23 December 2024, Monday
KSFE Galaxy Chits Banner 2

മിഷോങ് തീവ്ര ചുഴലിക്കാറ്റ് ആന്ധ്രാ പ്രദേശ് തീരം തൊട്ടു; 9,400 പേരെ മാറ്റിപ്പാർപ്പിച്ചു

Janayugom Webdesk
അമരാവതി
December 5, 2023 3:23 pm

മിഷോങ് തീവ്ര ചുഴലിക്കാറ്റ് ആന്ധ്രാപ്രദേശ് തീരം തൊട്ടു. നെല്ലൂരിനും മച്ചലിപട്ടണത്തിനും ഇടയിലാണ് മണിക്കൂറില്‍ 110 കിലോമീറ്റര്‍ വേഗതയിലെത്തിയ ചുഴലിക്കാറ്റ് കര തൊട്ടത്. നിലവില്‍ ബപതലാ തീരത്ത് കൂടിയാണ് കാറ്റ് സഞ്ചരിക്കുന്നത്. ഇതോടെതിരുപ്പതി, നെല്ലൂർ, ബാപ്തല അടക്കം 8 ജില്ലകളിൽ ജാഗ്രത നിർദേശം പുറപ്പെടുവിച്ചിട്ടുണ്ട്. തീവ്ര ചുഴലിക്കാറ്റ് മൂന്നുമണിക്കൂറിനുള്ളില്‍ പൂര്‍ണമായും ആന്ധ്ര തീരത്ത് കയറുമെന്നാണ് കാലാവസ്ഥാ കേന്ദ്രത്തിന്‍റെ അറിയിപ്പ്.

തീരത്ത് കടൽക്ഷോഭം രൂക്ഷമാണ്. തിരമാലകൾ ആറടി വരെ ഉയരത്തിൽ വീശുമെന്നും മുന്നറിയിപ്പുണ്ട്. കോനസീമ, കാക്കിനാഡ, കൃഷ്ണ, ബപട്‌ല, പ്രകാശം എന്നീ ഏഴ് ജില്ലകളിൽ നിന്ന് 211 ദുരിതാശ്വാസ ക്യാമ്പുകളിലായി 9,454 പേരെ മാറ്റിപ്പാര്‍പ്പിച്ചതായാണ് വിവരം.

ബംഗാൾ ഉൾക്കടലിൽ ആന്ധ്രാപ്രദേശിനോടും അതിനോട് ചേർന്നുള്ള തമിഴ്‌നാട് തീരത്തോടും ചേർന്ന് ആഞ്ഞടിച്ച ചുഴലിക്കാറ്റ് കരയിലേക്ക് നീങ്ങുന്നതിനാൽ ആന്ധ്രാപ്രദേശിന്റെ പല ഭാഗങ്ങളിലും കനത്ത മഴ തുടരുകയാണ്.

ഇന്നലെ രാവിലെ മുതൽ പെയ്യുന്ന മഴയിൽ നെല്ലൂർ, മെച്ചിലിപട്ടണം നഗരങ്ങൾ വെള്ളത്തിനടിയിലാണ്. ചിന്നഗഞ്ചാമിൽ 20 മണിക്കൂറായി വൈദ്യുതി ഇല്ല. ഗോബർബാം, പാപനാശം, കലങ്ങി അണക്കെട്ടുകൾ തുറന്ന് വിട്ടു. ആയിരത്തോളം പേരെ മാറ്റി പാർപ്പിച്ചു. വിശാഖപട്ടണം, വിജയവാഡ, തിരുപ്പതി വിമാനത്താവളങ്ങളിൽ നിന്നുള്ള സർവീസുകൾ വൈകുകയാണ്. ഇൻഡിഗോ വിശാഖപട്ടണം എയർപോർട്ടിൽ നിന്നുള്ള മുഴുവൻ സർവീസുകളും റദ്ദാക്കി. വിശാഖപട്ടണം വാൾട്ടയർ ഡിവിഷനിലൂടെയുള്ള ട്രെയിൻ സർവീസുകൾ ഭാഗികമായ റദ്ദാക്കിയിട്ടുണ്ട്.

അതിനിടെ, മഴ ശമിച്ചെങ്കിലും ചെന്നൈ നഗരത്തില്‍ വെള്ളക്കെട്ട് ഒഴിഞ്ഞിട്ടില്ല.

Eng­lish Sum­ma­ry: Cyclone Michaung Makes Land­fall In Andhra Pradesh
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.