഞ ഡോ. എം കുഞ്ഞാമൻ തന്റെ വിദ്യാർത്ഥികളോട് തന്നെ ബഹുമാനിക്കേണ്ടതില്ല എന്ന് ആവശ്യപ്പെട്ടത് അധ്യാപന രംഗത്ത് അപൂർവമായി മാത്രം സംഭവിക്കുന്ന അനുഭവമായിരുന്നു.
വിദ്യാർത്ഥികൾക്കൊപ്പം അവരിൽ ഒരാളായി ഇരിക്കാനായിരുന്നു എന്നും ഇഷ്ടപ്പെട്ടത്. സംസ്ഥാനത്തെ ദളിത് സമരങ്ങൾക്ക് പിന്തുണായി എക്കാലത്തും അദ്ദേഹം മുന്നിലുണ്ടായിരുന്നു. പിന്നാക്കവിഭാഗത്തെ കൂടിചേർത്തു പിടിക്കുന്ന സാമ്പത്തിക ശാസ്ത്ര കാഴ്ചപ്പാടുകളോട് ആഭിമുഖ്യം പ്രകടിപ്പിച്ച പരമ്പരാഗത സാമ്പത്തിക ശാസ്ത്ര വീക്ഷണങ്ങളെ എന്നും തുറന്നെതിർക്കുകയും ചെയ്തിട്ടുണ്ട്. അക്കാദമിക് ജീവിതത്തിലും ധൈഷണികജീവിതത്തിലും ഒരു ബഹുമതിയുടെയും ഭാഗമാവില്ലെന്ന് ഉറപ്പിച്ച അദ്ദേഹം മികച്ച ആത്മകഥയ്ക്കുള്ള പുരസ്കാരം കേരള സാഹിത്യ അക്കാദമി പ്രഖ്യാപിച്ചപ്പോൾ നിരസിക്കുകയും ചെയ്തു.
English Summary: dr m kunjaman has passed away
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.