9 May 2024, Thursday

വാക്കുകള്‍ക്കതീതമീ വേദന: ആലപ്പുഴക്കാരുടെ ഓര്‍മ്മയില്‍ കാനം…

Janayugom Webdesk
ആലപ്പുഴ
December 8, 2023 8:40 pm

സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്റെ നിര്യാണത്തോടെ ജില്ലയ്ക്കും നഷ്ടങ്ങളേറെ. എഐടിയുസി സംസ്ഥാന ഭാരവാഹിയായിരുന്ന കാലത്ത് ജില്ലയിലെ പൊതുമേഖലയിലെ അടക്കമുള്ള സ്ഥാപനങ്ങളിലെ തൊഴില്‍ പ്രശ്നങ്ങള്‍ പരിഹരിക്കുന്നതില്‍ സജീവ സാന്നിദ്ധ്യമായിരുന്നു കാനം രാജേന്ദ്രന്‍. അദ്ദേഹം മുന്നോട്ട് വെച്ച പല നിര്‍ദ്ദേശങ്ങളും ഓട്ടോകാസ്റ്റ് അടക്കമുള്ള സ്ഥാപനങ്ങളുടെ മുന്നോട്ടുള്ള പ്രയാണത്തിന് വഴിയൊരുക്കിയത് ചരിത്രം. തൊഴിലാളി പ്രസ്ഥാനങ്ങളുടെ ഈറ്റില്ലമായ ആലപ്പുഴയിലെ സജീവ സാന്നിദ്ധ്യമായിരുന്നു കാനം. ഇന്ത്യയിലെ ഏറ്റവും വലിയ ഇടതുപക്ഷ തൊഴിലാളി സംഘടനയായ എഐടിയുസിയുടെ ദേശീയസമ്മേളനം ആലപ്പുഴയില്‍ വെച്ച് നടത്തുവാന്‍ അദ്ദേഹം സ്വീകരിച്ച മുന്‍കൈ പ്രവര്‍ത്തനം മാതൃകാപരമായി. കൊറോണകാലത്തിന് ശേഷം പലതവണ സമ്മേളനം മാറ്റിവെച്ചെങ്കിലും പുന്നപ്ര‑വയലാറിന്റെ വിപ്ലവഭൂമി ആ സമ്മേളനം തൊഴിലാളിയുടെ പ്രശ്നങ്ങള്‍ ഉയര്‍ത്തി കാട്ടിയത് ചരിത്രം. ടി വി തോമസിന്റെ കാലത്ത് ജില്ലയില്‍ പടുത്തുയര്‍ത്തിയ പൊതുമേഖലാ സ്ഥാപനങ്ങളുടെ ഉയര്‍ച്ചയ്ക്കും അദ്ദേഹം അനവരതം പ്രയത്നിച്ചു. സിപിഐ ഭരണിക്കാവ് മണ്ഡലം കമ്മിറ്റി ഓഫീസ് ഉദ്ഘാടനത്തിനാണ് ജില്ലയില്‍ അവസാനമായി പങ്കെടുത്തത്.

സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്റെ നിര്യാണത്തിൽ സിപിഐ ജില്ലാ കൗൺസിൽ അനുശോചനം രേഖപ്പെടുത്തി. പൊതുപ്രവർത്തനം ആരംഭിച്ചനാൾ മുതൽ ആലപ്പുഴയുമായി അടുത്ത ഹൃദയ ബന്ധമുള്ളയാളായിരുന്നു അദ്ദേഹം. 1970 ൽ ആലപ്പുഴയിൽ നടന്ന എഐവൈഎഫ് സംസ്ഥാന സമ്മേളനത്തിൽ ഇരുപതാമത്തെ വയസ്സിൽ അദ്ദേഹം സംസ്ഥാന സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ടു. ജില്ലയിലെ പാർട്ടി സംഘടനാ ചുമതലക്കാരനായും പ്രവർത്തിച്ചിരുന്നു. പാർട്ടി സംസ്ഥാന സെക്രട്ടറിയായതിന് ശേഷം ജില്ലയിലെ പൊതു പരിപാടികളിലും പാർട്ടി ഘടക യോഗങ്ങളിലും സജീവ സാന്നിദ്ധ്യമായിരുന്നു. പാർട്ടിയുടെ വളർച്ചയ്ക്ക് അക്ഷീണം പ്രവർത്തിച്ച നേതാവിനെയാണ് നഷ്ടപ്പെട്ടതെന്ന് ജില്ലാ സെക്രട്ടറി ടി ജെ ആഞ്ചലോസ് പറഞ്ഞു.
കാനം രാജേന്ദ്രന്റെ നിര്യാണത്തിൽ എഐടിയുസി ജില്ലാ കമ്മറ്റി അനുശോചനം രേഖപ്പെടുത്തി. എല്ലാ വിഭാഗം തൊഴിലാളികളേയും ചേർത്ത് പിടിച്ചു കൊണ്ട് അവരുടെ ഉന്നമനത്തിനായി പോരാട്ടം നയിച്ച നേതാവ് ആയിരുന്നു കാനമെന്ന് ജില്ലാ സെക്രട്ടറി ഡി പി മധു അനുസ്മരിച്ചു. 

കേരളാ സ്റ്റേറ്റ് കർഷക തൊഴിലാളി ഫെഡറേഷൻ (ബികെഎംയു) ജില്ലാ സെക്രട്ടറി ആർ അനിൽകുമാർ അനുശോചിച്ചു. തൊഴിലാളി വർഗതാല്പര്യം മുൻ നിർത്തി നിലപാട് സ്വീകരിക്കുന്നതിലും പ്രത്യശാസ്ത്ര പിന്തുണയോടെ അത് അവതരിപ്പിക്കുന്നതിനും അസാമാന്യ പാടവം ആദ്ദേഹത്തിനുണ്ടായിരുന്നു എന്നും ആദ്ദേഹം അനുസ്മരിച്ചു.
സിപിഐ സംസ്ഥാന സെക്രട്ടറിയും കേരളത്തിലെ മുതിർന്ന കമ്മ്യൂണിസ്റ്റ് നേതാവുമായിരുന്ന കാനം രാജേന്ദ്രന്റെ നിര്യാണത്തിൽ കേരളാ കോൺഗ്രസ് (എം) ജില്ല സെക്രട്ടേറിയറ്റിന്റെ അടിയന്തിര യോഗം അനുശോചനം രേഖപ്പെടുത്തി. ജില്ലാ പ്രസിഡന്റ് വി സി ഫ്രാൻസിസ് അധ്യക്ഷത വഹിച്ചു.

കാനം രാജേന്ദ്രന്റെ ആകസ്മിക വേർപാടിൽ ജനതാദൾ (എസ്) ദേശീയ നിർവ്വാഹക സമിതി അംഗം അഡ്വ. ബിജിലി ജോസഫ് അഗാധമായ ദുഃഖം രേഖപ്പെടുത്തി. കാനം രാജേന്ദ്രന്റെ നിര്യാണത്തിൽ കിസാൻ ജനത സംസ്ഥാന ജനറൽ സെക്രട്ടറി പി ജെ കുര്യൻ അനുശോചനം രേഖപ്പെടുത്തി. കാനം രാജേന്ദ്രന്റെ ആകസ്മിക നിര്യാണത്തിൽ കേരള കോൺഗ്രസ് സംസ്ഥാന സെക്രട്ടറി ബേബി പാറക്കാടൻ അനുശോചനം രേഖപ്പെടുത്തി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.